വിശ്വാസം-ലേഖനങ്ങള്‍

ഒരിക്കലും അടക്കപ്പെടാത്ത കവാടം

ഏഴു മക്കളടങ്ങിയ ഒരു അമേരിക്കന്‍ കുടുംബത്തിന്റെ അനുഭവ കഥയാണ് ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നത്. നല്ല ആരോഗ്യവും, മനക്കരുത്തുമുള്ള കൃഷിക്കാരനായിരുന്നു അവരുടെ പിതാവ്. നല്ല തന്റേടിയും ബുദ്ധിമതിയുമായിരുന്നു അവരുടെ മാതാവ്. അവര്‍ സന്താനങ്ങളെ സഹനത്തിലും, ക്ഷമയിലും വളര്‍ത്തിയതിനാല്‍ അവര്‍ പ്രായത്തില്‍കവിഞ്ഞ പക്വത ഉള്ളവരാവുകയും ചെയ്തു.

മക്കളില്‍ ഏറ്റവും ചെറിയവന്‍ ഒരു ദിവസം കളിക്കാനായി പുറത്തിറങ്ങി. പതിമൂന്ന് വയസ്സാണവന്റെ പ്രായം. അവന്‍ വളരെ ഉയരത്തിലുള്ള ഒരു പാറക്കെട്ടിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. മുട്ടുകാല്‍ കുത്തിയാണ് അവന്‍ വീണത്. കഠിനമായ വേദന അവന് അനുഭവപ്പെട്ടു. തീര്‍ത്തും അസഹനീയമായ വേദന. പക്ഷേ അവന്‍ ആരെയും അത് അറിയിച്ചില്ല. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് മദ്‌റസയിലേക്ക് നടന്ന് തുടങ്ങി. പക്ഷേ, അവന്റെ കാല്‍ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. അതെല്ലാം തൃണവത്ഗണിച്ച് അവന്‍ ക്ഷമയോടെ നടന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ കാല്‍ നീര്‍കെട്ടിയതായി കണ്ടു. ഒരടി പോലും നടക്കാന്‍ വയ്യാത്ത അവസ്ഥ. അവന്റെ മാതാവ് ആകെ അസ്വസ്ഥയായി. പിതാവിനും വല്ലാത്ത പ്രയാസമുണ്ടായി. അവര്‍ അവനോട് കാര്യം അന്വേഷിച്ചു.

അവന്‍ സംഭവം വിവരിച്ചു. അവരവനെ കിടക്കയില്‍ കിടത്തി, ഡോക്ടറെ കൊണ്ട് വന്നു. പക്ഷേ, ചികിത്സിക്കാന്‍ വൈകിപ്പോയെന്നും, ഇനി കാര്യമില്ലെന്നുമാണ് ഡോക്ടര്‍ അറിയിച്ചത്. കാല്‍മുറിച്ച് മാറ്റിയില്ലെങ്കില്‍ പഴുപ്പ് പരന്ന് കുഞ്ഞ് മരിക്കുമെന്നും പിതാവിനെ വിളിച്ച് ഡോക്ടര്‍ രഹസ്യമായി അറിയിച്ചു. പക്ഷേ, ഇക്കാര്യം ആ മകന്‍ കേള്‍ക്കുകയുണ്ടായി. അവന്‍ കരയാന്‍ തുടങ്ങി. ‘എന്റെ കാല്‍ മുറിക്കരുതേ, ഉപ്പാ എന്നെ രക്ഷിച്ചാലും’. ഒറ്റക്കാലില്‍ ചാടി രക്ഷപ്പെടാന്‍ അവന്‍ ശ്രമിച്ചു. പിതാവ് അവനെ പിടികൂടി വിരിപ്പില്‍ തന്നെ കിടത്തി. അവന്‍ മാതാവിനെ വിളിച്ച് കരയാന്‍ തുടങ്ങി : ‘അമ്മേ, എന്നെ രക്ഷിക്കൂ, എന്നെ സഹായിക്കൂ, എന്റെ കാല്‍ മുറിക്കല്ലേ’ . ഹൃദയം പിളര്‍ക്കുന്ന കരച്ചിലായിരുന്നു അത്.

ആ പാവം മാതാവ് പരിഭ്രാന്തയായി നില്‍ക്കുകയാണ്. ഹൃദയം നുറുങ്ങുന്നതായി അവള്‍ക്ക് തോന്നി. തന്റെ മകന്റെ രക്ഷയ്ക്കായിഎന്തു ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ അവിടെ കണ്ണീരൊലിപ്പിച്ച് നിരാശയോടെ നിന്നു. അതു കണ്ട മകന്‍ തന്റെ സഹോദരനെ വിളിച്ച് കരഞ്ഞു: ‘എഡ്ഗാര്‍, നീ എവിടെ, ഇവര്‍ എന്റെ കാല്‍ മുറിക്കാനൊരുങ്ങുന്നു. നീ എന്നെ സഹായിക്കണം’.

അനിയന്റെ കരച്ചില്‍ രണ്ട് വയസ്സിനെക്കാള്‍ മൂത്തവനായ എഡ്ഗാര്‍ കേട്ടു. അവന്‍ ഓടി വന്നു അനിയനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. സിംഹഗര്‍ജ്ജനത്തോടെ മറ്റുള്ളവരെ ആട്ടിയകറ്റി. തന്റെ അനിയനെ ആര്‍ക്കും വിട്ട് കൊടുക്കില്ലെന്ന് അവന്‍ പ്രഖ്യാപിച്ചു. പിതാവ് സംസാരിച്ച് നോക്കി, മാതാവ് ഉപദേശിച്ചു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. എന്നാല്‍ അവന്‍ കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തുകയാണ് ചെയ്തത്. അവന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുകയാണ് അനിയന്‍. കോഴിക്കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുടെ ചിറകിനുള്ളില്‍ ഒളിച്ചിരിക്കുംപോലെ. കുഞ്ഞുങ്ങളെ ആക്രമിച്ചാല്‍ തള്ളക്കോഴി കഴുകനെപ്പോലെ കൊത്തിയകറ്റുന്നത് പോലെ അനിയനെ സംരക്ഷിക്കാന്‍ എഡ്ഗാര്‍ അക്രമാസക്തനായി.

കുറച്ച് കഴിഞ്ഞാന്‍ അവന്‍ തനിയെ നിര്‍ത്തുമെന്ന് കരുതി അവര്‍ പിന്‍വാങ്ങി. പക്ഷേ അവന്‍ അനിയന്റെ കൂടെ തന്നെയായിരുന്നു. രണ്ട് ദിവസം തന്റെ അനിയനെ സംരക്ഷിച്ച് വാതിലിന് മുന്നില്‍ എഡ്ഗാര്‍ കാവല്‍ നിന്നു. വളരെ കുറഞ്ഞ നിമിഷങ്ങള്‍ മാത്രമാണ് അവന്‍ ഉറങ്ങിയത്. ഡോക്ടര്‍ വരികയും പരിശോധിച്ച് മടങ്ങിപ്പോവുകയും ചെയ്തു. അനിയന്റെ കാലില്‍ നീര് അധികരിച്ചു. ഇനി പ്രതീക്ഷയില്ലെന്നും, ഓപറേഷന്‍ നടത്തേണ്ടതില്ലെന്നും കുഞ്ഞ് മരണപ്പെടുമെന്നും പറഞ്ഞ് ഡോക്ടര്‍ മടങ്ങി. ഭീകരമായ അപകടാവസ്ഥക്ക് മുന്നില്‍ കുടുംബം തേങ്ങലോടെ കാത്ത് നിന്നു.

അപകട സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ എന്താണ് ചെയ്യുക? വിശ്വാസിയായാലും നിഷേധിയായാലും അപകട സന്ദര്‍ഭത്തില്‍ അല്ലാഹുവിലേക്ക് മടങ്ങുകയാണ് ചെയ്യുക. കാരണം എല്ലാവരുടെ മനസ്സിലും വിശ്വാസം ഉണ്ട്. കാഫിര്‍ എന്ന് പറഞ്ഞാല്‍ വിശ്വാസമില്ലാത്തവന്‍ എന്നല്ല വിശ്വാസം മറച്ച് വെക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. ലാത്തയെയും ഉസ്സയെയും ഖുറൈശികള്‍ ആരാധിച്ചിരുന്നത് നിര്‍ഭയ വേളയിലായിരുന്നു. അവര്‍ക്ക് വല്ല പ്രതിസന്ധിയും മുന്നില്‍ കണ്ടാല്‍ അല്ലാഹുവെയായിരുന്നു അവര്‍ വിളിച്ചിരുന്നത്. സര്‍വ ധിക്കാരവും ചെയ്ത സ്വേഛാധിപതിയായിരുന്ന ഫറോവ പോലും മരണവേളയില്‍ ദൈവത്തെ വിളിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു.

ഡോക്ടര്‍ മടങ്ങിയതിന് ശേഷം എല്ലാവരും പകച്ച് നില്‍ക്കുകയായിരുന്നു. തങ്ങളുടെ ദൗര്‍ബല്യത്തെപ്പറ്റി അവര്‍ ബോധവാന്‍മാരായി. അവരുടെ കയ്യില്‍ തന്ത്രമൊന്നുമുണ്ടായിരുന്നില്ല. നിര്‍ബന്ധിതരായി അവര്‍ ഏകനായ അല്ലാഹുവെ വിളിച്ച് പ്രാര്‍ത്ഥിച്ചു. അവര്‍ അവനോട് രോഗശമനം തേടി. നിര്‍ബന്ധിതാവസ്ഥയില്‍ അല്ലാഹു അധര്‍മകാരിയുടെ പ്രാര്‍ത്ഥനയും സ്വീകരിക്കുന്നതാണ്. അഹങ്കാരത്തോടെ തെറ്റ് ചെയ്ത ഇബ്‌ലീസിന്റെ അഭ്യര്‍ത്ഥന പോലും അല്ലാഹു അംഗീകരിച്ചിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ടല്ലോ.

അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടേയിരുന്നു. മകന്റെ കാലിലെ നീര് ചുരുങ്ങുകയും വേദന കുറയുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്കകം രോഗം പൂര്‍ണമായം ഭേദമായി. തിരിച്ച് വന്ന ഡോക്ടര്‍ക്ക് താന്‍ കണ്ട കാഴ്ച വിശ്വസിക്കാനായില്ല. ഇതൊരു ഭാവനയാണെന്ന് നിങ്ങള്‍ ഒരു പക്ഷേ വാദിച്ചേക്കും. ഇത് സംഭവിച്ച കുടുംബത്തെ നിങ്ങളുടെ മുന്നില്‍ ഞാന്‍ കൊണ്ടുവന്നുനിര്‍ത്തിയാല്‍ നിങ്ങളെന്ത് പറയും?
രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികളുടെ സൈനിക മേധാവിയായിരുന്ന, പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ആയിത്തീര്‍ന്ന ഡേവിഡ് ഐസന്‍ഹോവര്‍ ആയിരുന്നു ആ കൊച്ചുകുട്ടി.

മനുഷ്യന്‍ ചോദിക്കുന്നതെല്ലാം കൊടുക്കാന്‍ മാത്രം കരുണയുള്ളവനാണ് അല്ലാഹു. നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മോട് ചോദിക്കുന്നവയില്‍ ആവശ്യമുള്ളത് മാത്രമാണ് നാം വാങ്ങിക്കൊടുക്കുക. കാരണം കുഞ്ഞിന് ആവശ്യമുള്ളത് എന്താണ് പിതാവിന് നന്നായി അറിയാം. മാതാപിതാക്കളെക്കാളും മറ്റു ബന്ധുക്കളേക്കാളും തന്റെ അടിമകളോട് കരുണയുള്ളവനാണ് അല്ലാഹു.

അലി ത്വന്‍ത്വാവി

Topics