2004- 2008 കാലയളവില്‍ മറ്റൊരു ജോലിയൊന്നും ശരിയാകാത്തതിനാല്‍ താല്‍ക്കാലികമായി ടാക്‌സിഡ്രൈവറായി ഞാന്‍ ജോലിനോക്കിയിരുന്നു. ആ സമയത്ത് ഉണ്ടായ അനുഭവമാണ് ഇവിടെ വിവരിക്കുന്നത്.
ഒരു ദിവസം ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ ഒരു തെരുവിലൂടെ ശൈഖ് മിശ്അരി അര്‍റശീദിന്റെ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ട് കാര്‍ ഓടിച്ചുപോകുകയായിരുന്നു. അല്‍ ഹദീദ് അധ്യായമായിരുന്നു അത്. കുറച്ചുകഴിഞ്ഞപ്പോള്‍ വഴിയില്‍ 60കളിലെത്തിയ ഒരു വൃദ്ധന്‍ കൈകാട്ടി. അലക്‌സാണ്ട്രിയയ്ക്ക് പുറത്തുള്ള കര്‍മൂസിലേക്ക് പോകാനാവശ്യപ്പെട്ടു. അദ്ദേഹത്തെയും കയറ്റി ഞാന്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു.
ഡ്രൈവിങില്‍ ശ്രദ്ധിച്ചിരുന്നെങ്കിലും കാറില്‍ കയറിയ വൃദ്ധനെയും ഇടക്കിടക്ക് വീക്ഷിച്ചുകൊണ്ടിരുന്നു.അദ്ദേഹം കാല്‍ വിറപ്പിച്ചുകൊണ്ടിരുന്നു. കൈകള്‍ രണ്ടും കൂട്ടിത്തിരുമ്മി ഇടക്കിടെ കാസറ്റ് പ്ലെയറിലേക്ക് തുറിച്ചുനോക്കും. അവസാനം പ്ലെയറില്‍ നിന്ന് ഈ സൂക്തങ്ങള്‍ ഉയര്‍ന്നു: ‘സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്.’ (അല്‍ ഹദീദ് 16) ഇതുകേട്ടതും ആ മനുഷ്യന്‍ പൊട്ടിക്കരഞ്ഞു. അയാള്‍ വലിയവായില്‍ നിലവിളിച്ചു. കരച്ചില്‍ അയാള്‍ നിറുത്താനൊരുക്കമല്ലായിരുന്നു. അതിനാല്‍ കാര്‍ റോഡിന്റെ ഒരു സൈഡിലേക്ക് ഞാന്‍ ഒതുക്കിനിര്‍ത്തി. അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ പലതും ചോദിച്ചെങ്കിലും ഒന്നിനും മറുപടി നല്‍കാതെ കരച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഖുര്‍ആന്‍ പാരായണമാണ് കാരണമെന്ന് മനസ്സിലാക്കിയ ഞാന്‍ അത് ഓഫ് ചെയ്തു. എന്നാല്‍ ആ വൃദ്ധന്‍ ആ സൂക്തം റീപ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് ഓണ്‍ചെയ്തതും അയാള്‍ വീണ്ടും കരയാന്‍ ആരംഭിച്ചു. അതിനാല്‍ ശൈഖിന്റെ ഖുര്‍ആന്‍ പാരായണം അവസാനിക്കാന്‍ ഞാന്‍ കാത്തുനിന്നു. ആ അധ്യായം അവസാനിച്ചപ്പോള്‍ ആ മനുഷ്യന്‍ ശാന്തനായി. തുടര്‍ന്ന് തന്റെ കഥ പറയാന്‍തുടങ്ങി:
‘ക്ഷമിക്കണം പൊന്നുമോനേ, എന്റെ പേര് മുസ്അദ്. ഹൃദയസംബന്ധിയായ രോഗമുണ്ടായിരുന്നുവെനിക്ക്. ഒരുദിവസം ഹൃദയസ്തംഭനംവന്നപ്പോള്‍ ആണ്‍മക്കള്‍ അയല്‍പക്കത്തെ ഡോക്ടറിന്റെ അടുത്തുകൊണ്ടുപോയി. എന്തെങ്കിലും പ്രയാസമുണ്ടായാല്‍ അദ്ദേഹത്തെയായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍ ആ ദിവസം അദ്ദേഹം ഉറക്കം നടിച്ചുകിടന്നു. വാതില്‍ തുറന്നതേയില്ല.
അവിടെനിന്ന് പുറത്തിറങ്ങി ഞങ്ങള്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് തിരിച്ചു. മോനറിയാമല്ലോ, അവിടെ കാര്യമായ പരിചരണമൊന്നും കിട്ടുകയില്ലെന്ന്. ഞാന്‍ മക്കളോട് പറഞ്ഞു ‘ഇപ്പോള്‍ കുഴപ്പമൊന്നുമില്ല’ . വാസ്തവത്തില്‍ മക്കള്‍ക്ക് രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകാന്‍ കഴിയില്ലല്ലോയെന്ന് ശങ്കിച്ചാണ് കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടില്‍ പോകാന്‍ തിടുക്കം കാട്ടിയത്.
എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന വീണ്ടും കലശലായി. കടുത്ത ക്ഷീണംതോന്നി. വീടിനടുത്തുള്ള തോടിനടുത്തുപോയി ഞാനിരുന്നു. മണിക്കൂറുകളോളം അവിടെയിരുന്ന് വേദന സുഖപ്പെടുത്താന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ‘പടച്ചവനേ, ഞാന്‍ നമസ്‌കരിക്കാറില്ല. അതിനാലാണ് നീയെനിക്ക് ഈ ദുരിതം സമ്മാനിച്ചത്. എന്റെ വേദന ദൂരീകരിച്ചാല്‍ ഞാന്‍ ഒരു റക്അത് പോലും നഷ്ടപ്പെടുത്താതെ നമസ്‌കരിച്ചുകൊള്ളാം.’
പക്ഷേ, തുടര്‍ന്നും എന്റെ വേദന വര്‍ധിച്ചു. ഞാന്‍ അലറിക്കരഞ്ഞു. ‘വേദന മാറ്റിത്താ പടച്ചവനേ.. എന്നോട് യാതൊരു അലിവും നീകാട്ടില്ലേ?’
കുറച്ചുകഴിഞ്ഞപ്പോള്‍ വേദന കുറയുന്നതായി അനുഭവപ്പെട്ടു. ആശ്വാസംതോന്നിയപ്പോള്‍ വീട്ടില്‍ പോയി കിടന്നു. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ നല്ല സുഖം തോന്നി.ആ ദിവസം തൊട്ട് പിന്നീടിന്നുവരെ എനിക്ക് എന്തെങ്കിലും വേദനയോ ഹൃദയപ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല. എന്നാല്‍ ഞാനിന്നുവരെ ഒരു റക്അത് പോലും നമസ്‌കരിച്ചില്ല.
ഇപ്പോള്‍ മോന്‍ ഈ ഖുര്‍ആന്‍ കാസറ്റ് പ്ലേ ചെയ്തപ്പോള്‍ അല്ലാഹു എന്നോട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. നമസ്‌കാരകാര്യത്തില്‍ ഞാന്‍ വരുത്തിയ വീഴ്ചയെ സംബന്ധിച്ച് എന്നെ ശകാരിച്ചതാണ് അവന്‍. ഞാന്‍ കരഞ്ഞത് അവന്‍ എനിക്ക് വീണ്ടും ഹൃദയസ്തംഭനം നല്‍കി ശിക്ഷിക്കുമോയെന്ന് ഭയന്നിട്ടാണെന്നാണോ മോന്‍ കരുതിയത്. അല്ല കേട്ടോ. അല്ലാഹുവാണ, അതല്ല. മറിച്ച്, ഞാന്‍ എന്നെക്കുറിച്ചോര്‍ത്ത് ലജ്ജിച്ചുപോയതാണ്. അല്ലാഹു എന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു. പക്ഷേ ഞാന്‍ അവനോട് വാക്കുപാലിച്ചില്ലല്ലോ. ഞാനെന്തൊരു നന്ദികെട്ടവനാണ്.
Add Comment