ഹദീഥുകള്‍

കാഥികരും പക്ഷപാതികളും തട്ടിക്കൂട്ടിയ വ്യാജങ്ങള്‍

ഭാഷ, ഗോത്രം, വര്‍ഗം,ദേശം, ഇമാം എന്നിവയുടെ പക്ഷംപിടിച്ച വിവിധവിഭാഗങ്ങളും വ്യാജഹദീഥുകള്‍ എഴുന്നള്ളിച്ച് തങ്ങളുടെ നിലപാടുകള്‍ ന്യായമത്കരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഇസ്‌ലാമിന്റെ ബാലപാഠമറിയുന്നവര്‍ക്ക് പോലും പ്രഥമദര്‍ശനത്തില്‍ തന്നെ വ്യാജമാണെന്ന് തിരിച്ചറിയുമാറ് ബാലിശമായിരുന്നു. ഈ ഹദീഥുകളുടെ സന്ദേശങ്ങള്‍ അത്തരത്തിലുള്ള ചില വ്യാജഹദീഥുകള്‍:

  1. അല്ലാഹു കോപിഷ്ഠനായ വേളയില്‍ അറബി ഭാഷയിലും സംതൃപ്തനായ വേളയില്‍ ഫാര്‍സി ഭാഷയിലും വഹ്‌യുകള്‍ അവതരിപ്പിക്കുന്നു.
    അറബിഭാഷയുടെ പക്ഷം ചേര്‍ന്നവര്‍ ഈ ഹദീഥിനെ മറ്റൊരു വ്യാജഹദീഥുകൊണ്ട് നേരിട്ടു.
    അല്ലാഹു കോപിഷ്ഠനായ വേളയില്‍ ഫാര്‍സി ഭാഷയിലും സംതൃപ്തനായ വേളിയല്‍ അറബി ഭാഷയിലും വഹ്‌യുകള്‍ അവതരിപ്പിക്കുന്നു.
  2. ഇമാം അബൂഹനീഫയുടെ പക്ഷം പിടിച്ചവരുടെ ഹദീഥ്:എന്റെ സമുദായത്തില്‍ അബൂ ഹനീഫതിന്നുഅ്മാന്‍ എന്നൊരാള്‍ പിറക്കും . അദ്ദേഹം എന്റെ സമുദായത്തിന്റെ വിളക്കായിരിക്കും.
  3. ഇമാം ശാഫിഈയുടെ വൈരികളുടെ ഒരു ഹദീഥ്: എന്റെ സമുദായത്തില്‍ മുഹമ്മദുബ്‌നു ഇദ് രീസ് എന്ന പേരിലൊരാളുണ്ടാകും. അയാള്‍ എന്റെ സമുദായത്തിന് ഇബ്‌ലീസിനേക്കാള്‍ അപകടകാരിയായിരിക്കും.
  4. സ്വര്‍ഗത്തിലെ നാലു നഗരങ്ങള്‍ ഈ ലോകത്തുണ്ട്. മക്ക, മദീന, ബയ്തുല്‍ മഖ്ദിസ്, ദമസ്‌കസ്

കാഥികരും സാരോപദേശ കഥകളും

ദൈവഭയമില്ലാത്ത കാഥികരാണ് ജനങ്ങളെ ഉപദേശിക്കുന്ന ജോലി പലപ്പോഴും ഏറ്റെടുത്തിരുന്നത്. കല്‍പിത കഥകളില്‍ അഭിരമിക്കുന്ന കാഥികര്‍ക്ക് മടിശ്ശീല നിറയെ സമ്മാനങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങളും മുതലാളിമാരും മത്സരിക്കാന്‍ തുടങ്ങിയതോടെ, കഥകള്‍ കെട്ടിയുണ്ടാക്കി അവ നബിയുടെ പേരില്‍ ചാര്‍ത്തുന്നതില്‍ കാഥികര്‍ ഒട്ടും അമാന്തം കാണിക്കാതെയായി. സദുദ്ദേശ്യത്തോടെയാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന അവരുടെ സമാശ്വാസം വ്യാജഹദീഥുകളുടെ പ്രചാരത്തിന് ആക്കം വര്‍ധിപ്പിച്ചു. അത്തരത്തിലുള്ള ഒരു കല്‍പിത ഹദീഥ് നോക്കൂ: ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്നുപറഞ്ഞാല്‍ അല്ലാഹു അതിലെ ഓരോ പദത്തില്‍നിന്നും ഓരോ പക്ഷിയെ സൃഷ്ടിക്കും. അവയുടെ കൊക്ക് കാഞ്ചനത്തിലും തൂവല്‍ പവിഴത്തിലും തീര്‍ത്തതായിരിക്കും.

ഒരിക്കല്‍ ഇമാം അഹ്മദ് ബ്‌നു ഹന്‍ബലും യഹ്‌യബ്‌നു മുഈനും റുസ്വാഫഃയിലെ ഒരു മസ്ജിദില്‍ നമസ്‌കാരം കഴിഞ്ഞിരിക്കവെ, ഒരു കാഥികന്‍ പ്രസംഗിക്കാനായി എഴുന്നേറ്റു. എന്നിട്ടിങ്ങനെ പറഞ്ഞു : അഹ്മദ്ബ്‌നു ഹന്‍ബലും യഹ്‌യ ബ്‌നു മുഈനും എന്നോടുപറഞ്ഞു: അനസില്‍ നിന്ന് ഖതാദയും ഖതാദയില്‍നിന്ന് അബ്ദുര്‍റസ്സാഖും നിവേദനംചെയ്തിരിക്കുന്നു. ആരെങ്കിലും ലാഇലാഹ ഇല്ലല്ലാഹ് എന്നുപറഞ്ഞാല്‍…… എന്ന തുടങ്ങുന്ന മേല്‍പറഞ്ഞ വ്യാജഹദീഥ് ഉദ്ധരിച്ചു. അങ്ങനെ സംസാരം ദീര്‍ഘിച്ചു. ഇമാം അഹ്മദ് , യഹ്‌യയെ നോക്കാന്‍ തുടങ്ങി, യഹ്‌യ അഹ്മദിനെയും . അവര്‍ പരസ്പരം ചോദിച്ചു: താങ്കള്‍ ഇങ്ങനെയൊരു ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടോ? താനിത് ഈ നിമിഷമാണ് ആദ്യമായി കേള്‍ക്കുന്നത് എന്നായിരുന്നു രണ്ടുപേരുടെയും മറുപടി. അങ്ങനെ പ്രസംഗം തീര്‍ന്നപ്പോള്‍ അയാളോട് വരാന്‍ യഹ്‌യ ആംഗ്യം കാണിച്ചു. എന്തോ സംഭാവന നല്‍കാനായിരിക്കുമെന്ന് കരുതി അയാള്‍ ധൃതിയില്‍ യഹ്‌യയെ സമീപിച്ചു. യഹ്‌യ ചോദിച്ചു. നിന്നോടാരാണ് ഈ ഹദീഥ് പറഞ്ഞത്.? അയാള്‍ അഹ് മദ്ബ്‌നു ഹന്‍ബലും യഹ്‌യബ്‌നു മുഈനും. അപ്പോള്‍ യഹ്‌യ പറഞ്ഞു: ഞാനാണ് യഹ്‌യബ്‌നു മുഈന്‍, ഇത് അഹ്മദ് ബ്‌നു ഹന്‍ബലും. തിരുദൂതരുടെ ഹദീഥുകളില്‍ ഇങ്ങനെയൊന്ന് ഞാനിതുവരെ കണ്ടിട്ടില്ല. ഇങ്ങനെയൊരു ഹദീഥ് ഉണ്ടെങ്കില്‍ തന്നെ അത് മറ്റാരെങ്കിലും നിവേദനം ചെയ്തതായിരിക്കും. അപ്പോള്‍ കാഥികന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. യഹ്‌യ ബ്‌നു മുഈന്‍ വിഡ്ഢിയാണെന്ന് ഞാന്‍ കേട്ടിരുന്നു. അത് ശരിയാണെന്ന് ഇപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു. യഹ്‌യ : അതെങ്ങനെ? കാഥികന്‍: ലോകത്ത് നിങ്ങളല്ലാത്ത യഹ്‌യ ബ്‌നു മുഈനും അഹ്മദ്ബ്‌നു ഹന്‍ബലും ഉണ്ടാവില്ലേ? ഞാന്‍ തന്നെ പതിനേഴ് യഹ്‌യ ബ്‌നു മുഈനിനെയും അഹ്മദ്ബ്‌നു ഹന്‍ബലിനെയും കുറിച്ച് എഴുതിയിട്ടുണ്ട്.

കെ.ജാബിര്‍

Topics