കര്‍മ്മശാസ്ത്രം-ഫത്‌വ

ഏത് മദ്ഹബ് സ്വീകരിക്കണം?

മദ്ഹബിന്റെ നാല് ഇമാമുമാരില്‍ ആരെയെങ്കിലും പിന്‍പറ്റല്‍ അനിവാര്യമാണെന്ന് ചിലര്‍ പറയുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇജ്തിഹാദ് ചെയ്ത് ശരിയായ അഭിപ്രായത്തിലെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ. മാത്രമല്ല ഇതിനാല്‍ ദീനുല്‍ ഇസ്‌ലാം എല്ലാവര്‍ക്കും വളരെ എളുപ്പമാവുകയും ചെയ്യും.

ഇതെല്ലാംമുന്നില്‍വെച്ച് നോക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളാണ് കൂടുതല്‍ ശരിഎന്നു തോന്നിപ്പോകുന്നു. ഈ വിഷയത്തില്‍ ഞാന്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത് ?

ഏതെങ്കിലും ഒരു മദ്ഹബിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനോ അതിന്റെ വക്താവ് ആകുന്നതിനോ താങ്കള്‍ക്ക് അനുവാദവുണ്ട്. ഹനഫിയോ ശാഫിഇയോ മാലികിയോ ഹന്‍ബലിയോ ദാഹിരിയോ ഔസാഇ തുടങ്ങി  ഏതു മദ്ഹബുവേണമെങ്കിലും സ്വീകരിക്കാം. എന്നാല്‍ വിശുദ്ധ ഖുര്‍ആനും സുന്നത്തും വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്ക് എതിരായി വന്നാല്‍ ഖുര്‍ആനും സുന്നത്തുമേ സ്വീകരിക്കാന്‍ പാടുള്ളൂ.

അല്ലാഹുവിനെ ആരാധിക്കാനും അവന്റെ ദൂതനെ പിന്‍പറ്റാനുമാണ് അല്ലാഹു നമ്മെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കണം എന്ന് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന കാര്യമാണ്.

അന്ത്യനാളില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ട ഒരു ചോദ്യമുണ്ട്: ‘അല്ലാഹുവിന്റെ പ്രവാചകന്റെ വിളിയോട് നാം എങ്ങനെ പ്രതികരിച്ചു’വെന്ന്. അല്ലാഹുവിന്റെ പ്രവാചകന്  ഇറക്കിയ വെളിപാടുകളെ പിന്‍പറ്റാനാണ് അവന്റെ ആഹ്വാനം. (സൂറഃ അഅ്‌റാഫ് 3)

നാല് ഇമാമുകളും വളരെ ഊന്നിപ്പറഞ്ഞ കാര്യം തങ്ങളെ അനുകരിക്കരുത് എന്നാണ്. പ്രസ്തുത ഇമാമുമാര്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും ഏതുമാര്‍ഗങ്ങള്‍ അവലംബിച്ചുവോ അവയെതന്നെ വിശ്വാസികളും അവലംബിക്കണമെന്നാണ് അവരുടെ  ഉത്തരവ്.

അതിനാല്‍ ഏതെങ്കിലും ഇമാമിന്റെ അഭിപ്രായത്തോടു ഒരു ഹദീസ് യോജിക്കാതെ വന്നാല്‍ ആ ഇമാമിന്റെ അഭിപ്രായം തള്ളിക്കളയുകയും ശരിയായ അത്തരം ഹദീസുകളെ അവലംബിക്കുകയും വേണം. എല്ലാ പണ്ഡിതന്‍മാര്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്.

എന്നാല്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ നോക്കാനോ അത് മനസ്സിലാക്കാനോ കഴിയാത്ത സാധാരണ ജനങ്ങള്‍ക്ക് ഉത്തമമായത് തങ്ങള്‍ക്ക് ബോധ്യപ്പെട്ട ഒരു ഇമാമിനെ സമീപിച്ച് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയാണ്.

Topics