സ്മാര്‍ട്ട് ക്ലാസ്സ്‌

കരുതലും പരിചരണവും കുട്ടികള്‍ക്ക്


നക്ഷത്രങ്ങളാണ് കുട്ടികള്‍-15

2019 ഡിസംബര്‍ ഒന്നാംതിയതി ‘ദ ഹിന്ദു’ ദിനപ്പത്രത്തില്‍ വന്ന ഒരു ഫീച്ചര്‍ ഇപ്പോഴും ഈ കുറിപ്പുകാരന്റെ ഓര്‍മയില്‍ നിറം മങ്ങാതെ നില്‍ക്കുന്നു. കര്‍ണാടകയില്‍, ചിത്രദുര്‍ഗ ജില്ലയിലെ രംഗവനഹല്ലി എന്ന ഗ്രാമത്തിലെ ദരിദ്രയായ ജയലക്ഷ്മി എന്ന സ്ത്രീയെ കുറിച്ചുള്ളതായിരുന്നു ഫീച്ചര്‍. ജയലക്ഷ്മി വിധവയാണ്. മൂത്ത മകന്‍ രാജേഷ് ഭിന്നശേഷിക്കാരനാണ്.ഇരു കാലുകള്‍ക്കും വൈകല്യമുള്ളതിനാല്‍ സ്വയം നടക്കാന്‍ കഴിയില്ല. രാജേഷിനു താഴെ ജയലക്ഷ്മിക്ക് മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്.

രംഗവനഹല്ലി ഗ്രാമത്തില്‍ ഹൈസ്‌കൂളുകളില്ല.ഗതാഗത സൗകര്യങ്ങളുമില്ല. രാജേഷിനാണെങ്കില്‍ പഠിച്ചു മിടുക്കനാകണം, ബിരുദദാരിയാകണം, സര്‍ക്കാര്‍ ജോലി നേടണം, കുടുംബം പോറ്റണം എന്നിങ്ങനെ കലശലായ ആഗ്രഹങ്ങളുണ്ട്. ആഴ്ചയില്‍ നാലു ദിവസം ജയലക്ഷ്മി , രാജേഷിനെയുമെടുത്ത് നാലു കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് രാവിലെ പുറപ്പെടും.എട്ടാം ക്‌ളാസ് വിദ്യാര്‍ഥിയാണ് രാജേഷ്. വൈകുന്നരം സ്‌കൂള്‍ വിടുന്നത് വരെ ആ അമ്മ കാത്തിരിക്കും.ഉച്ചഭക്ഷണം കഴിക്കുന്നതിനും ടോയ്‌ലറ്റില്‍ പോകുന്നതിനും മകന് പരസഹായം ആവശ്യമുള്ളതിനാലാണ് ജയലക്ഷ്മി വൈകുന്നേരം വരെ സ്‌കൂളില്‍ തങ്ങുന്നത്. പിന്നീടുള്ള മൂന്നു ദിവസം തൊഴിലെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വിധവയായ ആ സ്ത്രീ കുടുംബം സംരക്ഷിക്കുന്നത്.

ഭിന്ന ശേഷിക്കാരനായ ഒരു മകനോട് ഒരമ്മ കാട്ടുന്ന നിരുപമമായ സ്‌നേഹവായ്പിനെ വാഴ്ത്താതിരിക്കാനാര്‍ക്കാണ് കഴിയുക.ത്യാഗോജ്വലമല്ലേ ഈ പുത്രസ്‌നേഹം. എത്ര വികാര തരളിതമാണ് ആ മാതൃഹൃദയം . ഒരിക്കലും അറ്റുപോകാത്ത വിധം ചേര്‍ത്തുവെക്കാന്‍ പറ്റുന്ന രക്തബന്ധം. കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ നിന്നും കിട്ടേണ്ടത് ഇത്തരം മധുരാനുഭവങ്ങളാണ്.നിരുപാധികമായ സ്‌നേഹവും കരുതലുമാണ് മുതിര്‍ന്നവരില്‍ നിന്നും കുട്ടികള്‍ അര്‍ഹിക്കുന്നത്. അതാണ് കുട്ടികള്‍ക്ക് കിട്ടേണ്ടത്.

ശാസ്ത്ര വിസ്മയങ്ങളുടെയും സാങ്കേതിക വിദ്യാ തരംഗങ്ങളുടെയും നൂറ്റാണ്ടാണിത്. ഖേദത്തോടെയാണെങ്കിലും പറയാതിരിക്കാന്‍ വയ്യ, കുട്ടികളുടെ കരുതലിന്റെയും പരിചരണത്തിന്റെയും കാര്യത്തില്‍ മുതിര്‍ന്നവര്‍ കുറ്റകരമായ വിമുഖതയാണ് പുലര്‍ത്തിക്കാണുന്നത്.ബൗദ്ധികവും ചടുലവും ആരോഗ്യ പൂര്‍ണ്ണവും സ്‌നേഹാര്‍ദ്രവുമായ ഒരു സമൂഹത്തെയാണ് സൃഷ്ടിക്കാന്‍ നാം ലക്ഷ്യമിടുന്നതെങ്കില്‍ കരുണയോടും കരുതലോടും കുട്ടികളെ നാം വളര്‍ത്തണം.അവരുടെ മനസ്സിന്റെ യഥാര്‍ത്ഥ ആഴം നാമറിയണം.നാളേക്ക് വേണ്ട പ്രത്യുല്‍പന്നമതികളായ പൗരന്മാരായി വളരാനും ഉയരാനും അവര്‍ക്ക് വേണ്ടത് നമ്മുടെ കൈത്താങ്ങാണ്. വരണ്ട തന്നിഷ്ടങ്ങളും വഴങ്ങാത്ത ശാഠ്യങ്ങളും നാം മാറ്റിവെക്കണം.

ഏതൊരു കുട്ടിക്കും കൂടുതല്‍ ആത്മബന്ധമുണ്ടാവുക അമ്മയോടും അച്ഛനോടുമായിരിക്കും. അവരാണല്ലോ കുട്ടിയുടെ പ്രധാന ആശ്രയവും ശക്തികേന്ദ്രവും. സ്‌നേഹത്തിന്റെ ഒഴുക്കിലാണ് കുട്ടിക്കാലത്തിന്റെ ആഘോഷം കിടക്കുന്നത്. സ്‌നേഹ നിഷേധം കുട്ടിക്കാലത്തെ ദുഃഖസങ്കുലവും ഊഷരവുമാക്കും. നിര്‍വ്യാജമായ സ്‌നേഹം തരുന്നവരെ മാത്രമേ, വിശ്വസിക്കാനാവു. മിഠായി കാണിച്ചു ആരോരുമില്ലാത്തിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്‍മാരെക്കുറിച്ച് നിരന്തരം നാം കേള്‍ക്കുന്നില്ലേ.

കയ്യില്‍ മിഠായിയും ചുണ്ടില്‍ പുഞ്ചിരിയും കാണിച്ചു കൊണ്ടാണ് കുട്ടികളെയവര്‍ ചതിക്കുന്നതും കുട്ടിത്തം ചവിട്ടിമെതിക്കുന്നതും. മിഠായി യിലൂടെയും പുഞ്ചിരിയിലൂടെയും കാണിച്ചത് വ്യാജമായ സ്‌നേഹമായിരുന്നു.ഈ സ്‌നേഹ പ്രകടനത്തെ എങ്ങനെ വിശ്വസിക്കാനാവും. വീടുകള്‍ കുട്ടികള്‍ക്ക് നരകമായി മാറുന്നു. വിദ്യാലയങ്ങള്‍ പീഡനകേന്ദ്രങ്ങളായി പരിണമിക്കുന്നു.

കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ബന്ധ വൃത്തമെന്നത് വളരെ ചെറുതാണ്. മാതാപിതാക്കളിലും സഹോദരങ്ങളിലും ഏതാനും സമപ്രായക്കാരിലുമൊതുങ്ങുന്നതാണ് ആ വൃത്തം.കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടാന്‍ തുടങ്ങുന്നത് ഈ വൃത്തത്തിനകത്താണ്. കുഞ്ഞുന്നാളില്‍ അച്ഛനമ്മമാരുടെ സ്‌നേഹം വേണ്ട അളവില്‍ കിട്ടാതെ പോയ കുട്ടികളെക്കുറിച്ച് പഠനം നടത്തിയ മന:ശ്ശാസ്ത്രജ്ഞനാണ് ഹൊവാര്‍ഡ് ഗാര്‍ഡ്‌നര്‍ ( Howard Gardner ).

ഗാര്‍ഡ്‌നറുടെ ബുദ്ധിയുടെ ബഹുമുഖ സിദ്ധാന്തങ്ങള്‍ അറിയാത്തവര്‍ ഈ കുറിപ്പ് വായിക്കുന്നവരിലുണ്ടാകാനിടയില്ല.സ്വഭാവ വിപര്യയങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളധികവും ഈ ഗണത്തില്‍ പെടുന്നവരാണ് എന്നാണ് ഗാര്‍ഡ്‌നറുടെ വിദഗ്ധാഭിപ്രായം.പില്‍ക്കാലത്ത് ഇത്തരം കുട്ടികള്‍ സത്യസന്ധമായ പുഞ്ചിരിയെപ്പോലും അവിശ്വസിച്ചു കളയും.

വൈകാരിക സുരക്ഷിതത്വമെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.മുതിര്‍ന്നവരില്‍ നിന്ന്, പ്രത്യേകിച്ച് അച്ഛനമ്മമാരില്‍ നിന്ന് അവര്‍ക്കത് കിട്ടിയിരിക്കണം.കുട്ടികള്‍ അവരെയും അവരുടെ പ്രകടനങ്ങളെയും സദാ , സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ്. വൈകാരിക സുരക്ഷിതത്വം അനുഭവിക്കാന്‍ കഴിയുമ്പോഴാണ് കുട്ടികള്‍ സന്തുലിത വ്യക്തിത്വത്തിന്റെ ഉടമകളായി വളരുന്നത്.ലോകത്തിന്റ തന്നെ സൗന്ദര്യവും കാരുണ്യവുമായി പിന്നീടവര്‍ മാറും. ചുരുക്കത്തില്‍ നമ്മുടെ സമീപനവും കാഴ്ചപ്പാടുമാണ് പുനഃപരിശോധിക്കേണ്ടത്(തുടരും)

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്

Topics