ഇസ്‌ലാം-Q&A

സത്യമതമെങ്കില്‍ ആളുകള്‍ കുറഞ്ഞുപോയതെന്ത് ?

ചോ: ഇസ്‌ലാം സത്യത്തിന്റെ മതമാണെങ്കില്‍ എന്തുകൊണ്ടാണ് അതിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് ? മുസ്‌ലിംകള്‍ ന്യൂനപക്ഷമായിപ്പോയതെന്ത് ?

————————–

ഉത്തരം: ലോകത്ത് ഇപ്പോള്‍ ഏതാണ്ട് 1-1.8 ബില്യണോളം മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്. ക്രൈസ്തവവിശ്വാസികളുടെ എണ്ണം 2.1 ബില്യണ്‍ ആണ്. അതിനര്‍ഥം ലോകത്ത് ഇസ്‌ലാമാണ് രണ്ടാമത്തെ പ്രബലമതം എന്നാണ്.  മോശമായി ചിത്രീകരിക്കപ്പെടുമ്പോഴും മാധ്യമറിപോര്‍ട്ടുകള്‍ പ്രകാരം അതിദ്രുതം പ്രചരിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം.

മതങ്ങളെക്കുറിച്ചും അതിന്റെ അനുയായികളെക്കുറിച്ചും ഗൗരവത്തില്‍ പഠനം നടത്തുന്ന ആര്‍ക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ കാനേഷുമാരി കണക്കിലേ ഉള്ളൂ എന്ന് മനസ്സിലാകും. വളരെ ന്യൂനപക്ഷം മാത്രമേ ജീസസ് ദൈവമാണെന്ന് വിശ്വസിക്കുകയും മാസത്തിലൊരിക്കല്‍ ചര്‍ച്ചില്‍ പോകുകയുംചെയ്യുന്നുള്ളൂ.

ദീര്‍ഘനാളായി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചര്‍ച്ചുകള്‍ ഉപയോഗമില്ലാതെ അടച്ചിട്ടിരിക്കുകയാണ്. അതിന്റെ പരിപാലനചുമതലയുള്ളവര്‍ അത് വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അവയില്‍ പലതും മുസ്‌ലിംകള്‍ വിലക്കുവാങ്ങി  മസ്ജിദുകളായി ഉപയോഗിക്കുകയാണ്. അതിനാല്‍ ഇന്നത്തെ ലോകത്ത് വിശ്വാസം അനുസരിച്ച് ജീവിക്കുന്നവരില്‍ മുസ്‌ലിംകളാണ് ക്രിസ്ത്യാനികളെക്കാള്‍ ഏറെയുള്ളതെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. adherents.com ന്റെ പത്രാധിപന്‍മാര്‍ പറയുന്നത് മേല്‍പറയുന്നതില്‍ സംശയംവേണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ലോകത്ത് ശരിയായ വിശ്വാസികളായി ഭൂരിപക്ഷമുള്ളത് മുസ്‌ലിംകളാണ്.

എന്നാല്‍, ഒരു ആദര്‍ശത്തിന്റെയും മതത്തിന്റെയും സത്യസന്ധത വിലയിരുത്തേണ്ടത് അതിലെ അനുയായികളുടെ എണ്ണവും വണ്ണവും നോക്കിയാണോ എന്നത് ചോദ്യമാണ്. ആരാണ് സത്യം സ്വീകരിക്കുകയെന്നും അതിനോട് പിന്തിരിഞ്ഞുനില്‍ക്കുകയെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്:

‘പരമകാരുണികനും ദയാപരനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണിത്. വചനങ്ങളെല്ലാം വിശദമായി വിവരിക്കപ്പെട്ട വേദപുസ്തകം. അറബി ഭാഷയിലുള്ള ഖുര്‍ആന്‍. മനസ്സിലാക്കുന്ന ജനത്തിനുവേണ്ടിയാണിത്. ഇത് ശുഭവാര്‍ത്ത അറിയിക്കുന്നതാണ്. മുന്നറിയിപ്പു നല്‍കുന്നതും. എന്നിട്ടും ജനങ്ങളിലേറെ പേരും ഇതിനെ അവഗണിച്ചു. അവരിതു കേള്‍ക്കുന്നുപോലുമില്ല'(ഫുസ്സ്വിലത് 2-4)

‘അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ അവരറിയുന്നുണ്ട്. എന്നിട്ടും അവരതിനെ തള്ളിപ്പറയുകയാണ്. അവരിലേറെപ്പേരും നന്ദികെട്ടവരാണ്.'(അന്നഹ്ല്‍ 83)

‘മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഇവ്വിധം വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കതെത്ര നന്നായേനെ! അവരുടെ കൂട്ടത്തില്‍ വിശ്വാസികളുണ്ട്. എന്നാല്‍ ഏറെപേരും ധിക്കാരികളാണ്.'(ആലു ഇംറാന്‍ 110)

‘തീര്‍ച്ചയായും ജനങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല.'(അശ്ശുഅറാഅ് 121)

ചരിത്രത്തിലെന്നും സത്യവേദമായ ഇസ്‌ലാമിന്റെ സന്ദേശം സ്വീകരിക്കാന്‍ സന്നദ്ധരായവര്‍ വളരെ കുറവായിരുന്നുവെന്നും  നിഷേധികള്‍ ഏറെയായിരുന്നുവെന്നും  മുകളിലെ വചനങ്ങളിലൂടെ വ്യക്തമാകുന്നു.

മനുഷ്യപ്രകൃതിയുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വൈഭവവും ബുദ്ധിയും പ്രകടിപ്പിക്കുന്നവര്‍ പോലും മറ്റുമേഖലകളില്‍ കഴിവുകുറഞ്ഞവരായിരിക്കുമെന്നത് യാഥാര്‍ഥ്യമാണ്. ഉദാഹരണത്തിന് അറിയപ്പെട്ട ശാസ്ത്രജ്ഞര്‍ പോലും  കലയെയും സാഹിത്യത്തെയും മതത്തെയും കുറിച്ച വിധിയെഴുത്തില്‍ മികവുറ്റവരായിരിക്കുമെന്ന് പറയാന്‍ നമുക്കാവുമോ?

എല്ലാം മനുഷ്യന് വിധിയെഴുതാനാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഏറ്റവുമൊടുവില്‍ ഭീകരതക്കെതിരായ യുദ്ധം എന്നപേരില്‍ അന്യരാജ്യങ്ങളില്‍ കടന്നുകയറി കാട്ടിക്കൂട്ടിയ പ്രവര്‍ത്തനങ്ങള്‍ വെറുപ്പും പകയും കലര്‍ന്ന അജ്ഞതമാത്രമായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. അത്തരത്തിലുള്ള ലോകരാഷ്ട്രീയകളികള്‍ ഒട്ടേറെ രാജ്യങ്ങളെ തകര്‍ച്ചയിലേക്ക് നയിച്ചത് നാം കാണുന്നു. ചരിത്രത്തില്‍ നിന്ന് മനുഷ്യന്‍ പാഠമുള്‍ക്കൊള്ളുന്നില്ലെന്നത് എത്രമാത്രം യാഥാര്‍ഥ്യമാണ്.

ഒരു വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും കുടക്കീഴില്‍ അണിനിരന്ന ആളുകളെ നോക്കി അതിന്റെ വലിപ്പത്തെയും മഹത്വത്തെയും നിര്‍ണയിക്കുന്നത് ബുദ്ധിയല്ലെന്നാണ് പറയാനാകുക. വിജയികളുടെകൂടെ ചേരാന്‍ ആണ് പൊതുസമൂഹം കൊതിക്കുന്നത്. എന്നാല്‍ താല്‍ക്കാലികവിജയം ഒരിക്കലും അതിന്റെ നന്‍മയെയോ ദൈവികതയെയോ ഒരിക്കലും പ്രതിഫലിപ്പിക്കുന്നില്ലെന്ന് മനസ്സിലാക്കുക.

ഇറ്റലിക്കാരനായ ഗലീലിയോയുടെ ജീവിതാനുഭവം ചില യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നു. അറിയപ്പെട്ട വാനശാസ്ത്രകാരനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിന്റെ കേന്ദ്രമായി ഭൂമി അനങ്ങാതെ നിലകൊള്ളുന്നുവെന്ന നിഗമനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അത് ക്രൈസ്തവവിശ്വാസത്തിനു നിരക്കുന്നതല്ലെന്ന് പറഞ്ഞ് സഭ പീഡിപ്പിച്ചു. എന്നാല്‍ അദ്ദേഹം പറഞ്ഞതായിരുന്നു സത്യം. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ വിശ്വസിക്കുന്ന ക്രൈസ്തവപ്രമാണങ്ങള്‍ക്ക് വിരുദ്ധമായി എന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹത്തെ ജയിലിലിടുകയും നിലപാട് തിരുത്താന്‍ ആവശ്യപ്പെടുകയുമാണ് ചര്‍ച്ച് അധികാരികള്‍ ചെയ്തത്. പൊതുജനമധ്യേ മതവിചാരണ നടത്തുന്ന വേളയില്‍ ഭൂമി ചലിക്കുന്നില്ലെന്ന് പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചപ്പോഴും  ഇറ്റാലിയന്‍ ഭാഷയില്‍ ആ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നത് ‘എന്നാലും അത് ചലിച്ചുകൊണ്ടിരിക്കുന്നു.’ എന്നായിരുന്നുവത്രെ.

പറഞ്ഞുവന്നത്, ബഹുഭൂരിപക്ഷം  ജനങ്ങള്‍  തിരസ്‌കരിക്കുന്ന സത്യം  തന്റെ മനസ്സിന് ബോധ്യമായതുകൊണ്ട് ഗലീലിയോവിന് ആത്മസംതൃപ്തിക്കായി അത് മന്ത്രിക്കേണ്ടിവന്നു. ഭൂരിപക്ഷ-ന്യൂനപക്ഷമാണ്  സത്യത്തിന്റെ മാനദണ്ഡമെന്ന് നിശ്ചയിക്കപ്പെട്ടിരുന്നതെങ്കില്‍ ഗലീലിയോ തെറ്റിന്റെ പക്ഷത്തും ചര്‍ച്ച് ശരിയുടെ പക്ഷത്തും ആയേനെ. എന്നാല്‍ വസ്തുത അതല്ലെന്ന് നമുക്കറിയാം.

ബഹുഭൂരിപക്ഷം ജനതയുടെ മനോഭാവം എന്തെന്ന് ഖുര്‍ആന്‍  പറയുന്നുണ്ട്.’അതുമല്ലെങ്കില്‍ അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ അറിയുക. സത്യസന്ദേശവുമായാണ് അദ്ദേഹം അവരുടെയടുത്ത് വന്നെത്തിയത്. എന്നാല്‍ അവരിലേറെപ്പേരും സത്യത്തെ വെറുക്കുന്നവരാണ്’.(അല്‍മുഅ്മിനൂന്‍ 70)

ആള്‍ക്കൂട്ടത്തെ അടിസ്ഥാനമാക്കി ഒരു ദര്‍ശനത്തിന്റെയോ ആദര്‍ശത്തിന്റെയോ മതത്തിന്റെയോ  ആധികാരികതയും സത്യാവസ്ഥയും അളക്കാനാകില്ലെന്ന് മേല്‍ സൂക്തം വ്യക്തമാക്കുന്നു. ചരിത്രത്തിലൊരിടത്തും സത്യത്തിന്റെയും നീതിയുടെയും വക്താക്കള്‍ ഭൂരിപക്ഷമായിരുന്നില്ലെന്ന്  ഖുര്‍ആന്‍ ചരിത്രകഥനങ്ങളിലൂടെ മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. അതായിരുന്നു ബദ്ര്‍ യുദ്ധത്തില്‍ നാം കണ്ടത്. നൂറുകണക്കിന് ആളുകള്‍ വന്‍ശക്തിയെ പരാജയപ്പെടുത്തിയത് തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശത്തെക്കുറിച്ച ആത്മവിശ്വാസം പകര്‍ന്നുനല്‍കിയ ധൈര്യം ഒന്നുകൊണ്ടുമാത്രമാണ്. അതിനാല്‍ തങ്ങളെ സ്വയം ന്യൂനപക്ഷമായി അവര്‍ കണ്ടില്ല.

 

Topics