ഇസ്‌ലാം-Q&A

വിധിവിശ്വാസം ഭൗതികവാദത്തിലും ഇസ് ലാമിലും

“ദൈവം സര്‍വശക്തനും സര്‍വജ്ഞനുമാണല്ലോ. എങ്കില്‍ ലോകത്തിലെ മനുഷ്യരെല്ലാം എവ്വിധമായിരിക്കുമെന്നും എങ്ങനെയാണ് ജീവിക്കുകയെന്നും ദൈവത്തിന് മുന്‍കൂട്ടി അറിയില്ലേ? ദിവ്യജ്ഞാനത്തിന് തെറ്റുപറ്റാനിടയില്ലാത്തതിനാല്‍ എല്ലാം മുന്‍കൂട്ടി ദൈവം തീരുമാനിച്ചു വച്ചിട്ടുണ്ടെന്നും അതിലൊട്ടും മാറ്റം വരുത്താനാര്‍ക്കും സാധ്യമല്ലെന്നുമല്ലേ ഇതിനര്‍ഥം? ദൈവവിധിക്കനുസൃതമായി ചരിക്കുന്ന മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനല്ലേ? പിന്നെ, നിര്‍ബന്ധിതമായി ചെയ്യുന്ന കര്‍മങ്ങളുടെ പേരില്‍ അവനെ ശിക്ഷിക്കുന്നത് നീതിയാണോ?” മതവിശ്വാസികളും നിഷേധികളും ഈ വിഷയകമായി നിരന്തരം സംശയങ്ങളുന്നയിക്കുക പതിവാണ്. അതിനാല്‍ ഈ വിഷയം അല്‍പം വിശദമായി തന്നെ പരാമര്‍ശിക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ദൈവവിധിയെയും മനുഷ്യസ്വാതന്ത്യ്രത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം വിശദീകരിക്കുന്നതിനു മുമ്പ് മനുഷ്യാവസ്ഥയെ സംബന്ധിച്ച ഭൌതിക സങ്കല്‍പം പരിശോധിക്കുന്നത് നന്നായിരിക്കും.

1. ഭൌതികവാദികള്‍ അപ്രമാദിത്വം കല്‍പിച്ച ജനിതകശാസ്ത്രമനുസരിച്ച് മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്. അവന്റെ വികാര വിചാരങ്ങളും തീരുമാനങ്ങളും കര്‍മങ്ങളുമെല്ലാം ശരീരഘടനയുടെ സൃഷ്ടിയാണ്. ജൈവവസ്തുക്കള്‍ രൂപംകൊള്ളുന്നത് ജീവകോശങ്ങളില്‍ നിന്നാണ്. അവയ്ക്കുള്ളിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതകകോഡുകളാണ് ജീവികളുടെ സ്വഭാവം നിര്‍ണയിക്കുന്നത്. മനുഷ്യന്റെ സ്ഥിതിയും ഇതുതന്നെ. അതിനാല്‍ കരുണയും ക്രൂരതയും സല്‍സ്വഭാവവും ദുഃസ്വഭാവവും സത്കര്‍മങ്ങളും ദുഷ്കര്‍മങ്ങളുമെല്ലാം ജനിതക കോഡുകള്‍ക്കനുസരിച്ചാണുണ്ടാകുന്നത്. മനുഷ്യന്റെ ശരീരപ്രകൃതം മുതല്‍ വികാര വിചാരങ്ങള്‍ വരെ അവയെ അന്ധമായി അനുധാവനം ചെയ്യുകയാണ്. ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും കര്‍മങ്ങളും ഈ വിധം ജനിതക കോഡുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് അതുസംബന്ധമായ ശാസ്ത്രം അവകാശപ്പെടുന്നു. അവയില്‍നിന്ന് അണുഅളവ് തെറ്റാനോ അവയെ ലംഘിക്കാനോ ആര്‍ക്കും സാധ്യമല്ല. അഥവാ മനുഷ്യന്‍ തീര്‍ത്തും തന്റെ ശരീരഘടനക്ക് വിധേയനാണ്. മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും പദാര്‍ഥപരമായ ഘടനയാണ് അവന്റെ ഭാഗധേയം പരിപൂര്‍ണമായും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. അതില്‍ ആര്‍ക്കും ഇടപെടാനോ ഏതെങ്കിലും വിധത്തില്‍ പങ്കുവഹിക്കാനോ സാധ്യമല്ല. അതിനാല്‍ ആധുനിക ഭൌതിക ജനിതക ശാസ്ത്രമനുസരിച്ച് മനുഷ്യന്‍ പ്രകൃതിവിധിക്ക് വിധേയനാണ്. അതില്‍നിന്ന് പുറത്തുകടക്കാനാകാത്തവിധം പൂര്‍ണമായും അസ്വതന്ത്രനും. നാം ശരി, തെറ്റ്, നന്മ, തിന്മ, ധര്‍മം, അധര്‍മം, വിനയം, അഹങ്കാരം, കനിവ്, ക്രൂരത എന്നൊക്കെ പറയുന്നത് ജീനുകളിലെ ജനിതകകോഡുകളുടെ ഫലമായുണ്ടാകുന്നവയാണ്. ശാരീരികാരോഗ്യം പോലെ തന്നെയാണ് ജീവിത വിശുദ്ധിയും. മ്ളേഛത അനാരോഗ്യം പോലെയും. അതിനാല്‍ മഹല്‍കൃത്യങ്ങളുടെ പേരില്‍ ആളുകളെ വാഴ്ത്തുന്നത് ശാരീരികാരോഗ്യത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നതുപോലെ അര്‍ഥശൂന്യമത്രെ. ഹീനകൃത്യങ്ങളുടെ പേരില്‍ ഇകഴ്ത്തുന്നത് അനാരോഗ്യത്തിന്റെ പേരില്‍ അപലപിക്കുന്നതുപോലെയും.

2. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന ശക്തമായ ഒരാശയമാണ് ‘പാരമ്പര്യനിയമം’. അതനുസരിച്ച് മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതിയുമെല്ലാം യുഗാന്തരങ്ങളിലൂടെ തലമുറ തലമുറകളായി തുടര്‍ന്നു വരുന്നവയാണ്. പൈതൃകത്തിന്റെ പിടിയില്‍നിന്ന് കുതറിമാറാനാര്‍ക്കും സാധ്യമല്ല. മനുഷ്യന്‍ ചെയ്യുന്ന നന്മയുടെയും തിന്മയുടെയും ബീജങ്ങള്‍ തന്റെ പൂര്‍വപരമ്പരയിലെ ഏതോ പ്രപിതാവിനാല്‍ നിക്ഷേപിക്കപ്പെട്ടതായിരിക്കും. അയാളിലതുണ്ടായത് മുന്‍ഗാമികളിലെ മുതുമുത്തച്ഛന്‍ നിക്ഷേപിച്ചതിന്റെ ഫലവും. അതിനാല്‍ അണ്ടിയില്‍ നിന്ന് മാവുണ്ടാവുന്നതുപോലെ അനിവാര്യമായും പാരമ്പര്യത്തില്‍ നിന്നവ പിറവിയെടുക്കും. അതുകൊണ്ടുതന്നെ ആര്‍ക്കും തങ്ങളുടെ സ്വഭാവരീതികളും പെരുമാറ്റ സമ്പ്രദായങ്ങളും കര്‍മപരിപാടികളും തീരുമാനിക്കുന്നതിലൊരു പങ്കുമില്ല. എല്ലാം അലംഘനീയമായ പൈതൃകത്തിനും പാരമ്പര്യത്തിനും വിധേയമാണ്. മനുഷ്യന്‍ കാലത്തിന്റെ കൈകളിലെ കളിപ്പാവ മാത്രം.

3. കാറല്‍മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സുമുള്‍പ്പെടെയുള്ള ഭൌതിക ദാര്‍ശനികരുടെ വീക്ഷണത്തില്‍, മനുഷ്യന്‍ സാമൂഹികാവസ്ഥകളുടെയും സാമ്പത്തിക ഘടനയുടെയും സാംസ്കാരിക സാഹചര്യത്തിന്റെയും സൃഷ്ടിയാണ്. കേവല ഭൌതിക തലത്തില്‍നിന്ന് ചരിത്രത്തെ വ്യാഖ്യാനിച്ചവര്‍ ഈ വീക്ഷണം സമര്‍ഥിക്കാനായി സമാനമായ സാഹചര്യത്തില്‍ സമൂഹത്തില്‍ കാണപ്പെട്ട വിദൂര സാദൃശ്യങ്ങളെ പോലും തേടിപ്പിടിക്കുകയുണ്ടായി. മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും വികാര വിചാരങ്ങളും കര്‍മ സമ്പ്രദായങ്ങളും ജീവിത സമീപനങ്ങളുമെല്ലാം ബാഹ്യമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്ന് അവരവകാശപ്പെടുന്നു. ജനങ്ങളിലെ നന്മതിന്മകള്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനതയാല്‍ സംഭവിക്കുന്നതാണെന്ന വീക്ഷണമംഗീകരിച്ച ഈ വിഭാഗം ശരിയും തെറ്റും ധര്‍മവും അധര്‍മവും ന്യായവും അന്യായവുമൊക്കെ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നു. ഇവിടെയും വ്യക്തി തീര്‍ത്തും അസ്വതന്ത്രനാണ്; സാഹചര്യങ്ങളുടെ വിധിക്ക് പൂര്‍ണവിധേയനും. മതനിരാസത്തിന്റെ മുഖമുദ്രയണിഞ്ഞ ഭൌതിക വാദം അനിഷേധ്യമായി കരുതുന്ന ഉപര്യുക്ത വീക്ഷണങ്ങളെല്ലാം മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണെന്ന് വിളംബരം ചെയ്യുന്നു. സ്വന്തവും സ്വതന്ത്രവുമായ ഇഛയോ തീരുമാനശേഷിയോ ആര്‍ക്കുമില്ല. പ്രകൃതിനിയമങ്ങളാല്‍ ബന്ധിതനാണവന്‍. അലംഘനീയമായ വിധിയുടെ ഇര. ഇവാന്‍ പാവ്ലോവ് എഴുതുന്നു: “പ്രകൃതിയിലുള്ള മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മനുഷ്യന്‍ ഒരു വ്യവസ്ഥയാണ്. പ്രകൃതിയുടെ അലംഘനീയവും സാമാന്യവുമായ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കീഴ്പെട്ടിരിക്കുന്നു” (( Psychologic Experimental, ഉദ്ധരണം: അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്- ‘ഇസ്ലാം രാജമാര്‍ഗം’, പുറം 39). ഫ്രെഡറിക് ഏംഗല്‍സ് പറയുന്നു: “മനുഷ്യന്‍ അവന്റെ പരിതോവസ്ഥയുടെയും ജോലിയുടെയും ഉല്‍പന്നമാണ്”(ഉദ്ധരണം Ibid,, പുറം 39). മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങളെ സംബന്ധിച്ചേടത്തോളം ഇതെല്ലാം ശരിയാണ്. എന്നാല്‍ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ പ്രകൃതിനിയമങ്ങളാല്‍ ബന്ധിതനോ അല്ല.

1. പക്ഷികളും മൃഗങ്ങളും ഇഴജീവികളും ജലജീവികളുമെല്ലാം അവയുടെ ജന്മവാസനകള്‍ക്കനുസൃതമായാണ് നിലകൊള്ളുന്നത്. അവയെ ലംഘിക്കാനോ മറികടക്കാനോ അവയ്ക്ക് സാധ്യമല്ല. ജന്മവാസനകളുടെ കാര്യത്തില്‍ മനുഷ്യനേക്കാള്‍ മികച്ചുനില്‍ക്കുന്ന നിരവധി ജീവജാലങ്ങളുണ്ട്. ആ ജന്മവാസനകളാണ് അവയുടെ നിലനില്‍പും സുരക്ഷയും ഉറപ്പുവരുത്തുന്നത്. എന്നാല്‍ ജന്മവാസനകള്‍ നിയന്ത്രിക്കാനവയ്ക്കാവില്ല. വിശന്നുവലഞ്ഞ പശുവിന് പുല്ല് കിട്ടിയാല്‍ തിന്നാതിരിക്കാന്‍ സാധ്യമല്ല. ദാഹിച്ചു വിവശയായ പട്ടിക്ക് വെള്ളം കിട്ടിയാല്‍ കുടിക്കാതിരിക്കാന്‍ കഴിയില്ല. കൊത്താന്‍ വരുന്ന കോഴിയുടെ മുമ്പിലകപ്പെട്ട പൂവന്‍ കോഴി ക്ഷമിക്കുകയോ മാപ്പു പറയുകയോ ചെയ്യാറില്ല. തേനീച്ചക്ക് നിര്‍ണിതമായ രൂപത്തിലല്ലാതെ അതിന്റെ കൂട് നിര്‍മിക്കാനാവില്ല. ദേശാടനപക്ഷികള്‍ക്ക് വിദൂരദേശങ്ങളെ പ്രാപിക്കാതിരിക്കാന്‍ സാധ്യമല്ല. എന്നാല്‍ മനുഷ്യന്റെ സ്ഥിതി മറിച്ചാണ്. കഠിനമായ ദാഹമുള്ളപ്പോള്‍ വെള്ളം കിട്ടിയാല്‍ കുടിക്കാന്‍ കൊതിയുണ്ടെങ്കിലും കുടിക്കാതിരിക്കാനവന് കഴിയും. അതിശക്തമായ വിശപ്പുള്ളപ്പോള്‍ ആഹാരം കിട്ടിയാല്‍ അത് കഴിക്കാനാഗ്രഹമുണ്ടെങ്കിലും തിന്നാതിരിക്കാനവന് സാധിക്കും. ‘എടാ’ എന്നു വിളിക്കുന്നവനോട് ‘പോടാ’ എന്നു പറയാന്‍ പൂതിയുണ്ടെങ്കിലും പ്രതിയോഗിയെ പേടിച്ചോ ആര്‍ജിതമായ സംസ്കാരം കൊണ്ടോ അങ്ങനെ പറയാതിരിക്കാനവന് ഒട്ടും പ്രയാസമില്ല. സ്വന്തം ജീവിതരീതി നിര്‍ണയിക്കാനും തീരുമാനിക്കാനുമവന് സാധിക്കും. മഹിതമായ ആദര്‍ശങ്ങള്‍ക്കായി ആത്മാര്‍പ്പണം നടത്തുന്ന വിപ്ളവകാരി തികഞ്ഞ ഇഛാശക്തി കൊണ്ടാണത് ചെയ്യുന്നത്. മോഹങ്ങളെ മെരുക്കിയെടുക്കാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും ഇഛകളുടെ മേല്‍ മേധാവിത്വം പുലര്‍ത്താനും സാധിക്കുന്ന മനുഷ്യന്‍ ജ•വാസനകളുടെ അടിമയല്ല; അവയുടെ യജമാനനാണ്. ശരീരഘടനയുടെയോ പാരമ്പര്യത്തിന്റെയോ സാഹചര്യത്തിന്റെയോ സൃഷ്ടിയുമല്ല. മറിച്ച്, സ്വന്തം ഭാഗധേയം തീരുമാനിക്കാന്‍ സാധിക്കുന്ന സ്വതന്ത്രമായ അസ്തിത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും ഉടമയാണ്.

2. നിര്‍ബന്ധിതമായി ചെയ്യുന്ന കര്‍മങ്ങളുടെ പേരില്‍ ആരും വാഴ്ത്തപ്പെടുകയോ ഇകഴ്ത്തപ്പെടുകയോ ഇല്ല. സമ്മാനാര്‍ഹനോ ശിക്ഷാര്‍ഹനോ ആവുകയില്ല. യജമാനന്റെ നിര്‍ബന്ധത്തിനു വഴങ്ങി മോഷണം നടത്തുന്ന അടിമയോ വഴിയാത്രക്കാരെ കല്ലെറിയുന്ന മനോരോഗിയോ കുറ്റക്കാരനായി ഗണിക്കപ്പെടുകയില്ല. എന്നാല്‍ മറ്റാരെങ്കിലുമത് ചെയ്താല്‍ പാപം ചുമത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ഭൂമിയില്‍ പ്രശംസയും ആക്ഷേപവും ശിക്ഷയും രക്ഷയുമൊക്കെ നല്‍കപ്പെടുന്നുവെന്നത് തന്നെ മനുഷ്യന്‍ നിര്‍ബന്ധിതാവസ്ഥയാല്‍ ബന്ധിതനല്ലെന്നതിനും ഒട്ടൊക്കെ സ്വതന്ത്രനാണെന്നതിനും മതിയായ തെളിവാണ്. അവന്‍ തീര്‍ത്തും അസ്വതന്ത്രനും പ്രകൃതിനിയമങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടവനുമാണെങ്കില്‍ ഹീനകൃത്യങ്ങളുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിലര്‍ഥമില്ല. മഹല്‍കൃത്യങ്ങളുടെ പേരിലുള്ള പ്രശംസയും പ്രതിഫലം നല്‍കലും ആ വിധം തന്നെ.

3. ഭൌതിക വാദികള്‍ വിശ്വസിക്കുന്ന പോലെ മനുഷ്യന്‍ തീര്‍ത്തും പ്രകൃതിയുടെ വിധിക്കു വിധേയനെങ്കില്‍ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും ചിട്ടകള്‍ക്കും ഒട്ടും പ്രസക്തി ഇല്ല. മസ്തിഷ്കത്തിലെയും നാഡീവ്യൂഹത്തിലെയും ജീനുകളിലെ ജനിതക കോഡുകള്‍ക്കും പാരമ്പര്യത്തിനും സാമൂഹികാവസ്ഥക്കുമൊത്തവന്‍ ചരിച്ചുകൊള്ളുമല്ലോ. എന്നാല്‍ നിയമവും വ്യവസ്ഥയും ഭരണഘടനയും നീതിന്യായ സംവിധാനങ്ങളുമില്ലാത്ത സമൂഹങ്ങളോ രാഷ്ട്രങ്ങളോ ഇല്ല. മനുഷ്യന് പരിമിതമായ സ്വാതന്ത്യ്രമെങ്കിലുമുണ്ടെന്നും സ്വന്തം കര്‍മങ്ങള്‍ക്ക് ഓരോരുത്തരും ഉത്തരവാദികളാണെന്നും പ്രയോഗതലത്തില്‍ എല്ലാവരും അംഗീകരിക്കുന്നുണ് ന്നാണിത് വ്യക്തമാക്കുന്നത്. ചുരുക്കത്തില്‍, ഏതു മതവിശ്വാസിയേക്കാളും കടുത്ത വിധിവിശ്വാസികളാണ് ഭൌതിക വാദികള്‍. അതോടൊപ്പം പ്രകൃതി നിയമങ്ങളുടെ പിടിയില്‍ നിന്ന് കുതറിമാറാനാവാതെ തീര്‍ത്തും അസ്വതന്ത്രനായി കഴിയുന്ന യന്ത്രസമാനമായ ജന്തുവാണ് മനുഷ്യനെന്ന അവരുടെ വീക്ഷണം വസ്തുനിഷ്ഠമല്ല. ഇതര ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായ അസ്തിത്വവും വ്യക്തിത്വവും അവന് അംഗീകരിച്ചുകൊടുക്കാത്ത ഏതു ദര്‍ശനവും പ്രത്യയ ശാസ്ത്രവും അബദ്ധപൂര്‍ണമത്രെ. വിധിവിശ്വാസം ഇസ്ലാമിക വീക്ഷണത്തില്‍ നാം ആരായിരിക്കണം? വെളുത്തവരോ, സുന്ദരരോ, വിരൂപരോ, പുരുഷന്മാരോ, സ്ത്രീകളോ, കുറിയവരോ, നീണ്ടവരോ? എവിടെ ജനിക്കണം? ഇന്ത്യയിലോ ഇന്തോനേഷ്യയിലോ? മരുഭൂമിയിലോ മലമ്പ്രദേശത്തോ? പട്ടിണിക്കാരന്റെ കൂരയിലോ പണക്കാരന്റെ കൊട്ടാരത്തിലോ? ഏകാധിപത്യ വ്യവസ്ഥയിലോ ജനാധിപത്യ സംവിധാനത്തിലോ? കാലമേതായിരിക്കണം? പതിനൊന്നാം നൂറ്റാണ്ടിലോ ഇരുപത്തൊന്നാം നൂറ്റാണ്ടിലോ? വര്‍ഗം, വര്‍ണം, ദേശം, ഭാഷ, കാലം, കോലം, കുലം, ലിംഗം പോലുള്ള ഇത്തരം കാര്യങ്ങളൊന്നും തീരുമാനിക്കുന്നത് നാമാരുമല്ല. നമ്മോട് ആലോചിക്കാതെയാണ് എല്ലാം നിശ്ചയിക്കപ്പെട്ടത്. അപ്രകാരം തന്നെയാണ് നമ്മുടെ മരണവും. അതെപ്പോള്‍, എവിടെവച്ച് എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നതും നാമല്ല, എല്ലാം ദൈവനിശ്ചിതം. അവന്റെ വിധിയോ, നിര്‍ണിതം; അലംഘനീയവും. ഇത്തരം കാര്യങ്ങളിലൊക്കെയും നാം ദൈവത്തിന്റെ വിധിനിഷേധങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതരാണ്. നമ്മുടെ ആഗ്രഹാഭിലാഷങ്ങളും ഇഛകളും വെറും നോക്കുകുത്തികള്‍ മാത്രം.

അല്ലാഹു അറിയിക്കുന്നു: “ഗര്‍ഭാശയങ്ങളില്‍ താനുദ്ദേശിക്കുന്നവിധം നിങ്ങളെ രൂപപ്പെടുത്തുന്നത് അല്ലാഹുവാണ്. അജയ്യനും യുക്തിജ്ഞനുമായ അവനല്ലാതെ ദൈവമില്ല”(ഖുര്‍ആന്‍ 3: 6). “അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് രൂപപ്പെടുത്തുകയും ചെയ്തു” (7:11).

“മനുഷ്യാ, ഉദാരനായ നിന്റെ നാഥനെക്കുറിച്ച് നിന്നെ വഞ്ചിതനാക്കിയത് എന്തൊന്നാണ്? ഉദ്ദിഷ്ടരൂപത്തില്‍ നിന്റെ ഘടകങ്ങളവന്‍ കൂട്ടിയിണക്കി. സന്തുലിതമായ ആകാരവടിവ് നല്‍കി നിന്നെ സൃഷ്ടിച്ച നിന്റെ നാഥനാണവന്‍”(82: 6-8).

പുരുഷന്റെ ഏതു ബീജമാണ് സ്ത്രീയുടെ അണ്ഡവുമായി സംയോജിക്കുന്നതെന്ന് തീരുമാനിക്കുന്നത് മനുഷ്യനല്ല, ദൈവമാണ്. സംയോജിക്കുന്ന ബീജത്തിന്റെ മാറ്റത്തിനനുസരിച്ച് മനുഷ്യന്റെ പ്രകൃതത്തിലും രൂപത്തിലും സ്വഭാവത്തിലുമെല്ലാം വ്യത്യാസം സംഭവിക്കുന്നുവെന്നറിയുമ്പോഴാണ് ദൈവനിശ്ചയത്തിന്റെ പ്രാധാന്യം മനസ്സിലാവുക. അല്ലാഹു ചോദിക്കുന്നു: “നിങ്ങള്‍ നിക്ഷേപിക്കുന്ന ബീജത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്; അതോ നാമോ?”(56: 58, 59). ലക്ഷക്കണക്കില്‍ പുരുഷബീജങ്ങളില്‍ അല്ലാഹു തനിക്കിഷ്ടമുള്ള ഒന്നിനെ ഗര്‍ഭാശയത്തിലെ അണ്ഡവുമായി ബന്ധിപ്പിക്കുന്നു. അതിന്റെ സ്വഭാവമനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആയിത്തീരുന്നു. അല്ലാഹു അറിയിക്കുന്നു: “ആകാശങ്ങളുടെ ആധിപത്യം അല്ലാഹുവിന്നാണ്. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. താനുദ്ദേശിക്കുന്ന മറ്റു ചിലര്‍ക്ക് ആണ്‍മക്കളെയും. അല്ലെങ്കില്‍ ആ സന്താനങ്ങളെ ആണും പെണ്ണുമായി ഇടകലര്‍ത്തുന്നു. അപ്രകാരം തന്നെ താനുദ്ദേശിക്കുന്നവനെ അവന്‍ സന്താനരഹിതനാക്കുന്നു. അവന്‍ അഗാധജ്ഞനും സര്‍വജ്ഞനുമത്രെ.”(42: 49,50). “അല്ലാഹു അവനെ ബീജത്തില്‍ നിന്ന് സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തു”(80:19). മനുഷ്യന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ ജീവിതപശ്ചാത്തലത്തിനും കുടുംബപാരമ്പര്യത്തിനും ശാരീരിക പ്രകൃതത്തിനും അനല്‍പമായ പങ്കുണ്ട്. ആ അര്‍ഥത്തില്‍ നമ്മുടെ ഭാഗധേയം നിര്‍ണിതമത്രെ; ദൈവനിശ്ചിതവും. ദൈവഹിതത്തെ മറികടക്കാനാര്‍ക്കുമാവില്ല. അല്ലാഹു പറയുന്നു: “നിങ്ങളെയും നിങ്ങള്‍ ഉണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത് അല്ലാഹുവാകുന്നു”(37: 96). “അല്ലാഹു താനിഛിക്കുന്നവരെ ദുര്‍മാര്‍ഗത്തിലും താനിഛിക്കുന്നവരെ നേര്‍മാര്‍ഗത്തിലുമാക്കുന്നു” (6: 39). “അല്ലാഹു വഴിതെറ്റിച്ചവരെ നേര്‍വഴിയിലാക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ? ആരെ അല്ലാഹു വഴിതെറ്റിച്ചുവോ അവന് നീ ഒരു വഴിയും കണ്ടെത്തുകയില്ല”(4: 88). “നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂതലത്തിലുള്ളവര്‍ മുഴുക്കെ വിശ്വാസികളാകുമായിരുന്നു. എന്നിട്ടും ജനങ്ങളെ വിശ്വാസികളാക്കാന്‍ നീ നിര്‍ബന്ധിക്കുകയാണോ? എന്നാല്‍ ദൈവത്തിന്റെ അനുമതിയില്ലാതെ ആര്‍ക്കും വിശ്വാസിയാവുക സാധ്യമല്ല”(10: 99).

“അവിശ്വസിച്ചവരോ, യഥാര്‍ഥത്തില്‍ നീ അവരെ താക്കീതു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും സമമാണ്. അവരുടെ ഹൃദയങ്ങളും ശ്രവണേന്ദ്രിയങ്ങളും അല്ലാഹു മുദ്രവച്ചിരിക്കുന്നു. അവരുടെ ദൃഷ്ടികളുടെ മേല്‍ ആവരണം വീണിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്”(2: 6-7). “ഭൂമിയിലോ, നിങ്ങള്‍ക്കുതന്നെയോ ഭവിക്കുന്ന ഒരാപത്തുമില്ല, നാമത് സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് അതിലളിതമാകുന്നു”(57: 22). എന്നാല്‍ എല്ലാം ദൈവനിശ്ചയമനുസരിച്ചാണ് സംഭവിക്കുകയെന്ന് പ്രഖ്യാപിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനു നല്‍കപ്പെട്ട സ്വാതന്ത്യ്രത്തെ എടുത്തു കാണിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. ജന്മനാ തന്നെ മനുഷ്യനില്‍ നന്മ-തിന്മാവിവേചനശേഷി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: “അല്ലാഹു ആത്മാവിനെ സന്തുലിതമാക്കി അതിന് ധര്‍മാധര്‍മബോധനം നല്‍കി”(91: 7,8). “നാമവന് കണ്ണിണകളും നാവും രണ്ടു ചുണ്ടുകളും നല്‍കിയില്ലേ? വ്യക്തമായ രണ്ടു വഴികള്‍ കാണിച്ചു കൊടുക്കുകയും ചെയ്തില്ലയോ”? (90: 8-10). അതിനാല്‍ മനുഷ്യര്‍ക്കെല്ലാം നന്മയും തിന്മയും തെറ്റും ശരിയും ധര്‍മവും അധര്‍മവും തെരഞ്ഞെടുത്ത് സന്മാര്‍ഗിയും ദുര്‍മാര്‍ഗിയുമാകാനുള്ള സ്വാതന്ത്യ്രമുണ്ട്. അവ്വിധം സ്വയം തീരുമാനിച്ച് ജീവിക്കുന്നതിനനുസരിച്ചായിരിക്കും മരണാനന്തരമുള്ള രക്ഷാശിക്ഷകള്‍.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ, അത് അവന്റെ തന്നെ ഗുണത്തിനുവേണ്ടിയാണ്. ആര്‍ ദുര്‍മാര്‍ഗമവലംബിക്കുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരും മറ്റാരുടെയും ഭാരം ചുമക്കുകയില്ല”(17:15). “മതത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ആര്‍ ദൈവേതര ശക്തികളെ നിഷേധിച്ച് അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ അവന്‍ ബലിഷ്ഠമായ അവലംബപാശത്തെ മുറുകെ പിടിച്ചിരിക്കുന്നു. അത് ഒരിക്കലും അറ്റുപോകുന്നതല്ല”(2: 256). “പറയുക, ഇത് നിന്റെ നാഥനില്‍നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം. അക്രമികള്‍ക്ക് നാം നരകം സജ്ജമാക്കിവച്ചിട്ടുണ്ട്”(18: 29). “ഒരു ജനതയെയും അവര്‍ സ്വയം മാറ്റുന്നതുവരെ അല്ലാഹു പരിവര്‍ത്തിപ്പിക്കുന്നില്ല.”(13: 11). “ആര്‍ തെറ്റ് ചെയ്യുന്നുവോ അവനതിന്റെ ഫലമനുഭവിക്കും”(4: 123). “ഓരോ വ്യക്തിയും തന്റെ പ്രവര്‍ത്തനത്തിന് കടപ്പെട്ടിരിക്കുന്നു”(52:21). “ഇന്ന് നിങ്ങള്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലം നല്‍കപ്പെടും”(45: 28). “നിങ്ങള്‍ പ്രവര്‍ത്തിച്ചതല്ലാതെ നിങ്ങള്‍ക്ക് പകരം നല്‍കപ്പെടുമോ?”(27: 90). “നിന്റെ നാഥന്‍ ദാസന്‍മാരോട് ഒരിക്കലും അക്രമം പ്രവര്‍ത്തിക്കുന്നതല്ല” (41: 46). “ജനങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നു” (30: 41). “നിങ്ങള്‍ക്ക് വല്ല വിപത്തും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്”(42: 30). “നിശ്ചയം, അല്ലാഹു മനുഷ്യരോട് ഒട്ടും അക്രമം പ്രവര്‍ത്തിക്കുന്നില്ല. പ്രത്യുത, മനുഷ്യര്‍ സ്വയം തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണ്”(10: 44).

“വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍ അവന്‍ തനിക്കുവേണ്ടി തന്നെയാണ് സന്മാര്‍ഗം സ്വീകരിക്കുന്നത്” (10:108). “ഒരു നാടിനെയും അതിലെ നിവാസികള്‍ അക്രമികളായെങ്കിലല്ലാതെ നാം നശിപ്പിക്കുന്നില്ല”(28: 59). “ആര്‍ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നുവോ അവര്‍ക്കു നാം നമ്മുടെ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കും” (29: 69). “എന്റെ ഉദ്ബോധനത്തില്‍നിന്ന് മുഖം തിരിക്കുന്നതാരാണോ അവന് ഈ ലോകത്ത് കുടുസ്സായ ജീവിതമാണുള്ളത്. പുനരുത്ഥാന നാളിലോ, അവനെ നാം അന്ധനായി എഴുന്നേല്‍പിക്കും. അപ്പോള്‍ അവന്‍ പറയും: നാഥാ, നീ എന്നെ അന്ധനായി എഴുന്നേല്‍പിച്ചതെന്ത്? ഭൂമിയില്‍ ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ. അല്ലാഹു അരുള്‍ ചെയ്യും: ശരിയാണ്, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിന്റെയടുക്കല്‍ വന്നപ്പോള്‍ നീ അവയെ മറന്നല്ലോ. അതേവിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാകുന്നു. ഇപ്രകാരമത്രെ തങ്ങളുടെ നാഥന്റെ സൂക്തങ്ങളംഗീകരിക്കാതെ അതിരുകവിഞ്ഞവര്‍ക്ക് നാം ഈ ലോകത്ത് പ്രതിഫലം  നല്‍കുന്നത്. പരലോക ശിക്ഷയോ അതികഠിനവും ഏറെ ദീര്‍ഘവുമത്രെ”(20: 124-127). “ഭാരം ചുമക്കുന്ന ആരും മറ്റൊരുവന്റെ ഭാരം പേറുകയില്ല. മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ യാതൊന്നുമില്ല. താന്‍ പ്രയത്നിച്ചത് താമസിയാതെ അവന് കാണിക്കപ്പെടുന്നതാണ്. അനന്തരം അവന് തികവോടെ പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും”(53: 38-41). “ആര്‍ അണുമണിത്തൂക്കം നന്മ ചെയ്തുവോ അവനത് കണ്ടെത്തുക തന്നെ ചെയ്യും. ആര്‍ അണുമണിത്തൂക്കം തിന്മ ചെയ്തോ അവനുമത് കണ്ടെത്തും”(99: 7,8).

ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ കേവലം വിധിയുടെ കൈയിലെ പാവയോ ഉപകരണമോ അല്ലെന്ന് ഇവിടെ ഉദ്ധരിച്ചവയും അതുപോലുള്ളവയുമായ നിരവധി വിശുദ്ധ വാക്യങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. തന്റെ ജീവിത മാര്‍ഗം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും ഓരോരുത്തര്‍ക്കും അനുവാദവും സ്വാതന്ത്യ്രവും നല്‍കപ്പെട്ടിട്ടുണ്ട്. അതിനാല്‍ മനുഷ്യജീവിതത്തിന് രണ്ടു വശമുണ്ട്. നാട്, തറവാട്, ദേശം, ഭാഷ, കാലം, കോലം, ലിംഗം, ജനനം, മരണം പോലുള്ളവയെല്ലാം അവന്റെ നിയന്ത്രണത്തിലോ പരിധിയിലോ അല്ല. ഇതാണ് ഒരുവശം. മറുവശത്ത് താന്‍ എന്ത് കുടിക്കണം, കുടിക്കരുത്, തിന്നണം, തിന്നരുത്, എന്ത് കാണണം, കാണരുത്, കേള്‍ക്കണം, കേള്‍ക്കരുത്, എന്ത് പറയണം, പറയരുത്, എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എങ്ങനെ ജീവിക്കണം, ജീവിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനും അതനുസരിച്ച് ചരിക്കാനും മനുഷ്യന് ബാധ്യതയും സ്വാതന്ത്യ്രവുമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്യ്രം അപരിമിതമോ തീര്‍ത്തും അനിയന്ത്രിതമോ അല്ല. അതിനുപയോഗിക്കുന്ന കണ്ണും കാതും നാക്കും മൂക്കും കൈയും കാലും ശരീരവും ജീവനും പൂര്‍ണമായും മനുഷ്യനിയന്ത്രണത്തിലല്ലല്ലോ. അവയൊക്കെയും ദൈവാധീനത്തിലും നിയന്ത്രണത്തിലുമാണ്. അതോടൊപ്പം അവ ഇഷ്ടാനുസൃതം ഉപയോഗിക്കാനുള്ള സാധ്യതയും സ്വാതന്ത്യ്രവും മനുഷ്യന് ദൈവം തന്നെ നല്‍കിയിട്ടുണ്ട്. ഇവ്വിധം ലഭ്യമായ സ്വാതന്ത്യ്രത്തിന്റെ തോതനുസരിച്ചാണ് മനുഷ്യന്റെ മേല്‍ ബാധ്യത ചുമത്തപ്പെട്ടിട്ടുള്ളത്. അഥവാ ഓരോ മനുഷ്യനും തനിക്ക് സ്വാതന്ത്യ്രം ലഭിച്ച മേഖലയെ എവ്വിധം ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചായിരിക്കും ജീവിത വിജയവും പരാജയവും രക്ഷയും ശിക്ഷയുമുണ്ടാകുക. ഈ സ്വാതന്ത്യ്ര കിട്ടിയ വശങ്ങളില്‍ സ്വയം സ്വീകരിക്കാനും നടപ്പാക്കാനുമുള്ള ജീവിത പദ്ധതിയാണ് ദൈവം പ്രവാചകന്മാരിലൂടെ നല്‍കിയത്. ഉള്ള സാധ്യതയും സ്വാതന്ത്യ്രവും ഉപയോഗിച്ച് അതനുസരിച്ച് ജീവിക്കുന്നവര്‍ വിജയികളായി സ്വര്‍ഗാവകാശികളായിത്തീരും. അതിനെ ധിക്കരിച്ചും നിഷേധിച്ചും താന്തോന്നികളായി ജീവിക്കുന്നവര്‍ പരാജിതരായി നരകശിക്ഷക്ക് അര്‍ഹരാവുകയും ചെയ്യും. സന്മാര്‍ഗം സ്വീകരിച്ച് നല്ലവരായി ജീവിക്കാന്‍ തീരുമാനിച്ച് അതിനായി ശ്രമിക്കുന്ന ആരെയും അല്ലാഹു നിര്‍ബന്ധിച്ച് ദുര്‍മാര്‍ഗികളാക്കുകയില്ല. മറിച്ചും അവ്വിധം തന്നെ.

മനുഷ്യന് നല്‍കപ്പെട്ട സ്വാതന്ത്യ്രത്തിനും സാധ്യതക്കുമപ്പുറമൊരു കാര്യവും ദൈവം അവനോടാവശ്യപ്പെടുകയോ ആജ്ഞാപിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു അറിയിക്കുന്നു: “അല്ലാഹു ആരോടും അവന്റെ കഴിവിന്നതീതമായത് കല്പിക്കുകയില്ല. ഓരോരുത്തരും പ്രവര്‍ത്തിച്ചതിനനുസരിച്ചുള്ള രക്ഷയും ശിക്ഷയും അവര്‍ക്കുണ്ട്”(2: 286). അതിനാല്‍ ദൈവം ആരോടും അനീതി കാണിക്കുന്നില്ല. “നിന്റെ നാഥന്‍ തന്റെ ദാസന്മാരോട് ഒട്ടും അനീതി കാണിക്കുന്നവനല്ല”(41: 46). മനുഷ്യന്റെ തീരുമാനങ്ങളും കര്‍മങ്ങളും ദൈവത്തിന്റെ അറിവിനും വിധിക്കും വിധേയമല്ലേ? മനുഷ്യസ്വാതന്ത്യ്രത്തെയും ദൈവനിശ്ചയത്തെയും ബന്ധിപ്പിക്കുന്ന കണ്ണി ഏത്? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങളുന്നയിക്കപ്പെടാവുന്നതാണ്. എന്നാല്‍ മനുഷ്യനിവിടെ തന്റെ പരിധിയും പരിമിതിയും നന്നായി മനസ്സിലാക്കുക തന്നെ വേണം. അനന്ത വിസ്തൃതമായ ഈ മഹാപ്രപഞ്ചത്തിലെ ഒരു കൊച്ചു ഗോളമാണ് ഭൂമി. അതിലെ പരകോടി സൃഷ്ടികളിലൊന്നു മാത്രമാണ് മനുഷ്യന്‍. അവനിന്നോളം സ്വന്തത്തെക്കുറിച്ചുപോലും പൂര്‍ണവും കണിശവുമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവന്‍, ബുദ്ധി, ഓര്‍മശക്തി, ആത്മാവ് തുടങ്ങിയവയെക്കുറിച്ചൊന്നും സൂക്ഷ്മവും ഖണ്ഡിതവുമായ അറിവ് ആര്‍ക്കുമില്ല. താന്‍ ജീവിക്കുന്ന ഭൂമിയെയും അതുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെയും സംബന്ധിച്ച അറിവോ, നന്നെ പരിമിതവും. ആ വിജ്ഞാന സാമ്രാജ്യത്തെ സമുദ്രത്തോട് തുലനം ചെയ്താല്‍ അതിലെ ഒരു തുള്ളിപോലും സ്വായത്തമാക്കാന്‍ മനുഷ്യനിന്നോളം സാധിച്ചിട്ടില്ല. നമ്മുടെ അറിവിന്റെ പരിമിതിയാണിതിനു കാരണം.

അതിനാല്‍ നാം പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തെയും അവന്റെ കര്‍മങ്ങളെയും സംബന്ധിച്ച് അറിയണമെന്ന് ശഠിക്കുന്നതിലൊട്ടും അര്‍ഥമില്ല. ദൈവവുമായി ബന്ധപ്പെട്ട എല്ലാം പഞ്ചേന്ദ്രിയങ്ങള്‍ക്കും അവയുടെ പരിമിതികള്‍ക്കും വിധേയമായ മനുഷ്യബുദ്ധിക്കും ചിന്തക്കും അപ്രാപ്യമായ അഭൌതിക ജ്ഞാനത്തില്‍പെട്ടവയാണ്. അല്ലാഹു തന്റെ ദൂതന്മാരിലൂടെ അറിയിച്ചു കൊടുത്തതിനപ്പുറം അതിനെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. അതിനാല്‍ ദൈവവിധിയെക്കുറിച്ച് ദിവ്യബോധനങ്ങളിലൂടെ ലഭ്യമായതല്ലാതെ മനസ്സിലാക്കാന്‍ നമുക്ക് സാധ്യമല്ല. വേദഗ്രന്ഥത്തിലൂടെ ലഭ്യമായ ജ്ഞാനമനുസരിച്ച് ദൈവവിധിയും ജ്ഞാനവും പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും ചൂഴ്ന്നുനില്‍ക്കുന്നു. മനുഷ്യനും അതിന്നതീതനല്ല. അതേസമയം സ്വയം തീരുമാനമെടുക്കാനും അതനുസരിച്ച് ജീവിക്കാനും അവന് സ്വാതന്ത്യ്രവും സാധ്യതയും നല്‍കപ്പെട്ടിട്ടുണ്ട്. അത് അപരിമിതമോ അനിയന്ത്രിതമോ അല്ല. സ്വാതന്ത്യ്രം ലഭിച്ച മേഖലകളില്‍ ദൈവത്തെ അനുസരിച്ച് അവന്‍ നിശ്ചയിച്ച ജീവിതപാത പിന്തുടരണമെന്ന് അല്ലാഹു അനുശാസിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതവിജയവും പരലോകരക്ഷയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ദൈവത്തെ ധിക്കരിക്കാനുള്ള സാധ്യതയും സ്വാതന്ത്യ്രവും മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക് പരാജയവും പരലോകത്ത് കടുത്ത ശിക്ഷയുമാണുണ്ടാവുകയെന്ന് താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍, ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട കഴിവിന്റെയും സ്വാതന്ത്യ്രത്തിന്റെയും തോതനുസരിച്ചാണ് അവരവരുടെ ബാധ്യത. അതിന്റെ നിര്‍വഹണത്തിന്റെയും ലംഘനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും മരണാനന്തരം മറുലോകത്തെ രക്ഷാ-ശിക്ഷകള്‍. അതിനാല്‍ നമ്മുടെ സ്വര്‍ഗവും നരകവും നേടുന്നത് നാം തന്നെയാണ്. സ്വന്തം തീരുമാനങ്ങളിലൂടെയും കര്‍മങ്ങളിലൂടെയും രണ്ടിലൊന്നിന്റെ അവകാശിയായിത്തീരുന്നു. അതിനാല്‍ ആരും തീരെ അനീതിക്കിരയാവുന്നില്ല. സത്യം കവിവാക്യം തന്നെ: ‘നമിക്കിലുയരാം, നടുകില്‍ തിന്നാം നല്‍കുകില്‍ നേടിടാം നമുക്കുനാമേ പണിവതുനാകം നരകവുമതുപോലെ.’

 

Topics