ആധുനിക ഇസ്‌ലാമിക ലോകം

സ്‌പെയിനിലേക്കുള്ള മുസ്‌ലിം സഞ്ചാരം

ആദ്യകാലനൂറ്റാണ്ടുകളില്‍ മുസ്‌ലിംലോകത്തിന്റെ വികാസത്തിന് ചുക്കാന്‍ പിടിച്ചത് അക്രമാസക്ത പടയോട്ടങ്ങളായിരുന്നു എന്ന രീതിയില്‍ വലിയ പ്രചാരണങ്ങള്‍ അക്കാദമികമേഖലയില്‍ പോലും ഇന്ന് കാണാനാവും. എന്നാല്‍ ഏ.ഡി. 711-720 കാലയളവില്‍ ഐബീരിയന്‍ ഉപദ്വീപില്‍ മുസ്‌ലിംസമൂഹം എത്തിപ്പെട്ടതെങ്ങനെയെന്നതിന്റെ യാഥാര്‍ഥ്യമാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

ഉപദ്വീപ് പൂര്‍ണമായും ഉമവീ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായത് അക്രമോത്സുക സാമ്രാജ്യത്വ മാര്‍ഗങ്ങളിലൂടെയായിരുന്നില്ല.
ഇസ്‌ലാം X ക്രൈസ്തവത എന്നോ പാശ്ചാത്യം X പൗരസ്ത്യം എന്നോ വ്യവഹരിച്ചുതള്ളാവുന്ന ഒരു സംഘര്‍ഷത്തിന്റെ ബാക്കിപത്രമായിരുന്നില്ല അതെന്നതാണ് വാസ്തവം. മുസ്‌ലിംകള്‍ സ്‌പെയിനില്‍ കടന്നുചെല്ലുന്നത് നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ധ്വജവാഹകരായാണ്. അന്ദലുസ് മുസ്‌ലിംകളുടെ കീഴിലായിരുന്ന കാലത്ത് ആ നാട്ടില്‍ നിലനിന്നിരുന്ന മതസഹിഷ്ണുതയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്.

ക്രൈസ്തവ ഏകദൈവവിശ്വാസികള്‍

സ്പാനിഷ് മണ്ണിലുണ്ടായ സംഘര്‍ഷത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ മക്കയില്‍ മുഹമ്മദ് നബി ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് പിന്നിലുള്ള ചരിത്രം നാം മനസ്സിലാക്കേണ്ടതുണ്ട്. ഈസാ നബി(അ)ക്കുശേഷം അധികംവൈകാതെതന്നെ ക്രൈസ്തവസമൂഹം രണ്ട് വിശ്വാസധാരകളായി വേര്‍തിരിഞ്ഞു. ദൈവത്തിനുള്ള സമര്‍പ്പണം മനുഷ്യര്‍ക്ക് അറിയിച്ചുകൊടുക്കാനായെത്തിയ പ്രവാചകന്‍ മാത്രമാണ് യേശുവെന്ന വിശ്വാസം മുറുകെപ്പിടിക്കുന്ന ക്രൈസ്തവരും അതില്‍നിന്ന് വ്യത്യസ്തമായി ത്രിയേകത്വത്തില്‍ വിശ്വസിക്കുന്ന ക്രൈസ്തവരും ഉള്‍പ്പെട്ടതായിരുന്നു അത്. ത്രിയേകത്വവിശ്വാസം ഏ.ഡി. 40- 60 കാലഘട്ടത്തില്‍ ബഹുദൈവവിശ്വാസികളായ റോമക്കാരുടെ ആധിപത്യകാലത്ത് രംഗപ്രവേശം ചെയ്ത സെന്റ് പോള്‍ പ്രചരിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ വാദം ഏകദൈവവിശ്വാസികളും യേശുവിന്റെ യഥാര്‍ഥഅധ്യാപനത്തില്‍ വിശ്വസിച്ചിരുന്നവരുമായ ക്രൈസ്തവജനതയില്‍ കടുത്ത പ്രതിസന്ധിയുളവാക്കി. ക്രമേണ അവര്‍ രണ്ടുവിഭാഗമായി പിരിയുകയായിരുന്നു.ഈ സംഭവവികാസങ്ങളൊന്നും അന്നത്തെ റോമന്‍ അധികാരികളെ സംബന്ധിച്ചിടത്തോളം ഒട്ടും ഗൗരവമുള്ളതായിരുന്നില്ല. അവര്‍ സ്പാനിഷ് ജനതയെ നിഷ്ഠുരം അടിച്ചൊതുക്കിക്കൊണ്ടിരുന്നു. അതിനെല്ലാം മാറ്റം വന്നുതുടങ്ങിയത് മൂന്നും നാലും നൂറ്റാണ്ടുകളിലാണ്. വടക്കനാഫ്രിക്കയില്‍ കൈസ്തവഏകദൈവവിശ്വാസം പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഏരിയസിന് അനുയായികള്‍ വര്‍ധിച്ചുകൊണ്ടിരുന്ന ഘട്ടം. യേശു ദൈവത്തിന്റെ ഒരു പ്രവാചകന്‍ മാത്രമാണെന്നും അല്ലാതെ ദൈവപുത്രനൊന്നുമല്ലെന്നും ശക്തിയായി ബോധവത്കരിച്ച അദ്ദേഹത്തിനെതിരെ പക്ഷേ ത്രിയേകത്വവാദികള്‍ ശക്തമായ ആക്രമണമഴിച്ചുവിട്ടു. അദ്ദേഹത്തെ ഭ്രാന്തനെന്ന് മുദ്രകുത്തി ഒതുക്കാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് ലിബിയയിലടക്കം അദ്ദേഹത്തിന് അനുയായികള്‍ കൂടിവന്നു.

റോമാസാമ്രാജ്യം വടക്കുഭാഗത്ത് പ്രാക്തനഗോത്രവര്‍ഗങ്ങളുടെ നിരന്തരമായ ആക്രമണം മൂലം തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍ തലസ്ഥാനം ഇസ്തംബൂള്‍ നഗരത്തിലേക്ക് മാറ്റുന്നത്. അതുവഴി ഗോത്രവര്‍ഗ്ഗക്കാരെ അമര്‍ച്ച ചെയ്യാന്‍ ഭരണകൂടത്തിന് കഴിഞ്ഞു. ചക്രവര്‍ത്തിക്ക് ക്രൈസ്തവസമൂഹത്തിലെ രണ്ട് വിശ്വാസധാരയെക്കുറിച്ചും അറിയാമായിരുന്നു. ത്രിയേകത്വവാദികള്‍ ചക്രവര്‍ത്തിയെ സമീപിച്ച് ക്രൈസ്തവവിശ്വാസം സ്വീകരിക്കുകയാണെങ്കില്‍ മുന്‍കാലപാപങ്ങള്‍ എല്ലാം പൊറുക്കപ്പെടുമെന്ന വാഗ്ദത്തം നല്‍കി. താന്‍ ക്രൈസ്തവതയില്‍ ചേരുകയാണെങ്കില്‍ അത് തന്റെ രാഷ്ട്രീയഭാവിക്ക് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. ക്രിസ്ത്യാനിയായതിനെതുടര്‍ന്ന് ചക്രവര്‍ത്തിയുടെ ആശീര്‍വാദത്തോടെ ത്രിയേകത്വവാദം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. അവര്‍ ഏരിയസിന്റെ നേതൃത്വത്തിലുള്ള ഏകദൈവവിശ്വാസികളെ അടിച്ചമര്‍ത്താന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് യേശുവിന്റെ സ്വത്വത്തെക്കുറിച്ച വാദമുഖങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിക്കേഷ്യ കൗണ്‍സില്‍ ചേര്‍ന്നത്. സ്വാഭാവികമായും യേശു ദൈവപുത്രനാണെന്ന വാദം അംഗീകരിച്ചുകൊണ്ട് കൗണ്‍സില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അതില്‍ നിന്ന് വ്യത്യസ്തമായ വാദങ്ങളെല്ലാം മതനിന്ദയാണെന്ന് പ്രഖ്യാപനവുമുണ്ടായി. ഐബീരിയന്‍ ഉപദ്വീപിലെ വടക്കനാഫ്രിക്കന്‍ പ്രദേശങ്ങളിലെ ഏകദൈവവിശ്വാസികളായ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം മറച്ചുവെക്കാന്‍ നിര്‍ബന്ധിതരായി. ഏരിയസിനെ നാടുകടത്താനും യേശു പ്രവാചകനാണെന്ന പരാമര്‍ശങ്ങളുള്ള എല്ലാ ഏടുകളും കത്തിക്കാനും ചക്രവര്‍ത്തി കല്‍പന പുറപ്പെടുവിച്ചു. ഇങ്ങനെ പലതരത്തിലും ഏകദൈവവിശ്വാസികളായ ക്രൈസ്തവസമൂഹത്തിനുനേര്‍ക്കുള്ള പീഡനങ്ങള്‍ ഏഴാംനൂറ്റാണ്ടുവരെ തുടര്‍ന്നു.

അങ്ങനെയിരിക്കുമ്പോഴാണ് മക്കയില്‍ മുഹമ്മദ് നബിയുടെ ആഗമനവാര്‍ത്ത റോമാസാമ്രാജ്യത്തിന്റെ അകത്തളങ്ങളിലും എത്തിയത്. മുസ്‌ലിംസേന റോമാസാമ്രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തിയപ്പോള്‍ തങ്ങളുടെ ഏകദൈവവിശ്വാസം തന്നെയാണ് മുസ്‌ലിംകള്‍ക്കുമുള്ളതെന്ന് ഏരിയസിന്റെ കൂട്ടാളികളായ ക്രൈസ്തവര്‍ക്ക് മനസ്സിലായി. യേശുപുത്രനാണെന്ന വാദം പുത്തന്‍വാദമാണെന്ന് ഇരുകൂട്ടരും അംഗീകരിച്ചിരുന്നു. അതിനാല്‍ അത് എതിര്‍ക്കപ്പെടേണ്ടതുണ്ടായിരുന്നു. അതോടൊപ്പം ഇസ്‌ലാം യേശുവിന്റെ സന്ദേശങ്ങളുടെ സത്യപ്പെടുത്തലാണെന്നും ഏകദൈവത്വവാദികളായ ക്രൈസ്തവര്‍ തിരിച്ചറിഞ്ഞു. അതോടെ ഒട്ടേറെ ക്രൈസ്തവവിശ്വാസികള്‍ മുസ്‌ലിംകളായി മാറി.

ഏ.ഡി. 11-ാം നൂറ്റാണ്ടോടെ ഉമവി ഭരണകൂടത്തിന്റെ അധീശാധികാരം അറ്റ്‌ലാന്‌റിക് സമുദ്രവും കടന്ന് കിഴക്ക് ഇന്ത്യന്‍തീരങ്ങള്‍ വരെയെത്തി. മുസ്‌ലിംകള്‍ പിന്നിട്ട പ്രദേശങ്ങളിലെല്ലാം കളിയാടിയ നീതിയുടെയും സഹിഷ്ണുതയുടെയും വാര്‍ത്തകള്‍ അയല്‍ ദേശങ്ങളില്‍ വളരെ പെട്ടെന്നുതന്നെ എത്തി. സമാനമായത് ഐബീരിയന്‍ ഉപദ്വീപിലും സംഭവിച്ചു. എട്ടാം നൂറ്റാണ്ടില്‍ വിസിഗോതിക് രാജാവായ റോഡറിക് ആയിരുന്നു ഐബീരിയ വാണിരുന്നത്. കടുത്ത ഏകാധിപതിയായിരുന്നു അയാള്‍. ത്രിയേകത്വം തദ്ദേശീയരായ ആളുകളില്‍ അടിച്ചേല്‍പിക്കുകയായിരുന്നു അയാള്‍. റോഡറികിനെ താഴെയിടാന്‍ സഹായംചോദിച്ചുകൊണ്ട് ജൂലിയന്‍ എന്ന വടക്കനാഫ്രിക്കന്‍ പ്രമാണിമുഖ്യന്‍ താരിഖ് ബ്‌നു സിയാദിനെ സന്ദര്‍ശിച്ച സംഭവം ഇബ്‌നു ഖല്‍ദൂന്‍ തന്റെ ചരിത്രത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ആ പ്രമാണിമുഖ്യന്റെ മകളെ, റോഡറിക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുണ്ടായി.
ഏ.ഡി. 711 ല്‍ ഐബീരിയന്‍ ഉപദ്വീപിന്റെ തെക്കേതീരത്തേക്ക് താരിഖ് ബ്‌നു സിയാദ് സൈന്യത്തെ നയിച്ചു. മാര്‍ഗമധ്യേയുള്ള ചെറുസൈന്യങ്ങളെയെല്ലാം പരാജയപ്പെടുത്തി സിയാദിന്റെ സൈന്യം മുന്നോട്ടുകുതിച്ചു. അവസാനം 711 ജൂലൈ 19ന് ഗദാലെറ്റ യുദ്ധക്കളത്തില്‍വെച്ച് റോഡറികിന്റെ സൈന്യവുമായി ഏറ്റുമുട്ടി. യുദ്ധത്തില്‍ റോഡറിക് കൊല്ലപ്പെടുകയും സിയാദിന്റെ പട വിജയിക്കുകയുംചെയ്തു. അത് വിസിഗോത്തുകളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചു. ഏഴുവര്‍ഷത്തിനകം ഉപദ്വീപിലെ അവശേഷിച്ച പ്രദേശങ്ങള്‍കൂടി മുസ്‌ലിംസേനയുടെ സ്വാധീനത്തിലായി.

സ്‌പെയിന്‍ എങ്ങനെ മുസ്‌ലിംആധിപത്യത്തിന്‍ കീഴില്‍ വന്നുവെന്ന് മേല്‍ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഏതാനും ആയിരങ്ങള്‍ വരുന്ന ഒരു സൈന്യം 582000 ച. കി.മീ ഭൂപ്രദേശം എങ്ങനെയാണ് ഏഴുവര്‍ഷത്തിനകം കീഴടക്കിയത്? ഇത് അന്നത്തെ യുദ്ധസാമഗ്രികളുടെ ശക്തി പരിഗണിക്കുമ്പോള്‍ അത്യസാധാരണമായ സംഭവമാണ് അത്. അവിടെയാണ് ഏകദൈവവിശ്വാസികളായ ക്രൈസ്തവസമൂഹത്തിന്റെ നിര്‍ണായപങ്ക് ബോധ്യപ്പെടുന്നത്. 711 ല്‍ മുസ്‌ലിംകള്‍ ഉപദ്വീപില്‍ എത്തുമ്പോള്‍ ക്രൈസ്തവഏകദൈവവിശ്വാസികള്‍ തങ്ങളുടെ വിശ്വാസസഹോദരങ്ങളെ സന്തോഷപൂര്‍വം സ്വാഗതംചെയ്യുകയായിരുന്നു. തങ്ങള്‍ക്കുമേലുള്ള ഏകാധിപത്യത്തിന് അന്ത്യം കുറിക്കുമെന്ന പ്രതീക്ഷ അവരില്‍ ഉത്സാഹം വര്‍ധിപ്പിച്ചു. അതുകൊണ്ടാണ് റോഡറികിനെ പരാജയപ്പെടുത്തിയ ശേഷം സ്‌പെയിനിലെ ഓരോ നഗരങ്ങളുടെയും കവാടങ്ങളും യുദ്ധമൊന്നുമില്ലാതെ മലക്കെ തുറക്കപ്പെട്ടത്. തങ്ങള്‍ കടന്നുചെന്ന പ്രദേശങ്ങളിലെല്ലാം മുസ് ലിംകള്‍ നീതിപൂര്‍വകമായ ന്യായവിധിയും മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തിയെന്നതായിരുന്നു അതിന് കാരണം.

സ്‌പെയിനില്‍ മുസ്‌ലിംസമൂഹത്തിന്റെ കടന്നുവരവ് വിദേശികളുടെ അധിനിവേശമോ, തദ്ദേശീയജനതയുടെ കീഴടങ്ങലോ ആയിരുന്നില്ല. മറിച്ച് ഏകാധിപത്യത്തിനെതിരെ ഏകദൈവവിശ്വാസികളായ ക്രൈസ്തവവിഭാഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ബാക്കിപത്രമായിരുന്നു. അടിച്ചമര്‍ത്തുന്ന ഭരണകൂടത്തെ താഴെയിറക്കാന്‍ തദ്ദേശീയ ജനത മുസ്‌ലിംസമൂഹത്തിന്റെ സഹായംതേടിയെന്നുമാത്രം. നീതിയും സമാധാനവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മുസ്‌ലിംഭരണം ഒരുപാട് തദ്ദേശീയരെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചുവെന്നത് വസ്തുതയാണ്. മുസ് ലിംകടന്നുവരവിന്റെ രണ്ടുനൂറ്റാണ്ടുകള്‍ക്കൊടുവില്‍ സ്പാനിഷ് ജനതയില്‍ ഏതാണ്ട് അമ്പതുലക്ഷത്തോളം വരുന്ന എണ്‍പത്ശതമാനവും ആളുകളും മുസ്‌ലിംകളായത് അങ്ങനെയായിരുന്നു.അതില്‍ ബഹുഭൂരിപക്ഷവും മനപരിവര്‍ത്തനംചെയ്തവരുമാണ്.

Topics