തന്റെ പോരായ്മ തിരിച്ചറിയുന്ന വിശ്വാസി ജനങ്ങളുടെ ന്യൂനതകളുടെ പിന്നാലെ പോകാതെ ആത്മസംസ്‌കരണത്തിനാണ് ശ്രദ്ധ നല്‍കേണ്ടത്. കാരണം അല്ലാഹു ഓരോരുത്തരോടും സ്വന്തത്തെക്കുറിച്ചാണ് ചോദിക്കുക. മറ്റുള്ളവരെക്കുറിച്ചല്ല.’ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്’ (അല്‍മുദ്ദസിര്‍ 38)
‘ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനു തന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല’. (അല്‍ഇസ്‌റാഅ് 15)
‘ഏതൊരാളും ചെയ്ത് കൂട്ടിയതിന്റെ ഉത്തരവാദിത്തം അയാള്‍ക്കു മാത്രമായിരിക്കും. ഭാരം ചുമക്കുന്ന ആരും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല’. (അന്‍ആം 164)
കവി പാടിയത് ഇപ്രകാരമാണ്
‘ബുദ്ധിമാനും ഭക്തനുമായ മനുഷ്യന്‍ ജനങ്ങളുടെ ന്യൂനതകളുടെ പിന്നാലെ കൂടാതെ സ്വയം പരിശോധിക്കുകയാണ് ചെയ്യുക. രോഗബാധിതനെപ്പോലെയാണ് അവന്‍. ജനങ്ങളുടെ രോഗത്തിന് മുമ്പ് തന്റെ രോഗം ഇല്ലായ്മ ചെയ്യാനാണ് അവന്‍ ശ്രമിക്കുക’.
മനുഷ്യന്‍ ഇപ്രകാരമായിരുന്നുവെങ്കില്‍ ജനങ്ങള്‍ ആശ്വസിച്ചേനെ. അവനെ എല്ലാവരും ഇഷ്ടപ്പെടുകയും അല്ലാഹു അവന് നല്ല പ്രതിഫലം നല്‍കുകയും ചെയ്യും. അല്ലാഹു അവന്റെ ന്യൂനത മറച്ചുവെക്കുകയും ജനങ്ങള്‍ അവനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നതാണ്. ഇതിന് വിപരീതമായി ജനങ്ങളുടെ ന്യൂനതകള്‍ ചുഴിഞ്ഞന്വേഷിച്ച് അതെപ്പറ്റി സംസാരിച്ചുനടക്കുന്നവനെ എല്ലാവരും വെറുക്കും. അവരുടെ ഉപദ്രവത്തില്‍ നിന്നും ആക്ഷേപത്തില്‍ നിന്നും അവന്‍ രക്ഷപ്പെടുകയില്ല. അവന് തന്റെ കര്‍മത്തിന് അനുയോജ്യമായ പ്രതിഫലമാണ് ലഭിക്കുക. ജനങ്ങളുടെ ന്യൂനതയുടെ പിന്നാലെ നടക്കുന്നവരുടെ ന്യൂനത അല്ലാഹു പരസ്യമാക്കുകയും സമൂഹത്തില്‍ അവനെ വഷളാക്കുകയും ചെയ്യുന്നതാണ്. ജനങ്ങളുടെ പോരായ്മകള്‍ പറഞ്ഞു നടക്കുന്ന ആളെ കണ്ട ഒരു അഅ്‌റാബി പറഞ്ഞുവത്രെ:’താങ്കള്‍ ജനങ്ങളുടെ ന്യൂനതകള്‍ പറഞ്ഞുകേട്ടപ്പോള്‍ താങ്കളുടെ ധാരാളം ന്യൂനതകളെക്കുറിച്ച് എനിക്ക് മനസ്സിലായി’.
ബക്‌റ് ബിന്‍ അബ്ദില്ലാഹ് പറയുന്നു:’തന്റെ ന്യൂനത മറന്ന് ജനങ്ങളുടെ ന്യൂനത പരതി നടക്കുന്ന ആരെയെങ്കിലും നിങ്ങള്‍ കണ്ടാല്‍ അവന് തന്റേടം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കുക’. തന്റെ ന്യൂനത മറച്ചുവെച്ച് മറ്റുള്ളവരുടെ കുറ്റവും കുറവുംകണ്ടെത്താന്‍ മനുഷ്യന് അങ്ങേയറ്റം താല്‍പര്യമാണ്. തിരുമേനി(സ) അവരെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമത്രെ: ‘നിങ്ങളിലൊരാള്‍ സഹോദരന്റെ കണ്ണിലെ കരട് വേഗത്തില്‍ കാണുകയും തന്റെ കണ്ണിലെ പാടിനെക്കുറിച്ച് മറന്നുപോവുകയും ചെയ്യുന്നു’. മറ്റുള്ളവരുടെ ന്യൂനത പരതുന്നത് മനുഷ്യനെ പരദൂഷണത്തിലേക്കാണ് നയിക്കുക. സമൂഹത്തിലെ വ്യക്തികള്‍ക്കിടയില്‍ ശത്രുതയും പകയും സൃഷ്ടിക്കുന്നതിനാണ് ഇത്തരം ശ്രമങ്ങള്‍ വഴിതെളിക്കുന്നത്.
നാം ഇക്കാര്യത്തില്‍ പൂര്‍വസൂരികളെ മാതൃകയാക്കണം. മറ്റുള്ളവരുടെ തെറ്റുകളും ന്യൂനതകളുമല്ല സ്വന്തം വീഴ്ചകളും പോരായ്മകളുമായിരുന്നു അവരെ അലട്ടിയിരുന്നത്. എന്നുമാത്രമല്ല അങ്ങേയറ്റം ദൈവബോധമുണ്ടായിരുന്ന അവര്‍ തീര്‍ത്തും വിനയാന്വിതരായി ജീവിക്കുന്നവരായിരുന്നു. ജനങ്ങളെ ബാധിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവ തങ്ങളെയും ബാധിക്കുമോ എന്ന് അവര്‍ ആശങ്കിച്ചിരുന്നു. ഇബ്‌റാഹീം പറഞ്ഞതായി അഅ്മശ് റിപ്പോര്‍ട്ട് ചെയ്യുന്നു:’ഞാന്‍ വെറുക്കുന്ന പല കാര്യങ്ങളും ഞാന്‍ കാണുന്നു. പക്ഷെ ഞാന്‍ അവയെക്കുറിച്ച് പറയാതിരിക്കുന്നത് അവ മുഖേന അല്ലാഹു എന്നെ പരീക്ഷിച്ചേക്കുമോ എന്ന ഭയത്താലാണ്’.
‘തന്നെ ബാധിക്കാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ഒരാളുടെ നല്ല ഇസ്‌ലാമിന്റെ ലക്ഷണ’മെന്ന പ്രവാചക വചനം അനുസരിച്ച് ജീവിക്കുന്നവരായിരുന്നു അവര്‍. നാം മറ്റുള്ളവരുടെ ന്യൂനതകള്‍ ഉപേക്ഷിച്ച് അവനവനെപ്പറ്റി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. മറ്റുള്ളവരില്‍ നാം കാണുന്നതിന്റെ എത്രയോ ഇരട്ടി ന്യൂനതകള്‍ നമ്മിലുണ്ട്. പരദൂഷണത്തിന്റെ കവാടം നാം മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നുവെക്കേണ്ടതില്ല. ജനങ്ങളുടെ അഭിമാനം കളങ്കപ്പെടുത്തിയതുകൊണ്ടോ, അവരെക്കുറിച്ച് ദുശ്ചിന്ത പരത്തിയത് കൊണ്ടോ നമുക്ക് നഷ്ടമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ല.
Add Comment