“ലോകത്താകമാനം പാശ്ചാത്യ ജനാധിപത്യം സൃഷ്ടിച്ച അനീതികള്‍ സവിസ്തരം പ്രതിപാദിക്കാന്‍ നമുക്ക് കഴിയുമെങ്കിലും അവയ്ക്ക് ഉത്തരവാദി ജനാധിപത്യ സംവിധാനമാണെന്നു പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഒന്നോ അതിലധികമോ വ്യക്തികളുടെ കൈകളില്‍ അധികാരം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കുക, സ്വാതന്ത്യ്രവും നിയമവാഴ്ചയും ജനായത്തഭരണവും സാക്ഷാത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജനാധിപത്യം കടന്നുവന്നത്. യഥാര്‍ത്ഥത്തില്‍ ഇവയത്രയും പ്രയോജനകരമായ ആശയമാണ്. പ്രശ്നം ജനാധിപത്യ സംവിധാനത്തെ ഗര്‍ഭം ധരിച്ച പാശ്ചാത്യ ഭൌതിക ചിന്തയുടേതാണ്. ജനാധിപത്യത്തിന് വ്യത്യസ്തമായ ഒരു പരിതസ്ഥിതിയില്‍ വേറിട്ട ഒരു ജീവിത ദര്‍ശനത്തിനുവേണ്ടി അഭിവൃദ്ധിപ്പെടാനും മെച്ചപ്പെട്ട ഫലങ്ങള്‍ പ്രദാനം ചെയ്യാനും സാധിക്കും”.
ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച ഗനൂശിയുടെ അവസാന ലേഖനങ്ങളിലൊന്നില്‍ നിന്നാണീ വരികള്‍. ഇമാം മൌദൂദിയും സയ്യിദ് ഖുത്വ്ബും ആധാരമിട്ട ഈ ദാര്‍ശനിക മുന്നേറ്റത്തിന്റെ ആവര്‍ത്തനമല്ല ഗനൂശി. മറിച്ച് ഇമാം ശാത്വിബി മുവാഫഖാത്തില്‍ അവതരിപ്പിച്ച നിദാനശാസ്ത്രനിയമ (ഖാഇദഃ ഫിഖ്ഹിയ്യഃ) ങ്ങളുടെ നൂതന സാധ്യതകളെ പ്രായോഗികമായും വൈജ്ഞാനികമായും സമര്‍ത്ഥിച്ച നവോത്ഥാന നേതാവ് തന്നെയാണ് ഗനൂശി. ഇസ്ലാമിക ഗവണ്‍മെന്റിലേക്കുള്ള മുന്നേറ്റത്തിന്റെ രീതിശാസ്ത്രം രചിക്കുന്നതില്‍ ഹസന്‍ തുറാബിയുടേതിന് തുല്യമോ കൂടുതലോ ആയ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയ സാന്നിധ്യമാണ് ഇപ്പോള്‍ ലണ്ടനില്‍ രാഷ്ട്രീയ അഭയാര്‍ഥിയായ (ജീഹശശേരമഹ ഋഃരശഹല) ഗനൂശി. രൂപീകരിച്ച് മൂന്നുവര്‍ഷം തികയുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ സംഘടനയായ ‘അന്നഹ്ദ’ നിരോധിക്കപ്പെട്ടത് സാമ്രാജ്യത്വ സില്‍ബന്ധികളായ ടുണീഷ്യന്‍ സര്‍ക്കാരിന് എത്രത്തോളം വലിയ ഭീഷണിയാണ് അദ്ദേഹം എന്നതിന്റെ തെളിവാണ്. ‘ഭരണക്രമത്തില്‍ ഇസ്ലാമിക പങ്കാളിത്തം’ എന്ന അദ്ദേഹത്തിന്റെ ലേഖനം വളരെ ശ്രദ്ധേയമായതാണ്. നിരന്തരമായ വൈജ്ഞാനിക സംഭാവനകളാല്‍ ഇന്നും ഇസ്ലാമിക ലോകത്ത് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഗനൂശിയുടെ ജീവിതം സംഭവബഹുലമാണ്.
1941 ജൂണ്‍ 22ന് ടുണിഷ്യയിലെ അപരിഷ്കൃത ഗ്രാമത്തിലാണ് ഗനൂശിയുടെ ജനനം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമേറിയ കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ശൈശവം കടന്നു പോയത്. ചെറുപ്പത്തിലേ ഖുര്‍ആന്‍ മന:പ്പാഠമാക്കിയ ഗനൂശി ആ കര്‍ഷകഗ്രാമത്തിന്റെ സകല നിഷ്കളങ്കതയും സ്വാംശീകരിച്ചുകൊണ്ടാണ് വളര്‍ന്നത്. എങ്കിലും ബാലനായിരിക്കെത്തന്നെ അമ്മാവനിലൂടെയും തന്റെ തന്നെ അനുഭവത്തിലൂടെയും ഫ്രഞ്ച് സാമ്രാജ്യത്തത്തെ ഗനൂശി മനസ്സിലാക്കുകയായിരുന്നു. എന്നാല്‍, ഇഖ്വാനുമായി ചേര്‍ന്നുള്ള ഇംഗ്ളീഷ് വിരുദ്ധ പോരാട്ടത്തിലൂടെ ഇസ്ലാമിക ലോകത്ത് താരപദവി ലഭിച്ച അഹ്മദ് ബുര്‍ഗീബയുടെ അനുയായിയായിരുന്നു അദ്ദേഹത്തിന്റെ അമ്മാവന്‍. ബുര്‍ഗീബയുടെ നാഷണല്‍ ലിബറേഷന്‍ മൂവ്മെന്റിന്റെ പോരാട്ടങ്ങള്‍ക്കും രക്തസാക്ഷ്യങ്ങള്‍ക്കും സ്കൂള്‍ കാലഘട്ടത്തില്‍ ഗനൂശി സാക്ഷിയായിരുന്നു. ഇക്കാരണങ്ങളാല്‍ത്തന്നെ സ്വാതന്ത്യ്രാനന്തരം നാസറിസത്തിന്റെ വക്താവായ ബുര്‍ഗീബയുടെ പാശ്ചാത്യാനുകൂല മതേതരകാഴ്ച്ചപ്പാടില്‍ തെറ്റുണ്ടെന്നു കണ്ടെത്താന്‍ ഗനൂശിയിലെ യുവാവിനായില്ല.
സോവിയറ്റിനൊപ്പം അറബികളുടെയും പിന്തുണ ഉറപ്പുവരുത്തുന്നതിനായി ജമാല്‍ അബ്ദുന്നാസര്‍ രൂപം കൊടുത്ത അറബ് സോഷ്യലിസ്റ് യൂണിയന്‍ ഗനൂശിയുടെ തലമുറയുടെ ഹരമായിരുന്നു. നാസറിസത്തോടുള്ള അമിതാരാധനയും ടുണീഷ്യയില്‍ തനിക്ക് ലഭിച്ച അധ്യാപന തൊഴിലിലെ അസംതൃപ്തിയും കൈറോവിലേക്ക് കടക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബുര്‍ഗീബയും നാസറും പിണക്കത്തിലായിരിക്കെയായിരുന്നു ഈ കുടിയേറ്റം. ഈജിപ്തിലെ ദിനങ്ങള്‍ അബ്ദുന്നാസറിന്റെ തനിമുഖം ഗനൂശിക്ക് വ്യക്തമാക്കിക്കൊടുത്തു. പിന്നീട് സിറിയയിലേക്ക് പോകാനുള്ള ഗനൂശിയുടെ തീരുമാനം അദ്ദേഹത്തിന്റെയും ഇസ്ലാമിക ലോകത്തിന്റെയും ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. 1958ല്‍ നടന്ന ജമാല്‍ അബ്ദുന്നാസര്‍-സിറിയ ഐക്യപ്രഖ്യാപനം 1961 സെപ്റ്റംബറില്‍ തകരുന്ന പശ്ചാത്തലത്തിലാണ് ഗനൂശി ഡമസ്കസിലേക്ക് എത്തുന്നത്. സിറിയയിലും പക്ഷേ, തന്റെ നാസര്‍ വിരുദ്ധതയോടൊപ്പം തന്നെ നാസറിസ്റ് കക്ഷികളുടെ കൂടെ ഗനൂശി ചെലവഴിച്ചു. 1964-68 കാലത്ത് ഡമസ്കസ് സര്‍വകലാശാലയില്‍ പഠനത്തിനെത്തിയ ഗനൂശിയുടെ ചിന്തകള്‍ തകിടം മറിഞ്ഞു. അവിടത്തെ സംവാദാത്മക പശ്ചാത്തലത്തില്‍ നാസറിസത്തിനും ബഅ്സിസത്തിനും ഒപ്പം സ്വകാര്യ പൊതുജീവിതത്തിന്റെ ഇസ്ലാമീകരണത്തില്‍ നിലയുറപ്പിച്ച ഇസ്ലാമിസ്റ് മൂന്നാം ചേരിയും സജീവമായിരുന്നു. സര്‍വകലാശാലയിലെ പ്രിന്‍സിപ്പലായ ഇഖ്വാനി ആദില്‍ സ്വാലിഹിന്റെയും മുസ്തഫസ്സിബാഇയുടെയും സഹവര്‍ത്തിത്തത്തിലൂടെ ഗനൂശി മുസ്ലിമായി (ഇസ്ലാമിസ്റെന്ന പ്രയോഗം തെറ്റ്) മാറുകയായിരുന്നു. 1965ല്‍ ഏഴുമാസക്കാലം നീണ്ട തന്റെ യൂറോപ്യന്‍ പര്യടനത്തിലൂടെ പാശ്ചാത്യ സംസ്കാരത്തിന്റെ പൊള്ളത്തരം ഗനൂശിക്ക് കൂടുതല്‍ ബോധ്യമായി. ഡമസ്കസില്‍ തിരിച്ചെത്തിയ ഗനൂശി സോഷ്യലിസ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇസ്ലാമിന്റെ പ്രത്യയശാസ്ത്ര മുഖം സംവാദങ്ങളാക്കാന്‍ അദ്ദേഹം ശ്രമിച്ചു. അദീബ് സ്വലാഹ്, ശൈഖ് സഈദ് റമദാന്‍ ബൂത്വി, ജൌദത്ത് സഈദ് തുടങ്ങിയവരുമായുള്ള ബന്ധം അദ്ദഹത്തെ ഇസ്ലാമിലേക്കടുപ്പിച്ചു. പരമ്പരാഗത ഇസ്ലാമിന്റെ മരവിപ്പാണ് തന്നെ അതില്‍ നിന്ന് അകറ്റിയതെന്നും സമഗ്രമായ ഇസ്ലാമിന്റെ സാധ്യതകള്‍ അനന്തമാണെന്നും അദ്ദേഹം മനസ്സിലാക്കി. ശേഷം നാസറുദ്ദീന്‍ അല്‍ബാനിയുടെ നിര്‍ദ്ദേശപ്രകാരം പാരീസിലേക്ക് തത്വശാസ്ത്രത്തിലെ ഉപരിപഠനത്തിനായി തിരിച്ചു. അവിടെ ഒരു തബ്ലീഗ് ഗ്രൂപ്പുമായി ചേര്‍ന്ന് തന്റെ സ്വത്വസംരക്ഷണത്തിനും പ്രാസ്ഥാനിക വളര്‍ച്ചക്കും അവസരം കണ്ടെത്തി. അങ്ങനെ മാസ്റേഴ്സ് ഡിഗ്രിക്കുള്ള തിസീസ് തയ്യാറാക്കിക്കൊണ്ടിരിക്കെ അദ്ദേഹത്തെ ജ്യേഷ്ഠന്‍ ടുണീഷ്യയിലേക്ക് തിരിച്ചു വിളിച്ചു. ടുണീഷ്യയില്‍ 1969ല്‍ ഫിലോസഫി അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹത്തിന് സര്‍വകലാശാലക്കകത്തും തബ്ലീഗ് ഗ്രൂപ്പുമായി ബന്ധം പുലര്‍ത്താന്‍ സാധിച്ചു. അവിടെ വെച്ച് അബ്ദുല്‍ ഫത്താഹ് മോറോയെ പരിചയപ്പെട്ട അദ്ദേഹം ആ കൂട്ടായ്മയിലൂടെ ടുണീഷ്യയെ ഇളക്കിമറിക്കുകയും തന്റെ വിപ്രവാസത്തിന് കാരണമായ ഇസ്ലാമിക് ട്രെന്റ് മൂവ്മെന്റിനും അന്നഹ്ദക്കും തിരികൊളുത്തുകയും ചെയ്തു.
ഫിഖ്ഹുല്‍ മുവാസനാത്തിന്റെ സാധ്യതകള്‍ ഇസ്ലാമിക ലോകത്ത് പ്രായോഗികമാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ഗനൂശി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ തലക്കെട്ടുകള്‍ മാത്രം പരിശോധിച്ചാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ ചിന്തക്ക് പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാം.
1981 ല്‍ സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പതിനൊന്ന് വര്‍ഷം തടവിന് വിധിക്കപ്പെട്ട ഗനൂശി 1984 ല്‍ പുറത്തിറങ്ങി. അതേവര്‍ഷം തന്നെ ശരീഅ ഫാക്കല്‍റ്റിയുടെ മുഫ്തി സ്ഥാനം അലങ്കരിച്ച അദ്ദേഹത്തിന്റെ ഡോക്ടറല്‍ തിസീസ്-തടവുജീവിതം അത് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല-‘ഇസ്ലാമിക സ്റേറ്റിലെ പൊതു സ്വാതന്ത്യ്രം’ എന്ന തലക്കെട്ടിലായിരുന്നു. 1987ല്‍ ജീവപര്യന്തത്തിന് വിധിക്കപ്പെട്ട അദ്ദേഹം 1988 ല്‍ മോചിതനായി. അസ്സാം തമീമിയെപ്പോലുള്ള പലരും തങ്ങളുടെ ഡോക്ടറല്‍ തിസീസുകള്‍ തയ്യാറാക്കിയിരുന്നത് ഗനൂശിയുടെ ചിന്തകളെക്കുറിച്ചാണ്. ഇംഗ്ളീഷ്, ഫ്രഞ്ച്, തുര്‍ക്കിഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ ലഭ്യമായിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികള്‍: Public freedom in the islamic state, We and the West, Reapproachment in the secular and civil society, The Islamic movement and issue of change, The Palastinian issue crossroads between paths, Women between Quran and reality of Muslims, Citizenship right in the islamic state, The diffrence right and duty to unity.
Add Comment