പ്രവാചകന്റെ മൂന്നും നാലും ഉത്തരാധികാരികളായിരുന്ന ഉസ്മാന്റെയും അലിയുടെയും ഭരണകാലത്താണ് രാഷ്ട്രീയഭിന്നതകള്‍ രൂക്ഷമായത്. ഈ രാഷ്ട്രീയഭിന്നതകള്‍ തന്നെയാണ് വ്യാജഹദീഥുകളുടെ പിറവിക്ക് നിമിത്തമായി വര്‍ത്തിച്ചത്. പിന്നീട് മറ്റുപല കാരണങ്ങളാലും വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെടുകയുണ്ടായി. ഈ കുറിപ്പില്‍ പ്രധാനമായും രാഷ്ട്രീയഭിന്നതകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്
അക്കാലത്തെ രാഷ്ട്രീയസംഘങ്ങളെല്ലാം കൂടിയതോ കുറഞ്ഞതോ ആയ തോതില്‍ പ്രവാചകന്റെ പേരില്‍ കള്ളം പ്രചരിപ്പിക്കാറുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവും മുമ്പില്‍ റാഫിദികളായിരുന്നു. റാഫിദികളെ സംബന്ധിച്ച ഒരു ചോദ്യത്തിന് ഇമാം മാലിക് (റ) ഇങ്ങനെ മറുപടി പറഞ്ഞു: നീ അവരോട് സംസാരിക്കാനോ അവര്‍ പറയുന്നത് നിവേദനം ചെയ്യാനോ പോകരുത്. കാരണം, അവര്‍ വല്ലാതെ കള്ളം പറയാറുണ്ട്.
ശുറൈകു ബ്‌നു അബ്ദില്ലാഹില്‍ ഖാദി പറയുന്നു: റാഫിദികളൊഴിച്ച് ആരു പറയുന്ന ഹദീഥും നിനക്ക് നിവേദനം ചെയ്യാം. കാരണം, റാഫിദികള്‍ സ്വന്തം നിലക്ക് ഹദീഥുകള്‍ നിര്‍മിക്കുകയും അതിനെ തങ്ങളുടെ ദീനായി സ്വീകരിക്കുകയും ചെയ്യാറുണ്ട്.
ഹമ്മാദ് ബ്‌നു സലമഃ പറയുന്നു: റാഫിദികളില്‍പെട്ട ഒരു ശൈഖ് എന്നോട് പറഞ്ഞു: ഞങ്ങള്‍ ഒരുമിച്ചുകൂടി സംസാരിക്കവേ, ഒരു കാര്യം നല്ലതാണെന്ന നിഗമനത്തിലെത്തിയാല്‍ അതിനെ ഞങ്ങള്‍ ഹദീഥാക്കി മാറ്റുന്നു.
റാഫിദികളെപ്പോലെ കള്ളസാക്ഷി പറയുന്ന സ്വാര്‍ഥംഭരികളെ താനെവിടെയും കണ്ടിട്ടില്ലെന്ന് ഇമാം ശാഫിഈ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി.
റാഫിദികള്‍ പ്രചരിപ്പിച്ച ചില വ്യാജ ഹദീഥുകള്‍:
- ഹജ്ജത്തുല്‍ വദാഅ് കഴിഞ്ഞുമടങ്ങുന്ന വേളയില്‍ ഗദീറുഖം എന്ന സ്ഥലത്ത് എത്തിയ നബി(സ) അലിയുടെ കയ്യില്‍പിടിച്ച് , സഹയാത്രികരായ അനുചരന്‍മാരുടെയെല്ലാം മുഖദാവില്‍ ഇങ്ങനെ മൊഴിഞ്ഞു. എന്റെ അനന്തരാവകാശിയും സഹോദരനും എനിക്ക് ശേഷമുള്ള ഖലീഫയുമാണ് ഈ മാന്യദേഹം . അതിനാല്‍ അലി പറയുന്നത് നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയുംചെയ്യണം.
- ആദമിന്റെ ജ്ഞാനവും നൂഹിന്റെ ഭക്തിയും ഇബ്‌റാഹീമിന്റെ വിവേകവും മൂസായുടെ ഗാംഭീര്യവും ഈസായുടെ അനുഷ്ഠാനനിഷ്ഠയും സമ്മേളിച്ച ഒരാളെ കാണാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ അലിയെ നോക്കിയാല്‍ മതി.
- ഞാന്‍ ജ്ഞാനത്തിന്റെ ത്രാസാകുന്നു. അലിയാണതിന്റെ രണ്ടു തട്ടുകള്‍. ഹസനും ഹുസൈനുമാണതിന്റെ ചരടുകള്‍ ഫാത്വിമയാണതിന്റെ കൊളുത്ത് . നമ്മിലെ ഇമാമുകളാണതിന്റെ തണ്ട്. നമ്മെ സ്‌നേഹിക്കുന്നവരുടെയും ദ്വേഷിക്കുന്നവരുടെയും കര്‍മങ്ങള്‍ ആ ത്രാസിലാണ് തോലനം ചെയ്യപ്പെടുക.
- അലിയോടുള്ള സ്‌നേഹം ഒരു നന്‍മയാണ് . അതുണ്ടായിരിക്കെ ഒരു തിന്‍മയും ദോഷകരമായിരിക്കില്ല. അലിയോടുള്ള വിദ്വേഷം ഒരു തിന്‍മയാണ്. അതുണ്ടായിരിക്കെ ഒരു നന്‍മയും ഗുണകരമായിരിക്കില്ല.
അലി(റ)യുടെയും അഹ്‌ലുബയ്ത്തിന്റെയും പേരില്‍ ഇല്ലാത്ത മഹത്ത്വങ്ങള്‍ കെട്ടിവെക്കുന്ന, ഇത്തരം ലക്ഷക്കണക്കിന് ഹദീഥുകള്‍ പ്രചരിപ്പിച്ചതുപോലെ നബി സഹചരന്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്ന ധാരാളം വ്യാജ ഹദീഥുകളും റാഫിദികള്‍ പ്രചരിപ്പിച്ചിരുന്നു.
- എന്റെ പ്രസംഗപീഠത്തില്‍ മുആവിയയെ നിങ്ങള്‍ കണ്ടാല്‍ ഉടനെത്തന്നെ അയാളെ വധിച്ചേക്കുക.
- അല്ലാഹുവേ, മുആവിയയെയും അംറുബ്‌നുല്‍ ആസിനെയും കുഴപ്പങ്ങളില്‍ സദാ കെട്ടിയിടുകയും നരകത്തിലേക്ക് അവരെ തള്ളിവിടുകയും ചെയ്യേണമേയെന്ന് തിരുമേനി പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
വ്യാജഹദീഥുകള്‍ നിരങ്കുശം പ്രചരിപ്പിച്ച റാഫിദികളെ പ്രതിരോധിക്കാന്‍ ഭോഷന്‍മാരായ ചില സുന്നികള്‍ വ്യാജഹദീഥുകളെത്തന്നെ അവലംബിച്ചുവെന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിരുന്നു. അവര്‍ പ്രചരിപ്പിച്ച ചില വ്യാജഹദീഥുകളിതാ: - സ്വര്‍ഗത്തിലുള്ള ഓരോ വൃക്ഷത്തിന്റെയും മുഴുവന്‍ ഇലകളിലും ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നുണ്ടാകും. ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്, അബൂബക്ര്‍, ഉമറുല്‍ഫാറൂഖ്, ഉസ്മാന്‍ ദുന്നൂറയ്ന്‍.
- വിശ്വസ്തര്‍ മൂന്നുപേരാണ്. ഞാനും ജിബ്‌രീലും മുആവിയയും
- അല്ലയോ മുആവിയ, നീ എന്നില്‍നിന്നും ഞാന്‍ നിന്നും ഉരുവപ്പെട്ടതാണ്.
- സ്വര്‍ഗത്തില്‍ മുആവിയയെ കാണാതെ ഞാന്‍ വ്യാകുലപ്പെട്ടിരിക്കെ, ദീര്‍ഘസമയത്തിന് ശേഷം മുആവിയ അവിടെയെത്തും. അപ്പോള്‍ ഞാന്‍ ചോദിക്കും: നീ എവിടെയായിരുന്നു? മുആവിയ ഇങ്ങനെ പ്രതിവചിക്കും: എന്റെ നാഥന്റെ സമക്ഷത്തില്‍നിന്ന് രഹസ്യസംഭാഷണം കഴിഞ്ഞുവരുന്നു. അപ്പോള്‍ തിരുമേനി പറയും: ഇഹലോകത്ത് വെച്ച് നിന്റെ അഭിമാനത്തിനേറ്റ ക്ഷതത്തിന് പ്രതിഫലമാണത്.
അബ്ബാസികളുടെ പക്ഷം ചേര്‍ന്ന വിഭാഗവും വ്യാജഹദീഥുകള്‍ പ്രചരിപ്പിക്കുന്നതില്‍ പിശുക്കുകാണിച്ചില്ല:
- അബ്ബാസ് എന്റെ പിന്‍മുറക്കാരനും അനന്തരാവകാശിയുമാണ്.
- വര്‍ഷം നൂറ്റിമുപ്പത്തിയഞ്ചായാല്‍ അത് നിനക്കും നിന്റെ സന്തതികള്‍ക്കുമുള്ളതാണ്. സഫ്ഫാഹ്, മന്‍സ്വൂര്‍, മഹ് ദി എന്നിവര്‍ക്ക്.
കെ. ജാബിര്‍
Add Comment