ഹൃദയത്തെ വേട്ടയാടാനുള്ള അമ്പുകളാണ് നാമിവിടെ സമര്‍പിക്കുന്നത്. വീഴ്ചകളെ അകറ്റി, ന്യൂനതകളെ മറച്ച്, മഹത്വമേകി അലങ്കരിക്കാനുള്ള മാര്‍ഗങ്ങളാണ് ഇവ.
ഭക്ഷണത്തില്‍ ഉപ്പിനെപ്പോലെയാണ് വ്യക്തിയുടെ മുഖത്തെ പുഞ്ചിരി. ഹൃദയങ്ങളെ ആകര്‍ഷിക്കാന്‍ യോജിച്ച, ചടുലമായ മാര്‍ഗമാണ് അത്. കൂടാതെ പുഞ്ചിരി ആരാധനയും സ്വദഖയുമാണ്. ‘നിന്റെ സഹോദരനോട് നീ പുഞ്ചിരിക്കുന്നത് സ്വദഖയാണ്’ എന്ന് തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. അബ്ദുല്ലാഹ് ബിന്‍ ഹാരിഥ്(റ) പറയുന്നത് ഇപ്രകാരമാണ്: ‘തിരുമേനി(സ)യേക്കാള്‍ കൂടുതല്‍ പുഞ്ചിരിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല’.
ഹൃദയങ്ങളെ കീഴ്‌പെടുത്താനുള്ള മറ്റൊരു മാര്‍ഗമാണ് സലാം പറയല്‍. കൈ നന്നായി നിവര്‍ത്തി, പുഞ്ചിരിതൂകുന്ന മുഖത്തോടെയാണ് ഊഷ്മളമായ അഭിവാദ്യം ചെയ്യേണ്ടത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതിഫലവും നേട്ടവുമാണ് സലാം. ഉമര്‍ നദി പറയുന്നു: ‘ഞാന്‍ ഇബ്‌നു ഉമര്‍(റ)ന്റെ കൂടെ യാത്ര പുറപ്പെട്ടു. വഴിയില്‍ കണ്ട എല്ലാ വലിയവരോടും ചെറിയവരോടും അദ്ദേഹം സലാം ചൊല്ലാറുണ്ടായിരുന്നു’. ഹസ്തദാനം സ്‌നേഹം അധികരിപ്പിക്കുമെന്നാണ് ഹസന്‍ ബസ്വരി(റ) പറഞ്ഞിട്ടുള്ളത്. ‘നിങ്ങള്‍ പരസ്പരം ഹസ്തദാനം നടത്തുക, ഹൃദയത്തിലെ വിദ്വേഷം കളയാന്‍ അത് ഉപകരിക്കുന്നതാണ്’ എന്ന് തിരുമേനി(സ) പറഞ്ഞതായി മുവത്വയില്‍ ഇമാം മാലിക്(റ) ഉദ്ധരിച്ചിരിക്കുന്നു.
വിശേഷപ്പെട്ട സമ്മാനങ്ങള്‍ നല്‍കുകയെന്നത് ഹൃദയത്തെയും കാഴ്ചയെയും കേള്‍വിയെയും ഒരേസമയം കീഴ്‌പെടുത്താനുള്ള മാര്‍ഗമാണ്്. വിശേഷ സന്ദര്‍ഭങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറുന്നത് തീര്‍ത്തും അഭിനന്ദനാര്‍ഹമായ കാര്യമാണ്. ഇബ്‌റാഹീം സുഹ്‌രി പറയുന്നു: ‘തന്റെ പിതാവിന്റെ സമ്മാനപ്പൊതികള്‍ വീതം വെക്കുകയായിരുന്നു ഞാന്‍. ഓരോന്നിനും മേല്‍ ബന്ധുക്കളുടെയും മറ്റും പേരുകള്‍ കുറിക്കാന്‍ അദ്ദേഹമെന്നോട് ആവശ്യപ്പെടുകയും ഞാന്‍ അപ്രകാരം ചെയ്യുകയുമുണ്ടായി. ഇനി ആരെയെങ്കിലും മറന്ന് പോയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി. അദ്ദേഹം പറഞ്ഞു ‘എന്നെ കണ്ട് സലാം ചൊല്ലിയ, മനോഹരമായ മുഖമുള്ള ഇന്നയിന്നയാള്‍ക്ക് നാം സമ്മാനം കൊടുത്തില്ലെന്ന് പിതാവ് സൂചിപ്പിക്കുകയുണ്ടായി’.
ഉറക്കെ സംസാരിക്കുക, ആവശ്യമില്ലാതെ കൂടുതല്‍ സംസാരിക്കുക തുടങ്ങിയവയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രമിക്കുക. വളരെ മൃദുവായി സംസാരിക്കുകയും നിര്‍മലമായ പദങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുക. ഹൃദയത്തെ കീഴടക്കുന്നതില്‍ വളരെ നിര്‍ണായകമായ സ്വാധീനം വാക്കുകള്‍ക്കും സംസാരരീതികള്‍ക്കുമുണ്ട്. ബന്ധുക്കളോട് മാത്രമല്ല ശത്രുക്കളോട് പോലും ഈ സമീപനം തന്നെയാണ് സ്വീകരിക്കേണ്ടത്.
സംസാരിക്കുന്നവന്റെ ഭാഷണത്തിന് വിഘ്‌നം വരുത്തി ഇടപെടുന്നതിന് പകരം സാകൂതം ശ്രവിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവരെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതാണ്. വല്ലാതെ സംസാരിക്കുകയും വായാടിത്തം കാണിക്കുകയും ചെയ്യുന്നവരെ അധികപേരും ഇഷ്ടപ്പെടുകയില്ല. അത്വാഅ് ബിന്‍ അബീറബാഹ് പറയുന്നു: ‘ഒരാള്‍ എന്നോട് ഒരുകാര്യം സംസാരിക്കുമ്പോള്‍ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്തത് പോലെ ഞാനത് ശ്രവിക്കുകയാണ് ചെയ്യാറ്. അയാള്‍ ജനിക്കുന്നതിന് മുമ്പ് ഞാന്‍ അക്കാര്യം കേട്ടിട്ടുള്ളതാണെങ്കിലും ശരി’.
വൃത്തിയുള്ളതും മനോഹരമായതുമായ വസ്ത്രങ്ങള്‍ ധരിക്കുകയെന്നതാണ് മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള മറ്റൊരു മാര്‍ഗം. അല്ലാഹു സുന്ദരനാണ്, സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനാണ് എന്ന് തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. ഉമര്‍ ബിന്‍ ഖത്ത്വാബ്(റ) പറയുന്നു: ‘സുഗന്ധമൂറുന്ന വൃത്തിയുള്ള വസ്ത്രം ധരിച്ച് ആരാധനകള്‍ നിര്‍വഹിക്കുന്ന യുവാവിനെയാണ് എനിക്കിഷ്ടം’.
ജനങ്ങളോട് നന്നായി വര്‍ത്തിച്ച്, അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കുകയെന്നത് ഹൃദയങ്ങളെ കീഴടക്കാനുള്ള ഒരു മാര്‍ഗമാണ്. ‘ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനമുള്ളവനെയാണ് എനിക്ക് ഏറെയിഷ്ടമെന്ന്’ തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. സമ്പത്ത് ചെലവഴിച്ച് അടിമകളെ വാങ്ങുന്ന, നന്മകള്‍ ചെയ്ത് സ്വതന്ത്രരെ വാങ്ങാത്തവരുടെ കാര്യം മഹാ കഷ്ടം തന്നെ. നന്മകള്‍ അധികരിക്കുന്നതിന് അനുസരിച്ച് അനുയായികള്‍ വര്‍ധിച്ച് കൊണ്ടേയിരിക്കുമെന്നറിയുക.
Add Comment