ഇസ്‌ലാം-Q&A

മന്ത്രവും ഉറുക്കും

എന്റെ വൈവാഹിക ജീവിതത്തിലെ ആദ്യവര്‍ഷം ഉല്ലാസനിര്‍ഭരവും ആനന്ദപൂര്‍ണവുമായിരുന്നു. പെട്ടന്നാണ് ഭാര്യക്ക് തികച്ചും അപരിചിതമായ ചില രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അതോടെ എന്റെ ഗൃഹാന്തരീക്ഷം കലുഷമായി. ബന്ധുക്കളുടെ നിര്‍ബന്ധം മൂലം ഞാന്‍ അവളെ ഒരു മന്ത്രവാദിയെ കാണിക്കേണ്ടിവന്നു. അവളുടെ തലയിലൊരു ജിന്നുണ്ടെന്നും 15 ദിവസത്തെ ചികിത്സയിലൂടെ അതിനെ നീക്കാമെന്നും അദ്ദേഹം വിധിച്ചു. അതിന്നു ശേഷം കൈത്തണ്ടയില്‍ കെട്ടാന്‍ ഒരു ഉറുക്കുംതന്നു. പക്ഷേ, നിശ്ചിത സമയങ്ങള്‍ക്കുശേഷവും ഫലം നാസ്തി. ഈ ചികിത്സക്ക് ഇസ്ലാമില്‍ വല്ല അടിസ്ഥാനവും ഉണ്ടോ ? അതോ അത് ഒരു തട്ടിപ്പാണോ ?

ഉത്തരം: ഇത്തരം കാര്യങ്ങളെ കര്‍ശനമായി നിരോധിക്കുന്ന ധാരാളം ഹദീസുകളുണ്ട്. ജിന്ന്, കണ്ണേറ് തുടങ്ങിയവയുടെ ദ്രോഹം തടുക്കാന്‍ കുട്ടികളുടെ ശരീരത്തില്‍ ഉറുക്കുകെട്ടുന്ന സമ്പ്രദായം അറബികളിലുണ്ടായിരുന്നു. തിരുദൂതര്‍ പറഞ്ഞു: “മന്ത്രവും ഉറുക്കും ആഭിചാരവും ശിര്‍ക്കാകുന്നു.” എന്നാല്‍ അല്ലാഹുവിനോടുള്ള പ്രാര്‍ഥന മാത്രം അടങ്ങുന്ന മന്ത്രങ്ങളുണ്ട്. “ജനങ്ങളുടെ നാഥാനായ അല്ലാഹുവേ! നീ ക്ളേശങ്ങളകറ്റേണമേ! ശമനം വരുത്തേണമേ! നീയാണ് ശമനം വരുത്തുന്നവന്‍; നിന്റെ ശമനമല്ലാതെ ശമനമില്ല.”എന്ന പ്രാര്‍ഥന ഇതില്‍ പെടുന്നു.

തിരുമേനി രോഗികള്‍ക്കുവേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. മൂന്ന് ഉപാധികളോടെ മന്ത്രം അനുവദനീയമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു:

1. അല്ലാഹുവിനെയും അവന്റെ നാമങ്ങളെയും ഉച്ചരിച്ചുകൊണ്ടാവുക.

2. അറബി ഭാഷയിലും അര്‍ഥം മനസ്സിലാകുന്ന വിധത്തിലുമായിരിക്കുക.

3. മന്ത്രത്തിന് സ്വയം ഒരു കഴിവുമില്ലെന്നും അല്ലാഹുവിന്റെ ഇഛ അനുസരിച്ചേ അത് ഫലം ചെയ്യൂ എന്ന വിശ്വാസത്തോടെയാവുക.

ഉറുക്കുകള്‍ കെട്ടുന്നത് നിരോധിച്ചുകൊണ്ടുള്ള ധാരാളം തിരുവചനങ്ങളുണ്ട്. ഒരു സംഭവം ഇതാ: പത്തുപേരുടെ ഒരു സംഘം ബൈഅത്ത് ചെയ്യുന്നതിനുവേണ്ടി തിരുസന്നിധിയിലെത്തി. ഒമ്പതുപേരുടെ ബൈഅത്ത് തിരുമേനി സ്വീകരിച്ചു. ഒരാളുടേത് നിരസിച്ചു. അതേപ്പറ്റി ചോദിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: ‘അയാളുടെ കൈത്തണ്ടയില്‍ ഉറുക്കുണ്ട്.’ അയാള്‍ അത് പൊട്ടിച്ചെറിഞ്ഞ ശേഷം തിരുദൂതര്‍ക്ക് ബൈഅത്ത് ചെയ്തു. ബൈഅത്തു സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഉറുക്കുകെട്ടിയവന്‍ ശിര്‍കു ചെയ്തവനാണ്.’ കൈകളില്‍ കെട്ടുന്ന ഉറുക്ക് വിശ്വാസവുമായി ബന്ധമുള്ളതാണെന്നര്‍ഥം. അഹ്മദ്, അബൂയഅ്ല, ഹാകിം എന്നിവരുദ്ധരിച്ചതാണീ സംഭവം.

ഇമാം അഹ്മദ് ഇംറാനുബ്നു ഹുസൈനില്‍നിന്ന് മറ്റൊരു സംഭവം ഉദ്ധരിക്കുന്നു: ഒരാളുടെ കൈത്തണ്ടയില്‍ തിരുമേനി വെള്ളികൊണ്ടുള്ള ഒരു വളയം കണ്ടു. അതില്‍ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് അദ്ദഹം ചോദിച്ചു: ‘എന്താണിത്?’ ‘ഒരു രോഗത്തിന് ചകിത്സയായി ഞാനത് ധരിക്കാറുണ്ട്.’ അയാള്‍ പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘എന്നാലത് നിന്റെ രോഗം വര്‍ധിപ്പിക്കുകയേ ഉള്ളൂ. അത് എടുത്തെറിഞ്ഞ് കളയൂ. അത് ദേഹത്തില്‍ വിട്ടുകൊണ്ട് മരിക്കുന്നപക്ഷം നീയൊരിക്കലും വിജയം പ്രാപിക്കില്ല.’ ഇക്കാരണത്താല്‍, സ്വഹാബികളും താബിഉകളും ഉറുക്ക് കെട്ടുന്നതിനെ ശക്തിയായി അപലപിച്ചു. ഒരിക്കല്‍ ഹുദൈഫ ഒരാളുടെ കൈത്തണ്ടയില്‍ ഈ ഇനത്തില്‍പെട്ട ഒരു നൂല്‍ കെട്ടിയിരിക്കുന്നതുകണ്ടു. അപ്പോഴദ്ദേഹം, “മുശ്രിക്കുകളായിക്കൊണ്ടല്ലാതെ അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല” എന്ന ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്തു. സഈദുബ്നു ജുബൈര്‍ ഉദ്ധരിക്കുന്നു: ‘ഒരാളുടെ കഴുത്തില്‍നിന്ന് ഒരുറുക്ക് മുറിച്ചെറിഞ്ഞാല്‍ അവന്ന് ഒരടിമയെ സ്വതന്ത്രമാക്കിയതിന്റെ പ്രതിഫലമുണ്ട്!’ ഇബ്റാഹീമുന്നഖഈ ‏‏‏‏‏ മഹാനായ താബിഅ് ‏‏‏‏‏ പറയുന്നു: ‘എല്ലാതരത്തിലും പെട്ട ഉറുക്കുകളെ മുന്‍ഗാമികള്‍ വെറുത്തിരുന്നു. അവ ഖുര്‍ആനില്‍ ഉള്ളതാകട്ടെ, ഇല്ലാത്തതാകട്ടെ.’ ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിയ ഉറുക്കാണെങ്കില്‍ സ്വീകാര്യമാണോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്. അത് അനുവദനീയമാണെന്ന് ഒരു ന്യൂനപക്ഷം അഭിപ്രായപ്പെടുന്നു. എന്നാല്‍, അതും അനുവദനീയമല്ല എന്നതാണ് ശരി. ഉറുക്ക്, ഏതുതരത്തില്‍ പെട്ടതും നിഷിദ്ധമാണ്. കാരണം ഉറുക്കുകള്‍ നിരോധിച്ചുകൊണ്ടുള്ള ഹദീസുകളെല്ലാം അവയെ പൊതുവായിട്ടാണ് പറഞ്ഞിട്ടുള്ളത്, പല തരത്തില്‍പെട്ട ഉറുക്കുകളില്‍ ചിലതിനെ വേര്‍തിരിച്ചു പറഞ്ഞിട്ടില്ല. ഉറുക്കുകെട്ടിയ യുവാവിനെ തിരുമേനി വിലക്കിയപ്പോള്‍, അതില്‍ ഖുര്‍ആനാണോ അല്ലേ എന്നൊന്നും ചോദിച്ചില്ല. ഉറുക്കിനെ ഉറുക്കെന്ന നിലയില്‍തന്നെ വിലക്കുകയാണുണ്ടായത്. രണ്ടാമത്, ഒരു മുന്‍കരുതല്‍ എന്ന നിലക്ക് അത് ആവശ്യമാണ്. ഖുര്‍ആന്‍ എഴുതിക്കെട്ടുന്നവര്‍ ഖുര്‍ആന്‍ അല്ലാത്തതും എഴുതിക്കെട്ടിയെന്നുവരും. അതിലുള്ളത് ഖുര്‍ആനോ മറ്റു വല്ലതുമോ എന്ന് അയാള്‍ അിറഞ്ഞുകൊള്ളണമെന്നില്ല. മൂന്നാമത്, ഖുര്‍ആന്‍ നിന്ദിക്കപ്പെടാനും അവഹേളിക്കപ്പെടാനും അതിടയാക്കും. ഉറുക്കുകെട്ടിയവന്‍ അതുമായി കക്കൂസിലും മറ്റു അശുദ്ധമായ ഇടങ്ങളിലും പോകും. ജനാബത്തുണ്ടാകുമ്പോള്‍ അയാള്‍ക്കുതന്നെ അശുദ്ധിയുണ്ടാണ്ടാകും. സ്ത്രീയാണെങ്കില്‍ ആര്‍ത്തവ കാലത്ത് അശുദ്ധയായിരിക്കും. അപ്പോഴൊക്കെ ഉറുക്ക് ശരീരത്തുതന്നെ ഇരിക്കും. ഇക്കാരണങ്ങാല്‍ ഉറുക്കുകള്‍, അത് ഏതിനത്തില്‍ പെട്ടതായാലും നിഷിദ്ധമാണ്.

ഇതാണ് ഇസ്ലാമിന്റെ അധ്യാപനം. ചോദ്യകര്‍ത്താവ് തന്റെ പത്നിയെ കാണിക്കേണ്ടത് ഒരു ഡോക്ടറെയായിരുന്നു. ആ ഡോക്ടര്‍ സ്വയം അവളെ ചികിത്സിക്കുകയോ അല്ലെങ്കില്‍ ഇത്തരത്തില്‍ പെട്ട രോഗങ്ങളെ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തിയ വല്ല സ്പെഷലിസ്റുകളെയും കാണിക്കുവാന്‍ നിര്‍ദേശിക്കുകയോ ചെയ്യുമായിരുന്നു.രോഗ ലക്ഷണങ്ങള്‍ കേട്ടിട്ട് ഇത് ഒരിനം അപസ്മാര ബാധയാണെന്ന് തോന്നുന്നു. എന്തായാലും ഒരു ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. തിരുദൂതര്‍ അരുള്‍ ചെയ്തിരിക്കുന്നു: “ദൈവദാസന്‍മാരേ, നിങ്ങള്‍ രോഗങ്ങള്‍ക്ക് ചികിത്സ സ്വീകരിക്കുക; ചികിത്സ വിധിച്ചുകൊണ്ടല്ലാതെ ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല.” ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: “ചികിത്സ മൂന്നു വിധമുണ്ട്. തേന്‍ കുടിക്കാം. കൊമ്പുവെക്കാം. ചൂടുവെക്കാം.” ഉറുക്കുകെട്ടിയോ പിഞ്ഞാണമെഴുതിയോ രോഗത്തിന് ചികിത്സിക്കാന്‍ തിരുമേനി ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ചികിത്സക്കുള്ള സ്വഭാവരീതികളും ഉള്ളിലേക്ക് കഴിക്കുന്ന ഔഷധങ്ങളുമാണ് നിര്‍ദേശിച്ചത്. ഇക്കാലത്തെ ഇഞ്ചക്ഷന്‍, ശസ്ത്രക്രിയ, ഷോക്ക് ചികിത്സ തുടങ്ങിയ ചികിത്സകള്‍ ഇതില്‍പെടുന്നു. ഈ രീതികള്‍ക്കെല്ലാം ഇസ്ലാം അംഗീകാരം നല്‍കിയിട്ടുണ്ട്. തന്റെ അനുദരുന്മാരോടും സമുദായത്തോടും രോഗത്തിന് ചികിത്സ സ്വീകരിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. തിരുദൂതരുടെ മാതൃക പിന്‍പറ്റുകയും മറ്റു രീതികള്‍ വെടിയുകയുമാണ് നമുക്ക് അഭികാമ്യം. കാരണം, ചോദ്യകര്‍ത്താവ് സൂചിപ്പിച്ചപോലെ അവയെല്ലാം തട്ടിപ്പാണ്.

Topics