ഇസ്‌ലാം-Q&A

ആദമിന്റെ മക്കള്‍ക്ക് കുട്ടികളുണ്ടായതെങ്ങനെ?

ചോ: ആദമും ഹവ്വയും ആദ്യമനുഷ്യരാണല്ലോ. അവര്‍ക്കുണ്ടാകുന്ന സന്തതികള്‍ സഹോദരി സഹോദരന്‍മാരും. അങ്ങനെയെങ്കില്‍ പിന്നീട് മനുഷ്യര്‍ ഉണ്ടായതെങ്ങനെ ?

—————

ഉത്തരം: താങ്കളുടെ ജിജ്ഞാസയെ അഭിനന്ദിക്കുന്നു. ആദമിന്റെ മക്കള്‍ പരസ്പരം സഹോദരിസഹോദരന്മാരായതുകൊണ്ട് അവര്‍ക്ക് വിവാഹിതരാകാന്‍ കഴിയില്ലെന്ന ധാരണയാണ് താങ്കളുടെ ചോദ്യത്തിനാധാരമെന്ന് കരുതുന്നു. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ പൂര്‍വകാല ശരീഅത്(മുഹമ്മദ് നബി(സ)യുടെ കാലത്തിനുമുമ്പുള്ളത്) സഹോദരി-സഹോദരന്‍മാര്‍ തമ്മിലുള്ള വിവാഹം നിഷിദ്ധമായിരുന്നില്ല. അല്ലാഹു ഓരോ കാലഘട്ടത്തിലുമുള്ള ജനതയ്ക്ക് വെവ്വേറെ ശരീഅത്  അനുശാസിച്ചത് ഭൂമിയിലെ മനുഷ്യവര്‍ഗത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്നതിനായിരുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക:

‘നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട് ‘.(അല്‍മാഇദ 48)

ഹവ്വ ആദ്യ രണ്ടുപ്രസവത്തില്‍ മിശ്രഇരട്ട(ആണും പെണ്ണും)കള്‍ക്കാണ് ജന്‍മം  നല്‍കിയതെന്ന് പണ്ഡിതന്‍മാര്‍ പറയുന്നു. ഇരട്ടകള്‍ പരസ്പരം വിവാഹംചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ പുറത്തെ സഹോദരങ്ങളുമായി വിവാഹം അനുവദനീയമായിരുന്നു.

ഈ വിഷയത്തില്‍ മാന്‍ ഖലീഫിന്റെ വിശദീകരണംകൂടി ഇവിടെചേര്‍ക്കുന്നു:  ‘ജരീര്‍ ഇബ്‌നു അബ്ദുല്ലാ റിപോര്‍ട്ട് ചെയ്യുന്നു:’പ്രഭാതനമസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ നബിതിരുമേനിയോടൊപ്പം പള്ളിയിലിരിക്കുകയായിരുന്നു. അപ്പോള്‍ കമ്പിളിത്തുണിക്കഷ്ണങ്ങള്‍ ചുറ്റി നാണംമറക്കാനാകാതെ, കഴുത്തില്‍നിന്ന് താഴോട്ട് വാളുകള്‍ തൂക്കിയിട്ട ഒരു കൂട്ടര്‍ വന്നു. അവര്‍ മുള്ര്‍ ഗോത്രക്കാരായിരുന്നു. പട്ടിണിക്കോലങ്ങളായ അവരുടെ ദൈന്യഭാവം കണ്ട പ്രവാചകന്റെ മുഖം വിവര്‍ണമായി. അദ്ദേഹം തന്റെ വീടിനകത്തേക്ക് കയറു , കുറച്ചുനിമിഷങ്ങള്‍ക്കകം തിരിച്ച് പുറത്തിറങ്ങും ഇങ്ങനെ ഏതാനുംവട്ടം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിനുശേഷം ബിലാലിനോട് ബാങ്കുവിളിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം ബാങ്കും ഇഖാമത്തും വിളിച്ചപ്പോള്‍ നബി (സ) നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

ശേഷം അദ്ദേഹം മിമ്പറില്‍ കയറി.’ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്'(അന്നിസാഅ് 1)-സ്വഹീഹ് മുസ്‌ലിം

മറുപടി തൃപ്തികരമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍.

 

Topics