നബിയുടെ വാക്കും പ്രവൃത്തിയും സമ്മതവും പ്രവാചകനെക്കുറിച്ച വിശേഷണവും വര്‍ണനയും സച്ചരിത(സീറഃ)വും ഉള്‍പ്പെട്ടതാണ് ഹദീഥ്.
നബിയുടെ പ്രസ്താവങ്ങള്‍, ആജ്ഞകള്‍, നിരോധങ്ങള്‍, പ്രോത്സാഹനങ്ങള്‍, ഉപദശ-നിര്‍ദേശങ്ങള്‍ , പ്രസംഗം, സംസാരം , പ്രോത്സാഹനങ്ങള്‍, സംഭവവിവരണങ്ങള്‍, ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍, മുന്നറിയിപ്പുകള്‍, പ്രവചനങ്ങള്‍ തുടങ്ങി നബി(സ) പറഞ്ഞ കാര്യങ്ങളാണ് വാച്യമായ ഹദീഥ് (അഖ് വാല്‍). ഉദാഹരണം: ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുക. അവനോട് പാപമോചനം തേടുക. ഞാന്‍ ദിവസവും നൂറുതവണ പശ്ചാത്തപിക്കാറുണ്ട്.
അനുഷ്ഠാനമുറകള്‍, പരസ്പരബന്ധങ്ങള്‍, സാമ്പത്തികവും മറ്റുമായ ഇടപാടുകള്‍, ശിക്ഷാവിധികള്‍, രാഷ്ട്രീയനടപടികള്‍, യുദ്ധം , സന്ധി, സൈനികവിന്യാസം, സൃഷ്ടിസ്‌നേഹം, ജനസേവനം , പ്രബോധനപ്രവര്‍ത്തനങ്ങള്‍, സംസ്‌കരണകാര്യങ്ങള്‍, വിവാഹം, കുടുംബബന്ധങ്ങള്‍ തുടങ്ങി പ്രവാചകജീവിതത്തിലെ മുഴുവന്‍ കര്‍മങ്ങളും പ്രവൃത്തികള്‍ (അഫ്ആല്‍) എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയിലെല്ലാം നബിതിരുമേനിയുടെ സമീപനരീതികള്‍ സ്വഹാബത്ത് വിശദമായി വിവരിച്ചിട്ടുണ്ട്. നബി(സ) നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അനുഷ്ഠിച്ചിരുന്ന സമയങ്ങളെക്കുറിച്ച് ജാബിറുബ്‌നു അബ്ദില്ല(റ)യില്‍ നിന്നുള്ള നിവേദനം ഉദാഹരണം: ‘റസൂല്‍(സ) നട്ടുച്ചക്ക് ളുഹ്‌റും , സൂര്യന്‍ അസ്തമിച്ചാല്‍ മഗ് രിബും നമസ്‌കരിച്ചിരിക്കുന്നു. ഇശാഅ് ചിലപ്പോള്‍ പിന്തിക്കും. മറ്റു ചിലപ്പോള്‍ ആദ്യസമയത്ത് തന്നെ നിര്‍വഹിക്കും. എല്ലാവരും എത്തിച്ചേര്‍ന്നാല്‍ രാവിന്റെ ആദ്യസമയത്തും അല്ലാത്ത പക്ഷം വൈകിയും നിര്‍വഹിക്കും. നബി(സ) സുബ്ഹ് നമസ്‌കരിക്കുമ്പോള്‍ ഇരുട്ട് തന്നെയായിരിക്കും.’
പ്രവാചകസന്നിധിയിലോ അദ്ദേഹത്തിന്റെ അഭാവത്തിലോ അനുയായികളിലാരെങ്കിലും ചെയ്്ത ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് തിരുമേനി വിസമ്മതമൊന്നും പ്രകടിപ്പിക്കാതെ മൗനംദീക്ഷിക്കുകയോ, സമ്മതമോ സംതൃപ്തിയോ പ്രകടിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതാണ് സമ്മതം(തഖ് രീര്‍)ന്റെ ഗണത്തില്‍പെടുന്നത്. ഉദാഹരണമായി, ‘പ്രവാചകനും അനുചരരും ഭക്ഷണം കഴിക്കവേ, ഉടുമ്പുമാംസം വിളമ്പിയപ്പോള്‍ തിരുമേനി അത് ഭക്ഷിക്കാതിരിക്കുകയും ഖാലിദ്ബ്‌നു വലീദ് ഉള്‍പ്പെടെയുള്ളവര്‍ തിന്നുകയും ചെയ്തു’ എന്ന ഹദീഥ്.
തിരുദൂതരുടെ സ്വഭാവമഹിമയെയും ശരീരപ്രകൃതിയെയും കുറിച്ച വര്‍ണനകള്‍ ഹദീഥില്‍ ഇടംപിടിച്ചിട്ടുണ്ട്. ആഇശ(റ) പറയുന്നു: ‘തിരുമേനിയുടെ സ്വഭാവം ഖുര്‍ആന്‍ തന്നെയായിരുന്നു.’
കഅ്ബ് ബ്്‌നു മാലിക്: ‘നബി സന്തുഷ്ടനായാല്‍ മുഖപ്രസന്നനായിരിക്കും. ചന്ദ്രനെപ്പോലെ.’
നാലാംഖലീഫ അലി(റ): ‘ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമായിരുന്നു ദൈവദൂതരുടേത്. കണ്ണുകളിലെ കൃഷ്ണമണികള്‍ക്ക് നല്ല കറുപ്പ് , സമൃദ്ധമായ കേശം, തിങ്ങിയ താടി, പരന്ന മുഖം, കാലുകള്‍ ഉയരത്തില്‍നിന്ന് എടുത്ത് വെച്ചുള്ള നടത്തം, ഒത്തവലിപ്പം, ശരീരം നീളം കൂടിയതുമല്ല കുറിയതുമല്ല. അശക്തനല്ല, ആക്ഷേപകനുമല്ല. തിരുമേനിയെപ്പോലെ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. മുമ്പും ശേഷവും.’
തിരുദൂതരുടെയും സ്വഹാബിമാരുടെയും വാക്കുകളും പ്രവൃത്തികളും സമ്മതങ്ങളുമാണ് ഹദീഥുകളുടെ മുഖമുദ്രയെങ്കില്‍ അവയത്രയും പ്രശംസനീയമാംവിധം പ്രയോഗവത്കരിക്കപ്പെട്ട ഇസ്‌ലാമിലെ സുവര്‍ണകാലഘട്ടത്തിലെ ചരിത്രസവിശേഷതകള്‍ സീറഃ എന്ന വിശേഷണത്തോടെ ഹദീഥുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞിമുഹമ്മദ് വളാഞ്ചേരി
Add Comment