ലോകത്തിന്റെ സജീവ ശ്രദ്ധാകേന്ദ്രമാണിന്ന് ഇസ്‌ലാം. ആനുകാലിക ചര്‍ച്ചകളില്‍ അത് നിറഞ്ഞുനില്‍ക്കുന്നു. ലോകത്ത് ശക്തിപ്രാപിച്ചുവരുന്ന ഇസ്‌ലാമിക നവജാഗരണ പ്രക്രിയയുടെ സ്വഭാവവിശേഷങ്ങള്‍ ശ്രദ്ധേയമായ അക്കാദമിക് വിഷയമായി മാറിയിരിക്കുന്നുു. ഈ ‘പരിഗണന’യില്‍ ലോകമെമ്പാടുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പങ്ക് അവിസ്മരണീയമാണ്. സമകാലിക ലോകത്ത് ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ അതിന്റെ ആദര്‍ശമോ, വിഭിന്നവ്യാഖ്യാനങ്ങളോ മാത്രം പഠിച്ചതുകൊണ്ട് സാധിക്കുകയില്ല. ഇന്നത്തെ രാഷ്ട്രീയത്തില്‍ അത് വഹിക്കുന്ന ബഹുമുഖമായ പങ്കിനെക്കുറിച്ചു കൂടി പഠിക്കണം. ആഫ്രിക്കമുതല്‍ ഏഷ്യവരെ നീണ്ടുകിടക്കുന്ന 56 മുസ്‌ലിം രാഷ്ട്രങ്ങളിലായി 1.3 ബില്യന്‍ മുസ്‌ലിംകളുണ്ട്. ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും മതസമൂഹമായി യഥാക്രമം യൂറോപ്പിലും അമേരിക്കയിലും മുസ്‌ലിംസാന്നിധ്യമുണ്ട്. രാജഭരണകൂടങ്ങളും റിപ്പബ്ലിക്കുകളുമുണ്ട്. മതാധിഷ്ഠിതവും മതേതരവുമായ ഗവണ്‍മെന്റുകളുണ്ട്. അതില്‍ അമേരിക്കന്‍ ലോകക്രമത്തിന്റെ മിത്രങ്ങളും ശത്രുക്കളുമുണ്ട്.
കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ ഉത്തരാഫ്രിക്ക മുതല്‍ ദക്ഷിണപൂര്‍വേഷ്യവരെയുള്ള നാടുകളില്‍ അസംഖ്യം രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളിലെ ഇടപെടലിന് ഇസ്‌ലാം നിമിത്തമായിട്ടുണ്ട്. ജനപിന്തുണക്കും സ്വന്തം ചെയ്തികളുടെ സാധൂകരണത്തിനും ഭരണാധികാരികള്‍ ഇസ്‌ലാമിനെ ഉപയോഗിക്കാറുണ്ട്. അതേ സമയം വിദ്യാഭ്യാസ-ആതുരശുശ്രൂഷാ-നിയമ-സാമൂഹിക സേവനങ്ങളില്‍ വ്യാപൃതരായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും, യാഥാസ്ഥിതികവും പുരോഗമനപരവുമായ സംഘടനകളും തീവ്രവാദ സംഘങ്ങളും പലരാഷ്ട്രങ്ങളിലും ജ•ം കൊണ്ടിട്ടുണ്ട്. 1978-1979 ലെ ഇസ്‌ലാമിക വിപ്ലവത്തെത്തുടര്‍ന്ന് ഇറാന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ സ്വയം പ്രഖ്യാപിത ഇസ്‌ലാമിക ഗവണ്‍മെന്റുകള്‍ രൂപം കൊണ്ടു. സൗദി, പാകിസ്ഥാന്‍ തുടങ്ങി പിറവിതൊട്ടേ മുസ്‌ലിംഭരണകൂടങ്ങളായ പടിഞ്ഞാറിന്റെ മിത്രങ്ങളും ഇറാന്‍, ഇറാഖ്, അഫ്ഗാന്‍, സുഡാന്‍ തുടങ്ങി എതിരാളികളും അക്കൂട്ടത്തിലുണ്ട്. അമേരിക്കയിലെയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്. രാഷ്ട്രീയത്തില്‍ മതത്തിനുള്ള ഭാഗധേയത്തെ വിവിധതരത്തിലാണ് ഭരണകൂടങ്ങള്‍ നിര്‍വചിച്ചത്. മൊറോക്കോയിലെ രാജാവ്, പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് അടക്കമുള്ള പരിഷ്‌കരണ അജണ്ടയുമായി പ്രവാചകന്‍ മുഹമ്മദിന്റെ അനന്തരഗാമി(ഖലീഫ)യെന്ന നിലക്കുള്ള തന്റെ ഇസ്‌ലാമിക വംശപാരമ്പര്യത്തെ ചേര്‍ത്തുവെച്ചു. അതേ സമയം തുനീഷ്യയും, അല്‍ജീരിയയും കൂടുതല്‍ മതേതരമായ വഴികളാണ് തിരഞ്ഞെടുത്തത്. തുനീഷ്യയിലെ സൈനുല്‍ആബീദീന്‍ അലി ദേശീയ പൊതുതിരഞ്ഞെടുപ്പിലൂടെ ശക്തമായ പ്രതിപക്ഷമായി ഉയര്‍ന്നുവന്നു. അന്നഹ്ദ അഥവാ റിനൈസന്‍സ് പാര്‍ട്ടി എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയാണ് ഗവണ്‍മെന്റിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ മുറുക്കിയത്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടി(എഫ്.ഐ.എസ്) ന് പട്ടാള ഇടപെടലിലൂടെ വിജയം നിഷേധിച്ചുകൊണ്ടാണ് അല്‍ജീരിയ രംഗത്തുവരുന്നത്. ആയിരക്കണക്കിനാളുകളുടെ ജീവഹാനിക്ക് കാരണമായ ആഭ്യന്തര കലാപമായിരുന്നു അതെത്തുടര്‍ന്നുണ്ടായത്. പരമ്പരാഗത അറബി സോഷ്യലിസ്റ്റ് രാജ്യങ്ങളായ ഇറാഖും, സിറിയയും, ഈജിപ്തും മറ്റൊരു തരത്തിലാണ് നീങ്ങിയത്. ജനാധിപത്യപോരാട്ടങ്ങളും പ്രക്ഷോഭങ്ങളും തുടങ്ങിയെങ്കിലും ബാഹ്യശക്തികളുടെ ഇടപെടലിനെത്തുടര്‍ന്ന് മുസ്‌ലിംബ്രദര്‍ഹുഡ് അടക്കമുള്ള അക്രമരഹിത പ്രതിപക്ഷകക്ഷികളോടുപോലും അനീതിയുടെയും അക്രമത്തിന്റെയും മാര്‍ഗമാണ് ഇവിടങ്ങളിലെ ഭരണാധികാരികള്‍ സ്വീകരിച്ചത്. മിക്ക മുസ്‌ലിം രാജ്യങ്ങളിലും പ്രതിപക്ഷത്തിന്റെ റോളിലും മതേതരരാജ്യങ്ങളില്‍ സമ്മര്‍ദ്ദ ശക്തിയായും വളര്‍ന്നു വരുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചലനങ്ങള്‍, ഘടനകള്‍, നയങ്ങള്‍ വീക്ഷണങ്ങള്‍ ഇവയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
വടക്കേ അമേരിക്കയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
ലോകത്തെ ഇസ്‌ലാമിക നവജാഗരണപ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പ്രസ്ഥാനങ്ങളെ അവഗണിക്കാന്‍ നമുക്ക് സാധ്യമല്ല. എതിരാളികള്‍ക്കിടയില്‍ ജീവിച്ച് അവര്‍ക്കെതിരെ നയങ്ങളും നിലപാടുകളും രൂപീകരിക്കാനുള്ള ആര്‍ജ്ജവം അമേരിക്കയിലെ ഇസ്‌ലാമികപ്രസ്ഥാനങ്ങളുടെ സവിശേഷതയാണ്. ലോകത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയനിലപാടുകള്‍ മൂന്നു രീതിയിലാണ്. വിജ്ഞാനം, പ്രവര്‍ത്തനം, സംസ്‌കരണം എന്നിവ ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുന്ന വിഭാഗം. ഇന്ത്യാ ഉപഭൂഖണ്ഡം, ഈജിപ്ത് എിവിടങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു. വൈജ്ഞാനികപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ് അമേരിക്കയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. ആ സമൂഹത്തിന്റെ പൊതുപ്രവണതയും വൈജ്ഞാനികമാണ്. വ്യക്തി-സമൂഹ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നവയില്‍ ഇറാന്‍, സുഡാന്‍, ലിബിയ, അള്‍ജീരിയ, തുനീഷ്യ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് ഉള്‍പ്പെടുന്നത്. അതേസമയം അമേരിക്കയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയരൂപീകരണത്തില്‍ വൈജ്ഞാനികതയ്ക്ക് മുന്‍തൂക്കമുള്ളതായി കാണാം.
Add Comment