നക്ഷത്രങ്ങളാണ് കുട്ടികള്‍ – 28
ഒരിക്കല്‍ സവിശേഷ പഠന പരിപോഷണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ചെന്നപ്പോളുണ്ടായ ഒരനുഭവമുണ്ട്. മുമ്പും പ്രസ്തുത സ്‌കൂളില്‍ ഈ വിനീതന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.അതു കൊണ്ട് അദ്ധ്യാപകര്‍ക്ക് ഞാനൊരു അപരിചിതനായിരുന്നില്ല.
അന്ന് സ്‌കൂളിലെത്തുമ്പോള്‍ ഏഴാം ക്ലാസില്‍ നവീന്‍ ( ശരിയായ പേരല്ല )എന്ന വിദ്യാര്‍ത്ഥിയെ ക്‌ളാസ് അദ്ധ്യാപികയും പ്രധാനദ്ധ്യാപികയും വരാന്തയില്‍ നിര്‍ത്തി ചോദ്യം ചെയ്യുകയാണ്. കുട്ടികള്‍ വളരെ അസ്വസ്ഥതയോടു കൂടി ആ ദൃശ്യം കണ്ടു കൊണ്ടിരിക്കുന്നു. എന്നെ കണ്ടതോടെ പ്രധാനാദ്ധ്യാപിക ധിറുതിയില്‍ വന്ന് ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിഷയം ശ്രദ്ധയില്‍ പെടുത്തി.
പാഠ പുസ്തകങ്ങളും നോട്ട് ബുക്കുകളുമില്ലാതെ ക്‌ളാസില്‍ വരുന്നു എന്നതാണ് നവീനെതിരായ പ്രധാന കുറ്റമെന്ന് എനിക്ക് മനസ്സിലായി. കാരണം ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ല.അച്ഛനെയോ അമ്മയെയോ വിളിച്ചു കൊണ്ടു വരാന്‍ പറഞ്ഞാല്‍ അതിനും പ്രതികരണമില്ല . എഴുന്നേറ്റു നില്‍ക്കാനോ പുറത്തു പോകാനോ പറഞ്ഞാല്‍ ഒരു കൂസലുമില്ലാതെ ഇരിക്കുന്നിടത്തിരിക്കും തുടങ്ങിയ കുറ്റങ്ങളും നവീനെതിരായി പ്രധാനാദ്ധ്യാപിക ശ്രദ്ധയില്‍ പെടുത്തി. അച്ചടക്ക ലംഘനം , ധിക്കാരം, അനുസരമില്ലായ്മ എന്നിവ ആവര്‍ത്തിക്കുന്നത് കണ്ട് സഹികെട്ടാണ് ഒടുവില്‍ ക്‌ളാസ് അദ്ധ്യാപിക തന്റെ സഹായം തേടിയതെന്നും പ്രധാനാദ്ധ്യാപിക വിശദീകരിച്ചു. സാമ്പ്രദായിക രീതി മുന്നില്‍ വച്ചു ‘ പരസ്യ വിചാരണ പ്രക്രിയ’ യെ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ ഞാന്‍ പോയില്ല. അസാധാരണമായ പെരുമാറ്റങ്ങളും പ്രതികരണ ശൈലികളും കാണുമ്പോള്‍ കുട്ടികളോട് പൊതുവേ അദ്ധ്യാപകര്‍ സ്വീകരിക്കുന്ന സ്വാഭാവിക ശിക്ഷണ നടപടികള്‍ എന്നേ ഇതിനെയൊക്കെ പറയാന്‍ പറ്റു.
‘ അദ്ധ്യാപികയോട് ക്‌ളാസെടുക്കാന്‍ പറയുക. കുട്ടികളുടെ വിലപ്പെട്ട പഠന സമയം നഷ്ടപ്പെടുത്തണ്ട. നവീനെ എന്റെയടുത്തേക്ക് വിട് . അവന്റെ പ്രശ്‌നമെന്താണെന്ന് ഞാനൊന്നന്വേഷിക്കാം’
അങ്ങനെ നവീന്‍ എന്റെയടുത്തേക്ക് വന്നു. ആദ്യം ഞങ്ങള്‍ പുറത്തു പോയി ചായ കഴിച്ചു. അവനും ഞാനും പ്രാതല്‍ കഴിച്ചിരുന്നില്ല. പ്രാതല്‍ കഴിക്കാനിരിക്കുന്നതിനിടയില്‍ നടന്ന ഉപചാര രൂപേണയല്ലാത്ത കൊച്ചു വര്‍ത്തമാനത്തില്‍ നിന്നും നവീന്‍ കടുത്ത ദാരിദ്ര്യത്തിനു പുറമെ അന്തസ്സംഘര്‍ഷവും നിരാശയും ഒറ്റപ്പെടലും അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലായി. ഞങ്ങളിരുവരും ഓഫീസ് മുറിയിലേക്ക് തിരിച്ചു വന്നു ദീര്‍ഘ നേരം സംസാരിച്ചു.
കുറച്ചു ദിവസങ്ങളായി നവീന്‍ അസ്വസ്ഥനാണ്. മദ്യപാനിയായ അച്ഛന്‍ വൈകുന്നേരങ്ങളില്‍ മൂക്കറ്റം കുടിച്ചുവന്ന് വീട്ടില്‍ കലഹവും കലാപവുമാണ്. അമ്മയെ മര്‍ദ്ദിക്കുന്നു. തടയാന്‍ ചെല്ലുന്ന നവീനെയും കുഞ്ഞനുജത്തിയെയും ചീത്ത വിളിക്കുന്നു. നേരത്തെ മദ്യപിക്കുമായിരുന്നെങ്കിലും ഇത്ര വഷളായിരുന്നില്ല. അച്ഛന്റെ പീഡനമേറ്റ് അമ്മക്കും വയ്യാതായി.
ഒരു ദിവസം രാത്രി പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുടിച്ചു ലക്ക് കെട്ട് അച്ഛന്‍ വീട്ടിലേക്ക് കയറി വന്നത്. വന്ന പാടെ എന്തോ ചോദിച്ചു കലി തുള്ളി അമ്മയുടെ നേരെ പാഞ്ഞുചെന്നു. വയ്യാതെ കിടക്കുകയായിരുന്ന അമ്മയെ മര്‍ദ്ദിക്കുന്നത് നവീന് സഹിക്കാന്‍ കഴിഞ്ഞില്ല. ‘ അമ്മയെ തൊട്ടു പോകരുത് ‘അവന്‍ ആക്രോശിച്ചു.
അതോടെ ദ്വേഷ്യം മുഴുവന്‍ അവനോടായി. ഒരു തരം ഭ്രാന്ത് പിടിച്ചവനെപ്പോലെ മേശപ്പുറത്തിരുന്ന അവന്റെ പാഠ പുസ്തകങ്ങളും നോട്ട് ബുക്കുകളുമെല്ലാം അച്ഛന്‍ വാരിക്കൂട്ടിയെടുത്ത്
മുറ്റത്തിട്ട് തീ കൊളുത്തി. ക്ലാസില്‍ ഒരു വിധം നന്നായി പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ, അവന്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച് കൊണ്ട് നടക്കുന്ന അവന്റെ പ്രിയപ്പെട്ട പഠന സാമഗ്രികളും പഠനത്തെളിവുകളും
ചാരമാകുന്നതും നോക്കി ശിഥില ഹൃദയനായി നില്‍ക്കാനേ ആ ഏഴാം ക്ലാസുകാരന് കഴിഞ്ഞുള്ളൂ.
നവീന്‍ കാലു പിടിച്ചു കെഞ്ചിയെങ്കിലും മദ്യം വിവേകം നഷ്ടപ്പെടുത്തിയ ആ ദുഷ്ടന്റെ മനസ്സിനകത്ത് അല്‍പം പോലും അലിവ് തോന്നിയില്ല.
പാഠ പുസ്തകങ്ങളും നോട്ട് ബുക്കുകളുമില്ലാത്ത ബാഗുമായി നവീന്‍ സ്‌കൂളില്‍ വരുന്നതിന്റെ കാരണമറിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയുടെ, പന്ത്രണ്ടു വയസ്സുള്ള ഒരു ഏഴാം ക്ലാസുകാരന്റെ മുന്നില്‍ നിറ കണ്ണുകളോടെ ഇരിക്കേണ്ടി വന്ന ജീവിതത്തിലെ ആദ്യത്തെ അനുഭവം.!!
അച്ഛന്‍ മദ്യപാനിയാണ് എന്ന കാര്യം സ്‌കൂളിലെ ആര്‍ക്കുമറിയില്ല. നവീന്‍ ആരെയും അറിയിച്ചിട്ടില്ല. ആത്മാഭിമാനമോര്‍ത്തിട്ട്.സ്വന്തം മകന്റെ പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും അച്ഛന്‍ തീയിട്ടു ചാരമാക്കി എന്ന് ആരെങ്കിലുമറിഞ്ഞാലുള്ള നാണക്കേട് എ്ത്രയാകും! അതുകൊണ്ടാണ് നവീന്‍ അത് രഹസ്യമാക്കി വെച്ചത്.
നവീന്‍ എന്ന ഏഴാം ക്ലാസ്സുകാരന്റെ’ അച്ചടക്ക ‘ മില്ലായ്മയുടെയും ‘ അനുസരണ ‘ രാഹിത്യത്തിന്റെയും’ ധിക്കാര ‘ ത്തിന്റെയും പിന്നാമ്പുറ രഹസ്യങ്ങള്‍ കുമിഞ്ഞു കൂടിക്കിടക്കുന്നത് സ്വന്തം അച്ഛന്റെ മദ്യാസക്തിയിലാണ് എന്ന് ഉത്തരവാദപ്പെട്ടവര്‍ അറിയാതെ പോയതായിരുന്നു പ്രശ്‌നം.
കടുത്ത അന്തസ്സംഘര്‍ഷം നേരിടേണ്ടി വരുമ്പോള്‍ കുട്ടികള്‍ അസാധാരണമായ പെരുമാറ്റങ്ങളും പ്രതികരണ ശൈലികളും സ്വീകരിക്കുക സ്വാഭാവികമാണ്. കാണുന്നവര്‍ക്ക് അച്ചടക്ക മില്ലായ്മയും അനുസരണക്കേടുമായി തോന്നും.അച്ചടക്കം, അനുസരണം എന്നിവക്ക് ജീവിതാവസ്ഥകളുമായി ബന്ധമുണ്ടല്ലോ.
കുട്ടികളിലെ അച്ചടക്കത്തെക്കുറിച്ച് മുതിര്‍ന്നവരില്‍ ചിലര്‍ക്കെങ്കിലുമുള്ള ധാരണ ശരിയല്ല.തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ മീതെ തൂങ്ങിയാടുന്ന മുതിര്‍ന്നവരുടെ വാള്‍ എന്ന നിലയിലാണ് അച്ചടക്കത്തെക്കുറിച്ച് മിക്ക കുട്ടികളും മനസ്സിലാക്കി വെച്ചിട്ടുള്ളത്. നിയമങ്ങളും നിയന്ത്രണങ്ങളുമുപയോഗിച്ച് കുട്ടികളെ മെരുക്കിയെടുക്കാനും അവരുടെ ചേഷ്ടകളെ ചിട്ടപ്പെടുത്താനും സാധിക്കുമെന്നും അങ്ങനെയവരെ അച്ചടക്കവും അനുസരണ ശീലവുമുള്ളവരാക്കി മാറ്റാന്‍ കഴിയുമെന്നുമാണ് പലരും വിചാരിക്കുന്നത്.
അങ്ങനെ രൂപപ്പെടുന്നതാണോ യഥാര്‍ത്ഥത്തില്‍ അച്ചടക്കം? നിത്യ ജീവിതത്തില്‍ പ്രകടമാകേണ്ട ഉത്തരവാദിത്ത ബോധമല്ലേ അച്ചടക്കം? പെട്ടെന്നൊരു നാള്‍ അത്തരമൊരു ബോധം കുട്ടികളിലുണ്ടാകുമോ? നമ്മള്‍ മുതിര്‍ന്നവരില്‍ എത്ര പേര്‍ക്ക് അഭികാമ്യമായ അളവില്‍ ഈ ബോധമുണ്ട്. കുട്ടികളോട് അവര്‍ കൗമാരത്തോടടുക്കുന്ന പ്രായം മുതല്‍ ആനുഷംഗികമായ രീതിയില്‍ അച്ചടക്കത്തിന്റെ പ്രാധാന്യത്തെയും പ്രയോജനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെക്കാമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതും , തങ്ങളുടെ സുരക്ഷക്കും കരുതലിനും വേണ്ടിയാണ്
അച്ചടക്കം ശീലിക്കുന്നത് എന്ന ധാരണ നേടിക്കൊടുക്കും വിധമാകണമെന്നും WHO സൂചിപ്പിച്ചിട്ടുണ്ട്.
മുതിര്‍ന്നവരില്‍ നിന്ന് അച്ചടക്ക മാതൃകകള്‍ കുട്ടികള്‍ക്ക് കിട്ടണം.
സാധാരണത്തേതിലും വൈകിയേ ഒരു ദിവസം വീട്ടിലെത്താന്‍ കഴിയു എന്നുണ്ടെങ്കില്‍, നേരത്തെ വീട്ടിലേക്ക് വിളിച്ചു ഞാന്‍ അല്‍പം വൈകിയേ ഇന്ന് വീട്ടിലെത്തു എന്ന് പറയുന്ന ഒരു അച്ഛനോട് അല്ലെങ്കില്‍ അമ്മയോട് കുട്ടികള്‍ക്ക് മതിപ്പ് തോന്നും.കാരണം ഒരുത്തരവാദിത്ത ബോധത്തിന്റെ വിളംബരമാണത്. സമയത്തിന് ഉറങ്ങുകയും ഉണരുകയും കൃത്യനിഷ്ഠ, ശുചിത്വം, മിതത്വം, ലാളിത്യം തുടങ്ങിയവയില്‍ ഊന്നുന്നതും കുട്ടികളെ സ്വാധീനിക്കും.
നാളെ ഞാന്‍ ഇത്തിരി വൈകിയേ വരു, രണ്ടു ദിവസം ഞാന്‍ ലീവായിരിക്കും, ക്ഷമിക്കണം, പുതിയ പാഠം നമുക്ക് അടുത്ത ദിവസം തുടങ്ങാം കുറച്ചു കൂടി തയ്യാറാകാനുണ്ട് എന്നൊക്കെ സന്ദര്‍ഭോചിതം പറയുന്ന ശീലമുള്ള അദ്ധ്യാപകരോടും കുട്ടികള്‍ക്ക് ആദരവു തോന്നും. അഭികാമ്യമായ പ്രതികരണങ്ങള്‍ കാണുമ്പോള്‍ പ്രശംസിക്കുന്നതും പ്രോല്‍സാഹനം നല്‍കുന്നതും കുട്ടികളെ മെച്ചപ്പെട്ട അച്ചടക്ക ശീലത്തിലേക്ക് നയിക്കും. സമ്മാനങ്ങള്‍ കൊടുക്കുന്നത് കൂടുതല്‍ സൃഷ്ട്യുന്‍മുഖമായിരിക്കുംവസ്തുക്കളായോ വൈകാരിക ഭാവേനയോ സാമൂഹികാംഗീകാരമായിട്ടോ കുട്ടികളെ നമുക്ക് പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയും.
നിരന്തരമായ ഉപദേശങ്ങളും ഉല്‍ബോധനങ്ങളും കുട്ടികളെ മടുപ്പിക്കുമെന്ന് മാത്രമല്ല ചിലപ്പോള്‍ ദോഷഫലങ്ങളുണ്ടാക്കുകയും ചെയ്യും. നിഷേധാത്മകമായ ചോദകങ്ങള്‍ കൊണ്ട് കുട്ടികളില്‍ അഭികാമ്യമായ പെരുമാറ്റ പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ പ്രയാസമാണ്.
പഠനത്തില്‍ താത്പര്യം കാണിക്കാത്ത കുട്ടികളെ ചില രക്ഷിതാക്കള്‍ , പ്രത്യേകിച്ച് പരീക്ഷാ കാലം അടുക്കുമ്പോള്‍ നിരന്തരം ഉപദേശിക്കുന്നതും ചിലപ്പോള്‍ ശാസിക്കുന്നതും സ്വാഭാവികമാണ്. തന്റെ ചെറുപ്പകാലത്ത് അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു, അത് സഹിച്ചു, ഇത് സഹിച്ചു എന്നൊക്കെ പറഞ്ഞെന്ന് വരും.സഹികെട്ടു പറയുന്നതാണെങ്കിലും പക്ഷേ, കുട്ടികളെയത് മുഷിപ്പിക്കും.
ഇത്തരം ഉല്‍ബോധന പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ചില കുട്ടികള്‍ ദിര്‍ഘനേരമിരുന്ന്, വിശ്രമമില്ലാതെ പഠിച്ചെന്നുവരും.’ ഇനി മോന്‍/ മോള്‍ ഇത്തിരി കളിക്ക്, വിശ്രമിക്ക്, ഉറങ്ങ്, പഠിച്ചത് മതി എന്ന് പറയുന്നിടത്തേക്ക് വരും അപ്പോള്‍ പഴയ രക്ഷിതാവ്. പഠനമാണ് ഉല്‍ബോധനങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള പോംവഴിയെന്ന് തിരിച്ചറിഞ്ഞ് കുട്ടികളങ്ങനെ പഠന താല്‍പര്യം കാണിച്ചേക്കും.
ജീവിതത്തില്‍ വളരാനും ഉയരാനും വിജയിക്കാനും പരീക്ഷണങ്ങളെ അതിജീവിക്കാനും സ്വയം പാകപ്പെടേണ്ടതുണ്ട് എന്ന് എപ്പോഴാണോ കുട്ടികള്‍ക്ക് ബോധ്യപ്പെടുന്നത് അപ്പോളവര്‍ അച്ചടക്കമുള്ളവരാകാന്‍ തുടങ്ങും( തുടരും ).
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്
Add Comment