സാമൂഹികം-ഫത്‌വ

മൂന്നാം ലോകയുദ്ധത്തെ നേരിടാന്‍ ?

ചോ: ഒരു മൂന്നാംലോകയുദ്ധമുണ്ടാകുമെന്നും അതോടെ ഇന്ന് സമാധാനാന്തരീക്ഷത്തില്‍ കഴിഞ്ഞുകൂടുന്ന ഒട്ടേറെ രാജ്യങ്ങള്‍ ഇല്ലാതാകുമെന്നും കടുത്ത ആശങ്ക വെച്ചുപുലര്‍ത്തുന്നയാളാണ് ഞാന്‍. അതിന്റെ ആഘാതം കുറക്കാന്‍ മാനസികമായി എങ്ങനെ തയ്യാറെടുപ്പ് നടത്താം എന്നാണെന്റെ ചോദ്യം. യുദ്ധമേഖലയില്‍ കഴിയുന്ന ആളുകള്‍ക്ക് അവരുടെ മാനസികാഘാതവും ദുരിതങ്ങളും ലഘൂകരിക്കാന്‍ എന്ത് ഉപദേശമാണ് കൊടുക്കാനാകുക?

——————-

ഉത്തരം: യുദ്ധം ഒരു പുതിയപ്രശ്‌നമൊന്നുമല്ല. ഏതുവിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഏതൊരുമനുഷ്യനും സംഘര്‍ഷമുണ്ടാക്കുമെന്നത് അവന്റെ സഹജപ്രകൃതിയിലുള്ളതാണ്. പലപ്പോഴും അത്തരം സംഘര്‍ഷങ്ങള്‍ വളര്‍ന്നുവലുതായി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധത്തിലേക്ക് നയിക്കുന്നു. മനുഷ്യനെ ഭൂമിയിലേക്ക് അയക്കാന്‍ പോകുന്നുവെന്ന് പ്രപഞ്ചനാഥനായ അല്ലാഹു പറഞ്ഞ സന്ദര്‍ഭം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക:

‘നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ”ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.” അവരന്വേഷിച്ചു: ”ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്ത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.” അല്ലാഹു പറഞ്ഞു: ”നിങ്ങളറിയാത്തത് ഞാനറിയുന്നു.'(അല്‍ബഖറ 30)

ആയത്തിലെ ഖലീഫയെന്ന വാക്ക് പ്രതിനിധിയെന്ന ആശയം പ്രതിഫലിപ്പിക്കുന്നു. അതായത് ദൈവത്തിന്റെ അമ്പാസിഡര്‍ എന്നര്‍ഥം. മലക്കുകളുടെ പ്രതികരണത്തില്‍നിന്ന് ഭൂമിയിലെ പ്രതിനിധിക്ക് എല്ലാ അര്‍ഥത്തിലും സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി. അത് മനുഷ്യന്‍ ദുരുപയോഗംചെയ്യുമെന്നും അങ്ങനെ ഭൂമിയില്‍ ചോരചിന്തപ്പെടുമെന്നും അവര്‍ ആശങ്കിച്ചു. അതേസമയം എന്തുംപ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടാത്തതിനാല്‍ മലക്കുകള്‍ അല്ലാഹുവിനെ അനുസരിച്ചുമാത്രമേ കഴിയുകയുള്ളൂ.

എന്തായാലും മലക്കുകള്‍ ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. ഭൂമിയില്‍ മനുഷ്യന്‍ അക്രമം കാട്ടിക്കൂട്ടുന്നു. നിരപരാധികളുടെ രക്തം ചിന്തിക്കൊണ്ടിരിക്കുന്നു. ചരിത്രംപരിശോധിച്ചാല്‍ ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യുദ്ധങ്ങള്‍ അവനുണ്ടാക്കി. അവമൂലം ജീവന്നും സമ്പത്തിനും മാനവരാശിക്കും പ്രകൃതിക്കും നികത്താനാകാത്ത നഷ്ടം വരുത്തിവെച്ചു.

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം കൊടിയദുരന്തമാണ് ജീവനഷ്ടവും മാറാവേദനകളും. ഈ ലോകത്ത് നമ്മിലൊരാള്‍ക്ക് ഉണ്ടാകുന്ന കഷ്ടപ്പാടുകളും പ്രയാസവും ആക്‌സിഡന്റിലോ ലോകയുദ്ധത്തിലോ ഒരാള്‍ക്ക് ജീവനഷ്ടം ഉണ്ടാകുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ വല്ലാതെ വിഷമിപ്പിക്കേണ്ടതില്ല. പക്ഷേ, നാം കുടുംബം ,ഗോത്രം, സമുദായം, ജാതി എന്നിങ്ങനെ സാമൂഹികസ്വഭാവപരമായി കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍ നമ്മുടെ ഓരോ നഷ്ടവും തീവ്രതരമായി അനുഭവപ്പെടുന്നു. ലോകയുദ്ധഭീഷണി നമുക്ക് ഒരു പ്രശ്‌നമായിത്തീരുന്നത് അതിനാലാണ്.

വ്യക്തികളെന്ന നിലക്ക് അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെ നേരിടാന്‍ നമുക്ക് ചിലതൊക്കെ ചെയ്യാന്‍ കഴിയും. എന്നാല്‍ ഒരു സമൂഹമോ സമുദായമോ എന്ന നിലക്ക് ലോകയുദ്ധംപോലുള്ള വലിയ ഭീഷണികളെ ഒഴിവാക്കാന്‍ നമുക്കുമുന്നില്‍ മാര്‍ഗങ്ങളില്ല. പിന്നെ താങ്കള്‍ പറഞ്ഞതുപോലെ ഒന്നേ ചെയ്യാനുള്ളൂ. അതിനെ നേരിടാന്‍ തയ്യാറാകുക.

ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതനുസരിച്ച് ഒരു മുസ്‌ലിം അത്തരംദുരന്തങ്ങളുടെ സാധ്യതകളെ ഓര്‍ത്ത് സദാഭീതിയില്‍ കഴിയാന്‍ പാടുള്ളതല്ല. കാരണം, എല്ലാം അല്ലാഹുവിങ്കല്‍നിന്നുള്ളതാണെന്ന വിധിവിശ്വാസമാണ് ഇസ്‌ലാമിന്റെ അന്തഃസത്ത. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിപ്രകാരമാണ്:’പറയുക: അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.(അത്തൗബ 51)

അല്ലാഹു നമുക്കായി വിധിച്ച സംഗതികളെ സംതൃപ്തിയോടെ സ്വീകരിക്കാനുള്ള വിധേയമനസ്സ് നമുക്കുള്ളതുകൊണ്ടാണ് ഏതുഘട്ടത്തിലും സ്ഥൈര്യത്തോടെ നിലയുറപ്പിക്കാന്‍ കഴിയുന്നത്. അതേസമയം എല്ലാംവിധിയെന്നുസമാധാനിച്ച് ദുരന്തങ്ങള്‍ വന്നുകൊള്ളട്ടെ എന്നമട്ടില്‍ നിഷ്‌ക്രിയമായിരിക്കാന്‍ വേദം നമ്മെ അനുവദിക്കുന്നുമില്ല. ഒരുവേള സംഭവിക്കുമെന്നാണെങ്കില്‍പോലും അതിനെ തടയാനും നന്നെക്കുറഞ്ഞത് അതിന്റെ ദുരന്തത്തിന്റെ തോത് കുറക്കാനാകുന്നത് ചെയ്യാനും നമ്മോട് കല്‍പിക്കുന്നു. അല്ലാഹുവിന് വിധേയപ്പെടുകയെന്നത് മനോഭാവത്തിന്റെയും സമീപനത്തിന്റെയും വിഷയമാണ്. ഏതുപ്രതിസന്ധികളെയും നേരിടാന്‍ നമ്മെ സജ്ജമാക്കുന്ന ഒരു പ്രഥമമാനസികപരിശീലനമാണത്. അതിലൂടെ ക്ഷമയെന്ന പ്രസ്തുതഗുണം നമുക്ക് ആര്‍ജിക്കാനാകുന്നു.ഖുര്‍ആന്‍ പറയുന്നു:’ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക.'(അല്‍ബഖറ 155)

ഇഹലോകജീവിതത്തില്‍ ഉള്ള യാഥാര്‍ഥ്യങ്ങളാണ് ജീവധനനഷ്ടം, വിശപ്പ്, ഭയം, ക്ഷാമം എന്നിവ. ജീവിതം എല്ലായ്‌പോഴും മലര്‍മെത്തയൊരുക്കിയിട്ടില്ല. മരണശേഷം തുടരുന്ന യഥാര്‍ഥജീവിതത്തിലേക്കുള്ള ഉടത്താവളം മാത്രമാണ് ഇഹലോകജീവിതം. ഈ ലോകത്ത് എന്നും സുഖിച്ചുകഴിയാമെന്ന് ആരും നിനക്കേണ്ടതില്ല.

എല്ലാറ്റിനെയും നേരിടാന്‍ നമ്മെ സജ്ജമാക്കുന്നത് ക്ഷമയാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ദുരന്തവേളയിലെ നമ്മുടെ സ്ഥൈര്യവും പെരുമാറ്റചട്ടവും ആണ് അതുകൊണ്ടുദ്ദേശ്യം. ആ ക്ഷമയെന്തെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞാല്‍ എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യവും ആത്മബലവും നമ്മിലുണ്ടാകും. അതായത്, നാം അല്ലാഹുവിങ്കല്‍നിന്നാണെന്നും അവനിലേക്ക് തന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും വിശ്വാസി മനസ്സിലാക്കുന്നു. ദൈവനിഷേധികള്‍ക്കുമാത്രമേ എല്ലാം നഷ്ടപ്പെട്ടുവെന്ന് വിലപിക്കേണ്ടിവരികയുള്ളൂ. അതിനാല്‍ ലോകയുദ്ധമോ അതിനപ്പുറമുള്ള ഭീഷണിയോ നേരിടാന്‍ നാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് ക്ഷമകൈക്കൊള്ളുക.

ക്ഷമകൈവരിക്കാന്‍ രണ്ടുമാര്‍ഗമുണ്ട്. എല്ലാം അല്ലാഹുവിന്റെതാണെന്നും അല്ലാഹുവിലേക്കാണെന്നും ഉറച്ചുവിശ്വസിക്കലാണ് ഒന്നാമത്തേത്. ഈ ലോകത്തെ ജീവിതം വളരെ ഹ്രസ്വവും ശുഷ്‌കവുമാണെന്ന് തിരിച്ചറിയുക; നമ്മുടെ രക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള മാര്‍ഗമധ്യേയാണ് ഇപ്പോഴുള്ളത് എന്ന് മനസ്സിലാക്കുക.ഇതാണ് രണ്ടാമത്തേത്. ഏതവസ്ഥയിലും സമാധാനവും മനക്കരുത്തും പകര്‍ന്നുനല്‍കുന്ന ഏകഅവലംബം അല്ലാഹുവല്ലാതെ മറ്റാരാണുള്ളത്. അതിനാല്‍ നാം നമസ്‌കാരത്തിലൂടെയും ക്ഷമയിലൂടെയും സ്ഥൈര്യം ഉള്ളവരാകാന്‍ പരിശീലിക്കേണ്ടതുണ്ട്. ലോകയുദ്ധം പോലുള്ള ഭീഷണി നേരിടാനുള്ള മാനസികഒരുക്കം ഇങ്ങനെയാണ്.’വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു.'(അല്‍ബഖറ 153)

അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍

 

Topics