ചോ: കഴിഞ്ഞ വര്‍ഷം എന്റെ കസിന്റെ സൗഹൃദവലയത്തില്‍പെട്ട ഒരുയുവാവിനെ ഓണ്‍ലൈനില്‍ കണ്ടുമുട്ടുകയുണ്ടായി. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചു. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തരാജ്യക്കാരാണ്.
ഇപ്പോള്‍ ഞങ്ങള്‍ പരസ്പരം പ്രേമിക്കുന്നു. ഫോണിലൂടെ ദീര്‍ഘനേരം സംസാരിക്കാറുണ്ട്. അവന് വീട്ടുകാര്‍ കല്യാണം ആലോചിക്കുന്നുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കുകയാണ്. ഞാനാണെങ്കില്‍ ഇതൊന്നും വീട്ടില്‍ അറിയിച്ചിട്ടുമില്ല. അല്ലാഹുവാണ് വിദൂരദേശങ്ങളിലുള്ള ഞങ്ങളെ പരസ്പരം അടുപ്പിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ അവന്റെ കൂടെയുള്ള ദാമ്പത്യജീവിതം ഞാന്‍ ആഗ്രഹിക്കുന്നു. ഇനി മുമ്പോട്ട് എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്. ദയവായി ഒരു പരിഹാരം നിര്‍ദ്ദേശിക്കാമോ?
—————————
ഉത്തരം: താങ്കളുടെ വിഷയം ശ്രദ്ധയോടെ വായിച്ചു. ഉത്തമമായ തീരുമാനമെടുക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ഒരുവര്‍ഷത്തിലേറെയായി ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവാവുമായി താങ്കള്‍ പ്രേമത്തിലാണ്. ഭാവിപുരുഷനെക്കുറിച്ച സങ്കല്‍പങ്ങള്‍ ആ യുവാവില്‍ മൂര്‍ത്തമായിരിക്കുമെന്ന് താങ്കള്‍ വിചാരിക്കുന്നു. അതിനാല്‍ അയാളുമായി ദാമ്പത്യജീവിതം കൊതിക്കുന്നു. നമുക്ക് യാഥാര്‍ഥ്യത്തിലേക്ക് വരാം. താങ്കള്‍ ഇതുവരെ അയാളെ നേരില്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള വ്യക്തിത്വമാണ് അയാളുടേതെന്ന് കൃത്യമായി അറിയില്ല. താങ്കള്‍ എന്താണോ അറിയേണ്ടത് അതുമാത്രമേ അയാള്‍ അറിയിച്ചിട്ടുള്ളൂ.
താങ്കള്‍ സ്വന്തം മനസ്സിനോട് ചോദിച്ചുനോക്കൂ. ഭര്‍ത്താവിനു വേണ്ട യോഗ്യതകള്‍ അയാളില്‍ സമ്മേളിച്ചിട്ടുണ്ടോ ? സംതൃപ്തമായ ദാമ്പത്യത്തിന് ഇപ്പോള്‍ അയാളില്‍ കാണപ്പെടുന്ന ഗുണവിശേഷങ്ങള്‍ മതിയാകുമെന്ന് ഉറപ്പുണ്ടോ? ഓണ്‍ലൈനില്‍ ചാറ്റ്‌ചെയ്തു എന്നത് ഒരാളെ വിലയിരുത്താന്‍ പര്യാപ്തമല്ല. അതിനാലാണ് താങ്കള്‍ ‘ മതബോധമുള്ളതുപോലെ തോന്നുന്നു’വെന്നും ‘സരസനാ’ണെന്നും ‘സംസാരത്തില്‍ എന്നെ ആദരിക്കുന്നു’വെന്ന് തോന്നുന്നുവെന്നും ഒക്കെ എഴുതിയത്.
വാസ്തവത്തില്‍ അന്യരായ അധികയുവാക്കളോടും സംസാരിച്ചാല്‍ അവരെക്കുറിച്ചൊക്കെ താങ്കള്‍ക്ക് ഇത്തരത്തില്‍ അഭിപ്രായം പറയാനാകും. സംശയമുണ്ടെങ്കില്‍ അവരോട് ഓണ്‍ലൈനില്‍ ചാറ്റുചെയ്തുനോക്കൂ. എന്നാല്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഓരോ വ്യക്തിയുടെയും സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. അവരുടെ പ്രകൃതം, ജീവിതപങ്കാളിയെക്കുറിച്ച അവരുടെ പ്രതീക്ഷകള്‍, ജീവിതപശ്ചാത്തലം എന്നിവ മനസ്സിലാക്കണം. അതിന് ഓണ്‍ലൈന്‍ ചാറ്റിങ് സഹായിക്കും എന്ന് തെറ്റുധരിക്കേണ്ട.
സഹോദരീ, താങ്കള്‍ ഈ വിഷയങ്ങള്‍ മാതാപിതാക്കളോട് തുറന്ന് സംസാരിക്കുക. ആ യുവാവിനോട് താങ്കള്‍ക്കുള്ള വികാരവും പങ്കുവെക്കുക. നിങ്ങളിരുവരും വിവാഹജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവരാണെങ്കില്‍ പരസ്പരം കാണാനും രണ്ടുകുടുംബങ്ങള്‍ തമ്മില്‍ആശയവിനിമയംനടത്താനും വഴിയൊരുങ്ങും. അതല്ല, അത്തരത്തിലുള്ള നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നാണെങ്കില്‍ ആ യുവാവുമായുള്ള ചാറ്റിങും ഫോണ്‍സംഭാഷണവും പെട്ടെന്നുതന്നെ അവസാനിപ്പിക്കുക. വെറുതെ പവിത്രമായ വികാരവിചാരങ്ങളെ പാഴാക്കാന്‍ വഴിയൊരുക്കരുത്.
താങ്കള്‍ ജീവിതലക്ഷ്യത്തിലേക്ക് ശ്രദ്ധതിരിക്കുകയും ദൈവസ്മരണയില്‍ മുഴുകുകയുംചെയ്യുക. വിദ്യാഭ്യാസം തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ജോലി നേടാന്‍ കഴിയുംവിധമുള്ള കോഴ്‌സുകള്‍ ചെയ്യുക. നിങ്ങളുടെതായ വ്യക്തിത്വം രൂപപ്പെടുത്താന്‍ ശ്രമിക്കുക. ജീവിതത്തില്‍ നിങ്ങളാഗ്രഹിക്കുന്ന സുഹൃത്തുക്കള്‍, ജോലി എന്നിവയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുക.
ദാമ്പത്യജീവിതത്തിന് താങ്കള്‍ സജ്ജമായിയെന്ന് ഉറപ്പുണ്ടെങ്കില്‍ ഒരു ഭര്‍ത്താവില്‍ എന്തൊക്കെ ഗുണങ്ങളാണുണ്ടാകേണ്ടതെന്ന് വിവേകപൂര്‍വം നിര്‍ണയിക്കുക. പരിചയപ്പെട്ടയാളില്‍ ഉള്ള ഗുണങ്ങളില്‍ തൃപ്തിയടയുന്നതിനുപകരം അനുയോജ്യനായ ആളെ കണ്ടെത്തുക. അതാണ് ഏറെ ഉത്തമം.
Add Comment