ഹദീഥുകളെ സംബന്ധിച്ച ചര്‍ച്ചയില്‍ വ്യാജഹദീഥുകള്‍ വിഷയീഭവിക്കുന്നത് , പ്രവാചകന്‍മാരെക്കുറിച്ച ചര്‍ച്ചയില്‍ കള്ളപ്രവാചകന്‍മാര്‍ പരാമര്‍ശവിധേയമാകുന്നതുപോലുള്ള ഒരു ദുര്യോഗമാണ്. എന്നാല്‍ , ജനങ്ങളുടെ ആത്മീയോത്കര്‍ഷത്തിനെന്ന പേരില്‍ കള്ള ഹദീഥുകള്‍ വിവേചനരഹിതമായി പ്രചരിപ്പിക്കാന്‍ മുസ്‌ലിംകള്‍ തന്നെ ധൃഷ്ടരാവുകയും അതിന് ഫണ്ടുചെയ്യാന്‍ അന്താരാഷ്ട്രഏജന്‍സികള്‍വരെ രംഗപ്രവേശം ചെയ്യുകയും ചെയ്തിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ , വ്യാജഹദീഥുകളുടെ ചരിത്രവും പ്രേരണകളും പ്രയോക്താക്കളും ചര്‍ച്ചാവിധേയമാകുന്നത് ഉചിതമെന്നുമാത്രമല്ല, അനിവാര്യവുമാണ്.
നിര്‍വചനം
ഉപേക്ഷിക്കുക, മാര്‍ജനം ചെയ്യുക, കെട്ടിച്ചമക്കുക എന്നീ അര്‍ഥങ്ങളുള്ള വദ്അ്( وضع ) എന്ന പദത്തില്‍നിന്ന് നിഷ്പന്നമായ മൗദൂഅ് ( موضوع ) എന്ന കര്‍മരൂപമാണ് വ്യാജഹദീഥുകളെ വ്യവഹരിക്കാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. സ്വഹീഹായ ഹദീഥിലെ ഏതെങ്കിലും പദം സ്വതാല്‍പര്യപ്രകാരം വിട്ടുകളയുക, സ്വേഛാനുസാരം ഒരു പദം അതില്‍ കൂട്ടിച്ചേര്‍ക്കുക, ഒരു കാര്യം പ്രവാചകന്‍ പറഞ്ഞതായി വ്യാജമായി ആരോപിക്കുക എന്നീ ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ പദമാണ് ഭാഷാപരമായി മൗദൂഅ് എന്നത്. എന്നാല്‍, മുഹമ്മദ് നബി(സ) ഒരുകാര്യം പറഞ്ഞുവെന്നോ ചെയ്തുവെന്നോ അംഗീകരിച്ചുവെന്നോ വ്യാജമായി അവകാശപ്പെടുന്ന ഹദീഥുകളാണ് സാങ്കേതികാര്‍ഥത്തില്‍ അല്‍ ഹദീഥുല്‍ മൗദൂഅ്(വ്യാജഹദീഥ്).
ചരിത്രം
വ്യാജഹദീഥുകള്‍ പ്രചരിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ ആദ്യമായി ശ്രമിച്ചതെപ്പോഴാണെന്ന കാര്യത്തില്‍ ഹദീഥ്പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പ്രവാചകന്റെ സന്തതസഹചാരികളായ അനുചരന്‍മാരാരും അതിന് മുതിര്‍ന്നതായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. ദൈവഭയവും പ്രവാചകസ്‌നേഹവും രക്തത്തിലലിഞ്ഞുചേരുകയും ഉള്ളതെല്ലാം ത്യജിച്ച് വിശ്വാസസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുകയുംചെയ്ത അവര്‍ വ്യാജഹദീഥുകളുടെ നിര്‍മിതിക്ക് മുതിരുമെന്ന് സങ്കല്‍പിക്കുന്നതുതന്നെ അസംബന്ധമാകും. ‘എന്നെ സംബന്ധിച്ച് കള്ളംപ്രചരിപ്പിക്കുന്നവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ’, ‘എന്നെ സംബന്ധിച്ചുപറയുന്ന കള്ളം മറ്റാരെയും കുറിച്ച് പ്രചരിപ്പിക്കുന്ന കള്ളംപോലെയല്ല. മനഃപൂര്‍വം അങ്ങനെ ചെയ്യുന്നവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം തീര്‍ച്ചപ്പെടുത്തിക്കൊള്ളട്ടെ’ എന്നീ രണ്ട് ഹദീഥുകള്‍ അറിയാത്തവരോ അവയുടെ ആശയമുള്‍ക്കൊള്ളാത്തവരോ ആയി ഒരു സ്വഹാബി പോലുമുണ്ടായിരുന്നില്ലെന്നിരിക്കെ വിശേഷിച്ചും. കള്ളപ്രവാചകന്‍മാരായി ചില വ്യക്തികളും വിശ്വാസപരിത്യാഗികളായും സകാത്തുനിഷേധികളായും ചില ഗോത്രങ്ങളും രംഗത്തുവന്ന വേളയില്‍പോലും വ്യാജഹദീഥുകള്‍ കൊണ്ട് തങ്ങളുടെ നിലപാടിനെ ന്യായമത്കരിക്കാന്‍ അവര്‍ ശ്രമിച്ചതായി കാണുന്നില്ലെന്ന വസ്തുത, വ്യാജഹദീഥ് എന്നൊരാശയംതന്നെ അന്ന് നിലവിലില്ലായിരുന്നുവെന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കളവ് പറയുന്നത് അതീവ ഗുരുതരമായ തെറ്റായി മനസ്സിലാക്കിയിരുന്ന സ്വഹാബിവര്യന്‍മാരുടെ സത്യസന്ധതയെ സംബന്ധിച്ച് ഇമാം ബൈഹഖി റിപോര്‍ട്ട് ചെയ്യുന്നത് കാണുക:
‘ബര്‍റാഉബ്‌നു ആസ്വിബ് പറയുന്നു. നബിയുടെ സംസാരങ്ങള്‍ നേരിട്ട് ശ്രവിക്കാനുള്ള അവസരം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിക്കാറുണ്ടായിരുന്നില്ല. കൃഷിയും മറ്റു ഏര്‍പാടുകളുമൊക്കെ ഉള്ളവരായിരുന്നല്ലോ ഞങ്ങള്‍. എന്നുവെച്ച് പ്രവാചകന്‍ പറഞ്ഞുവെന്ന പേരില്‍ ഒരു കാര്യവും ഞങ്ങള്‍ വ്യാജമായി പ്രചരിപ്പിച്ചിരുന്നില്ല.
ഖതാദ പറയുന്നു: ഒരിക്കല്‍ അനസില്‍നിന്ന് ഒരു ഹദീഥ് കേട്ടപ്പോള്‍ ശ്രോതാവ് ചോദിച്ചു: നിങ്ങള്‍ ഇത് പ്രവാചകനില്‍നിന്ന് കേട്ടിട്ടുണ്ടോ? അപ്പോള്‍ അതെയെന്നോ കള്ളം പറയാറില്ലാത്ത വ്യക്തിയില്‍നിന്നാണ് താനിത് കേട്ടതെന്നോ മറ്റോ അനസ് മറുപടി പറഞ്ഞു. ഖതാദഃ തുടരുന്നു: അല്ലാഹുവാണ, ഞങ്ങള്‍ ഒട്ടും കളവ് പറയാറുണ്ടായിരുന്നില്ല. കള്ളമെന്താണെന്ന് പോലും ഞങ്ങള്‍ക്കറിയുമായിരുന്നില്ല.’
ഹിജ്‌റ നാല്‍പതാംവര്‍ഷം വരെ വ്യാജഹദീഥുകള്‍ പ്രചരിപ്പിക്കുന്ന പ്രവണത ഉണ്ടായിരുന്നില്ലെന്നാണ് പണ്ഡിതന്‍മാരുടെ പൊതുനിഗമനം. എന്നാല്‍ ഖലീഫ ഉസ്മാന്‍(റ)ന്റെ ഭരണത്തിന്റെ അവസാനകാലമായപ്പോഴേക്കുതന്നെ വ്യാജഹദീഥുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ചില പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിംസമൂഹത്തില്‍ പലതരത്തിലുള്ള ഭിന്നതകളും പക്ഷപാതിത്വങ്ങളും ഉടലെടുക്കാന്‍ തുടങ്ങിയതോടെയാണ് വ്യാജഹദീഥുകളും പ്രചരിക്കാന്‍ തുടങ്ങിയതെന്ന കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരാണ്. അങ്ങനെ വരുമ്പോള്‍ , ഹിജ്‌റ നാല്‍പതാമാണ്ടിനുമുമ്പുതന്നെ ഈ പ്രവണത കാണപ്പെട്ടിരുന്നുവെന്ന നിഗമനമാണ് കൂടുതല്‍ സൂക്ഷ്മം.
മുസ്‌ലിംസമൂഹത്തില്‍ ഭിന്നതയും അന്ധമായ പക്ഷപാതിത്വങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏത് കുടിലമാര്‍ഗവും അവലംബിക്കാന്‍ ധൃഷ്ടനായിരുന്ന അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതനാണ് വ്യാജഹദീഥുകളുടെ ആദ്യപ്രചാരകന്‍ എന്ന് കരുതപ്പെടുന്നു. അതേസമയം, ഒരു കക്ഷിയെന്ന നിലക്ക് വ്യാജഹദീഥുകള്‍ ഇദംപ്രഥമമായി പ്രചരിപ്പിച്ചത്, അന്ധമായി അലി(റ)യുടെ പക്ഷംപിടിച്ച ശീഈകളാണ്. വ്യക്തികളില്‍ ഇല്ലാത്ത മാഹാത്മ്യം ആരോപിക്കുന്നതിനായിരുന്നു അവര്‍ വ്യാജഹദീഥുകളെ കൂട്ടുപിടിച്ചത്. നഹ്ജുല്‍ബലാഗഃയ്ക്ക് വിശദീകരണമെഴുതവെ ഇബ്‌നു അബില്‍ഹദീദ് എഴുതുന്നു: വ്യക്തിമാഹാത്മ്യം വിശദമാക്കുന്ന ഹദീഥുകളില്‍ ആദ്യമായി കള്ളങ്ങള്‍ നിവേശിപ്പിച്ചത് ശീഈകളാണ്. അവരെ എതിരിടാനായി ഭോഷന്‍മാരായ ചില സുന്നികളും വ്യാജഹദീഥുകള്‍ നിര്‍മിച്ചു. ശീഈകളുടെ സങ്കേതമായിരുന്ന ഇറാഖിലാണ് ആദ്യമായി വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെട്ടത്. ഇമാംസുഹ്‌രി ഇങ്ങനെ പറയാറുണ്ടായിരുന്നു: ഞങ്ങളുടെ അടുക്കല്‍നിന്ന് പുറപ്പെടുമ്പോള്‍ ഒരു ചാണ്‍നീളമുള്ള ഹദീഥ് ഇറാഖിലെത്തി തിരിച്ചുവരുമ്പോള്‍ ഒരു മുഴം നീളമെങ്കിലുമുണ്ടായിരിക്കും. ഇമാം മാലിക് ഇറാഖിനെ വ്യാജഹദീഥുകളുടെ അച്ചുകൂടം എന്ന് വിളിക്കാറുണ്ടായിരുന്നുവത്രേ.
കെ.ജാബിര്‍
Add Comment