കര്‍മ്മശാസ്ത്രം-ഫത്‌വ

കണ്ണേറുകാരണം ദുരിതജീവിതം ?

ചോ:  ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനുംവര്‍ഷങ്ങളേ ആയുള്ളൂ. പക്ഷേ, ഇതിനകം  ആക്‌സിഡന്റും വിവിധസര്‍ജറികളും മൂലം ശാരീരികവും സാമ്പത്തികവുമായ ഒട്ടേറെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നു. എന്റെ ഭര്‍ത്താവ് എന്നെ അതിയായി സ്‌നേഹിക്കുകയും പരിചരിക്കുകയുംചെയ്യുന്നവനാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ എതിര്‍പ്പുണ്ടായിട്ടും  ഞങ്ങള്‍ പുതിയവീട് വാങ്ങുകയും അവിടേക്ക് താമസം മാറുകയുംചെയ്തു. ഞങ്ങളുടെ പ്രയാസങ്ങള്‍ക്കുകാരണം അസൂയയാലുള്ള കണ്ണേറാണോ ? മറുപടി പ്രതീക്ഷിക്കുന്നു.

——————–

ഉത്തരം: ജീവിതത്തില്‍ പലരീതിയിലുമുള്ള പ്രതിസന്ധികളും കഷ്ടപ്പാടുകളും സര്‍വസാധാരണമാണ്. ഇഹലോകജീവിതത്തില്‍ നാമെല്ലാം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. വിശ്വാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നന്‍മയായിരിക്കും എന്ന് അവന്‍ മനസ്സിലാക്കുന്നു. ഖുര്‍ആന്‍ പറയുന്നു:

‘അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്’.(യൂനുസ് 107)

ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

‘അബൂ യഹ്യ സുഹൈബ് ബിന്‍ സിനാന്‍(റ)ല്‍നിന്ന്.മുഹമ്മദ് നബി(സ) പറഞ്ഞു:’വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അവന് നന്‍മയായി ഭവിക്കുന്നു. അവന് ജീവിതത്തില്‍ അഭിവൃദ്ധി നല്‍കപ്പെട്ടാല്‍ അവന്‍ അല്ലാഹുവിനോട് നന്ദിപ്രകാശിപ്പിക്കുന്നു. അത് അവന് നന്‍മയായിത്തീരുന്നു. അവനുമേല്‍ ദുരന്തം വന്നണഞ്ഞാലോ അത് ക്ഷമാപൂര്‍വം തരണംചെയ്യുന്നു. അതും അവന് നന്‍മയായിത്തീരുന്നു.”(മുസ്‌ലിം).

 

ജീവിതത്തിലെ പ്രയാസങ്ങളും ദുരിതങ്ങളും കാണുമ്പോള്‍  മറ്റുള്ളവരുടെ അസൂയായാലാണത് സംഭവിക്കുന്നതെന്ന് ചിലര്‍ വിചാരിക്കും. എന്നാല്‍ ശാരീരികമായുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് കാരണമെന്തെന്ന് മെഡിക്കല്‍ വിദഗ്ധനെകണ്ട് പരിശോധിക്കുന്നത് നല്ലതാണ്. എല്ലാം അസൂയയുടെയും സിഹ്‌റിന്റെയും തലയില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കരുത്.

എല്ലാ ദിവസവും പ്രഭാതത്തിലും രാത്രിയിലും ഖുര്‍ആന്‍ ആശയമറിഞ്ഞ് പാരായണംചെയ്യാനും ദിക്‌റുകളില്‍ മുഴുകാനും ഭാര്യാഭര്‍ത്താക്കന്‍മാരായ നിങ്ങള്‍ സമയം കണ്ടെത്തണം. അല്ലാഹുവിന്റെ സംരക്ഷണവും കാവലും ഉണ്ടാകാന്‍ അത് സഹായകരമാണ്. അല്ലാഹുവില്‍ കൂടുതലായി വിശ്വസിക്കുക അതുവഴി മനോധൈര്യമുള്ളവനാകുക.

‘എന്നാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍.'(അല്‍ബഖറ 102)

മറ്റൊരിടത്ത് ഇപ്രകാരം കാണാം:

‘അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്ന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും.അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.'(അത്ത്വലാഖ് 2,3)

 

Topics