അമേരിക്കയിലോ യൂറോപ്പിലോ താമസിക്കുന്ന ആഫ്രിക്കന്‍ വംശജനായ മുസ്‌ലിമിന് എന്നും നേരിടേണ്ടിവരുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്. ‘താങ്കള്‍ മുസ്‌ലിമാണോ’, ‘ജനിച്ചത് മുസ്‌ലിംകുടുംബത്തിലാണോ?’ തുടങ്ങി ‘ആഫ്രിക്കക്കാരനായ ഒരു മുസ്‌ലിമിനെ ആദ്യമായാണ് കാണുന്നത് ‘ എന്നിങ്ങനെയെല്ലാം പല സ്വഭാവത്തിലുള്ളവയായിരിക്കും അതെല്ലാം. യൂറോപ്യന്‍ മുസ്‌ലിംകളാകട്ടെ, ചൊവ്വാ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തുന്ന ആളുടെ മനോവികാരത്തോടെ ആഫ്രിക്കയില്‍ മുസ്‌ലിംകള്‍ അപൂര്‍വമാണ് എന്ന മുന്‍വിധി പ്രകടിപ്പിക്കുന്നു. ആഫ്രിക്ക അപരിഷ്‌കൃതരുടെയും അവിശ്വാസികളുടെയും മാത്രം നാടാണെന്ന കാഴ്ചപ്പാടാണ് അധികപേര്‍ക്കുമുള്ളതെന്ന് ചുരുക്കം.
ആഫ്രിക്കന്‍ മുസ്‌ലിംരാജാവായ മന്‍സ മൂസായെക്കുറിച്ച് കേട്ടിട്ടുള്ള ആളുകളൊക്കെയാണ് ഇത്തരത്തില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നതെന്നതാണ് അത്ഭുതകരം. ഇസ്‌ലാം പൗരാണികമതമാണെന്നും അത് പൗരാണികദേശത്ത് ഉള്ളതാണെന്നുമുള്ള വസ്തുതയെ സമ്മേളിപ്പിക്കാന്‍ എന്തുകൊണ്ട് അവര്‍ക്ക് കഴിയുന്നില്ല. അമേരിക്കയില്‍ സ്വാതന്ത്ര്യത്തിനായി ആഭ്യന്തരകലാപം കൊടുമ്പിരികൊണ്ട സമയത്ത് മുസ്‌ലിം കുലനാമമുള്ള 300 ഓളം കറുത്തവര്‍ഗക്കാരായ അടിമകള്‍ ഉണ്ടായിരുന്നുവെന്ന് അക്കാലത്തെ സെന്‍സസ് റിപോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നുണ്ട്.
പത്താംനൂറ്റാണ്ടിലാണ് ഇസ്‌ലാം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എത്തുന്നത്. വ്യാപാരികളായ പൂര്‍വപിതാക്കളിലൂടെയാണ് മാലി, സെനഗല്‍,ഐവറി കോസ്റ്റ് തുടങ്ങിയ നാടുകളില്‍ ഇസ്‌ലാം കടന്നുവരുന്നത്. വര്‍ത്തകസമൂഹവുമായി ഇസ്‌ലാമിന് അത്യസാധാരണമായ ബന്ധമുണ്ടായിരുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഉസ്മാനിയാഖിലാഫത്തിന്റെ കാലത്ത് യൂറോപ്പിലേക്കും പതിനാറാംനൂറ്റാണ്ടില്‍ സ്‌പെയിനില്‍നിന്ന് പുറത്താക്കപ്പെട്ട മുസ്‌ലിംകളിലൂടെയും, അറ്റ്‌ലാന്റിക് തീരത്തെ അടിമകളിലൂടെയും അമേരിക്കയിലേക്കും ഇസ്‌ലാമെത്തുന്നതിന് എത്രയോമുമ്പുതന്നെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഇസ്‌ലാം എത്തിയിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയില്‍ ഇസ്‌ലാമിനെ പ്രചരിപ്പിച്ചവരില്‍ പെട്ട ആഫ്രിക്കന്‍വംശജരില്‍ പ്രമുഖരാണ് ബിലാലി മുഹമ്മദ്, അയ്യൂബ് ജോബ് ഡെല്ലോ, യാരൊ മഹ്മൂദ്, അബ്ദുര്‍റഹ്മാന്‍ ഇബ്‌റാഹിം ഇബ്‌നു സുരി, ഉമറുബ്‌നു സയ്യിദ്, സാലി ബിലാലി.
ബിലാലി മുഹമ്മദ്
ഇന്ന് ഗ്വിനിയ, സിയറലിയോണ്‍ എന്ന് അറിയപ്പെടുന്ന പ്രദേശത്താണ് 1770 ല്‍ ബിലാലി ജനിക്കുന്നത്. ജനസമൂഹത്തില്‍ പ്രബലരായി അറിയപ്പെടുന്ന ഫുലാനി ഗോത്രക്കാരനാണ് അദ്ദേഹം. ചെറുപ്പത്തില്‍തന്നെ അറബി, ഖുര്‍ആന്‍, ഹദീസ്, ശരീഅ എന്നിവയില്‍ അദ്ദേഹം വിദ്യാഭ്യാസം നേടി. അറിവുണ്ടായിരുന്നതുകൊണ്ട് അടിമസമൂഹത്തില്‍ ഉയര്‍ന്ന പദവിയും ആദരവും അദ്ദേഹം നേടിയെടുത്തു. മാലികി മദ്ഹബിന്റെ നിയമങ്ങളെ ക്രോഡീകരിച്ചുകൊണ്ട് 13 പേജുള്ള ‘ബിലാലി ഡോക്യുമെന്റ് ‘ എന്ന പേരിലുള്ള ഒരു കയ്യെഴുത്ത് പ്രതി തന്റെ മരണത്തിനുമുമ്പ് കൂട്ടുകാരന് സമ്മാനിക്കുകയുണ്ടായി. കെയ്‌റോയിലെ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കുന്നതുവരെ അത് ഡയറിയാണെന്നായിരുന്നു ഏവരുടെയും ധാരണ.
അയ്യൂബ് ജോബ് ഡെല്ലോ
സെനഗലിലെ ഫുല്‍ബി എന്ന ഏറെ ആദരിക്കപ്പെട്ട ഒരു മുസ്‌ലിംകുടുംബത്തിലാണ് അയ്യൂബ് ജോബ് ഡെല്ലോ ജനിച്ചത്. അദ്ദേഹം ജോബ് ബിന്‍ സോളമന്‍ എന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്. ഏതാനുംവര്‍ഷങ്ങള്‍ അമേരിക്കയിലെ മേരിലാന്റില്‍ അടിമയായിക്കഴിഞ്ഞ നാളുകളിലെ അനുഭവങ്ങള്‍ അദ്ദേഹം ഓര്‍മക്കുറിപ്പെന്നോണം രേഖപ്പെടുത്തിയിട്ടുണ്ട്. ആശയക്കുഴപ്പം നിമിത്തം അടിമച്ചന്തയില്‍ വില്‍ക്കപ്പെട്ട അദ്ദേഹം ഏറ്റവുമൊടുവില്‍ അതില്‍നിന്നെല്ലാം വിമോചിതനായി സെനഗലിലെ തന്റെ പുരാതനകുടുംബത്തില്‍ തിരിച്ചെത്തുകയായിരുന്നു.
യാരൊ മഹ്മൂദ്
1736 ല്‍ ഗ്വിനിയയില്‍ ജനിച്ച യാരൊ മഹ്മൂദ് 1823 ല്‍ മരണപ്പെടുംവരെ സ്വതന്ത്രമനുഷ്യനായിരുന്നു. തന്റെ സഹോദരിയോടൊപ്പം പതിനാലാംവയസ്സിലാണ് മേരിലാന്റില്‍ അദ്ദേഹം എത്തിപ്പെട്ടത്. അറബിഭാഷ അറിയാമായിരുന്ന അദ്ദേഹം തന്റെ മരണംവരെ പരസ്യമായി ഇസ്‌ലാമികാനുഷ്ഠാനങ്ങള്‍ മുറുകെപ്പിടിച്ച് മുസ്‌ലിമായാണ് ജീവിച്ചത്.
അബ്ദുര്‍റഹ്മാന്‍ ഇബ്‌റാഹീം ഇബ്‌നു സുരി
അടിമകള്‍ക്കിടയിലെ രാജകുമാരന്‍ എന്ന വിശേഷണമുണ്ടായിരുന്ന അബ്ദുര്‍റഹ്മാന്‍ ഇബ്‌റാഹീം ഇബ്‌നുസുരി ഗ്വിനിയയിലാണ് ജനിച്ചത്. ടിംബോ ഗ്രാമത്തിലെ രാജാവായിരുന്ന സുരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ കരസേനാ തലവനായിരുന്നു. ശത്രു ആക്രമണത്തെത്തുടര്‍ന്ന് മിസ്സിസിപ്പിയിലെ തോമാസ് ഫോസ്റ്റര്‍ എന്ന അടിമക്കച്ചവടക്കാരന്റെ കയ്യിലെത്തിപ്പെടുകയായിരുന്നു. വിവാഹിതനായ അബ്ദുര്‍റഹ് മാന് അതില്‍ സന്താനങ്ങളുണ്ടായി. നാല്‍പത് വര്‍ഷം കഴിഞ്ഞാണ് അടിമത്തത്തില്‍നിന്ന് മോചിതനായത്. തിരികെ ഗ്വിനിയയിലെത്താനുള്ള യാത്രക്കിടെ അന്ത്യം സംഭവിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ തന്റെ കുടുംബത്തിന് എഴുതിയ കത്ത് മൊറോക്കോയിലെ സുല്‍ത്താനായ അബ്ദുര്‍റഹ്മാന്റെ കയ്യിലെത്തിപ്പെട്ടു. അദ്ദേഹം ദയനീയാവസ്ഥ മനസ്സിലാക്കി അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോണ്‍ ക്വിന്‍സി ആഡംസിന് പരാതിനല്‍കിയതോടെയാണ് ഇബ്‌നുസുരിയുടെ മോചനമുണ്ടായത്.
ഉമറുബ്‌നു സയ്യിദ്
1770 ല്‍ സെനഗലിലെ ഫൂട്ടാ ടോറോ എന്ന ഗ്രാമത്തിലാണ് ഉമറുബ്‌നു സയ്യിദ് ജനിച്ചത്. 1807 ല്‍ അടിമയാക്കപ്പെട്ട അദ്ദേഹം ചില റിപോര്‍ട്ടുകളനുസരിച്ച് ഉമര്‍ മോറിയോ, പ്രിന്‍സ് ഉമറോ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം ക്രിസ്ത്യാനിയായെന്ന് കിംവദന്തിയുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പറയപ്പെട്ടതിന്റെയും അപ്പുറത്തായിരുന്നു കാര്യങ്ങള്‍. അതെന്തായാലും ഗണിതശാസ്ത്രം മുതല്‍ ദൈവശാസ്ത്രമടക്കം എല്ലാറ്റിലും പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം അറബിയില്‍ ഏതാനും കൃതികള്‍ രചിച്ചിട്ടുണ്ട്.
സാലി ബിലാലി
മാലിയില്‍ ജനിച്ച സാലി ബിലാലി 1782 ലാണ് അടിമയാക്കപ്പെട്ടത്. അടിമത്തത്തിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബോളിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിവരണം അനുസരിച്ച് ശഹാദത്തുകലിമ മന്ത്രിച്ചുകൊണ്ടായിരുന്നുവത്രെ അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍പെട്ട ആളാണ് ചികാഗോ ഡിഫന്റര്‍ വാരികയുടെ സ്ഥാപകനായ റോബര്‍ട്ട് അബ്ബട്ട്.
Add Comment