കര്‍മ്മശാസ്ത്രം-ഫത്‌വ

ചിത്രരചന ഹറാമോ ?

ചോദ്യം: ജീവികളുടെ ചിത്രം വരക്കുന്നത് ഹറാമാണോ ? ചിത്രരചനയെകുറിച്ച് ഇസ് ലാമിന്റെ വിധിയെന്താണ് ?

അശ്ലീലതയും മാന്യതക്ക് നിരക്കാത്തതുമായ ചിത്രങ്ങള്‍ ഒഴികെ ഏതു ചിത്രം വരക്കുന്നതും ഇസ് ലാമില്‍ തെറ്റില്ല. അതുപോലെ വരക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് ആദരവ് നല്‍കുകയോ അവയെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്തുകൂടാ. ആരാധിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന ചിത്രങ്ങളും രൂപങ്ങളും വരയക്കുന്നതാണ് ഇസ് ലാം വിലക്കിയത്.
പൂജയും ആരാധനയും ഉദ്ദേശിക്കാതെ മനുഷ്യരെയും മൃഗങ്ങളെയും പ്രകൃതിയെയും വരക്കുന്നത് ഇസ് ലാമില്‍ അനുവദനീയമാണെന്ന് ചുരുക്കം.

ചിത്രം വരച്ച ആളോട് അയാള്‍ വരച്ച ജീവിക്ക് ജീവന്‍ നല്‍കാന്‍ അന്ത്യനാളില്‍ അല്ലാഹു കല്‍പിക്കും, ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ള വീടുകളില്‍ മലക്കുകള്‍ പ്രവേശിക്കുകയില്ല എന്നിങ്ങനെയുള്ള ഹദീസുകളില്‍ നിന്നാണ് ചില മുസ് ലിംകള്‍,  ജീവനുള്ളവയുടെ ചിത്രങ്ങള്‍ വരക്കാവതല്ലെന്ന് മനസ്സിലാക്കിയത്.

എന്നാല്‍ അറബി ഭാഷയില്‍ പൊതുവെ ‘സൂറ’ എന്ന പദത്തിന്റെ അര്‍ത്ഥം ചിത്രം എന്നാണ്.  അവക്ക് പല ആശയങ്ങളുമുണ്ട്. ഇവിടെ പ്രവാചകന്‍ വിലക്കിയ സൂറ (രൂപം) കൊണ്ട് ഉദ്ദേശിക്കുന്നത്, ജീവനുള്ളവയുടെ ബിംബങ്ങളും വിഗ്രഹങ്ങളും പ്രതിമകളുമാണ്. അത് ഫോട്ടോഗ്രഫിയോ ചിത്രം വരക്കലോ അല്ല. അതേസമയം, അശ്ലീലതയും ആഭാസവുമുണ്ടെങ്കില്‍ ഏത് ചിത്രമാണെങ്കിലും അത് വരക്കലും ഫോട്ടോ എടുക്കലും നിഷദ്ധമാണ്.

 

Topics