മാര്യേജ്

ഭര്‍ത്താവ് ശാരീരികമായി അനുയോജ്യനല്ലെങ്കില്‍

ചോദ്യം: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം വിവാഹം കഴിച്ച യുവതിയാണ് ഞാന്‍. മതബോധവും, സല്‍സ്വഭാവവും പരിഗണിച്ചാണ് ഞാന്‍ എന്റെ ഇണയെ തെരഞ്ഞെടുത്തത്. വിവാഹത്തിന് മുമ്പ് അദ്ദേഹത്തെ അടുത്തറിയാന്‍ എനിക്ക് അധികം സാധിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ച പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. നിശ്ചയം കഴിഞ്ഞ് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ തന്നെ അദ്ദേഹത്തിന്റെ ശരീരഘടന എനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടു. അതോടെ അന്ന് മുതല്‍ അദ്ദേഹത്തെ ഇണയായി സ്വീകരിക്കുന്നതില്‍ എനിക്ക് വല്ലാത്ത പ്രയാസം അനുഭവപ്പെട്ടു. ഞാനിപ്പോള്‍ അങ്ങേയറ്റത്തെ ആത്മസംഘര്‍ഷമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ആഗ്രഹങ്ങള്‍ നിറഞ്ഞ എന്റെ ജീവിതം അയാളുടെ കൈകളില്‍ എങ്ങനെ അകപ്പെട്ടുവെന്ന് എനിക്കറിയില്ല. വ്യക്തിത്വത്തിലും, ശരീരഘടനയിലും അദ്ദേഹം പൂര്‍ണമായും എനിക്ക് വിപരീതമാണ്. നഷ്ടപ്പെട്ടുപോയ സ്വപ്‌നങ്ങളുടെ പേരില്‍ കരയുകയാണ് ഞാനിപ്പോള്‍. ആത്മവിശ്വാസമുള്ള, ആരോഗ്യമുള്ള, മറ്റുള്ളവരോട് നന്നായി ഇണങ്ങുന്ന ഒരു വ്യക്തിയെയാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ എനിക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് അദ്ദേഹത്തോട് വ്യക്തിബന്ധം പുലര്‍ത്താന്‍ പോലും സാധിക്കുന്നില്ല. വളരെയധികം മാനസികസമ്മര്‍ദ്ധത്തിന് വിധേയമായാണ് ഞാന്‍ ജീവിച്ച് കൊണ്ടിരിക്കുന്നത്. ഞാനെന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിച്ച് തരുമെന്ന് പ്രതീക്ഷിക്കുന്നു.

ഉത്തരം: പ്രിയപ്പെട്ട സഹോദരീ, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. അല്ലാഹു നിങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുകയും, താങ്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
താങ്കള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന മാനസികപ്രയാസങ്ങള്‍ എനിക്കിപ്പോള്‍ ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നതാണ്. സ്വയം പടുത്തുയര്‍ത്തിയ സ്വപ്‌നങ്ങളുടെ കൊട്ടാരം തകര്‍ന്നുവീണാലുണ്ടാവുന്ന വ്യഥ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. വളരെ പ്രതീക്ഷയോട് കൂടി വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുകയും എന്നാല്‍ ആ മോഹങ്ങളൊക്കെയും സംഭവലോകത്ത് പൊളിഞ്ഞുവീഴുകയും ചെയ്ത ദുരനുഭവമാണ് സഹോദരിയുടേത്.

ഇണയെ തെരഞ്ഞെടുത്തതില്‍ സംഭവിച്ച അപാകതയുടെ പ്രത്യാഘാതമാണ് ഇപ്പോള്‍ സഹോദരി അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. ജീവിതപങ്കാളിയുടെ എല്ലാ വശവും മനസ്സിലാക്കിയതിന് ശേഷമായിരുന്നു വിവാഹം ഉറപ്പിക്കേണ്ടിയിരുന്നത്. വിവാഹത്തിന് മുമ്പോ, നിശ്ചയത്തിന് മുമ്പോ സഹോദരി അക്കാര്യം ശ്രദ്ധിച്ചില്ല എന്നാണ് ചോദ്യത്തില്‍ നിന്ന് മനസ്സിലാവുന്നത്. ഒടുവില്‍ യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടപ്പോള്‍ ആകെ സ്തംഭിച്ച് പോവുകയും, നിരാശയിലേക്ക് എടുത്തെറിയപ്പെടുകയുമാണ് ചെയ്തത്. അവശേഷിക്കുന്ന ജീവിതം ഇയാളുടെ കൂടെ എങ്ങനെ ചെലവഴിക്കുമെന്നോര്‍ത്താണ് താങ്കള്‍ ആശങ്കപ്പെടുന്നത്.

വിവാഹനിശ്ചയത്തിന്റെ വേളയാണ് ഒരു യുവതി അഭിമുഖീരിക്കുന്ന ഏറ്റവും സുപ്രധാനമായ സമയമെന്ന് നാം മുമ്പ് പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. വിവാഹം അന്വേഷിച്ച് വരുന്ന പുരുഷന്‍ തനിക്ക് അനുയോജ്യനാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന ഘട്ടമാണ് അത്. പ്രണയത്തിനും, സ്‌നേഹത്തിനും, കൊഞ്ചിക്കുഴയലിനുമുള്ള സമയമല്ല അത്. കാര്യങ്ങള്‍ പഠിക്കാനും, അപഗ്രഥിക്കാനും, വിവിധ വശങ്ങള്‍ തുലനം ചെയ്യാനുമുള്ള അവസരമാണ് വിവാഹനിശ്ചയത്തിന്റെ നാളുകള്‍. രണ്ട് വ്യക്തികളെ പരസ്പരം ബന്ധപ്പെടുത്താനുള്ള മാര്‍ഗമാണ് ഫോണ്‍ എങ്കില്‍ പോലും പരസ്പരം തിരിച്ചറിയാനോ, പ്രായവും, നീളവും, ശരീരഘടനയും തിരിച്ചറിയാനോ അത് ഉപകരിക്കുകയില്ല.

മതബോധവും സല്‍സ്വഭാവവും ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ നിര്‍ബന്ധമായും പരിഗണിക്കേണ്ട ഘടകങ്ങളാണെന്നതില്‍ സംശയമില്ല. എന്നാല്‍ അവ മാത്രം പരിഗണിച്ചാല്‍ പോരാ എന്ന് കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. പരസ്പര യോജിപ്പ്, ഇണക്കം, സമീപനങ്ങളിലും ചിന്താരീതികളിലും കാഴ്ചപ്പാടുകളിലുമുള്ള പൊരുത്തം തുടങ്ങിയവയും വിവാഹജീവിതത്തില്‍ സുപ്രധാനമാണ്. ഇവയൊക്കെ പരിഗണിച്ചതിന് ശേഷമാണ് ഒരു സ്ത്രീ വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെക്കേണ്ടത്.

കഴിഞ്ഞ കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കാനോ, കരയാനോ അല്ല നാമുദ്ദേശിക്കുന്നത്. നാം അഭിമുഖീകരിക്കുന്ന പ്രശ്‌നം പരിഹരിക്കുകയെന്നതാണ് മര്‍മം.

ശരീരഘടനയനുസരിച്ച് അദ്ദേഹം തനിക്ക് യോജിച്ചവനെല്ലന്ന് ആദ്യരാത്രി തന്നെ ബോധ്യപ്പെട്ടുവെന്ന പരാമര്‍ശം എനിക്ക് മനസ്സിലായിട്ടില്ല. വിവാഹത്തിന് മുമ്പ് താങ്കള്‍ അദ്ദേഹത്തെ കണ്ടിരുന്നില്ലേയെന്ന ചോദ്യത്തിലേക്കാണ് അതെന്നെ നയിക്കുന്നത്. അതല്ല, ആദ്യരാത്രിയിലെ അദ്ദേഹത്തിന്റെ പെരുമാറ്റമോ, അനുരാഗത്തിന്റെ അഭാവമോ ആണ് ഉദ്ദേശിച്ചതെങ്കില്‍ അത് മറ്റൊരു കാര്യമാണ്. ലൈംഗിക ബന്ധത്തിന്റെയോ, പ്രണയപ്രകടനങ്ങളുടെയോ പേരിലുള്ള പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്കിടയിലുള്ളതെങ്കില്‍ അവ പരസ്പരം തുറന്ന് സംസാരിക്കുന്നതിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.

നവദമ്പതികളായ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഇണക്കവും, പ്രണയവും രൂപപ്പെടാന്‍ അല്‍പസമയമെടുത്തേക്കാം. ഒരു പുരുഷന്റെ കൂടെ ജീവിക്കാന്‍ സാധിക്കുകയില്ലെന്ന് തീരുമാനിക്കാന്‍ മൂന്ന് മാസം മതിയായ കാലാവധിയല്ല എന്നാണ് എന്റെ നിഗമനം. ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ ഇനിയുള്ള നാളുകളില്‍ താങ്കള്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുക. അദ്ദേഹത്തിലേക്ക് ആകര്‍ഷിപ്പിക്കുന്ന സല്‍ഗുണങ്ങള്‍ മാത്രം ശ്രദ്ധിക്കുക. ഇത്തരം അനുകൂലഗുണങ്ങളില്‍ മാത്രം മനസ്സ് കേന്ദ്രീകരിച്ച് അദ്ദേഹത്തോട് അടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ കഴിയുമെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ -അല്‍ഹംദുലില്ലാഹ്- അപ്രകാരം ചെയ്യുക. അല്ലാത്ത പക്ഷം വളരെ ശാന്തമായി മറ്റൊരു പരിഹാരത്തിനായി ചിന്തിക്കുക. ഒരു പേനയെടുത്ത് അദ്ദേഹത്തിന്റെ നന്മകളും തിന്മകളും, താങ്കളുടെ യോജിപ്പുകളും വിയോജിപ്പുകളും കുറിച്ച് വെക്കുക. അദ്ദേഹത്തോടൊപ്പം ജീവിക്കണോ, വേണ്ടയോ എന്നത് അതെല്ലാം കൂട്ടക്കിഴിച്ച ശേഷമാണ് തീരുമാനിക്കേണ്ടത്

സഹ്ര്‍ അലി മിസ്വ്‌രി

Topics