Youth

തമാശകള്‍ മുറിപ്പെടുത്താതിരിക്കട്ടെ

രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പ് ഞാന്‍ ഇസ് ലാമിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ചില വിഷയങ്ങള്‍ എന്നില്‍ മടുപ്പുളവാക്കി. കുട്ടിയായിരിക്കുമ്പോള്‍ ഓടിക്കളിച്ച് ചിരിച്ചുല്ലസിക്കാറുണ്ടായിരുന്നു ഞാന്‍. അന്യോന്യം തമാശകള്‍ പറയും. പക്ഷേ, എന്റെ പരിചിതവൃത്തത്തിലുള്ള മതപണ്ഡിതര്‍, അവരുടെ മുഖം സദാ പ്രസന്നരഹിതമായിരുന്നു. ചിരിക്കുക എന്നത് എന്തോ അപരാധമായി കരുതുന്നപോലെ. ദീനുമായി ബന്ധപ്പെട്ടതെല്ലാം തികഞ്ഞ ഗൗരവത്തോടെ കൈകാര്യം ചെയ്തിരുന്നു അവര്‍.

ഇസ് ലാമിലേക്ക് പുതുതായി കടന്നുവരുന്നവരുടെ ജീവിതത്തില്‍ ഒട്ടും ധനാത്മകമല്ലാത്ത ക്ഷിപ്രമാറ്റം പ്രകടമാകുന്നുവെന്ന സത്യം, കാലമേറെക്കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ പുതിയ ദീനില്‍ അവര്‍ ശാന്തിയും സമാധാനവും കണ്ടെത്തുന്നുവെന്നത് ശരിയാണ്. എങ്കിലും , ദീനിന്റെ അനുശാസനങ്ങളെ എതിര്‍പ്പേതുമില്ലാതെ അനുസരിച്ച് അടങ്ങിയൊതുങ്ങിക്കഴിയണം എന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്തോ എവിടെയോ നീങ്ങിപ്പോയോ എന്ന മട്ടില്‍ അവന്‍ എല്ലാറ്റിലും അമിതശ്രദ്ധ പതിപ്പിക്കുന്നു. ചിലര്‍ തങ്ങളോടു സഹകരിക്കാത്ത കുടുംബക്കാരില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും വിട്ടുനില്ക്കുന്നു.
‘ഹാപ്പി ക്രിസ്മസ്’ പോലെ ആഹ്ലാദ വേളകളൊന്നും തങ്ങള്‍ക്കില്ലെന്നവര്‍ വിചാരിക്കുന്നു. ഈ ദീന്‍ ഒത്തിരി പാരുഷ്യം പൂണ്ടതാണെന്നവര്‍ കരുതിയിട്ടുണ്ടാകണം. പക്ഷേ, അന്യര്‍ ഈ സമൂഹത്തെ കാണുമ്പോള്‍ നിയമങ്ങള്‍ അനുസരിക്കുന്ന ഒരു വിഭാഗം എന്നല്ല വിലയിരുത്തുന്നത്. മറിച്ച്, അപരസംസര്‍ഗം വിലക്കുന്ന ആചാരസംസ്‌കാരരീതികള്‍ വെച്ചുപുലര്‍ത്തുന്ന ഒരു അപരിഷ്‌കൃതസമൂഹം എന്നത്രേ.
തങ്ങളുടെ കര്‍മങ്ങളില്‍ നിഷ്‌കര്‍ഷ പുലര്‍ത്താന്‍ ദീന്‍ അനുശാസിക്കുന്നുണ്ടെന്നത് ശരിയാണ്. അതേസമയം അത് മധ്യമനിലപാട് സമര്‍പിക്കുന്നു. തമാശ പറയുന്നതും സന്തോഷം പങ്കിടുന്നതും ശരീഅത്ത് വിരുദ്ധമല്ല. എന്നല്ല, ഖുര്‍ആന്‍ വിശ്വാസികളെ സദാ സന്തോഷവാന്‍മാരായിരിക്കാനാണ് പ്രേരിപ്പിക്കുന്നത്. പക്ഷേ, ആ ആഹ്ലാദ വേളകള്‍ക്കും ആഘോഷങ്ങള്‍ക്കും ഒരു മാര്‍ഗരേഖ വരച്ചിട്ടുണ്ടെന്നുമാത്രം.

വിലക്ഷണ സംസാരത്തില്‍നിന്ന് നാവിനെ സംരക്ഷിക്കുക

അന്യരെ പരിഹസിച്ചുകൊണ്ട് ആളുകളെ ചിരിപ്പിക്കുന്ന ഹാസ്യകലാകാരന്‍മാരാണ് ഇക്കാലഘട്ടത്തിന്റെ പ്രത്യേകത .വിഡ്ഢിദിനത്തിലെ കോപ്രായങ്ങളും അശഌല നര്‍മപ്രസിദ്ധീകരണങ്ങളും പരിധിവിടുന്നത് നമുക്കറിയാം.ഇസ് ലാം നര്‍മത്തിന്റെയും പരിഹാസത്തിന്റെയും ഇടയില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചത് അതുകൊണ്ടാണ്.
ഒരാള്‍ പ്രവാചകന്റെ അടുക്കല്‍വന്ന് യാത്ര ചെയ്യാന്‍ തനിക്കൊരു മൃഗത്തെ തരണമെന്നാവശ്യപ്പെട്ടു.
‘തള്ളയൊട്ടകത്തിന്റെ ഒരു കുട്ടിയെ ഞാന്‍ താങ്കള്‍ക്കുതരാം’നബി പ്രതിവചിച്ചു.
‘ഒട്ടകക്കുട്ടിയെ എനിക്കെന്തിനാണ് ?’ അയാള്‍ അത്ഭുതപ്പെട്ടു.
‘തള്ളയൊട്ടകം ഒട്ടകക്കുട്ടിയെ മാത്രം പ്രസവിക്കുന്നതിന് ഞാന്‍ എന്തുചെയ്യും?!!!’ നബി മൊഴിഞ്ഞു-(അബൂദാവൂദ്& തിര്‍മിദി). (അതായത്,എത്ര പ്രായമേറിയ ഒട്ടകമായാലും അത് ഒരു തള്ളയൊട്ടകത്തിന്റെ കുട്ടിയാണല്ലോ!)
[മുസ് ലിം സമൂഹം കടുത്ത പ്രതിസന്ധിഘട്ടത്തിലായിരിക്കുമ്പോള്‍പോലും പ്രവാചകന്‍ അവരുടെ മനഃസംഘര്‍ഷം ലഘൂകരിക്കുന്നതിന് ലഘുനര്‍മോക്തികള്‍ നിത്യജീവിതത്തില്‍ ഉപയോഗിച്ചിരുന്നു. എങ്കിലും സത്യപ്രസ്താവന ആയിരിക്കുമത്-ആരുടെയും മനസിനെ മുറിപ്പെടുത്താത്ത, മനസുകളെ തമ്മിലടുപ്പിക്കുന്ന നിര്‍മലനര്‍മം.]

തിന്‍മയെ നിസാരമാക്കലും പാപിയെ മഹത്വവല്‍കരിക്കലും

ഇക്കാലഘട്ടത്തിലെ തമാശകളെന്തെന്ന് നമുക്കറിയാം.സെക്‌സ്, മദ്യപാനം തുടങ്ങി സഭ്യേതരവിഷയങ്ങളിലെ തമാശകള്‍. ആര്‍ക്കും ഗൗരവം തോന്നാത്തതിനാല്‍ നിത്യജീവിതത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ സാധാരണ പറയപ്പെടാറുള്ളവ. ഒരുവേള നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി അത് മാറിയിട്ടുണ്ട്. ഇത്തരം നേരമ്പോക്കുകളൊന്നും പാപങ്ങളല്ല എന്ന് സ്വയം ആശ്വാസിച്ചിരിക്കുകയാണ് എല്ലാവരും. പക്ഷേ, പാപമാണിവയെല്ലാം എന്നതില്‍ സംശയം വേണ്ട.
പാപത്തെ ലഘൂകരിച്ചുകാണുകയാണ് തമാശയിലൂടെ ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇത് പ്രചുരപ്രചാരം നേടുന്നതോടെ പ്രസ്തുത പാപം നിസാരവല്കരിക്കപ്പെടുന്നു. എല്ലാവരേയും ചിരിപ്പിക്കുന്നു എന്നതിനാല്‍ തമാശക്കാരന്‍ ജനപ്രിയനായിത്തീരുന്നു. നോക്കണേ, തമാശയിലൂടെ പാപത്തിന് കിട്ടിയ മഹത്വം!

അതുപോലെ, ചെറിയ കാര്യലാഭത്തിനായി മറ്റുള്ളവരെ ഭയപ്പെടുത്തി രസിക്കുന്നതും വിലക്കിയിട്ടുണ്ട്്. അത്തരം തമാശകള്‍ പ്രത്യേകിച്, കൗമാരക്കാരില്‍ ശാരീരികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഗുസ്തി പോലുള്ള കായികാഭ്യാസങ്ങള്‍ സുന്നത്താണെങ്കിലും മറ്റുള്ളവരെ പരിക്കേല്പിക്കുന്ന ഒന്നും അനുവദിക്കപ്പെട്ടിട്ടില്ല. സമാനസ്വഭാവത്തിലുള്ളതത്രെ അപരരെ അപഹസിക്കലും ഭയപ്പെടുത്തലും.പ്രവാചകന്‍ (സ)പറഞ്ഞു:’ഒരു മുസ് ലിം തന്റെ സഹോദരനെ ഭയപ്പെടുത്താവതല്ല’. (അബൂദാവൂദ്)

യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഫലിതോക്തി ദ്വയാര്‍ഥപ്രയോഗങ്ങള്‍,തെറിവാക്കുകള്‍, കളിപ്പേരുവിളി എന്നിവയും വിലക്കിയിരിക്കുന്നു. നബി(സ) പറഞ്ഞു: ‘ ഒരു മുസ് ലിം ഇകഴ്ത്തി സംസാരിക്കുകയോ, ശപിക്കുകയോ, അസഭ്യം പറയുകയോ ഇല്ല.'(തിര്‍മിദി)

ചിരിയിലെ മിതത്വം

പ്രസിദ്ധപണ്ഡിതനായ സുഫ്‌യാനുബ്‌നുഉയയ്‌നഃ പറഞ്ഞു:’ഫലിതം പറയുന്നത് സുന്നത്താണ്. എപ്പോള്‍,എങ്ങനെ അത് പറയണമെന്ന് അറിയാവുന്നര്‍ക്ക് മാത്രം’.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ അവധാനതയും സൂക്ഷ്മതയുമുള്ളവനായിരിക്കണം.എന്തിനുമേതിനും ഔചിത്യബോധം കാത്തുസൂക്ഷിക്കേണ്ടതുപോലെ തമാശ പറയുമ്പോഴുംഅതുണ്ടാവണം. തമാശ പറയാനും ഗ്രഹിക്കാനും പ്രാപ്തമായ സദസിലേ അത് പറയാവൂ. അത് പരിധി ലംഘിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ സദസുകളില്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. ലോകമെങ്ങും മനുഷ്യരാശി പലവിധത്തിലുള്ള പ്രയാസങ്ങളില്‍പ്പെട്ടുഴലുമ്പോള്‍ അതിനോടൊന്നും പ്രതികരിക്കാതെ കളിതമാശകളില്‍ മുഴുകുന്ന സമൂഹം ഇപ്പോഴും കൂട്ടത്തിലുണ്ടെന്നത് കഷ്ടമാണ്.

മക്കളോട് കളിതമാശകള്‍ പറഞ്ഞ് സമയം ചിലവിടുന്ന മാതാപിതാക്കള്‍ അതില്‍ മിതത്വം പാലിക്കണം. മാതാപിതാക്കളോടുള്ള കുട്ടികളുടെ ബഹുമാനാദരവുകള്‍ നഷ്ടപ്പെടും വിധം രസച്ചരട് പൊട്ടാനനുവദിക്കരുത്. തരളിതമനസ്‌കരെ അധികം പരിഹാസപാത്രമാക്കാനും പാടില്ല.

പ്രവാചകന്‍(സ) പറഞ്ഞു: ‘നിങ്ങള്‍ ചിരി അധികരിപ്പിക്കരു ത് . അത് ഹൃദയങ്ങളെ നിശ്ചേതനമാക്കുന്നു.'(തിര്‍മിദി)
അനുഷ്ഠാനവിഷയങ്ങള്‍ അധികമധികം ചര്‍ച നടത്തുന്നത് ഹൃദയാന്തരാളങ്ങളെ കടുപ്പമുള്ളതാക്കി യേക്കാമെന്നതുകൊണ്ട് നബി അക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതുഘട്ടത്തിലും മധ്യമനിലപാടിലായിരിക്കണം വിശ്വാസി എന്നാണിതെല്ലാം സൂചിപ്പിക്കുന്നത്. അവന് തന്റെ കുടുംബാംഗ ങ്ങളോടൊത്ത് വിനോദങ്ങളിലേര്‍പ്പെടാം. സുഹൃത്തുക്കളുമായി നര്‍മഭാഷണം നടത്താം. പക്ഷേ, സത്വരശ്രദ്ധ വേണ്ട വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കണം.

Topics