Youth

പൊതുതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക

ജനങ്ങള്‍ ചിദ്രതയിലും ഭിന്നതിയലും ജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇസ്‌ലാം കടന്നുവന്നത്. രക്തം, ധനം, സ്വത്ത്, അവകാശം, അഭിമാനം തുടങ്ങി എല്ലാറ്റിലും അരാജകത്വവും അന്യായവും നടമാടിയിരുന്ന കാലമായിരുന്നു അത്. തങ്ങളുടെ പൊതുശത്രുവിനെതിരില്‍ ഒന്നിച്ച് നിന്ന് സഖ്യത്തിലേര്‍പെടാന്‍ അതൊന്നും അവര്‍ക്ക് തടസ്സമായിരുന്നില്ല. പൊതുസമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും, മര്‍ദിതനെ സഹായിക്കാനുമായി അവര്‍ ഒന്നിച്ചു നിന്നു. ബുദ്ധിയുടെയും യുക്തിയുടെയും ഉള്‍ക്കാഴ്ചയാണിതെന്നതില്‍ സംശയമില്ല. സുപ്രധാനമായ ഈ സാമൂഹിക അടിസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിയാണ് ഇസ്‌ലാം സ്വാധീനമുറപ്പിച്ചത്. സമൂഹത്തില്‍ മാനവികമായ ഐക്യം സാക്ഷാല്‍ക്കരിക്കുകയെന്നതായിരുന്നു ഇസ്‌ലാമിന്റെ ലക്ഷ്യം. തിരുമേനി(സ) അരുള്‍ ചെയ്യുന്നു: ‘അബ്ദുല്ലാഹ് ബിന്‍ ജദ്ആന്റെ വീട്ടില്‍ വെച്ച് ഞാന്‍ ഒരു സഖ്യത്തിന് സാക്ഷിയാവുകയുണ്ടായി. ചുവന്ന മേത്തരം ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ പ്രിയങ്കരമായിരുന്നു അത്. ഇസ്‌ലാമിക കാലത്തും അത്തരമൊന്നിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ഞാന്‍ പങ്കെടുക്കുക തന്നെ ചെയ്യും’.
ഫുളൂല്‍ സഖ്യത്തെക്കുറിച്ചായിരുന്നു തിരുമേനി(സ)യുടെ മേലുദ്ധരിച്ച പ്രസ്താവന. മര്‍ദിതനെ സഹായിക്കുക, അഗതികള്‍ക്ക് തുണയാവുക തുടങ്ങിയ കാര്യങ്ങളായിരുന്നു ആ സഖ്യത്തിന്റെ അടിസ്ഥാനം.

ദൈവിക ശരീഅത്തിനെക്കുറിച്ച അജ്ഞത നിലനില്‍ക്കെ തന്നെ ജീവിതത്തില്‍ മഹത്തായ മൂല്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന നന്മ-തിന്മ അടിസ്ഥാനങ്ങള്‍ ജാഹിലിയ്യാ അറബികള്‍ മുറുകെ പിടിച്ചിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ ക്രിയാത്മകമായ ചിന്തകള്‍ അവരെ അത്തരമൊരു കരാറിന് പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിലേക്ക് നമ്മെ നയിക്കുന്നു.

നമ്മില്‍ നിന്ന് വ്യത്യസ്തമായ മാര്‍ഗവും, രീതിയും പിന്‍പറ്റുന്നവരില്‍ നിന്നാണെങ്കില്‍ പോലും അവരില്‍ നിന്ന് നല്ലത് സ്വീകരിക്കുന്നതില്‍ തെറ്റില്ല. മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കാനോ, അവരുടെ കൈവശമുള്ള നന്മകളെ അകറ്റി നിര്‍ത്താനോ ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. പരസ്പരം ഒന്നിച്ച് ജീവിക്കാന്‍ സഹായകമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അതിന് വിഘാതമാകുന്ന ഉപദ്രവങ്ങളെ പ്രതിരോധിക്കുയും ചെയ്യുക എന്നത് തന്നെയായിരുന്നു പ്രസ്തുത കരാറിന്റെ മര്‍മം.

നമുക്ക് ഇന്ന് അനിവാര്യമായും ഉണ്ടായിരിക്കേണ്ടത് ഈ അടിസ്ഥാനം തന്നെയാണ്. പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുകയും അതിനെ പ്രതികൂലമായ ബാധിക്കുന്നവയെ പ്രതിരോധിക്കുകയുമാണ് നാം ചെയ്യേണ്ടത്. ഈ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ടാണ് മുസ്‌ലിം ഐക്യം സാധ്യമാവേണ്ടത്. ഏതെങ്കിലും മുസ്‌ലിം പാര്‍ട്ടികളെ ബാധിക്കാനിരിക്കുന്ന അപകടം ബാക്കിയുള്ള മുസ്‌ലിംകള്‍ക്കും ബാധിക്കാനുള്ളതാണ് എന്ന കാഴ്ചപ്പാട് നമുക്കുണ്ടാവേണ്ടിയിരിക്കുന്നു. കാരണം ഇസ്‌ലാം ഒന്നേയുള്ളൂ, ഒരുപാടില്ല. ഏതെങ്കിലും പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന്റെ അടിസ്ഥാനം ഇസ്‌ലാം അവര്‍ക്ക് നല്‍കിയ വിശ്വാസവും, അടിസ്ഥാനങ്ങളും തന്നെയാണ്. നന്മകളുടെയും തിന്മകളുടെയും കര്‍മശാസ്ത്രം നാം പഠിക്കേണ്ടിയിരിക്കുന്നു. നാമത് കേവലം ആരാധനകളിലും, കച്ചവടങ്ങളിലും മാത്രം പ്രയോഗവല്‍ക്കരിക്കുന്നു. മറ്റുള്ളവരോടുള്ള വിയോജിപ്പിലും ഐക്യത്തിലുമായിരുന്നു നാമത് പ്രഥമമായി നടപ്പാക്കേണ്ടിയിരുന്നത്. മിക്കപ്പോഴും നമുക്കിടയില്‍ അഭിപ്രായ ഭിന്നത പോലുമില്ല. മറിച്ച് അഹങ്കാരവും, ദുരഭിമാനവും, സവര്‍ണബോധവുമൊക്കെയാണ് നമ്മെ പരസ്പരം അകറ്റുന്നത്.

മുസ്‌ലിം സമൂഹത്തെ നാം പുനഃക്രമീകരിക്കേണ്ട സമയമായിരിക്കുന്നു. കാരണം അത്ര ശക്തമാണ് ഇസ്‌ലാമിനെതിരായ ആക്രമണങ്ങള്‍. അവ നമുക്ക് വരുത്തിയേക്കാവുന്ന നാശനഷ്ടങ്ങളേക്കുറിച്ച് നാം ബോധവാന്‍മാരാണ്. അത്ര തന്നെ ശക്തമായ തിരിച്ചടി നല്‍കിയാല്‍ മാത്രമെ മുസ്‌ലിംകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. പക്ഷേ, ഭൗതിക മോഹവും, ദുരഭിമാനവും, പാരമ്പര്യത്തിന്റെ പേരിലുള്ള മഹിമയുമെല്ലാം നമ്മെ പിന്നോട്ടാണ് വലിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിനെയും അതിന്റെ വക്താക്കളെയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് നാം പൊതുവായി ചെയ്യേണ്ടത്. നൈരന്തര്യവും ആസൂത്രണവും സഹനവും ആവശ്യമായ ഭാരിച്ച ഉത്തരവാദിത്തമാണിത്. അതിലാണ് നാം പ്രതീക്ഷിക്കുന്ന നന്മ പതിയിരിക്കുന്നത്. അല്ലാഹുവിന്റെ വിജയം നമ്മോട് ചേര്‍ന്നാണ് നിലകൊള്ളുന്നതെന്ന് നാം മനസ്സിലാക്കുക.

റശീദ് അത്വ്‌റാന്‍

Topics