കര്‍മ്മശാസ്ത്രം-ഫത്‌വ

മുസ്‌ലിം വനിതകളുടെ വസ്ത്രധാരണരീതി എങ്ങനെയായിരിക്കണം ?

ചോ:പുരുഷന്‍മാരുടെയും മുസ്‌ലിം വനിതകളുടെയും പരസമുദായ സ്ത്രീകളുടെയും മുന്നില്‍ വിശ്വാസിനി സ്വീകരിക്കേണ്ട വസ്ത്രധാരണരീതി വിശദീകരിക്കാമോ ?

——————

ഉത്തരം: സ്ത്രീയുടെ അന്തസ്സും അഭിമാനവും സുരക്ഷിതത്വവും പരിരക്ഷിക്കപ്പെടുകയെന്ന ഉദ്ദേശ്യത്തിലാണ് ഇസ്‌ലാം ശരീരം മറയ്ക്കാന്‍ അവളോട് ആവശ്യപ്പെടുന്നത്. അതിനാല്‍ തന്നെ അധാര്‍മികതയിലേക്ക് പ്രലോഭിതമാകുന്നതിന്റെ സാഹചര്യത്തെ പരിഗണിച്ചാണ് വസ്ത്രധാരണത്തിലെ ഇസ്‌ലാമിന്റെ തദ്‌സംബന്ധിയായ കാര്‍ക്കശ്യം ഉള്ളത്. വിശദമായി പറഞ്ഞാല്‍ അവളുടെ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ കര്‍ശനമായ വസ്ത്രധാരണവും സുരക്ഷാഭീഷണി ഇല്ലാതിരിക്കുമ്പോള്‍ അക്കാര്യത്തിലുള്ള ചട്ടം ഉദാരവുമാണ്.

അപരിചിതരായ ആണുങ്ങളുടെ( രക്തബന്ധമോ,വിവാഹബന്ധമോ, മുലകുടിബന്ധമോ ഇല്ലാത്തവരില്‍ പെടുന്നവര്‍)സാന്നിധ്യത്തില്‍ വിശ്വാസിനി തന്റെ ശരീരത്തിലെ മുഖവും മുന്‍കയ്യും ഒഴികെയുള്ള എല്ലാ ഭാഗങ്ങളും മറക്കേണ്ടതാണെന്ന് പണ്ഡിതര്‍ ഏകാഭിപ്രായം പുലര്‍ത്തിയിരിക്കുന്നു.

എന്നാല്‍ മഹ്‌റമുകളായ (രക്തബന്ധം, വിവാഹം-മുലകുടി ബന്ധം എന്നിവയിലൂടെ വിവാഹംനിഷിദ്ധമാക്കപ്പെട്ടവര്‍)ആണുങ്ങളുടെ അടുത്ത് കര്‍ശനമായ വസ്ത്രധാരണനിബന്ധനകള്‍ ഇല്ല. അതായത് തല, മുഖം, കൈകള്‍, കഴുത്ത്, കാല്‍പാദം തുടങ്ങിയവ അവരുടെ മുമ്പില്‍ വെളിവാകുന്നതിന് കുഴപ്പമില്ലെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നു.

സ്ത്രീകളുടെ അടുത്തായിരിക്കുമ്പോള്‍ വിശ്വാസിനിയുടെ വസ്ത്രധാരണം എവ്വിധമായിരിക്കണമെന്നതില്‍ രണ്ടുവീക്ഷണമുണ്ട്. ഒന്ന് ഉദാരമാണെങ്കില്‍ മറ്റേത് സ്വല്‍പം കര്‍ക്കശമാണ്.മാലികി, ഹന്‍ബലി മദ്ഹബിലെ പണ്ഡിതരുടെ വീക്ഷണപ്രകാരം കാല്‍മുട്ട്-പൊക്കിളിനിടയിലുള്ള ഭാഗം മാത്രമേ വിശ്വാസിനികള്‍ക്ക് നിര്‍ബന്ധമായി മറയ്‌ക്കേണ്ടതുള്ളൂ. ആ സ്ത്രീ സമൂഹം വിശ്വാസികളോ -അവിശ്വാസികളോ ആണെന്നത് പരിഗണിക്കുന്നില്ല.

എന്നാല്‍ ശാഫിഈ-ഹനഫീ പണ്ഡിതരുടെ വീക്ഷണപ്രകാരം ദൈനംദിനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീകരിച്ചിരിക്കുന്ന വസ്ത്രധാരണം  നിര്‍ബന്ധമാണ്. അതായത്, വിശ്വാസിനി മുഖവും കൈയ്യും കാലും ഒഴികെയുള്ള ഭാഗങ്ങള്‍ മറച്ചിരിക്കണമെന്ന് സാരം.

മേല്‍പറഞ്ഞ രീതിയിലുള്ള രണ്ട് അഭിപ്രായങ്ങള്‍ക്ക് വഴിതെളിച്ചത് ഖുര്‍ആന്‍ സൂക്തത്തെ വ്യാഖ്യാനിച്ച രീതിയാണ്. ‘നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, അവരുടെ(തങ്ങളുമായി ഇടപഴകുന്ന) സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌െ്രെതണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്.'(അന്നൂര്‍ 31)മാലികി -ഹന്‍ബലി ചിന്താധാരയിലെ പണ്ഡിതന്‍മാര്‍ ‘അവരുടെ സ്ത്രീകള്‍’ എന്നതില്‍ അവിശ്വാസിസമൂഹത്തിലെ സ്ത്രീകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു.  അതേസമയം ശാഫിഈ -ഹനഫീ പണ്ഡിതന്‍മാര്‍ അതില്‍ വിശ്വാസിനികളായ വനിതകളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ട് പരസമുദായസ്ത്രീകളുടെ മുന്നില്‍ കര്‍ശനമായ വസ്ത്രധാരണം അവര്‍ നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ ഈ അവസാനംപറഞ്ഞ നിര്‍ദ്ദേശം അല്‍പം കര്‍ക്കശമായിപ്പോയില്ലേ എന്നാണ് നമുക്ക് തോന്നുന്നത്. അത്തരം വസ്ത്രധാരണത്തിന് കൃത്യമായ കാരണം നമുക്ക് ബോധ്യപ്പെട്ടിട്ടില്ല. മുഹമ്മദ് നബിയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഭാര്യമാരെ കാണാനും സംസാരിക്കാനും ജൂത-ക്രൈസ്തവസ്ത്രീകളും വിശ്വാസിനികളെപ്പോലെത്തന്നെ വന്നിട്ടുണ്ട്. അപ്പോഴൊക്കെ വ്യത്യസ്തമായ വസ്ത്രധാരണരീതി പ്രവാചകന്‍ ഭാര്യമാരോട് നിര്‍ദേശിച്ചതായി എവിടെയും പരാമര്‍ശിക്കുന്നില്ല. എന്നല്ല, അത്തരം വേഷം അനിവാര്യമായിരുന്നെങ്കില്‍ ്അതെപ്പറ്റി ക്യത്യമായും വ്യക്തമായും പ്രവാചകന്‍ സൂചിപ്പിക്കാതെ വിടുമായിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ മാലികി-ഹന്‍ബലി വീക്ഷണം സാഹചര്യത്തോട് പൊരുത്തപ്പെടുന്നതായും ശരീഅത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതായും മനസ്സിലാകുന്നു.

സാധാരണസാഹചര്യത്തില്‍ സാധാരണമായ വസ്ത്രധാരണവും അതേസമയം, അധാര്‍മികതയ്ക്ക വഴിതെളിയുമെന്ന് കണ്ടാല്‍ വേണ്ട മുന്‍കരുതലെന്ന നിലയില്‍ മുഖവും മുന്‍കയ്യും മറയ്ക്കുംവിധമുള്ള വസ്ത്രധാരണവും ശരീഅത് കല്‍പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസിനി തന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കാന്‍ മതിയായ വസ്ത്രധാരണരീതി കൈക്കൊള്ളേണ്ടതാണ്.

 

Topics