നക്ഷത്രങ്ങളാണ് കുട്ടികള്‍- 30
ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ നമ്മുടെ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്. മാതാപിതാക്കളും അദ്ധ്യാപകരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ട കാലമാണിത്. മുന്നനുഭവങ്ങളുടെ കുറവും പ്രായോഗിക തന്ത്രങ്ങളെ ക്കുറിച്ച ധാരണയില്ലായ്മയും കാരണം നിത്യ ജീവിതത്തിലെ നൂതന പ്രശ്‌നങ്ങളെ സമര്‍ഥമായി മറികടക്കുന്നതിന് കുട്ടികള്‍ക്ക് പലപ്പോഴും കഴിയാതെ പോകുന്നു.2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കേരളത്തില്‍ പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 173 കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നത് നമ്മെയെല്ലാം വളരെയേറെ വേദനിപ്പിച്ച കാര്യമാണ്. കൊവിഡ്-19 മഹാമാരി സൃഷ്ടിച്ച വിഷാദാവസ്ഥയും ഒറ്റപ്പെടലും ഓണ്‍ലൈന്‍ പഠനത്തിലേക്കുള്ള അപ്രതീക്ഷിതമായ ഷിഫ്റ്റിംഗും ഭാവിയെക്കുറിച്ച ഉല്‍ക്കണ്ഠയും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അസന്തുലിതാവസ്ഥക്ക് മുന്നില്‍ പകച്ചു പോയ കുട്ടികള്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നോ?
പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ വേണ്ട ധൈര്യവും കരുത്തും ആത്മവിശ്വാസവും എന്തുകൊണ്ട് വിദ്യാഭ്യാസത്തില്‍ നിന്നവര്‍ക്ക് കിട്ടിയില്ല എന്ന ചോദ്യം പ്രസക്തമാണ്.
വളരെ ഗൗരവത്തോടെ വിശകലനം ചെയ്യപ്പെടേണ്ട വിഷയമാണിത്.
കടുത്ത പരീക്ഷണങ്ങളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച് ചരിത്രത്തില്‍ ഇടം നേടിയ പ്രതിഭാശാലികളുടെ വിജയഗാഥകള്‍ നമ്മുടെ കുട്ടികളറിയേണ്ടതുണ്ട്. അവരെ അറിയിക്കേണ്ടതുണ്ട്.
കുട്ടിക്കാലത്ത് നേരിട്ട ഒരു ഭീകര ദുരന്തത്തെ ആത്മബലം കൊണ്ടും ഇച്ഛാശക്തിയുപയോഗിച്ചും നേരിട്ട ഗ്‌ളെന്‍ വെര്‍നിസ് കണ്ണിങ്ഹാമി ( Glenn Vernice Cunningham) ന്റെ ജീവിതാനുഭവം കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും വലിയൊരു പ്രചോദന പാഠമാണ്. 1909 ആഗസ്റ്റ് 4ന് അമേരിക്കയിലെ കാന്‍സാസിലാണ് കണ്ണിങ്ഹാം ജനിച്ചത്. അച്ഛന്‍ കിണര്‍ പണിക്കാരനായ ഹെന്റി ക്‌ളിന്റണ്‍ കണ്ണിങ്ഹാം. അമ്മ റോസ ആഗ്‌നസ്. ഗ്‌ളെന്‍ കണ്ണിങ്ഹാം കാന്‍സാസിലെ ചെറിയ പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന കാലം. കടുത്ത തണുപ്പകറ്റുന്നതിന് ക്‌ളാസ് മുറിയില്‍ കല്‍ക്കരി സ്റ്റൗ കത്തിച്ചു ചൂടാക്കുന്ന പതിവുണ്ടായിരുന്നു.ദിവസവും മണ്ണെണ്ണ ഒഴിച്ച് സ്റ്റൗ കത്തിക്കുന്ന ഉത്തരവാദിത്വം ഗ്‌ളെന്‍ കണ്ണിങ്ഹാമിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ടീച്ചറും കൂട്ടുകാരും എത്തുന്നതിനു മുന്‍പ് ഗ്‌ളെന്‍ കൃത്യമായി തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുമായിരുന്നു. ഒരു ദിവസം എതോ ഒരുത്തന്‍ ആരുമറിയാതെ മണ്ണെണ്ണ ജാറില്‍ പെട്ടെന്ന് തീ പിടിക്കുന്ന ഗാസലിന്‍ നിറച്ചു വച്ചിരുന്നു.ഗ്‌ളെന്‍ വന്നു പതിവുപോലെ സ്റ്റൗ ചൂടാക്കാന്‍ ശ്രമിക്കേണ്ട താമസം തീ ആളിപ്പടര്‍ന്നു. ആ സമയം ഗ്‌ളെന്നിന്റെ മൂത്ത സഹോദരന്‍ ഫ്‌ളോയിഡും ഒപ്പമുണ്ടായിരുന്നു. ടീച്ചറും കുട്ടികളും ക്‌ളാസിലെത്തുമ്പോള്‍ കണ്ടത് തീഗോളങ്ങളില്‍ കിടന്നു പിടയുന്ന സഹോദരങ്ങളെയാണ്. ഫ്‌ളോയിഡ് സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. അരക്കെട്ടിന് താഴെ ഗുരുതരമായി പൊള്ളലേറ്റ ഗ്‌ളെന്നിനെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപ്പൊള്ളലേറ്റ് ഗ്‌ളെന്‍ അര്‍ധ അബോധാവസ്ഥയിലായിരുന്നു. ഇരു കാലുകളും വെന്തു ശോഷിച്ചു പോയിരുന്നു. ആശുപത്രിക്കിടക്കയില്‍ ഹൃദയം പറിച്ചെടുക്കുന്ന വേദനയും കടിച്ചിറക്കി ആ എട്ടുവയസ്സുകാരന്‍ ജീവിതം തള്ളിനീക്കി. കിടന്ന കിടപ്പില്‍ ദിവസങ്ങളോളം. ഉറങ്ങാത്ത രാവുകള്‍.കണ്ണീര്‍ പോലും വറ്റിച്ചു കളഞ്ഞ വിധിയുടെ കഠിനത.
ദിവസങ്ങള്‍ നീണ്ട ചികിത്സയുടെ ഫലമായി ശരീരത്തിലെ വ്രണം ഭേദമായെങ്കിലും അരക്ക് താഴെ ശോഷിച്ചു പോയത് കൊണ്ട് ചലന ശേഷി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കില്ലായിരുന്നു.
‘ ഇനിയീ കാലുകള്‍ കൊണ്ട് ഒരു പ്രയോജനവുമുണ്ടാകാന്‍ സാധ്യതയില്ല. അത് മുറിച്ചു കളയുന്നതാണ് നല്ലത്. അല്ലെങ്കില്‍ ശരീരത്തിന് വലിയ ഭാരമാകും.’
ഗ്‌ളെന്നിന്റെ അമ്മയോട് ഡോക്ടര്‍ ഉപദേശിച്ചത് അങ്ങനെയാണ്.അമ്മയും ഗ്‌ളെന്നും പക്ഷേ, അതിന് തയ്യാറല്ലായിരുന്നു.
‘ ഞാന്‍ ഈ ദുരന്തത്തെ അതിജീവിക്കും. എന്തായാലും ഞാനൊരു മുടന്തനായി ജീവിക്കില്ല. ഈ കാലുകള്‍ കൊണ്ട് ഞാന്‍ നടക്കും.’ അമ്മയെ ചേര്‍ത്ത് പിടിച്ചു ഗ്‌ളെന്‍ ഡോക്ടറോട് ആര്‍ജവത്തോടെ പറഞ്ഞു. അസാധാരണമായ ആ ആത്മവിശ്വാസ വിളംബരത്തിനു മുന്നില്‍ ഡോക്ടര്‍ പോലും പകച്ചു നിന്നു പോയി.
ഏറെക്കാലത്തെ ആശുപത്രി വാസത്തിനു ശേഷം , അരക്ക് താഴെ തൂങ്ങിയാടുന്ന കാലുകളുമായി ഗ്‌ളെന്‍ വീട്ടിലെത്തി.ദിവസവും അച്ഛനുമമ്മയും ചേര്‍ന്ന് കാലുകള്‍ തടവിക്കൊടുത്തു.യാതൊരു സ്പര്‍ശനാനുഭവവും ഗ്‌ളെന്നിനുണ്ടായിരുന്നില്ല. ഞാന്‍ നടക്കും കാലുകളില്‍ നിര്‍ത്താതെ തടവിക്കൊണ്ടിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കി ഗ്‌ളെന്‍ പറഞ്ഞു.
ദിവസങ്ങള്‍ കടന്നു പോയി. നിശ്ചേതനമായ ആ കാലുകള്‍ സചേതനമാകാന്‍ തുടങ്ങി. അമ്മയുടെയും അച്ഛന്റെയും സഹായത്തോടെ ഗ്‌ളെന്‍ പതുക്കെ എഴുന്നേറ്റിരുന്നു. പിന്നെ നില്‍ക്കാന്‍ തുടങ്ങി. തുടര്‍ന്നു പിടിച്ചു പിടിച്ചു നടക്കാനാരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സ്വതന്ത്രമായി നടക്കാനായി.പിന്നെ ഓടാനും.
ഗ്‌ളെന്‍ സ്‌കൂളില്‍ തിരിച്ചെത്തി. പഠനം പുനരാരംഭിച്ചു. അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഗ്‌ളെന്നിന്റെ തിരിച്ചു വരവ് ഒരുല്‍സവമായിരുന്നു. ചരിത്രത്തിലെ ഒരു വിസ്മയമായിരുന്നു യഥാര്‍ത്ഥത്തില്‍ ഗ്‌ളെന്നിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഗ്‌ളെന്‍ കോളേജിലെത്തി. ജീവന്‍ പോലും കവര്‍ന്നെടുക്കാന്‍ പോന്ന ഒരു വന്‍ ദുരന്തത്തെ ആത്മവിശ്വാസം കൊണ്ട് തോല്‍പ്പിച്ച ഗ്‌ളെന്‍ കോളേജിലെത്തിയതോടെ ഒരു അത് ലറ്റായി മാറുകയായിരുന്നു. കോളേജില്‍ ഓട്ടക്കാരുടെ ഒരു ടീമുണ്ടാക്കി.
മികച്ചൊരു ദൈവ വിശ്വാസിയായിരുന്ന ഗ്‌ളെന്നിനെ പലപ്പോഴും പ്രചോദിപ്പിച്ചിരുന്നത് ബൈബിളിലെ ഒരു വചനമാണ്.’ ദൈവത്തിന്റെ സഹായം കാത്തിരിക്കുന്നവര്‍ക്ക് ദൈവം പുതുശക്തി പകരും. പിന്നീടവര്‍ ചിറകു വിരുത്തി ഉയരങ്ങളിലേക്ക് കഴുകന്‍മാരെപ്പോലെ പറക്കും. തളരാതെ അവര്‍ നടക്കും. ക്ഷീണിതരാകാതെ അകലങ്ങളിലേക്കവര്‍ പായും.’
1933 ല്‍ ഗ്‌ളെന്‍ ബിരുദവും 1936 ല്‍ ബിരുദാനന്തര ബിരുദവും 1940 ല്‍ പി.എച്ച്. ഡിയും നേടി. 800 മീറ്റര്‍ ഓട്ട മല്‍സരത്തിലും 1500 മീറ്റര്‍ ഓട്ട മല്‍സരത്തിലും ഗ്‌ളെന്‍ മെഡലുകള്‍ നേടി. 1933ല്‍ അമേരിക്കയിലെ ഏറ്റവും മികച്ച അമേച്വര്‍ അത്‌ലറ്റിനുള്ള ജയിംസ് .ഇ.സള്ളിവന്‍ അവാര്‍ഡ് ഗ്‌ളെന്‍ കരസ്ഥമാക്കി.
കാന്‍സാസിലെ പറക്കും കുതിര എന്ന വിശേഷണം ഗ്‌ളെന്നിന് കിട്ടിയിരുന്നു. 1988 മാര്‍ച്ച് 10 നാണ് വിശ്വ പ്രസിദ്ധനായ ഈ ഓട്ടക്കാരന്‍ ലോകത്തോട് വിട പറഞ്ഞത്.
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ദൈവത്തിന്റെ അദൃശ്യമായ സഹായം തനിക്ക് കിട്ടുമെന്നുള്ള പ്രതീക്ഷയായിരുന്നു ഗ്‌ളെന്നിന് ആത്മവിശ്വാസവും ഇച്ഛാശക്തിയും പ്രദാനം ചെയ്തത്.
ഗ്‌ളെന്നില്‍ നിന്ന് നമുക്കും നമ്മുടെ കുട്ടികള്‍ക്കും ഒരുപാട് പഠിക്കാനുണ്ട്. ജീവിതത്തെ പ്രതീക്ഷയോടെ നേരിടണം എന്ന, പരീക്ഷണങ്ങളെ ഇച്ഛാശക്തിയോടെ അതിജീവിക്കണമെന്ന
മഹത്തായ പാഠങ്ങള്‍. പരീക്ഷകളില്‍ മുന്നിലെത്തി കരിയര്‍ വിസ്മയങ്ങള്‍ തീര്‍ത്തവരുടെ വിജയകഥകള്‍ മാത്രമല്ല, അഗ്‌നി പരീക്ഷണങ്ങളെ അതിജീവിച്ച് ജീവിത വിജയത്തിന്റ നെറുകയിലെത്തിയവരുടെ തീഷ്ണാനുഭവങ്ങളും കുട്ടികളറിയേണ്ടതുണ്ട് . അതവരെ പ്രചോദിപ്പിക്കും.ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് ലക്ഷ്യത്തിലെത്തിച്ചേരാന്‍ സഹായിക്കും. മാനസികമായ കരുത്ത് പകരും. മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം നല്‍കും( തുടരും).
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്
Add Comment