നിവേദകപരമ്പരയിലെ ചില ലക്ഷണങ്ങള്‍ നോക്കി വ്യാജഹദീഥുകളെ തിരിച്ചറിയാം.
- നിവേദകന്‍ അറിയപ്പെട്ട കള്ളനായിരിക്കുകയും വിശ്വസ്തനായ മറ്റൊരു നിവേദകന്‍ ആ ഹദീഥ് നിവേദനം ചെയ്യാതിരിക്കുകയും ചെയ്യുക.
- നിവേദിത ഹദീഥ് തന്റെ സൃഷ്ടിയാണെന്ന് നിവേദകന്‍ തന്നെ സമ്മതിക്കുക.
- തന്റെ സമകാലികനല്ലാത്ത വ്യക്തിയില്‍നിന്നോ , താന്‍ സന്ധിച്ചിട്ടില്ലാത്ത വ്യക്തിയില്‍നിന്നോ ഒരു നിവേദകന്‍ ഹദീഥ് റിപോര്‍ട്ട് ചെയ്താല്‍ അതിനെ വ്യാജഹദീഥായി പരിഗണിക്കാന്‍ മതിയായ കാരണമാണത്. ഹദീഥ് കേട്ടതായി നിവേദകന്‍ അവകാശപ്പെടുന്ന സ്ഥലത്ത് അയാള്‍ പോയിട്ടേയില്ലെന്ന് തെളിഞ്ഞാലും ആ ഹദീഥ് വ്യാജം തന്നെ. ഈ മാനദണ്ഡപ്രകാരം ധാരാളം ഹദീഥുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സംഭവം:
ഹിശാമുബ്‌നു അമ്മാറില്‍നിന്നാണ് ഒരു ഹദീഥ് താന്‍ ശ്രവിച്ചതെന്ന് മഅ്മൂന്ബ്‌നു അഹ് മദില്‍ ഹുറവി അവകാശപ്പെട്ടപ്പോള്‍ ഇബ്‌നു ഹിബ്ബാന്‍ ചോദിച്ചു: നിങ്ങളെപ്പോഴാണ് ശാമില്‍ പോയത്? മഅ്മൂന്‍: ഹി.250-ാം വര്‍ഷം. ഇബ്‌നു ഹിബ്ബാന്‍: നിങ്ങള്‍ ഹദീഥ് ശ്രവിച്ചുവെന്ന് പറയുന്ന ഹിശാം ഹി. 245-ാം വര്‍ഷത്തില്‍ മരണപ്പെട്ടിട്ടുണ്ടല്ലോ.
അങ്ങനെ ആ ഹദീഥ് നിരാകരിക്കപ്പെട്ടു. ഈ പ്രക്രിയ സുഗമമാകാന്‍ നിവേദകരുടെ ജനനം, വാസം, യാത്ര, മരണം, ഗുരുനാഥന്‍മാര്‍ തുടങ്ങി എല്ലാ വിവരങ്ങളും ചരിത്രകൃതികളില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. സുഫ് യാനുസ്സൗരി പറഞ്ഞു: നിവേദകര്‍ കള്ളം പറയാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ ചരിത്രവുമായി അവരെ നേരിട്ടു. - നിവേദകന്‍ വികാരാധീനനാകുന്നതും വ്യക്തി താല്‍പര്യങ്ങള്‍ക്കടിപ്പെടുന്നതും വ്യാജഹദീഥുകളുടെ പിറവിക്ക് നിമിത്തമാകാം. അത്തരം വ്യാജഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിച്ചാണ് അവയുടെ അവാസ്തവികത തെളിയിക്കപ്പെടുക. സയ്ഫുബ്‌നു ഉമരിത്തമീമിയില്‍ നിന്ന് ഹാകിം റിപോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ സഅ്ദുബ്‌നു ത്വരീഫിന്റെ സന്നിധിയിലിരിക്കെ അദ്ദേഹത്തിന്റെ പുത്രന്‍ പള്ളിക്കൂടത്തില്‍നിന്ന് കരഞ്ഞുകൊണ്ട് വന്നുകേറി. കാരണമെന്തെന്ന് ആരാഞ്ഞപ്പോള്‍ അധ്യാപകന്‍ തല്ലിയതാണെന്ന് അവന്‍ മറുപടി പറഞ്ഞു. ഉടനെ വികാരാധീനനായി സഅ്ദ് പറഞ്ഞു: ഞാന്‍ ഇവരെ മാനംകെടുത്തും. ഇബ്‌നു അബ്ബാസില്‍നിന്ന് ഇക് രിമ ഇങ്ങനെ നിവേദനം ചെയ്തത് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളിലെ ഏറ്റവും നീചരാണ് നിങ്ങളുടെ കുട്ടികളുടെ അധ്യാപകര്‍. അനാഥകളോട് ദയാരഹിതമായും അഗതികളോട് പരുഷമായും പെറുമാറുന്നവരാണവര്‍.
ഡോ. കെ.ജാബിര്‍
Add Comment