“തീര്‍ച്ചയായും നീ ഈ ദീനിന്റെ നവോത്ഥാനത്തിലും ഇജ്തിഹാദിലും നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഞാന്‍ കരുതുന്നു”. ഖറദാവിയുടെ വ്യക്തിത്വവികാസത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ മുഹമ്മദ് യൂസുഫ് മൂസയുടെ വാക്കുകള്‍ സത്യമായി പുലര്‍ന്നു. മുസ്ലിം ലോകത്തിനു മുമ്പില്‍ ഇസ്ലാമിന്റെ മിതത്വത്തേയും സഹിഷ്ണുതയെയും പ്രായോഗികമായി സമര്‍ത്ഥിച്ച അദ്ദേഹം സാമ്രാജ്യത്വ ശക്തികള്‍ക്ക് വെറുക്കപ്പെട്ടവനാണെങ്കിലും പാശ്ചാത്യ പൌരസ്ത്യ പണ്ഡിതര്‍ക്ക് അവശ്യം ആവശ്യമായ വ്യക്തിത്വമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ ഇസ്ലാമിക നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശകനായാണ് ഖറദാവി അറിയപ്പെടുന്നത്.
1926 സെപ്റ്റംബര്‍ 9 ന് ഈജിപ്തിലാണ് ഖറദാവിയുടെ ജനനം. പത്തു വയസ്സിനുള്ളില്‍ത്തന്നെ അദ്ദേഹം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ത്വന്‍ത്വയിലെ റിലീജ്യസ് ഇന്‍സ്റിറ്റ്യൂട്ടിലും കൈറോവിലെ കോളേജിലും പഠിച്ച ഖര്‍ദാവി അല്‍ അസ്ഹര്‍ സര്‍വകലാശാലയിലാണ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. 1953-ല്‍ ആലിയാ ബിരുദവും 1954-ല്‍ അറബി ഭാഷ ഇന്‍സ്റിറ്റ്യൂട്ടിലെ മാസ്റര്‍ ബിരുദവും കരസ്ഥമാക്കിയ ഖറദാവി 1958-ല്‍ ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും 1960-ല്‍ ഉലൂമുല്‍ ഖുര്‍ആനിലും സുന്നത്തിലും മാസ്റര്‍ ഡിഗ്രിയും നേടി. എന്നാല്‍ ഖറദാവിയിലെ ഉന്നത വ്യക്തിത്വത്തെ രൂപീകരിച്ചത് ഈ കേവല വിദ്യാര്‍ഥി ജീവിതമായിരുന്നില്ല. ഖറദാവിയുടെ വൈജ്ഞാനിക വ്യക്തിത്വ രൂപീകരണത്തെ ഡോ.സ്വലാഹ് സുല്‍ത്താന്‍ എന്‍സൈക്ളോപീഡിക്, സൈദ്ധാന്തികം, ഉല്‍ഗ്രഥനാത്മകം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഖുര്‍ആനും അതിന്റെ വിജ്ഞാനീയങ്ങളും, സുന്നത്തും അനുബന്ധ ജ്ഞാനങ്ങളും, അറബി ഭാഷയും സാഹിത്യവും, ഫിഖ്ഹും നിദാനങ്ങളും, ഇസ്ലാമിക ലോകത്തിന്റെയും ഇതര സമുദായങ്ങളുടെയും ചരിത്രം, ആധ്യാത്മിക തത്വചിന്താ വിജ്ഞാനീയങ്ങള്‍, സമ്പദ് ശാസ്ത്രം, പരിസ്ഥിതി തുടങ്ങിയവയില്‍ സമഗ്രവും സന്തുലിതവുമായ പഠനം അദ്ദേഹം നടത്തി. മേല്‍വിഷയങ്ങളിലെ ക്ളാസിക് കൃതികള്‍ തന്നെ വായിച്ചുപഠിച്ച ഖറദാവിക്ക് വിദ്യഭ്യാസരംഗത്ത് ഉയര്‍ന്ന സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞു. തന്റെ വിദ്യാര്‍ഥി കാലത്ത് ഇഖ്വാനുല്‍ മുസ്ലിമൂനില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഹസനുല്‍ ബന്ന, മുഹമ്മദ് ഗസ്സാലി എന്നീ പ്രാസ്ഥാനിക വ്യക്തിത്വങ്ങള്‍ക്കു പുറമേ സയ്യിദ് സാബിഖ്, മുഹമ്മദ് യൂസുഫ് മൂസ, മുഹമ്മദ് റന്‍തൂന്‍ തുടങ്ങിയവരുടെ ശിക്ഷണത്തിലൂടെയാണ് ഖറദാവി തന്റെ രീതിശാസ്ത്രം വികസിപ്പിച്ചത്. കര്‍മശാസ്ത്രത്തില്‍ മദ്ഹബീ പക്ഷപാതിത്തമില്ലാതെ നിലപാടെടുക്കാന്‍ അദ്ദേഹത്തെ പഠിപ്പിച്ചത് സയ്യിദ് സാബിഖാണെന്ന് സ്വലാഹ് സുല്‍ത്താന്‍ എഴുതിയിട്ടുണ്ട്. ഇമാം ബന്നയാണ് വൈജ്ഞാനിക വ്യക്തിത്വത്തോടൊപ്പം ഒരു സാമൂഹിക വ്യക്തിത്വത്തിന്റെ വളര്‍ച്ചക്ക് പ്രോത്സാഹിപ്പിച്ചത്. ഇത്തരം ശിക്ഷണങ്ങള്‍ വിവിധ വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കുന്നതോടൊപ്പം ആഗോളതലത്തില്‍ തന്നെ ഒരു നിര്‍ണായക വ്യക്തിത്വമായി വളരാന്‍ അദ്ദേഹത്തെ സഹായിച്ചു.
അസ്ഹര്‍ വിട്ട ശേഷം അദ്ദേഹം ഈജിപ്തിലെ വഖ്ഫ് കാര്യാലയത്തിലെ മതകാര്യ വകുപ്പ് അധ്യക്ഷനായി. പിന്നീട് അധ്യാപക ഗവേഷകനായി അസ്ഹറിലേക്ക് തിരിച്ച് പോകുകയും ചെയ്തു. നാസറിസ്റ് ഈജിപ്ത് വെറുത്ത ഖറദാവി ഖത്തറിലേക്ക് തിരിച്ചത് അദ്ദേഹത്തിലെ ഫഖീഹിന് കൂടുതല്‍ സ്വാതന്ത്യ്രം നല്‍കുകയായിരുന്നു. 1961-1973 കാലയളവില്‍ ഖത്തര്‍ റിലീജ്യസ് ഇന്‍സ്റിറ്റ്യൂട്ടിന്റെ തലവനായി സേവനമനുഷ്ഠിച്ച ഖറദാവി 1973ല്‍ തന്നെ തന്റെ മാസ്റര്‍ പീസായ ഫിഖ്ഹുസ്സകാത്ത് ഡോക്ടറേറ്റിന് സമര്‍പ്പിച്ചു. അതേ വര്‍ഷം ഖത്തര്‍ സര്‍വകലാശാലയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേര്‍തിരിച്ച് സ്ഥാപിക്കപ്പെട്ട കോളേജില്‍ മതകാര്യാധ്യക്ഷനായി നിയമിതനായി. 1977ല്‍ അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ സ്ഥാപിതമായ ശരീഅഃ കോളേജിന്റെ പ്രിന്‍സിപ്പലായി 1990വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ സുന്നത്ത് ഗവേഷണ കേന്ദ്രം ഡയറക്ടറാണ്.
ഇക്കാലയളവില്‍ത്തന്നെ നാല്‍പതോളം പുസ്തകങ്ങള്‍ എഴുതിയ ഖറദാവി ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഇസ്ലാമിക വ്യക്തിത്വമായി വളര്‍ന്നിരുന്നു. ആഗോള രാഷ്ട്രീയത്തിന്റെ മാറുന്ന പ്രവണതകളോട് കൃത്യമായി പ്രതികരിക്കാന്‍ ഖറദാവിക്ക് സാധിച്ചു. മുസ്ലിംകളുടെ മുഴുജീവിത മേഖലയിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ മുഫ്തിയാണ് ഖര്‍ദാവി. ലോക ഇസ്ലാമികവ്യക്തിത്വങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന അസ്സാം തമീമി പറയുന്നു:’ശൈഖ് ഖറദാവി ഒരു ഫത്വ പുറപ്പെടുവിച്ചാല്‍ അത് പിറ്റേന്ന് ലോകമെമ്പാടുമുള്ള സ്ഥലങ്ങളില്‍ സ്വാംശീകരിക്കപ്പെട്ടിരിക്കും. അദ്ദേഹത്തിന്റെ ഇന്‍തിഫാദ-ചാവേര്‍ അനുകൂല നിലപാട് മൊത്തം ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. ഫലസ്തീനില്‍ അതംഗീകരിച്ചതോടൊപ്പം മറ്റിടങ്ങളില്‍ അത് തെറ്റാണെന്നു പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ മിത നിലപാടിന് തെളിവാണ്. 2002 ല്‍ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയതും 2001 ല്‍ താലിബാന്റെ ബുദ്ധമതാക്രമണത്തിനെതിരെ ഫത്വ പറഞ്ഞതും അദ്ദേഹത്തെ കൂടുതല്‍ ചര്‍ച്ചാവിധേയനാക്കി.
2007 ജൂലൈ 14-ന് ഖറദാവിയുടെ ശിഷ്യന്മാരും സഹൃത്തുക്കളും സംഘടിപ്പിച്ച ‘ഖറദാവി സംഗമ’ത്തിലെ പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റെ വൈജ്ഞാനിക സമഗ്രതക്ക് തെളിവാണ്. ഖറദാവിയുടെ കര്‍മശാസ്ത്രം, ഖറദാവിയുടെ ഫത്വകള്‍, ഖറദാവിയും നിദാന ശാസ്ത്രവും, ഖറദാവിയും ഇജ്തിഹാദും, ഖറദാവിയും തഫ്സീറും, ഖറദാവിയും ഹദീസും, ഖറദാവിയും മുസ്ലിം ഉമ്മത്തിന്റെ പ്രശ്നങ്ങളും, ഖറദാവിയും പടിഞ്ഞാറും, ഖറദാവിയും മുസ്ലിം ന്യൂനപക്ഷവും, ഖറദാവിയും ഇസ്ലാമിക പ്രസ്ഥാനങ്ങളും, ഖറദാവിയും ഇസ്ലാമിക നവോത്ഥാനവും, ഖറദാവിയും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും, ഖറദാവിയും തീവ്രവാദവും, ഖറദാവിയും വാര്‍ത്താ മാധ്യമങ്ങളും, ഖറദാവിയും കാവ്യസാഹിത്യവും തുടങ്ങിയ തലക്കെട്ടുകളില്‍ ഗഹനമായ പ്രബന്ധങ്ങളാണ് സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ടത്.
ആഗോളവല്‍ക്കരണത്തിന്റെയും ഉത്തരാധുനികതയുടെയും മുമ്പില്‍ പകച്ചുനിന്ന സമുദായത്തെ മോഡേണിസത്തിന്റെയും യാഥാസ്ഥിതികതയുടെയും തീവ്രനിലപാടെടുക്കുന്നതില്‍നിന്ന് രക്ഷപ്പെടുത്തി ഇസ്ലാമികമായ സന്തുലിതത്വത്തിലേക്കെത്തിച്ച മുജദ്ദിദാണ് ഖറദാവി. അനായാസ കര്‍മശാസ്ത്രം (ഫിഖ്ഹുത്തൈസീര്‍), ന്യൂനപക്ഷകര്‍മശാസ്ത്രം (ഫിഖ്ഹുല്‍ അഖല്ലിയ്യ), സമതുലിതജ്ഞാനം (ഫിഖ്ഹുല്‍ മുവാസനാത്ത്), ലക്ഷ്യജ്ഞാനം (ഫിഖ്ഹുല്‍ മഖാസ്വിദ്), മുന്‍ഗണനാക്രമത്തിന്റെ കര്‍മ്മശാസ്ത്രം (ഫിഖ്ഹുല്‍ ഔലവിയ്യാത്ത്) തുടങ്ങിയ കാലിക പ്രസക്തമായ ഫിഖ്ഹീ ശാഖകള്‍ വികസിപ്പിച്ചെടുത്തത് ഖറദാവിയെ വ്യതിരിക്തനാക്കുന്നു. ഇസ്ലാമിക നവോത്ഥാനത്തിനുതകും വിധമുള്ള പരിശ്രമങ്ങള്‍ ഗ്രന്ഥരചനയിലൊതുങ്ങിയിട്ടില്ല. നൂതനമായ ഫിഖ്ഹീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒട്ടനവധി സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. Islam online എന്ന വെബ്സൈറ്റ് വളരെ പ്രസിദ്ധമാണ് European Council for Fiqh and Research, അന്താരാഷ്ട്ര പണ്ഡിതവേദി എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംരംഭങ്ങളാണ്.
കാര്‍ട്ടൂണ്‍ വിവാദത്തെത്തുടര്‍ന്നും മിഡ്ലീസ്റ് പ്രതിസന്ധിയോടനുബന്ധിച്ചും അദ്ദേഹം നടത്തിയ ബഹിഷ്കരണാഹ്വാനങ്ങള്‍ക്ക് ലോക മുസ്ലിം സമൂഹത്തില്‍ വലിയ സ്വീകരണംതന്നെ ലഭിച്ചു. മുസ്ലിം സമൂഹവും ഇസ്ലാമിക പ്രസ്ഥാനങ്ങളും ഖറദാവിയെ ‘ഇമാം’ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനു പറയാനുള്ളത് ഇതാണ്:” അല്ലാഹുവാണ, ഞാന്‍ ഇമാമല്ല, മറിച്ച് വിദ്യാര്‍ഥിയാണ്. സേനാനായകനല്ല, പടയാളിയാണ്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണ് ഞാന്‍”.
പ്രതിരോധത്തിന്റെയും ക്രിയാത്മകതയുടെയും രീതീശാസ്ത്രങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇസ്ലാമിക നവോത്ഥാന ശൈലി സ്വീകരിച്ച പ്രമുഖരില്‍ ഇവരെക്കൂടാതെ വേറെയുമുണ്ട് ചിലര്‍. ലബനാനിലെ ഫൈസല്‍ മൌലവി, അലി അല്‍ ഖുറദാഗി, ഡോ.സ്വലാഹ് സുല്‍ത്താന്‍ തുടങ്ങിയവര്‍ സമകാലിക ഫിഖ്ഹിന് അനുപമമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ ഇസ്ലാമിക വക്താവ് എന്ന നിലയില്‍ പാശ്ചാത്യര്‍ അംഗീകരിക്കുന്ന ഡോ.താരിഖ് റമദാന്‍ ഫഖീഹല്ലെങ്കിലും അവഗണിക്കാനാവാത്ത ധിഷണാശാലിയാണ്. പുതിയ ഗവേഷണ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഖുര്‍ശിദ് അഹ്മദിന്റെ സ്ഥാനം പകരം വെക്കാനാകാത്തതാണ്. ഇസ്ലാമിക ബാങ്കിങ്ങിന്റെ വികാസത്തില്‍ പങ്കുവഹിക്കുന്ന എഫ്. ആര്‍ ഫരീദിയെപ്പോലുള്ള സാമ്പത്തിക വിദഗ്ധരും ഇത്തരുണത്തില്‍ സ്മരിക്കപ്പെടേണ്ടതാണ്. ഇസ്ലാമിന്റെ അപ്രമാദിത്വത്തെ യാഥാര്‍ത്ഥ്യവല്‍ക്കരിച്ചുകൊണ്ടുള്ള ഈ മുന്നേറ്റം ഒരു ചങ്ങലയായി തുടരുമെന്നത് ഒരു പ്രകൃതി യാഥാര്‍ഥ്യമാണ്.
Add Comment