ഇസ്‌ലാം-Q&A

ഇസ് ലാം തിരുദൂതര്‍ക്ക് മുമ്പ്

മുഹമ്മദ് നബി(സ)ക്ക് മുമ്പ് ഇസ്ലാം ഉണ്ടായിരുന്നുവോ ? ‘ഇബ്റാഹീം ജൂതനോ ക്രൈസ്തവനോ ആയിരുന്നില്ല, മുസ്ലിമായിരുന്നു. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനും ആയിരുന്നില്ല” എന്ന സൂക്തത്തില്‍ പ്രതിപാദിച്ച ഇസ്ലാം നമ്മുടെ ഇസ്ലാം തന്നെയായിരുന്നുവോ?

ഉത്തരം: ഒരാള്‍ തന്റെ മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുക ‏‏‏‏‏ അതാണ് ഇസ്ലാം. അതായത് അല്ലാഹുവിനെ മാത്രം കീഴ്വണങ്ങുകയും അവന്നുമാത്രം ഇബാദെത്തെടുക്കുകയും ചെയ്യുക. ഈ ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനുവേണ്ടിയാണ് സര്‍വ പ്രവാചകന്മാരെയും അയച്ചതും എല്ലാ ഗ്രന്ഥങ്ങളും അവതരിപ്പിച്ചതും. ഈ അര്‍ഥത്തിലുള്ള ഇസ്ലാം അല്ലാഹുവിലുള്ള ഏകത്വം ഘോഷിക്കുകയും ഇബാദത്ത് അവന്ന് മാത്രം ചെയ്യുവാന്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്നു. എല്ലാ പ്രവാചകന്മാരുടെയും ദീന്‍ ഇതുമാത്രമായിരുന്നു. ഇതല്ലാത്ത മതങ്ങളൊന്നും ദൈവികമല്ല. “ഞാനല്ലാതെ ദൈവമില്ല. എനിക്ക് ഇബാദത്ത് ചെയ്യുക എന്ന് ദിവ്യബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല.” എന്ന് ഖുര്‍ആന്‍ പറയുന്നു.

അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ദൈവ വിരുദ്ധ ശക്തികളെ കൈവെടിയുക എന്ന മൌലിക സിദ്ധാന്തമായിരുന്നു എല്ലാ പ്രവാചകന്മാരുടെയും ദൌത്യം. അതുകൊണ്ടാണ് “അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാണെന്ന്” അല്ലാഹു പറഞ്ഞത്. അല്ലാഹുവിന് ഇസ്ലാമല്ലാത്ത ഒരു ദീന്‍ ഇല്ലെന്നര്‍ഥം. മറ്റൊരിടത്ത് ഇങ്ങനെ കാണാം: “ആരെങ്കിലും ഇസ്ലാമല്ലാത്ത വല്ല ദീനും ആഗ്രഹിക്കുന്ന പക്ഷം അതൊരിക്കലും അവനില്‍നിന്ന് സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ പരാജിതരില്‍ പെട്ടവനാണ്.” എല്ലാ പ്രവാചകന്മാരുടെയും മതം ഇസ്ലാമായിരുന്നുവെന്നതിന് അവര്‍ സ്വജനതയോട് പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിച്ച വാക്യങ്ങള്‍ തെളിവാണ്: “നൂഹ്(അ) തന്റെ ജനതയോട് പറഞ്ഞു: “നിങ്ങള്‍ പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍, നിങ്ങളോട് ഞാന്‍ ഒരു പ്രതിഫലവും ചോദിക്കുന്നില്ലല്ലോ, എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. മുസ്ലിംകളില്‍ പെടുവാനാണ് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്.” ഇബ്റാഹീം (അ)നെപ്പറ്റി ഖുര്‍ആന്‍ : “അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് ‘മുസ്ലിമാവുക’ എന്നു പറഞ്ഞപ്പോള്‍, സര്‍വലോക നാഥന് ഞാനിതാ സര്‍വാത്മനാ കീഴ്പ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതേ കാര്യം ഇബ്റാഹീം തന്റെ സന്തതികളോട് വസ്വിയത്ത് ചെയ്യുകയുണ്ടായി.

യഅ്ഖൂബും ഇതുതന്നെ ഉപദേശിച്ചു: എന്റെ മക്കളേ! അല്ലാഹു നിങ്ങള്‍ക്ക് ഈ ദീന്‍ തിരഞ്ഞെടുത്തുതന്നിരിക്കുന്നു. അതിനാല്‍ മുസ്ലിംകളായി ജീവിച്ചുകൊണ്ടുമാത്രമേ നിങ്ങള്‍ മരിക്കാവൂ.” മൂസാ(അ) സ്വന്തം സമുദായത്തോട് പറഞ്ഞു: “ജനങ്ങളേ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചവരാണെങ്കില്‍ അവനില്‍ തവക്കുല്‍ ചെയ്തുകൊള്ളുക. നിങ്ങള്‍ മുസ്ലിംകളാണെങ്കില്‍” ഈസാ(അ)യുടെ അനുയായികളായ ഹവാരിയ്യുകള്‍ പറയുന്നു: “ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചു. ഞങ്ങള്‍ മുസ്ലിംകളാണെന്ന് താങ്കള്‍ സാക്ഷ്യം വഹിച്ചാലും.” ഫറോവ ക്ഷണിച്ചുവരുത്തിയ ആഭിചാരകന്മാര്‍ മുസ്ലിംകളായി മാറിയപ്പോള്‍ പറഞ്ഞു: “ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നീ സഹനശക്തി വര്‍ഷിക്കുകയും ഞങ്ങളെ മുസ്ലിംകളായി മരിപ്പിക്കുകയും ചെയ്യേണമേ!” സുലൈമാന്‍ ബല്‍ഖീസ് രാജ്ഞിക്കയച്ച സന്ദേശത്തില്‍ ഇങ്ങനെ കാണാം: “നിങ്ങള്‍ എന്നെ കീഴ്പ്പെടുത്താന്‍ നോക്കണ്ട. മുസ്ലിംകളായിക്കൊണ്ട് എന്റെ അടുക്കലേക്ക് വരുക.” ഇവരെല്ലാം ഇസ്ലാമിലേക്കാണ് പ്രബോധനം ചെയ്തത്. ഇസ്ലാം എല്ലാ പ്രവാചകന്മാരുടെയും മതമാണ്. മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ മതം ഇസ്ലാമിന്റെ അന്തിമവും സമ്പൂര്‍ണവുമായ പതിപ്പാണ്. പൂര്‍വപ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ഇസ്ലാമില്‍ സംഭവിച്ച മാറ്റത്തിരുത്തങ്ങളും കൂട്ടിച്ചേര്‍ക്കലുകളും കലര്‍പ്പുകളും കളഞ്ഞ് അതിനെ സംശുദ്ധവും സമഗ്രവും ആക്കുകയാണ് അത് ചെയ്തത്. ‘ഉല്‍കൃഷ്ടമായ സദാചാര ഗുണങ്ങള്‍ പൂര്‍ത്തീകരിക്കുവാനാണ് ഞാന്‍ നിയോഗിതനായിരിക്കുന്നത്.” എന്ന് തിരുദൂതര്‍ പറയുകയുണ്ടായി.

എല്ലാ പ്രവാചകന്മാരുടെയും മതം ഇസ്ലാമായിരിക്കെ ഇബ്രാഹീം(അ)നെ ജൂതനെന്നോ ക്രൈസ്തവനെന്നോ വിളിക്കുന്നതില്‍ അര്‍ഥമില്ല. നമ്മെ മുസ്ലിംകളെന്ന് നാമകരണം ചെയ്തത് അദ്ദേഹമാണ്. അതിനാല്‍ പ്രത്യേക നാമങ്ങളിലറിയപ്പെടുന്ന മതങ്ങളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തിക്കൂടാ. നാമങ്ങളിലറിയപ്പെടുന്ന മതങ്ങളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തിക്കൂടാ. അല്ലാഹു ഈ ദീനിന് ഇസ്ലാം എന്ന് പേര്‍ നല്‍കുവാനാണ് തീരുമാനിച്ചത്. ആദിയിലേ ഉള്ളതും തന്റെ ദാസന്മാരുടെ മാര്‍ഗദര്‍ശത്തിനായി അല്ലാഹു കാലാകാലങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നതുമായ ഈ ദൈവിക മതത്തിന്ന് അല്ലാഹുവോ മുസ്ലിംകളോ, ക്രൈസ്തവരെ അനുകരിച്ച് മുഹമ്മദീയ മതം എന്ന് പേര്‍ വിളിച്ചില്ല. കാരണം എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത ഒരു ജീവിത വ്യവസ്ഥയാണത്. “നൂഹിനോട് ഉപദേശിച്ചതും നിനക്ക് നാം ദിവ്യബോധനമായി നല്‍കിയതും ഇബ്റാഹീംസ മൂസാ, ഈസാ എന്നിവരോട് ഉപദേശിച്ചതുമായ കാര്യം ദീനിന്റെ സംസ്ഥാപനം നിര്‍വഹിക്കുകയും അതില്‍ ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് നിങ്ങള്‍ക്കും നാം നിയമമാക്കിയിരിക്കുന്നു.” എന്ന ഖുര്‍ആന്‍ വാക്യത്തില്‍ ഇത് സ്പഷ്ടമാണ്.

ചുരുക്കത്തില്‍, എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത വിശ്വസപ്രമാണങ്ങളുടെയും സദാചാര നിയമങ്ങളുടെയും മൌലികമായ നിഷിദ്ധങ്ങളുടെയും സമുച്ഛയമാണ് മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ ഇസ്ലാം. എന്നാല്‍, പ്രവാചകന്മാരുടെ ദൌത്യങ്ങള്‍ തമ്മില്‍ ഭിന്നത പുലര്‍ത്തുന്ന ഒരു വശമുണ്ട്. മനുഷ്യരുടെ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ വിശദാംശങ്ങളത്രെ അവ. കാലഘട്ടങ്ങളുടെയും സാഹചര്യങ്ങളുടെയും തലമുറകളുടെയും വ്യത്യാസമനുസരിച്ച് ഈ നിയമങ്ങളിലും മാറ്റങ്ങള്‍ വന്നു. “നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമസംഹിതയും കര്‍മമാര്‍ഗവും നാം നിശ്ചയിക്കുകയുണ്ടായി.” എന്ന് ഖുര്‍ആന്‍ പറയുന്നു. ചില നിയമസംഹിതകളില്‍ നിഷിദ്ധമായിരുന്നവ മറ്റു ചിലതില്‍ അനുവദനീയമാക്കപ്പെട്ടു. ഈസാ(അ)യെ ഉദ്ധരിക്കുന്ന ഒരു ഭാഗത്ത് ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: “നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നവയില്‍ ചിലത് അനുവദനീയമാക്കാന്‍വേണ്ടി.” അന്ത്യപ്രവാചകന്‍ വഴി ഇസ്ലാം സമഗ്രത കൈവരിച്ചതോടെ അതിന്നുമുമ്പുള്ള എല്ലാ നിയമസംഹിതകളും റദ്ദാക്കപ്പെട്ടു. അവയില്‍നിന്ന് പുതിയ സമൂഹത്തിന് അനുഗുണമായത് മാത്രം നിലനിര്‍ത്തി. അവയില്‍ വന്നുപെട്ട കലര്‍പ്പുകള്‍ നീക്കുകയും വെട്ടിക്കുറച്ചവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ട് സര്‍വകാലത്തേക്കും സര്‍വദേശത്തേക്കും അനുരൂപമായ ശാശ്വതവും സമഗ്രവുമായ ഒരു നിയമസംഹിത അദ്ദേഹം സമര്‍പ്പിച്ചു.

Topics