Youth

ന്യൂനതകളെക്കുറിച്ച് സംസാരിക്കുന്നവരാണ് ന്യൂനതയുള്ളവര്‍

നേതാക്കളുടെയോ, ഭരണാധികാരികളുടെയോ, പണ്ഡിതന്മാരുടെയോ, തുടങ്ങി സമൂഹത്തില്‍ ഏതെങ്കിലും വിധത്തില്‍ അറിയപ്പെടുന്നവരുടെ ചുറ്റും കാണപ്പെടുന്ന ആളുകളെയാണ് ‘പരിവാരങ്ങള്‍’ എന്ന് വിളിക്കാറ്. നേതാക്കന്മാരില്‍ നിന്നുള്ള ഔദാര്യമോ, അവരില്‍ നിന്നുള്ള സഹായമോ, സ്ഥാനമാനങ്ങളോ പ്രതീക്ഷിച്ചാണ് പരിവാരങ്ങള്‍ അവരുടെ കൂടെക്കൂടുന്നത്. പക്ഷേ, ഈ പരിവാരങ്ങളില്‍ കൂടുതലും ഏഷണിയും പരദൂഷണവുമായി ഊരുചുറ്റുന്ന, എന്നാല്‍ മറ്റുള്ളവരുടെ സാമീപ്യം നേടാനോ, തൃപ്തി കരസ്ഥമാക്കാനോ ശരിയായ മാര്‍ഗം അറിയാത്തവരുമാണ്. ജനങ്ങളുടെ അഭിമാനം കച്ചവടച്ചരക്കാക്കുകയും അവരുടെ ന്യൂനതകള്‍ പ്രചരിപ്പിച്ച് ആക്ഷേപിക്കുകയും അവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യാറ്. ‘ഞങ്ങള്‍ താങ്കളോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരാണ്, മറ്റുള്ളവര്‍ക്ക് അതില്ല’ എന്ന് സ്ഥാപിച്ച് പ്രിയശിഷ്യരായി നടിക്കുകയാണ് അവര്‍ അതിലൂടെ ചെയ്യുന്നത്. ‘നിങ്ങളുടെ ചെലവില്‍ സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് മറ്റുള്ളവര്‍’ എന്ന് കൂടി അവര്‍ വ്യക്തമാക്കുന്നു. യഹ്‌യ ബിന്‍ അക്ഥം പറയുന്നു:’മാരണക്കാരനേക്കാള്‍ വലിയ ദ്രോഹിയാണ് ഏഷണിക്കാരന്‍. ഒരു മാരണക്കാരന്‍ ഒരു വര്‍ഷം കൊണ്ട് ചെയ്യുന്നത് ഏഷണിക്കാരന്‍ ഒരു മണിക്കൂര്‍ കൊണ്ട് ചെയ്യുന്നു’.

സ്വന്തം ജീവിതത്തില്‍ ഒട്ടേറെ വീഴ്ചകളും ന്യൂനതകളുമുള്ളവരാണ് ഏഷണിയുമായി മുന്നിട്ടിറങ്ങാറ്. മറ്റുള്ളവരെ കുറച്ച് കാണിച്ചും, അവരെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ചെറുതാക്കിയും തന്റെ ന്യൂനതകള്‍ക്ക് പകരം വെക്കാനാണ് അത്തരക്കാര്‍ ശ്രമിക്കാറ്. തനിക്ക് കഴിയാത്തത് മറ്റുള്ളവര്‍ക്ക് കഴിയരുതെന്നും, തനിക്ക് ലഭിക്കാത്തത് മറ്റുള്ളവര്‍ക്ക് ലഭിക്കരുതെന്നും അവന്‍ ശഠിക്കുന്നു. അതിനാല്‍ തന്നെ മറ്റുള്ളവരുടെ നേട്ടത്തിനും വിജയത്തിനും മുന്നില്‍ വിഘ്‌നം സൃഷ്ടിക്കാന്‍ അയാളെപ്പോഴും മുന്‍പന്തിയിലായിരിക്കും. തന്റെ വീക്ഷണത്തില്‍ വിജയം അര്‍ഹിക്കാത്തവരുടെ നേട്ടത്തില്‍ എപ്പോഴും രോഷാകുലനായിരിക്കും അയാള്‍. അതിനാല്‍ തന്നെ കളവും, ഏഷണിയും, പരദൂഷണവും പ്രചരിപ്പിക്കുന്നതിലൂടെ തന്റെ വേദനയും അരിശവും പ്രകടമാക്കി സ്വയം സമാശ്വസിക്കുകയാണ് അയാള്‍ ചെയ്യുക. തന്നേക്കാള്‍ മുകളിലുള്ളവരുടെ ന്യൂനതകള്‍ പരതി, അതേക്കുറിച്ച് ഗവേഷണം നടത്തി അതില്‍ സായൂജ്യമടയുകയാണ് അയാളുടെ രീതി.

സംഹാര സംസ്്കാരമാണ് ഏഷണിക്കാരന്റെ പ്രത്യേകത. നിര്‍മാണാത്മകവും, ക്രിയാത്മകവുമായ സമീപനം അവനില്‍ കാണപ്പെടുകയില്ല. മതിയായ മാന്യതയോ, മഹത്വമോ അവന് ഉണ്ടാവുകയില്ല. തീര്‍ത്തും അശ്രദ്ധയോടെയാണ് സ്വന്തത്തെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും അവന്‍ സംസാരിക്കുക. അസൂയയും വെറുപ്പും അവനെ നശിപ്പിച്ച് കളയുന്നു. യഹ്‌യ ബിന്‍ മുആദ് പറയുന്നു:’ഹൃദയം അടുപ്പിന് മുകളില്‍ വെച്ച പാത്രം പോലെയാണ്. അതിനുള്ളിലുള്ളവ തിളച്ച് കൊണ്ടേയിരിക്കുന്നു. അതില്‍ നിന്ന് കോരിയെടുക്കുന്ന സ്പൂണുകളുടെ സ്്ഥാനമാണ് നാവിനുള്ളത്’.

സ്വന്തം ആത്മാവ് നഷ്ടപ്പെട്ടവനാണ് പരദൂഷകന്‍. അതിനാല്‍ അവ മറ്റുള്ളവരില്‍ അന്വേഷിക്കുകയാണ് അവന്‍ ചെയ്യുക. എത്രയെത്ര രാഷ്ട്രീയ നേതാക്കന്മാരെയാണ് ഏഷണി തകര്‍ത്തുകളഞ്ഞിട്ടുള്ളത്! പരദൂഷണം മുഖേന എത്രയെത്ര കച്ചവടമാണ് പൊളിഞ്ഞുപോയിട്ടുള്ളത്! യോഗ്യതയുള്ള എത്രയധികം പേരാണ് ഏഷണിയും പരദൂഷണവും കൊണ്ട് അയോഗ്യരാക്കപ്പെട്ടിട്ടുള്ളത്! ഏഷണിയുടെയും പരദൂഷണത്തിന്റെയും എ ബി സി ഡികള്‍ നാം നമ്മുടെ സന്താനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നു. അവര്‍ തങ്ങളുടെ സങ്കടങ്ങളുടെ കാരണം കൂട്ടുകാരിലേക്ക് ചേര്‍ത്ത് പറയുമ്പോള്‍ നാം പ്രോല്‍സാഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു!

ഏഷണിയും പരദൂഷണവുമായി കടന്ന് വരുന്നവര്‍ക്ക് മുന്നില്‍ നമ്മുടെ കര്‍ണപുടങ്ങള്‍ കൊട്ടിയടക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ആ കച്ചവടം നമുക്ക് നഷ്ടകരമാണെന്നും, ദോഷകരമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ‘നിന്ദ്യരായ, എപ്പോഴും ആണയിട്ട് പറയുന്നവരാരെയും താങ്കള്‍ വിശ്വസിക്കരുത്. പരദൂഷണം പറയുന്നവനും, ഏഷണിയുമായി നടക്കുന്നവനുമാണ് അവന്‍’. സ്വര്‍ഗപ്രവേശനത്തിന് തടസ്സം നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് ഏഷണിക്കാരന്‍ തിരിച്ചറിയാത്ത പക്ഷം അയാളുടെ ഇഹ-പര ലോകങ്ങളുടെ നാശത്തിലാണ് അത് ചെന്നവസാനിക്കുക.

അബ്ദുല്ലാഹ് അല്‍മുദൈഫിര്‍

Topics