സ്മാര്‍ട്ട് ക്ലാസ്സ്‌

ആരുണ്ട് നോക്കിവളര്‍ത്താന്‍?


നക്ഷത്രങ്ങളാണ് കുട്ടികള്‍ -16

കുട്ടികളുടെ ശാരീരികവും വൈകാരികവും ബൗദ്ധികവും സാമൂഹികവുമായ വികാസം സാധ്യമാക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. കാര്യക്ഷമമായ രക്ഷാകര്‍തൃത്വത്തെ ആശ്രയിച്ചിരിക്കും പ്രസ്തുത വികാസ ഗതി. കുട്ടികളുടെ സമഗ്ര വികാസത്തെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണല്ലൊ യഥാര്‍ത്ഥത്തില്‍ രക്ഷാകര്‍തൃത്വം. കുട്ടികളെയും അവരുടെ ആരോഗ്യകരമായ വളര്‍ച്ചാ വികാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന ധാരണകളെയും കുറിച്ച് കൃത്യമായ ധാരണകളില്ലാത്തതുകൊണ്ട് പലരുടേയും രക്ഷാകര്‍തൃത്വം ദിശ തെറ്റിപ്പോകാറുണ്ട്. കുട്ടികളുടെ സമതുലിതമായ വളര്‍ച്ചാ വികാസം മുരടിച്ചു പോവുകയും ചെയ്യും.

നാലു തരം രക്ഷാകര്‍തൃത്വരീതി പൊതുവെ പറഞ്ഞു കേള്‍ക്കാറുണ്ട്.

സ്വേച്ഛാധിപത്യ രക്ഷാകര്‍തൃത്വമാണ് അവയിലൊന്ന്.കുട്ടികളോട് അമിതാധികാരം പ്രായോഗിക്കുന്ന ശാഠ്യക്കാരായ ചില രക്ഷിതാക്കളുണ്ട്. കുട്ടികളോട് കല്‍പ്പിക്കുക ,ശാസിക്കുക, ശകാരിക്കുക , ശിക്ഷിക്കുക എന്നിവ ഇത്തരക്കാരുടെ ഒരു പൊതുരീതിയായിരിക്കും. കുട്ടികളോടു ഇഷ്ടമില്ലാത്തതു കൊണ്ടല്ല ഇങ്ങനെ പെരുമാറുന്നത് എന്നതാണ് കൗതുകകരം. കുട്ടികള്‍ അടുക്കും ചിട്ടയുമുള്ളവരായി വളരാനും നല്ലവരായി മാറാനുമുള്ള ആഗ്രഹം സാധിക്കാനാണ് സ്വേച്ഛാധിപത്യ പരമായി അവര്‍ പെരുമാറുന്നത്.തങ്ങള്‍ മുമ്പനുഭവിച്ചതും സഹിച്ചതുമായ ജീവിതം മനസ്സില്‍ കണ്ടുകൊണ്ടാവും ഒരു പക്ഷെ പലരും കുട്ടികളോടിത്തരമൊരു ഹിതകരമല്ലാത്ത രീതി സ്വീകരിക്കുന്നത്.കുട്ടികള്‍ കുട്ടികളും തങ്ങള്‍ മുതിര്‍ന്നവരുമാണെന്നും ഇരുകൂട്ടര്‍ക്കുമിടയില്‍ വലിയ പ്രായാന്തരമുണ്ടെന്നുമുള്ള പ്രാഥമിക യാഥാര്‍ത്ഥ്യമാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. ഫലമോ, ഭയചകിതരും ശിഥില മാനസരും അസ്വസ്ഥരുമൊക്കെയായി ഈ കുട്ടികള്‍ വളരുന്നു.കുട്ടിക്കാലത്തിന്റെ ശാലീനതയും കൗമാരത്തിന്റെ താരള്യവും അനുഭവിക്കാനാകാതെ ഒരു തരം അടിച്ചമര്‍ത്തപ്പെട്ടവരായിട്ടാവും അവര്‍ യുവത്വത്തിലേക്ക് പ്രവേശിക്കുന്നത്. ഹെലികോപ്റ്റര്‍ രക്ഷാകര്‍തൃത്വമെന്നും ഈ രീതി നര്‍മാത്മകമായി വിശേഷിപ്പിക്കപ്പെടാറുണ്ട്. ഹെലികോപ്റ്റര്‍ ഒരു നിര്‍ണിത പരിധിക്കുള്ളില്‍ കിടന്നായിരിക്കുമല്ലൊ വട്ടമിടുന്നത്. അതീവ സൂക്ഷ്മതയോടെയാവും മേലോട്ടുയര്‍ത്തുന്നതും താഴോട്ടിറക്കുന്നതും. കണിശതയും സൂക്ഷ്മതയും
പ്രധാനം.

അനിയന്ത്രിത രക്ഷാകര്‍തൃത്വ രീതിയാണ് രണ്ടാമത്തെത്.അമിതലാളനയും അമിത വാത്സല്യവും കൊടുത്തു കുട്ടികളെ വളര്‍ത്തുന്ന രീതി.
കുട്ടികള്‍ക്ക് സര്‍വതന്ത്ര സ്വതന്ത്രരായി വിലസാന്‍ കഴിയുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. കുട്ടികള്‍ ബോധപൂര്‍വം ചെയ്യുന്ന തെറ്റുകള്‍ പോലും തിരുത്താനോ അവരെ ഗുണദോഷിക്കാനോ ഇത്തരം രക്ഷിതാക്കള്‍ തയ്യാറാകില്ല. ഒടുവില്‍ വഴിതെറ്റിപ്പോകാന്‍ വരെ അതിടയാക്കുന്നു.

ഉദാസീന രക്ഷാകര്‍തൃത്വ രീതിയാണ് മൂന്നാമത്തേത്. രക്ഷകര്‍ത്താക്കള്‍ എന്ന നിലയില്‍ സ്വന്തം ഭാഗധേയം തിരിച്ചറിയാന്‍ കഴിയാത്ത
വിധം ആന്ധ്യവും ബാധിര്യവും ബാധിച്ചവര്‍. ഉത്തരവാദിത്വത്തെക്കുറിച്ച ചിന്തയില്ലാത്തവര്‍.കുട്ടികളുടെ പ്രാഥമികാവശ്യങ്ങളോടും
അവര്‍ നേരിടുന്ന പ്രശ്‌നങ്ങളോടും കുറ്റകരമായ നിസ്സംഗഭാവം കാട്ടുന്നവര്‍.ഒന്നിനും സമയമില്ല എന്ന മട്ടില്‍ എപ്പോഴും തിരക്ക് കാണിക്കുന്നവര്‍. കുട്ടികള്‍ക്കായി ചെവി കൊടുക്കാന്‍ കൂട്ടാക്കാത്തവര്‍. കുട്ടികളോട് സംസാരിക്കാനും വിനോദിക്കാനുമൊന്നും മെനക്കെടാത്തവര്‍.
ഒരു തരം അരക്ഷിതരും പ്രതിലോമകാരികളുമായി വളരാനാവും ഈ പാവം കുട്ടികളുടെ വിധി.

പ്രമാണയുക്ത രക്ഷാകര്‍തൃത്വ രീതിയാണ് നാലാമത്തേത്. പൊതുവെ അഭികാമ്യവും സ്വീകാര്യവും ശിശു സൗഹൃദ പരവുമായ രക്ഷാകര്‍തൃത്വ രീതിയെന്ന് ഇതിനെ നമുക്ക് വിളിക്കാം.കുട്ടികളെ മനസ്സിലാക്കുകയും തിരിച്ചറിയുകയും അവരെ സദാ നിരീക്ഷിച്ചു കൊണ്ട് ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊടുക്കുകയും ചെയ്യുന്ന രീതി. കുട്ടികളുടെ മേല്‍ നിയന്ത്രണമുണ്ടാകും. പക്ഷേ, സൗഹാര്‍ദ്ദപരമായിരിക്കും.കുട്ടികളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതമായിരിക്കും. ഒടുവില്‍ പറഞ്ഞ രക്ഷാകര്‍തൃത്വ രീതിയാണ് കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായിക്കുക എന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

തോമസ് ആല്‍വ എഡിസണ്‍ ( 1847-1931) എന്ന വിഖ്യാത ശാസ്ത്രജ്ഞനെ നോക്കൂ. സ്‌കൂളില്‍ ചേര്‍ന്നു മൂന്നാം മാസം ബുദ്ധിമാന്ദ്യം ചാര്‍ത്തപ്പെട്ട് ബഹിഷ്‌കൃതനായ കുട്ടിയായിരുന്നു എഡിസണ്‍. റിവറന്റ് എംഗിള്‍ എന്ന അധ്യാപകനാണ് , ബുദ്ധി മാന്ദ്യമുള്ളതു കൊണ്ട് കുട്ടിയെ പഠിപ്പിക്കാന്‍ കഴിയില്ലെന്നും സ്‌കൂളിലേക്ക് വിടരുത് എന്നും കാണിച്ചു എഡിസന്റെ അമ്മക്ക് കത്ത് കൊടുത്തയച്ചത്.ഏതൊരമ്മയുടെയും ചങ്ക് പിളര്‍ത്തുന്ന കത്തായിരുന്നു അത്.

ഏഴ് മക്കളെ പ്രസവിച്ച ആ അമ്മ കത്ത് വായിച്ച് തളര്‍ന്നില്ല. മകനെക്കുറിച്ച് നിരാശനായില്ല. അവനെ താന്‍ പഠിപ്പിച്ചു വലിയവനാക്കും എന്ന പ്രതിജ്ഞയെടുത്തു ആ സ്ത്രീ. എഡിസണെ വീട്ടിലിരുത്തി പഠിപ്പിച്ചു. ശ്രദ്ധക്കുറവും വിസ്മൃതാവസ്ഥയുമുള്ള മകനെ കരുതലോടെ പരിചരിച്ചു.
പരിമിതികളുണ്ടെങ്കിലും ശാസ്ത്രാഭിനിവേഷം എഡിസണിലുള്ളത് ആ അമ്മക്ക് പ്രതീക്ഷ നല്‍കി. ചെറുപ്പത്തില്‍ തന്നെ ആര്‍.ജി.പാര്‍ക്കറുടെ School of Natural Philosophy എന്ന ശാസ്ത്ര ഗ്രന്ഥം അമ്മ എഡിസണ് വാങ്ങിച്ചു കൊടുത്തു. എഡിസന്റെ ജീവിതത്തില്‍ വഴിത്തിരിവായത് ഈ പുസ്തകമാണ്. എഡിസണെ ശാസ്ത്രജ്ഞനാക്കിയ പുസ്തകം. മണ്ടശിരോമണി എന്നാരോപിച്ച് സ്‌കൂളും അധ്യാപകനും പുറത്തിറക്കി വിട്ട ഒരു കുട്ടി അസാധാരണത്വമുള്ള ഒരു ശാസ്ത്ര പ്രതിഭയായി മാറുകയിരുന്നു പിന്നീടങ്ങോട്ട്. 84 വര്‍ഷം ജീവിച്ച തോമസ് ആല്‍വ എഡിസണ്‍ നൂറു കണക്കിന് കണ്ടുപിടുത്തങ്ങളാണ് നടത്തിയത്. ബള്‍ബ്, ചലച്ചിത്ര ക്യാമറ, ഫോണോഗ്രാഫ് തുടങ്ങി ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍.

ലോകം ആദരവോടെ കാണുന്ന ശാസ്ത്രജ്ഞന്‍. അമേരിക്കയിലെ സ്‌കൂളൂകള്‍ക്കും കോളേജുകള്‍ക്കും നഗരങ്ങള്‍ക്കുമൊക്കെ എഡിസണ്‍ എന്ന പേരിട്ടു എന്നത് ആ ആദരവിന്റെ സൂചനയാണ്. എന്നെ ഞാനാക്കിയത് എന്റെ അമ്മയാണ് എന്ന് എഡിസണ്‍ എപ്പോഴും പറയുമായിരുന്നു.

പ്രമാണയുക്ത രക്ഷാകര്‍തൃത്വ രീതി പറയുമ്പോള്‍ തോമസ് ആല്‍വ എഡിസന്റെ അമ്മ അതിന്റെ മികച്ച ഉദാഹരണമാണ് ( തുടരും).

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics