ചോദ്യം: ഒരു വര്‍ഷം മുമ്പ് വിവാഹം കഴിച്ച എനിക്ക് ഇതുവരെ കുഞ്ഞുങ്ങളൊന്നും ആയിട്ടില്ല. വൈദ്യപരിശോധനകള്‍ നടത്തിയപ്പോള്‍ ഭാര്യയുടെ ശാരീരികപ്രശ്‌നങ്ങളാണ് അതിന് കാരണമെന്ന് വ്യക്തമാവുകയുണ്ടായി. സാമ്പത്തികമായി ഭീമമായ ചെലവ് വരുന്ന ചികിത്സയാണ് ഇത്. എന്നെ സംബന്ധിച്ചിടത്തോളം അതിനുമാത്രം സാമ്പത്തിക ശേഷിയുമില്ല. എന്നല്ല ചില സന്ദര്‍ഭങ്ങളില്‍ സാമ്പത്തികപ്രശ്‌നം കാരണം വീട്ടിലെ ഭക്ഷണം, വസ്ത്രം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിവര്‍ത്തിച്ചുകൊടുക്കാന്‍ കഴിയാതെ വരാറുണ്ട് എനിക്ക്.
ഭാര്യയെ ഒരു നിലക്കും പ്രയാസപ്പെടുത്തരുത് എന്നതാണ് എന്റെ സമീപനം. അവള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനെക്കുറിച്ച് ഞാന്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. എപ്പോഴും അവളോട് അടുക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ‘അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ നമുക്ക് സന്താനത്തെ നല്‍കിയേക്കാം’ എന്നാണ് ഞാന്‍ എപ്പോഴും അതിനെക്കുറിച്ച് പ്രതികരിക്കാറുള്ളത്. നാം അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്‍ നമ്മുടെ പ്രതീക്ഷകളെ തകര്‍ക്കുകയില്ലെന്നും ഞാന്‍ ഉപദേശിക്കാറുണ്ട്. അവളുടെ സുഖകരമായ ജീവിതത്തിന് വേണ്ടി ഞാന്‍ സഹിക്കുന്ന വിഷമതകളും പ്രയാസങ്ങളും അവളെ അറിയിക്കാറില്ല. അവളെ സങ്കടപ്പെടുത്തരുത് എന്ന നിര്‍ബന്ധബുദ്ധിയാണ് അതിനുപിന്നില്‍.
ഞങ്ങളുടെ പ്രയാസത്തെയും, ദുരിതത്തെയും കുറിച്ച് അവള്‍ സ്വന്തം കുടുംബത്തോട് പരാതി പറയുന്നുവെന്നതാണ് എന്നെ അലട്ടുന്ന, വേദനിപ്പിക്കുന്ന പ്രശ്‌നം. ചിലപ്പോള്‍ വീട്ടില്‍ ഭക്ഷണം വളരെ കഷ്്ടിയേ ഉണ്ടായിരിക്കുകയുള്ളൂ. ചില മരുന്നുകള്‍ വാങ്ങുന്നതിന് ആവശ്യമായ കാശുണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അവളുടെ വീട്ടുകാരെ അറിയിക്കുകയും അതിന്റെ പേരില്‍ അവരുടെ മുന്നില്‍ എന്നെ കുറ്റപ്പെടുത്തുന്നതും എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.
ഇക്കാര്യം ഒട്ടേറെ തവണ ഞാന്‍ അവളെ ഉണര്‍ത്തിയെങ്കിലും അവള്‍ക്കിപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഞാന്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത്?
ഉത്തരം: പ്രിയ സഹോദരാ, അല്ലാഹു നിങ്ങള്‍ക്ക് സല്‍സ്വഭാവികളായ കുഞ്ഞുങ്ങളെ നല്‍കി അനുഗ്രഹിക്കട്ടെ. അവനെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ കാര്യമല്ല അത്.
നിങ്ങളുടെ ഭാര്യമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എനിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട കാര്യം അവര്‍ നിങ്ങളെ വേദനിപ്പിക്കാനോ, നിങ്ങളുടെ കുറ്റം മറ്റുള്ളവരുടെ മുന്നില്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ല എന്ന് തന്നെയാണ്. പ്രശ്‌നപരിഹാരത്തിനായി സാധാരണ സ്ത്രീകള്‍ സ്വീകരിക്കുന്ന മാര്‍ഗം മാത്രമാണ് ഇവിടെ നിങ്ങളുടെ ഭാര്യയും സ്വീകരിച്ചിരിക്കുന്നത്. പുരുഷന്‍ മിക്കവാറും ഒരു പ്രശ്‌നത്തില്‍ അകപ്പെട്ടാല്‍ അതിനെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനോ, മറ്റുള്ളവരോട് അതേക്കുറിച്ച് പരാതി പറയാനോ താല്‍പര്യപ്പെടുകയില്ല. തന്റെ പ്രശ്‌നത്തിന് സ്വയം പരിഹാരം കാണാനാണ് അവന്‍ ശ്രമിക്കുക. ഇനി ആരോടെങ്കിലും കൂടിയാലോചിക്കുന്നുവെങ്കില്‍ അതിന് യോജിച്ച, പരിജ്ഞാനവും അനുഭവവുമുള്ള വ്യക്തികളെ തെരഞ്ഞെടുത്ത് അവരോട് മാത്രം പങ്കുവെക്കുകയെന്നതാണ് പുരുഷന്റെ രീതി.
എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമാണ് സ്ത്രീയുടെ സമീപനം. അവരെ വല്ല പ്രശ്‌നവും അലട്ടിയാല്‍ അക്കാര്യം മറ്റുള്ളവരോട് പറയുകയാണ് ചെയ്യുക. പുരുഷനെപ്പോലെ പരിഹാരം കാണുന്നതിന് വേണ്ടിയല്ല, മറിച്ച് തന്റെ പ്രശ്‌നത്തിനുള്ള പരിഹാരമായി സംസാരത്തെ കാണുകയാണ് അവളുടെ രീതി. അവളെ ശ്രവിക്കുന്ന മറ്റു സ്ത്രീകളുടെയും നിലപാട് അപ്രകാരം തന്നെയാണ്. അവരും ആവലാതിക്കാരിക്ക് പരിഹാരം നിര്‍ദേശിക്കാനല്ല, മറിച്ച് അവളുടെ വേദന കുറക്കാനും, ആശ്വസിപ്പിക്കാനും സഹതപിക്കാനുമാണ് ഇഷ്ടപ്പെടുന്നത്്.
ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതോടെ താങ്കളുടെ പ്രയാസം ഒരുവിധം ലഘൂകരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ തന്നെ ഭാര്യക്ക് താല്‍പര്യമുള്ള ചില ലളിതഹോബികള്‍ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിക്കുക. ക്രമേണ താങ്കള്‍ക്ക് പ്രയാസമുള്ള അവസ്ഥ മാറുകയും കൂടുതല്‍ സന്തോഷം കടന്നുവരികയും ചെയ്യും. അവര്‍ വീട്ടിലിരിക്കുമ്പോള്‍ അത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടട്ടെ. അങ്ങനെയെങ്കില്‍ അവരുടെ സംസാരവിഷയം തന്റെ പുതിയ കാര്യങ്ങളെക്കുറിച്ചായിരിക്കും എന്നത് ഉറപ്പാണ്.
ത്വാലിബ് അബ്ദുല്‍ കരീം
Add Comment