‘ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള അധികപേരെയും നാം സൃഷ്ടിച്ചിട്ടുള്ളത് നരകത്തിന് വേണ്ടിയാണ്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അതുപയോഗിച്ച് അവര്‍ ഗഹനമായി ചിന്തിക്കുന്നില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുകൊണ്ട് അവര്‍ കേള്‍ക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുകൊണ്ടവര്‍ കാണുന്നില്ല. മൃഗങ്ങളെപ്പോലെയാണവര്‍. മൃഗങ്ങളെക്കാളും കഷ്ടമാണ് അവരുടെ കാര്യം'(അഅ്‌റാഫ് 179)
ഓരോ പരിഷ്‌കര്‍ത്താവിന്റെയും മാനവതയുടെ ക്ഷേമമിച്ഛിക്കുന്ന ഓരോ സന്നദ്ധസേവകന്റെയും സാമൂഹിക നന്‍മയില്‍ തല്‍പരനായ ഓരോ നേതാവിന്റെയും ഇസ്‌ലാമികസമൂഹത്തിന്റെ കൈകാര്യകര്‍തൃത്വം ഏറ്റെടുത്തിട്ടുള്ള ഓരോ ഭരണാധികാരിയുടെയും ആഗ്രഹം സമൂഹത്തിനകത്ത് സത്യദര്‍ശനത്തിന്റെ യഥാര്‍ഥ അധ്യാപനങ്ങളും ശരിയായ അടിസ്ഥാനങ്ങളും പ്രചരിപ്പിക്കുക എന്നതാണ്. അക്കാര്യത്തില്‍ തന്റെ മുഖ്യശ്രദ്ധ പതിയേണ്ടതുണ്ട് എന്നതിലുമാണ്. സംശയാതീതമായ ഒരു കാര്യമാണിത്. എന്നാലേ മുസ്‌ലിംകള്‍ക്കും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്ന ഇതരജനങ്ങള്‍ക്കും ഇസ്‌ലാമിന്റെ നന്‍മകള്‍ ഉള്‍ക്കൊള്ളാനാകൂ. പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും പ്രാരാബ്ധങ്ങളിലും മുങ്ങിക്കഴിയുന്ന ലോകത്ത് അവയുടെയൊക്കെ ദുര്‍വഹമായ അനന്തരാഘാതങ്ങളുടെ ആഴമറിയാന്‍ കഴിയുന്നത് സമസ്താധികാരിയായ അല്ലാഹുവിന് മാത്രമാണ്.
അധമത്വവും നീചത്വവും ഉള്‍ച്ചേര്‍ന്നതാണ് മനുഷ്യമനസ്സ്. തന്നിഷ്ടങ്ങളുടെ പിന്നാലേ പോകാന്‍ സദാസന്നദ്ധമാണത്. ലൗകികമോ അലൗകികമോ ആയ ഏത് വിശ്വാസസംഹിതകളുടെ താളുകള്‍ മറിച്ചുനോക്കിയാലും അവ ഒന്നാമതായി ലക്ഷ്യമിടുന്നത് തന്നിഷ്ടങ്ങളില്‍ നിന്നുള്ള മനസ്സിന്റെ ശുദ്ധീകരണവും വിദ്രോഹപ്രവണതകളില്‍നിന്നുള്ള അതിന്റെ സംസ്‌കരണവുമാണ് എന്ന് നമുക്ക് കണ്ടെത്താനാവും. വ്യക്തികള്‍ ചേര്‍ന്നാണല്ലോ സമൂഹം ഉണ്ടാകുന്നത്. നല്ല സമൂഹമുണ്ടാകണമെങ്കില്‍ നല്ല വ്യക്തികളുണ്ടാകണം. ഒരാള്‍ നല്ല വ്യക്തിയായി മാറുന്നത് അയാളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നീതിയോടും ധര്‍മത്തോടുമുള്ള പ്രതിബദ്ധതയിലും അപരന് നന്‍മ വരുത്തണമെന്ന താല്‍പര്യത്തിലും സമൂഹത്തിന്റെ ക്ഷേമത്തിലും ഉന്നമനത്തിലും പ്രതിപത്തിയിലും നാട്ടിനും നാട്ടുകാര്‍ക്കും സഹായംചെയ്യാനുള്ള മനസ്ഥിതിയിലും ഊന്നി രൂപപ്പെടുമ്പോഴാണ്.
പിഴവുകളില്‍ നിന്ന് തന്നെ സംരക്ഷിച്ചുനിര്‍ത്തുകയും തിന്‍മയിലേക്ക് വഴുതിപ്പോകുന്നതില്‍നിന്ന് മനസ്സിനെ പ്രതിരോധിച്ചു നിര്‍ത്തുകയും ചെയ്യുന്ന കടുത്ത ഇഛാശക്തിയുടെ ആവശ്യം മനുഷ്യനുണ്ടാകേണ്ടതുണ്ട്. ഒരിക്കല്‍ ഉമര്‍ ബ്‌നു അബ്ദില്‍ അസീസിനോട് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് എന്താണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ‘തന്നിഷ്ടങ്ങളോടുള്ള ജിഹാദ്’എന്നായിരുന്നു അദ്ദേഹം മറുപടി കൊടുത്തത്. വീരശൂരപരാക്രമിയായ ഒരാള്‍ക്ക് തന്റെ പ്രതിയോഗികളെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, തന്റെ ഇഷ്ടങ്ങളെ കടിഞ്ഞാണിടാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ദൈവദൂതന്‍ അരുള്‍ ചെയ്തിട്ടുണ്ട്: ‘ഗുസ്തിയില്‍ ജയിക്കുന്നവനല്ല, ദേഷ്യം വരുമ്പോള്‍ ആത്മസംയമനം പാലിക്കുന്നവനാണ് ശക്തന്‍’.
യുദ്ധങ്ങളും കെടുതികളും കുഴപ്പങ്ങളും അരാജകത്വങ്ങളും നിറഞ്ഞ സംഘര്‍ഷഭരിതമായ ഈ ലോകം രക്ഷപ്പെടണമെങ്കില്‍ തന്നിഷ്ടങ്ങളില്‍നിന്നും ഭൗതികതാല്‍പര്യങ്ങളില്‍ നിന്നും മുക്തമായ വിശുദ്ധമനസ്സുകള്‍ വികസിച്ചുവരേണ്ടതുണ്ട്. അത്തരം മനസ്സുകള്‍ക്കേ മാനവരാശിക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനാകൂ.നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും വ്യക്തിവ്യാമോഹങ്ങള്‍ക്കുമപ്പുറത്ത് പൊതുനന്‍മകള്‍ക്ക് പ്രാമുഖ്യം നല്‍കാനും ലോകത്തിന് നേതൃത്വം വഹിക്കാനും ഈ വിശുദ്ധമനസ്സുകള്‍ക്കേ കഴിയൂ. അരാജകത്വത്തിന്റെ കൊടുങ്കാറ്റിലകപ്പെട്ട് നട്ടം തിരിയുന്ന മര്‍ത്യലോകത്തിന്റെ നൗകക്ക് സമാധാനത്തിന്റെ ശാദ്വല തീരത്തേക്കെത്താന്‍ അപ്പോള്‍ മാത്രമേ സാധിക്കൂ.
‘സത്കര്‍മം’ എന്നത് നിരവധി അര്‍ഥതലങ്ങളുള്ള സമഗ്രമായൊരു വാക്കാണ്. അസംഖ്യം സവിശേഷതകളും ഒട്ടനേകം വസ്തുതകളും പ്രസ്തുത വാക്കിനെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. ഇരുലോകത്തും വിജയം വരിക്കുന്നതിനും അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കുന്നതിനും ലോകത്ത് സമാധാനവും സംതൃപ്തിയും സാധ്യമാക്കുന്നതിനും ‘വിശ്വാസം’ മാത്രം മതിയാവില്ലെന്ന് വിശുദ്ധഖുര്‍ആനും നബിവചനങ്ങളും നിരവധി സ്ഥലങ്ങളില്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസത്തോടൊപ്പം അനിവാര്യമായും സത്കര്‍മങ്ങള്‍ കൂടി അനുഷ്ഠിക്കണം. വ്യക്തിയുടെയും മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും നാട്ടുകാരുടെയും ദേശത്തിന്റെയും സമസ്ത മനുഷ്യരുടെയും നന്‍മക്ക് വേണ്ടിയായിരിക്കണം സത്കര്‍മങ്ങളനുഷ്ഠിക്കേണ്ടത്. വിശ്വാസം എന്നത് ഉദ്ഭവമാണെങ്കില്‍ സത്കര്‍മമെന്നത് വളര്‍ച്ചയാണ്. ഉദ്ഭവിച്ചാല്‍ മാത്രമേ വളരാനാവൂ- ഉദ്ഭവിച്ച ഏതൊന്നിനും വളരേണ്ടതുണ്ട്.
ഇരുലോകത്തെയും ജീവിത വിജയത്തിനും മാനവലോകത്ത് സാമൂഹികനീതി സ്ഥാപിതമാകുന്നതിനും സത്കര്‍മങ്ങള്‍ അവയുടെ എല്ലാ അര്‍ഥവ്യാപ്തിയോടുകൂടി വ്യക്തികള്‍ അനുഷ്ഠിക്കേണ്ടിയിരിക്കുന്നു. വിശുദ്ധഖുര്‍ആനില്‍ വിശ്വാസത്തെയും ആദര്‍ശത്തെയും കുറിച്ച് പ്രതിപാദിക്കുന്നിടത്തെല്ലാം സത്കര്‍മത്തെയും ചേര്‍ത്തുപറയുന്നത് നമുക്ക് കാണാനാകുന്നത് അതുകൊണ്ടാണ് .
‘കാലം സാക്ഷി, മനുഷ്യന്‍ തീര്‍ച്ചയായും നഷ്ടത്തിലാണ് വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യംകൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴികെ’ (അല്‍അസ്ര്‍ 1-3 )
‘ അത്തി, ഒലിവ്, സീനാപര്‍വതം, നിര്‍ഭയമായ ഈ രാജ്യം എന്നിവ സാക്ഷി. തീര്‍ച്ചയായും നാം മനുഷ്യനെ ഏറ്റവും നല്ല നിലയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നാം അവനെ ഏറ്റവും അധമന്‍മാരില്‍ അധമനാക്കി നാം മാറ്റും. വിശ്വസിക്കുകയും സത്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവരൊഴികെ. അവര്‍ക്ക്് അറ്റുപോകാത്ത പ്രതിഫലമുണ്ട്. എന്നിട്ടും പാരത്രിക പ്രതിഫലത്തെക്കുറിച്ച് നിന്നോട് കള്ളംപറയുന്നതെന്താണ്? നീതിമാന്‍മാരില്‍ വെച്ച് ഏറ്റവും നല്ല നീതിമാന്‍ അല്ലാഹുവല്ലേ? ‘(അത്തീന്‍ 1-8)
വിശ്വാസവും ആദര്‍ശവും ജീവിതത്തില്‍ ഉണ്ടായാല്‍ ലക്ഷ്യത്തിലെത്താന്‍ അതുമതി എന്നൊരു ലളിതമായ ധാരണ നമുക്കിടയിലുണ്ട്. എന്നാല്‍ സത്കര്‍മങ്ങളില്ലാതെ വിശ്വാസംകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താന്‍ കഴിയില്ല എന്ന് നാം തിരിച്ചറിയണം. മനുഷ്യന്റെ ജീവിതവിജയത്തിനും ഉദാത്തമായ അവന്റെ ലക്ഷ്യസാക്ഷാത്കാരത്തിനും അവനെ പ്രാപ്തമാക്കുന്ന പ്രധാനപ്പെട്ട ഉപാധിയാണ് സത്കര്‍മങ്ങള്‍.
വിശ്വാസത്തിന്റെയും കര്‍മത്തിന്റെയും മതമാണ് ഇസ്‌ലാം. തനിക്കുവേണ്ടി ചെയ്യുന്നതുപോലെ അപരന് വേണ്ടിയും നല്ലത് ചെയ്യാന്‍ ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്. ഇസ്‌ലാമിന്റെ സമസ്ത അധ്യാപനങ്ങളിലും ഈയൊരു ഉദാത്തമായ ആശയം കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. ദൈവദൂതന്‍ പറയുന്നു:
‘ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല. ‘
‘ ഒരു ദാസന്‍ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുവോളം അല്ലാഹു അയാളെയും സഹായിച്ചുകൊണ്ടിരിക്കും.’
തനിക്ക് വേണ്ടി നല്ലതു ചെയ്യുന്നതുപോലെ അപരനുവേണ്ടിയും നല്ല കാര്യങ്ങള്‍ ചെയ്യുന്നതുവരെ ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ആരെങ്കിലും പൂര്‍ണവിശ്വാസിയാവുമോ? ഇത്തരമൊരു ആശയം മനുഷ്യഹൃദയത്തില്‍ രൂഢമൂലമായാല്‍ പിന്നെ വിദ്വേഷമോ പകയോ അസൂയയോ കലഹമോ കൊലയോ ഒന്നും ലോകത്തുണ്ടാകില്ല. പരസ്പരം സഹായിക്കുന്നവരുടെയും സേവിക്കുന്നവരുടെയും ഒരു ലോകമായിരിക്കും തുടര്‍ന്നങ്ങോട്ട് നമുക്ക ്കാണാന്‍ കഴിയുന്നത്. നിര്‍വ്യാജമായ സാഹോദര്യം അലയടിക്കുന്ന എത്ര ആഹ്ലാദപൂര്‍ണമായ ഒരു ലോകമായിരിക്കുമത്.
അതേസമയം തമ്മില്‍ പോരടിക്കുകയും അസൂയ പുലര്‍ത്തുകയും വിദ്വേഷം കാട്ടുകയും ചെയ്യുന്നവരുടെ ലോകമാണെങ്കില്‍ ആ ലോകമെത്ര ക്ലേശപൂര്‍ണമായിരിക്കും!
ലോകത്തെ കീഴ്‌മേല്‍ മറിക്കും വിധം മൃഗീയതൃഷ്ണകളും വൈയക്തിക ആസക്തികളും ഉയര്‍ത്തെണീക്കുന്ന ആധുനികലോകത്തിന്റെ പ്രശ്‌നങ്ങള്‍ പലതിനും അന്തിമപരിഹാരം ഇസ്‌ലാം നിര്‍ദേശിക്കുന്നത് ഇത്തരം ഉദാത്തമായ അധ്യാപനങ്ങളിലൂടെയാണ്. മാനവ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പ്രതിവിധിക്കായി ഈയൊരുല്‍കൃഷ്ടമായ മാര്‍ഗദര്‍ശനത്തിലേക്ക് ഇസ്‌ലാം വിളിക്കുന്നു. തനിക്ക് വേണ്ടി ചെയ്യുന്നപോലെ നല്ല കാര്യങ്ങള്‍ ഇതരമനുഷ്യര്‍ക്കുകൂടി ചെയ്യണമെന്ന് ഓരോ വ്യക്തിയോടും അനുശാസിക്കുന്ന അധ്യാപനം. എന്നല്ല, സ്വന്തത്തിന് അത്യാവശ്യമാണെങ്കില്‍ പോലും അപരന് പ്രാമുഖ്യം കൊടുക്കണമെന്ന് ഉപദേശിക്കുന്ന ദര്‍ശനം. ഹൃദയങ്ങളില്‍ രൂഢമൂലമാകേണ്ട യഥാര്‍ഥവിശ്വാസത്തിലൂടെയും തനിക്കും നാട്ടിനും നാട്ടുകാര്‍ക്കും നല്ലത് ചെയ്യാനുള്ള സന്നദ്ധതയിലൂടെയുമല്ലാതെ അസ്വസ്ഥഭരിതമായ ലോകത്ത് വ്യാപകമായിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയുണ്ടാകില്ല എന്നും ഇസ്‌ലാമികദര്‍ശനം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മര്‍ത്യലോകം ഒരൊറ്റ ശരീരം പോലെയാകും. ശരീരത്തിലെ ഏതെങ്കിലുമൊരവയവത്തിന് എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ ആ വേദനയില്‍ മറ്റവയവങ്ങളെല്ലാം പങ്കുചേരുമല്ലോ. അതുപോലെ തന്നെയാണല്ലോ സന്തോഷത്തിന്റെ കാര്യവും.
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment