മാര്യേജ്

വിവാഹത്തിന് ശേഷവും കന്യകയായി തുടരുമ്പോള്‍

ചോദ്യം: ഇരുപത്തിരണ്ട് വയസ്സുള്ള യുവതിയാണ് ഞാന്‍. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ച ഞാന്‍ ഇപ്പോഴും കന്യകയായി തുടരുന്നുവെന്നതാണ് പ്രശ്‌നം. ഭര്‍ത്താവ് ഇതുവരെ ഞാനുമായി ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല. മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് ഞാനുള്ളത്. ഭര്‍ത്താവിനോട് എനിക്ക് വെറുപ്പ് തോന്നുന്നു. വിവാഹമോചനമാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, വിവാഹമോചിതയായാല്‍ എന്റെ ഇളയ സഹോദരിമാരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. ഞങ്ങളുടെ പിതാവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടതാണ്. എനിക്കാകെ തുണയായുള്ളത് ഇളയ സഹോദരന്‍ മാത്രമാണ്. എന്റെ ഭര്‍ത്താവിനെ ഞാന്‍ വെറുത്തുതുടങ്ങിയിരിക്കുന്നു. ഭാര്യയോടുള്ള ബാധ്യതകള്‍ ഇടപാടിലോ, കിടപ്പറയിലോ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. എന്റെ ഹൃദയത്തെ മഥിക്കുന്ന ദുഖവും വേദനയും അടക്കിനിര്‍ത്താന്‍ എനിക്കാവുന്നില്ല. പിശാച് എന്റെ മനസ്സില്‍ കൂടുകൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഞാനൊരു യുവാവിനെ പരിചയപ്പെട്ടു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. പക്ഷെ, ഞാനദ്ദേഹത്തില്‍ നൈര്‍മല്യവും പൗരുഷവും കാണുകയുണ്ടായി. ഭര്‍ത്താവില്‍ അപരിചിതമായ ഹൃദ്യമായ പെരുമാറ്റവും അദ്ദേഹത്തില്‍ കാണുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹത്തെ ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. പക്ഷേ, എന്റെ മനസ്സ് ഈ പ്രവൃത്തിയില്‍ എന്നെ കുറ്റപ്പെടുത്തുന്നു. ഞാനാകെ വിഷമത്തിലാണിപ്പോള്‍. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. നിങ്ങളുടെ സഹായം പ്രതീക്ഷിച്ചാണ് ഈ എഴുത്ത്.

ഉത്തരം: അല്ലാഹു നിങ്ങളെ അനുഗ്രഹിക്കുകയും, സന്തോഷവും നന്മയും നിറഞ്ഞ ജീവിതം അവന്‍ നിങ്ങള്‍ക്കേകുകയും ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ സന്ദേശം വായിച്ചപ്പോള്‍ എനിക്ക് വല്ലാത്ത ദുഖം തോന്നുകയുണ്ടായി. വളരെ സംഗ്രഹിച്ചാണ് അതില്‍ കാര്യങ്ങളെഴുതിയിരിക്കുന്നത്. എങ്കിലും വായിച്ച കാര്യങ്ങളുടെ അടിസ്ഥനത്തില്‍ ചില നിര്‍ദേശങ്ങള്‍ സൂചിപ്പിക്കുകയാണ് ചുവടെ.
വിവാഹമെന്നത് രണ്ട് പേര്‍ക്കിടയിലെ ശാരീരികവും, വൈകാരികവും, അനുഭവപരവുമായ പങ്കാളിത്തമാണ്. അതേസമയം പരസ്പരം പങ്കുവെക്കുന്നതിന് മുമ്പ് നന്നായി പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്. വളരെ വേഗത്തില്‍ പിരിഞ്ഞ് പോരാനോ, വേര്‍പെടാനോ കഴിയുന്ന കാര്യമല്ല അത്.

നിങ്ങളുടെ ഭര്‍ത്താവ് ഒരു പക്ഷേ കടുത്ത എന്തോ മനഃപ്രയാസത്തിലായിരിക്കാം. പരസ്പരം തുറന്ന് സംസാരിക്കുന്നതിലൂടെ അദ്ദേഹത്തെ അലട്ടുന്ന പ്രതിലോമപരമായ ചിന്തകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിച്ചേക്കും. ഭര്‍ത്താവിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ കൂടെ അന്തിയുറങ്ങിയതിന് ശേഷവും നിങ്ങള്‍ കന്യകയായി തുടരുന്നുവെന്നത് തീര്‍ത്തും ഗൗരവതരമായ കാര്യം തന്നെയാണ്. അദ്ദേഹത്തെ ലൈംഗിക ബന്ധത്തില്‍ നിന്ന് തടയുന്ന കാര്യമെന്തെന്ന് ഡോക്ടറെ സമീപിച്ച് നിര്‍ണയിക്കുകയാണ് വേണ്ടത്.

മാനസികമായ പ്രയാസമോ, നാണമോ മറ്റോ ആണ് അദ്ദേഹത്തിന്റെ പ്രശ്‌നമെങ്കില്‍ നിങ്ങള്‍ മുന്‍കയ്യെടുത്ത് അദ്ദേഹത്തെ പ്രചോദിപ്പിക്കുകയാണ് വേണ്ടത്. അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകള്‍ നിങ്ങള്‍ തുടങ്ങി വെക്കുകയും കണ്ണുകളില്‍ സ്‌നേഹം പ്രകടിപ്പിച്ച് അദ്ദേഹത്തെ നോക്കുകയും ചെയ്യുകയെന്നത് സുപ്രധാനമാണ്. വിവാഹ മോചനം ആവശ്യപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ കഴിവിന്റെ പരമാവധി അദ്ദേഹത്തെ നേരെയാക്കുന്നതിന് വേണ്ടി ശ്രമിക്കുക. അതിന് ശേഷം മാത്രമാണ് നിങ്ങള്‍ അതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത്.

സഹോദരിമാരെക്കുറിച്ച് ആശങ്കിച്ച് നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ നിങ്ങള്‍ മാറ്റിവെക്കേണ്ടതില്ല. ദാമ്പത്യ ജീവിതത്തിന്റെ ദുഖവും സന്തോഷവും നാം സ്വയം അനുഭവിക്കേണ്ടത് തന്നെയാണ്. അത് അവരെ അനുഭവിപ്പിക്കുകയോ, അവര്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് കഴിയാത്തത് ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ല.

സമയം അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമാണ്. ആ സമയത്തെ നിങ്ങള്‍ ദുരുപയോഗംചെയ്യുക മാത്രമല്ല, അല്ലാഹുവിന്റെ കോപം ലഭിക്കുന്ന കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്തുവെന്നാണ് യുവാവുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് പറയാനുള്ളത്.

യുവാവിനോട് ചാറ്റ് ചെയ്തതും പരിചയപ്പെട്ടതും അദ്ദേഹത്തില്‍ അനുരക്തയായതും നിങ്ങള്‍ ചെയ്ത തെറ്റാണെന്ന് നിങ്ങള്‍ തന്നെ അംഗീകരിക്കുന്നുണ്ട്. ഇത്തരം ചാറ്റിംഗിലൂടെ സമയം പാഴാക്കുന്നതിനും, സ്വയം നശിക്കുന്നതിനും പകരം സ്വന്തം ജീവിതത്തെയും, ഭര്‍ത്താവിനെയും മാറ്റിയെടുക്കാന്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ അതിന് ഫലം കണ്ടെത്തുന്നതാണ്. അല്ലാഹുവിന്റെ തൃപ്തിയും കോപവും പരിഗണിക്കാതെ ഒരു കാര്യത്തിനും മുതിരരുത് എന്ന് മാത്രമാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്. ‘അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നവനെ അവന്‍ ശാശ്വത നരകത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. അവന് നിന്ദ്യകരമായ ശിക്ഷയാണുള്ളത്'(അന്നിസാഅ്).

അസ്മാഅ് സലാം

Topics