ഉസ്വൂല്‍, ഫിഖ്ഹ് എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നുണ്ടായ സംജ്ഞയാണ് ഉസ്വൂലുല്‍ഫിഖ്ഹ്. അസ്വ്ല്‍ എന്ന അറബി പദത്തിന്റെ ബഹുവചനമാണ് ഉസ്വൂല്‍. വേര്, അടിഭാഗം, ഉദ്ഭവം, പിതാവ്, തറവാട്, അസ്തിവാരം, അടിസ്ഥാനം, കാരണം, നിയമങ്ങള്‍, മൂലതത്വങ്ങള്‍ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഭാഷയില്‍ പ്രസ്തുത പദം പ്രയോഗിക്കാറുണ്ട്. ഒട്ടേറെ സാങ്കേതിക അര്‍ഥങ്ങളുമുണ്ട് അസ്വ്ലിന്. കര്‍മശാസ്ത്രത്തില്‍ തെളിവ് (ദലീല്‍) എന്ന അര്‍ഥത്തിലാണ് അത് പ്രയോഗിക്കുന്നത്.
ചില നിദാന ശാസ്ത്രകാരന്‍മാരുടെ വീക്ഷണമനുസരിച്ച് ഖണ്ഡിത രൂപേണ കര്‍മശാസ്ത്രവിധികള്‍ കണ്ടെത്താനുതകുന്ന സ്രോതസ്സുകളെ – ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവ- യാണ് ‘ദലീല്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതേസമയം ഊഹാധിഷ്ഠിതമായി കര്‍മശാസ്ത്രവിധികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന അടിസ്ഥാനങ്ങളെ – ഖിയാസ് പോലുള്ളവ – ‘അമാറത്ത്’ എന്നാണ് വിളിക്കുക.
ഫിഖ്ഹ് എന്ന പദത്തിന് ഭാഷയില്‍ രണ്ടര്‍ത്ഥങ്ങളുണ്ട്: 1) വിവരം, തിരിച്ചറിവ്. 2) അവഗാഹം, ആഴത്തിലുള്ള ആശയ ഗ്രഹണം. ചിലപ്പോള്‍ ഈ രണ്ടര്‍ത്ഥങ്ങള്‍ ഒരുമിച്ചും ഉദ്ദേശിക്കപ്പെടാറുണ്ട്. എന്നാല്‍ സാങ്കേതികമായി ‘ശരീഅത്തിന്റെ കര്‍മപരമായ നിയമങ്ങളെക്കുറിച്ച് അതിന്റെ വിശദമായ തെളിവുകളില്‍ നിന്ന് ലഭിക്കുന്ന ജ്ഞാനമാണ് ഫിഖ്ഹ്’. അതായത് ഫിഖ്ഹ് എന്നാല്‍ നിയമനിര്‍മാണമാണ്. ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ട പ്രശ്നങ്ങള്‍ സാങ്കേതികാര്‍ത്ഥത്തിലുള്ള ഫിഖ്ഹ് അല്ല. അവ മനഃപാഠമാക്കുന്നവന്‍ ഫഖീഹുമല്ല. മറിച്ച് അവ ഫിഖ്ഹിന്റെ ഫലങ്ങളും അവയറിയുന്നവന്‍ ‘ഫുറൂഈ’യുമാണ്. ശരിയായ തെളിവുകളില്‍ നിന്ന് പ്രശ്നപരിഹാരം കണ്ടെത്തുന്ന മുജ്തഹിദാണ് ഫഖീഹ്.
ഉപരിസൂചിത നിര്‍വചനപ്രകാരം ഭൌതിക വിജ്ഞാനീയങ്ങള്‍, വിശ്വാസപരവും സ്വഭാവപരവുമായ നിയമങ്ങള്‍ എന്നിവ ഫിഖ്ഹിന്റെ പരിധിക്കു പുറത്താണ്.
നിര്‍വചനത്തിലെ ‘അതിന്റെ വിശദമായ തെളിവുകള്‍’ എന്ന പ്രസ്താവം രണ്ടു തരം തെളിവുകളെ കുറിക്കുന്നു. 1) ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സുകളായ ഖുര്‍ആനും സുന്നത്തും. ഇതിന് പരമ്പരാഗത തെളിവ് എന്നും പറയാറുണ്ട്. 2) ഗവേഷണപരമായ തെളിവുകള്‍. ഇജ്മാഅ്, ഖിയാസ് എന്നിവ ഈ ഗണത്തിലാണ് പെടുക. ഇസ്തിഹ്സാന്‍, ഇസ്തിസ്ഹാബ്, ഇസ്തിസ്ലാഹ്, മസാലിഹു മുര്‍സല, ഉര്‍ഫ് തുടങ്ങി ഭിന്നാഭിപ്രായമുള്ള തെളിവുകള്‍ വേറെയുമുണ്ട്.
അപ്രകാരം തന്നെ നിര്‍വചനത്തിലെ ‘ജ്ഞാനം’ എന്ന വാക്ക് ഖണ്ഡിത ജ്ഞാനത്തേയും ഊഹാധിഷ്ഠിത ജ്ഞാനത്തേയും ഉള്‍ക്കൊള്ളുന്നു.
ഒരു മനുഷ്യന് വേണ്ട എല്ലാ വിജ്ഞാനീയങ്ങളും ഉള്‍ക്കൊള്ളും വിധം വിശാലമാണ് ഫിഖ്ഹിനെ സംബന്ധിച്ച ഇമാം അബൂഹനീഫയുടെ നിര്‍വചനം. അദ്ദേഹത്തിന്റെ കാലത്ത് മറ്റു ശരീഅത്ത് നിയമങ്ങളില്‍ നിന്നും സ്വതന്ത്രമായ ഒന്നായി ഫിഖ്ഹ് രൂപപ്പെടാത്തതാവാം അതിന് കാരണം.
അപ്പോള്‍ ‘കര്‍മപരമായ ശരീഅത്ത് വിധികള്‍ അവയുടെ വിശദമായ തെളിവുകളില്‍നിന്ന് നിര്‍ധാരണം ചെയ്യുന്നതിന് സഹായകമായ പൊതു തത്വങ്ങള്‍ അല്ലെങ്കില്‍ പൊതു തത്വങ്ങളെക്കുറിച്ച അറിവ്’ എന്ന് ഉസ്വൂലുല്‍ ഫിഖ്ഹിനെ നമുക്ക് നിര്‍വചിക്കാം. ഉദാഹരണമായി, ‘നമസ്കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക, പ്രവചകന്മാരെ അനുസരിക്കുക’ എന്ന ഖുര്‍ആന്‍ വചനത്തില്‍ നിന്ന് ഒരു ഉസ്വൂലി (നിദാനശാസ്ത്രകാരന്‍) നിര്‍ധാരണം ചെയ്യുന്നത് ‘പ്രത്യേക തെളിവുകളില്ലെങ്കില്‍ കല്‍പന നിര്‍ബന്ധത്തെകുറിക്കുന്നു’ എന്ന പൊതു തത്വമായിരിക്കും. അതേസമയം, നമസ്കാരവും സകാത്തും പ്രവാചകനെ അനുസരിക്കലും നിര്‍ബന്ധമാണെന്നായിരിക്കും ഒരു ഫഖീഹ് (കര്‍മശാസ്ത്രകാരന്‍) നിര്‍ധാരണം ചെയ്തെടുക്കുന്നത്.
അപ്രകാരം തന്നെ “നിങ്ങള്‍ വ്യഭിചാരത്തോടടുക്കരുത്” എന്ന ഖുര്‍ആനിക വചനത്തില്‍നിന്ന് ‘പ്രത്യേക തെളിവുകളില്ലെങ്കില്‍ നിഷേധം നിഷിദ്ധത്തെ സൂചിപ്പിക്കുന്നു’ എന്ന പൊതുതത്വം ഒരു ഉസ്വൂലി നിര്‍ധാരണം ചെയ്തെടുക്കുമ്പോള്‍ വ്യഭിചാരം നിഷിദ്ധമാണെന്നായിരിക്കും ഒരു ഫഖീഹ് നിര്‍ധാരണം ചെയ്യുന്നത്.
ഉദ്ഭവവും വളര്‍ച്ചയും
ഫിഖ്ഹിന്റെ കൂടെപ്പിറപ്പായി അല്ലെങ്കില്‍ അതിനു മുമ്പുതന്നെ ഉസ്വൂലുല്‍ ഫിഖ്ഹ് ജന്‍മമെടുത്തിരുന്നു. പക്ഷേ ആദ്യം ലിഖിതരൂപം കൈവന്നത് ഫിഖ്ഹിനാണെന്ന് മാത്രം. പ്രവാചകന്റെ കാലത്ത് സംശയനിവാരണത്തിന് മറ്റു പ്രമാണങ്ങളെ അവലംബിക്കേണ്ടിവന്നിരുന്നില്ല. എന്നാല്‍ പ്രവാചകന്റെ വിയോഗാനന്തരം നിരവധി നൂതന പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അവയ്ക്ക് ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ സഹാബികള്‍ ബാധ്യസ്ഥരാവുകയും ചെയ്തു. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ഖുര്‍ആനും സുന്നത്തും അവലംബിച്ചു. അവ രണ്ടുമില്ലെങ്കില്‍ ശരീഅത്തിന്റെ ലക്ഷ്യം മുമ്പില്‍വെച്ച് ഗവേഷണം നടത്തി. ഉദാഹരണമായി മദ്യപാനിയുടെ ശിക്ഷസംബന്ധമായി അലി(റ) പറയുന്നു: ‘മദ്യം കുടിച്ചാല്‍ ഉന്‍മത്തനാകും. ഉന്‍മത്തനായാല്‍ പിച്ചും പേയും പറയും. ആ സന്ദര്‍ഭത്തില്‍ അവന്‍ വ്യാജാരോപണങ്ങള്‍ ഉന്നയിക്കും. അപ്പോള്‍ അവന്റെ ശിക്ഷ ആരോപണം ഉന്നയിച്ചവന്നുള്ള ശിക്ഷയാണ്. ഇവിടെ മദ്യപാനിയെ ആരോപണം ഉന്നയിക്കുന്നവനുമായി തുലനം ചെയ്തിരിക്കുകയാണ്.’
നബി തിരുമേനിയുമായുള്ള ദീര്‍ഘകാലത്തെ സഹവാസം കാരണം ഇത്തരം ഗവേഷണങ്ങള്‍ അവര്‍ക്ക് അയത്നലളിതമായിരുന്നു. സ്വഹാബികള്‍ക്കു ശേഷം താബിഉകള്‍ വന്നു. ഇസ്ലാമിക രാഷ്ട്രം വിശാലമാവുകയും പല നൂതനമായ പ്രശ്നങ്ങളും ഉയര്‍ന്നുവരികയും ചെയ്തു. സ്വാഭാവികമായും ഗവേഷകരുടെ എണ്ണം വര്‍ധിച്ചു. പലരും പല വിധത്തില്‍ ഗവേഷണങ്ങള്‍ നടത്തി. അപ്പോഴാണ് ഇജ്തിഹാദിന് ചില നിശ്ചിത നിയമങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടത്.
(വിധികള്‍ നിര്‍ധാരണം ചെയ്യാന്‍ പ്രത്യേക നിയമങ്ങള്‍ ഉണ്ടായിരുന്നില്ലെന്നോ ക്രോഡീകരണത്തോടെയാണ് ഉസ്വൂലുല്‍ ഫിഖ്ഹിന് ഉണ്‍മയുണ്ടായതെന്നോ ഇതിന്നര്‍ഥമില്ല. മറിച്ച്, പ്രസ്തുത നിയമങ്ങളും രീതികളുമെല്ലാം മുജ്തഹിദുകളുടെ മനസില്‍ രൂഢമൂലമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതവര്‍ വ്യക്തമാക്കിയിരുന്നില്ലെങ്കിലും)
ഈ നിയമങ്ങള്‍ ലിഖിത രൂപത്തിലാവാന്‍ പിന്നെയും കാലങ്ങളെടുത്തു.
ഹിജ്റഃ രണ്ടാം നൂറ്റാണ്ടില്‍ ഇമാം ശാഫിഈ ‘അര്‍രിസാല’ എന്ന ഗ്രന്ഥം രചിച്ചതോടെയാണ് ഇതിന് നാന്ദികുറിക്കപ്പെട്ടത്. ശേഷം വന്നവര്‍ ഈ ഉദ്യമത്തെ പോഷിപ്പിക്കുകയും കാലാനുസൃതമായി പല വിഷയങ്ങളെയും അതിനോട് ചേര്‍ക്കുകയും ചെയ്തു. പഠനങ്ങളും ഗവേഷണങ്ങളും തുടര്‍ന്നു. അങ്ങനെ ഉസ്വൂലുല്‍ ഫിഖ്ഹില്‍ വ്യക്തമായ രണ്ട് ചിന്താധാരകള്‍ ഉടലെടുത്തു. ഒന്നാമത്തേത് കേവല താത്വികരീതിയാണ്. വ്യത്യസ്ത ചിന്താസരണികളിലെ ശാഖാപരമായ കര്‍മശാസ്ത്ര നിയമങ്ങള്‍ കണക്കിലെടുക്കാതെ കര്‍മശാസ്ത്ര പൊതു തത്വങ്ങള്‍ ആവിഷ്കരിക്കുന്ന രീതിയാണിത്. ഈ രീതി ഏതെങ്കിലും മദ്ഹബുകളോട് ആഭിമുഖ്യമോ അകല്‍ച്ചയോ പുലര്‍ത്തുന്നില്ല. ബുദ്ധിപരമായ സമീപനത്തിനാണ് കൂടുതല്‍ ഊന്നല്‍. ശാഖാപരമായ പ്രശ്നങ്ങളിലുള്ള ഗവേഷണഫലങ്ങളുടെ തെറ്റും ശരിയും തീരുമാനിക്കാനുള്ള ഒരേകകമായി ഈ രീതിയെ ചിലര്‍ വീക്ഷിക്കുന്നു. ദൈവശാസ്ത്രകാരന്‍മാര്‍; മുഅ്തസില വിഭാഗക്കാര്‍, ശാഫിഈ-മാലികീ പണ്ഡിതന്മാര്‍ എന്നിവര്‍ ഈ രീതിയാണ് പൊതുവെ സ്വീകരിക്കുന്നത്.
ഏതെങ്കിലുമൊരു കര്‍മശാസ്ത്ര സരണിയിലെ ശാഖാപരമായ അഭിപ്രായങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഊന്നല്‍ കൊടുത്ത് അവയുടെ അടിസ്ഥാനത്തില്‍ പൊതു തത്വങ്ങള്‍ ആവിഷ്കരിക്കുന്ന രീതിയാണ് രണ്ടാമത്തേത്. ഹനഫീ പണ്ഡിതന്മാര്‍ ഈ രീതിക്കാണ് മുന്‍ഗണന നല്‍കുന്നത്.
മേല്‍പറഞ്ഞ രണ്ട് രീതികളെയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ട് മൂന്നാമതൊരു രീതിയും ചില നിദാന ശാസ്ത്രകാരന്മാര്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.
ഉസ്വൂലുല്‍ ഫിഖ്ഹിന്റെ വിഷയം
ഉസ്വൂലുല്‍ ഫിഖ്ഹിലെ പ്രതിപാദ്യവിഷയങ്ങളെ സംബന്ധിച്ച് നിദാന ശാസ്ത്രകാരന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ശരീഅത്തിന്റെ തെളിവുകള്‍, അവയുടെ വിവിധ വിഭാഗങ്ങള്‍, വ്യത്യസ്ത ശ്രേണികള്‍ അവയില്‍ നിന്ന് മതവിധികള്‍ നിര്‍ധാരണം ചെയ്തെടുക്കുന്നതിനുള്ള രീതികള്‍ എന്നിവയാണ് ഉസ്വൂലുല്‍ ഫിഖ്ഹിന്റെ വിഷയമെന്നാണ് ഭൂരിപക്ഷമതം.
ചില ഹനഫീ പണ്ഡിതന്‍മാരുടെ വീക്ഷണമനുസരിച്ച് തെളിവുകള്‍ മുഖേന സ്ഥാപിതമാവുന്ന വിധികള്‍ (വുജൂബ്, നദ്ബ്, ഹുര്‍മത്ത്, കറാഹത്ത്, ഇബാഹത്ത്) ആണ് ഉസ്വൂലുല്‍ ഫിഖ്ഹിന്റെ വിഷയം.
‘തെളിവുകളാ’ണ് അതിന്റെ വിഷയമെന്ന് മറ്റൊരു വിഭാഗം പറയുന്നു. അവയുടെ അടിസ്ഥാനത്തിലാണ് വിധികള്‍ സ്ഥാപിതമാവുന്നത് എന്നതാണ് അവരുടെ ന്യായം.
യഥാര്‍ത്ഥത്തില്‍ ഈ അഭിപ്രായ ഭിന്നതകളൊന്നും പരസ്പരം വിരുദ്ധങ്ങളല്ല. ഉപരിസൂചിത വിഷയങ്ങളെല്ലാം ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാം.
പ്രയോജനം
ഉസ്വൂലുല്‍ ഫിഖ്ഹ് ഇജ്തിഹാദിന്റെ അടിസ്ഥാനങ്ങളെ നിര്‍ണയിക്കുകയും മുജ്തഹിദിന്റെ സരണിയെ പ്രഭാപൂരിതമാക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ പണ്ഡിതന്മാര്‍ക്കും കര്‍മശാസ്ത്രവിശാരദന്മാര്‍ക്കും ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനങ്ങളും അവ നിര്‍ധാരണം ചെയ്തെടുക്കുന്നതിനുള്ള രീതികളും വ്യക്തമാക്കിക്കൊടുക്കുന്നു. അതുപോലെ ഒരു നിയമം നിര്‍മിക്കപ്പെടുമ്പോള്‍ അതിന്റെ കാരണമെന്ത്? അതിനു പിന്നിലുള്ള യുക്തിയെന്ത്? അത് പ്രാവര്‍ത്തികമാക്കപ്പെടുന്നതിലൂടെ കൈവരുന്ന പ്രയോജനമെത്ര? തുടങ്ങിയ സംഗതികള്‍ മനസ്സിലാവണമെങ്കില്‍ ഉസ്വൂലുല്‍ ഫിഖ്ഹ് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമത്രേ.
ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ഘടകങ്ങള്‍
ഉസ്വൂലുല്‍ ഫിഖ്ഹ് വിജ്ഞാനീയത്തെ നാലു ഭാഗങ്ങളാക്കിത്തിരിച്ച് ഇങ്ങനെ സംക്ഷേപിക്കാം.
1) ശരീഅത്ത് വിധി
നിദാനശാസ്ത്രകാരന്‍മാരുടെ ഭാഷയില്‍ ‘നിയമം ബാധകമാവുന്ന വ്യക്തികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കല്‍പനകള്‍, അനുവാദങ്ങള്‍, അവയുടെ നിലപാടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദൈവഭാഷണമാണ് ശരീഅത്ത് വിധി. ഖുര്‍ആനും സുന്നത്തും ഇജ്മാഉം ഖിയാസുമെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ദൈവഭാഷണമാണ്. ഉസ്വൂലുല്‍ ഫിഖ്ഹില്‍ ശരീഅത്ത് വിധികള്‍ രണ്ട് വിധമുണ്ട്.
എ) തക്ലീഫി
ഒരു കാര്യം ചെയ്യണമെന്നോ ചെയ്യരുതെന്നോ ആവശ്യപ്പെടുക. അല്ലെങ്കില്‍ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്യ്രം നല്‍കുക. ഇത് അഞ്ചിനമുണ്ട്. നിര്‍ബന്ധം, അഭികാമ്യം, നിഷിദ്ധം, അനഭികാമ്യം, അനുവദനീയം എന്നിവയാണവ. അപ്രകാരം തന്നെ വിധി പൂര്‍ണരൂപത്തില്‍ നടപിലാക്കുമ്പോള്‍ അതിനെ ‘അസീമത്ത്’ എന്നും അതില്‍ ഇളവു വരുമ്പോള്‍ അതിനെ ‘റുഖ്സ:’ എന്നും പറയുന്നു.
ബി)വദ്ഈ
ഒരു വിധിക്ക് ഹേതുവായി പ്രത്യേക കാരണങ്ങളോ, നിബന്ധനകളോ തടസങ്ങളോ ഉണ്ടെങ്കില്‍ അതിനെ വദ്ഈ എന്നു വിളിക്കുന്നു. വദ്ഈ വിധികളെ സാധു, അസാധു എന്നിങ്ങനെ രണ്ടായി തിരിക്കാം. കര്‍മത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമായ ഘടകങ്ങളും നിബന്ധനകളുമെല്ലാം ഒത്തുചേരുന്നതാണ് സാധുവായ വിധി. അല്ലാത്തവ അസാധുവും.
2. ശരീഅത്ത് വിധിയുടെ തെളിവുകള്‍
ശരിയായ ചിന്തവഴി ശരീഅത്ത് വിധിയിലെത്തിച്ചേരാന്‍ സഹായകമായതെന്താണോ അതാണിവിടെ തെളിവ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അവയില്‍ സര്‍വ്വാംഗീകൃതവും അഭിപ്രായാന്തരമുള്ളവയും ഉണ്ട്. ഖുര്‍ആനും സുന്നത്തും ആദ്യ ഗണത്തില്‍ പെടുമ്പോള്‍ ഇജ്മാഅ്, ഖിയാസ്, ഇസ്തിഹ്സാന്‍, ഇസ്തിസ്ഹാബ്, ഉര്‍ഫ്, മസാലിഹ് മുര്‍സല തുടങ്ങിയവ രണ്ടാമത്തെ ഇനത്തില്‍പെടുന്നു.
3. വിധികള്‍ നിര്‍ധാരണം ചെയ്യുന്ന രീതിയും അതിന്റെ തത്വങ്ങളും
തെളിവുകള്‍ അടിസ്ഥാനമാക്കിയാണല്ലോ വിധികള്‍ നിര്‍ധാരണം ചെയ്യുന്നത്. അവ(തെളിവുകള്‍)യാകട്ടെ അറബിയാണുതാനും. അതിനാല്‍ തെളിവുകള്‍ ശരിക്ക് ഗ്രഹിക്കാന്‍, ഭാഷാ പ്രയോഗങ്ങളും തത്വങ്ങളും യഥാവിധി മനസിലാക്കാന്‍ പര്യാപ്തമായ രൂപത്തില്‍ അറബി ഭാഷാ പരിജ്ഞാനം അത്യന്താപേക്ഷിതമത്രെ. അതോടൊപ്പം ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ ശരിക്കും ഗ്രഹിച്ചിരിക്കണം. കൂടാതെ ഒരേ വിഷയത്തില്‍ പരസ്പര വിരുദ്ധമായ രണ്ട് വിധികള്‍ വന്നിട്ടുണ്ടെങ്കില്‍ അവയെ സമന്വയിപ്പിക്കാനുള്ള പൊതു തത്വങ്ങളും അറിഞ്ഞിരിക്കണം. എങ്കില്‍ മാത്രമേ തെളിവുകളിലൂടെ ശരിയായ വിധിയില്‍ എത്തിച്ചേരാന്‍ കഴിയൂ.
4. ഇജ്തിഹാദ്
കര്‍മശാസ്ത്രത്തില്‍ മനനഗവേഷണമാണിതുകൊണ്ടുദ്ദേശ്യം. ഇജ്തിഹാദ് വഴി ലഭിക്കുന്നത് ജ്ഞാനമോ നിഗമനമോ എന്ന പ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ അതിന്റെ സാങ്കേതിക നിര്‍വചനത്തില്‍ ഭിന്നതയുണ്ട്. ശരീഅത്ത് വിധികള്‍ കണ്ടെത്താന്‍ പരമാവധി അധ്വാനം വിനിയോഗിക്കുക എന്ന് ബൈദാവിയും നിര്‍ധാരണത്തിലൂടെ കര്‍മപരമായ ഒരു ശരീഅത്ത് വിധി ലഭിക്കാന്‍ പരമാവധി പരിശ്രമിക്കുക എന്ന് സര്‍ഖശിയും ഇജ്തിഹാദിനെ നിര്‍വചിക്കുന്നു. ഇവയില്‍ ഇജ്തിഹാദ് വഴി ലഭിക്കുന്ന വിവരം നിഗമനമെന്നോ ജ്ഞാനമെന്നോ വിധിച്ചിട്ടില്ല.
അതേസമയം, ‘ശരീഅത്ത് വിധികളെക്കുറിച്ച ജ്ഞാനം ലഭിക്കാന്‍ പരമാവധി അധ്വാനം വിനിയോഗിക്കുക’ എന്ന് ഇബ്നു ഖുദാമ ഇജ്തിഹാദിന് നിര്‍വചനം നല്‍കുമ്പോള്‍ ‘ഒരു വിധി സംബന്ധിച്ച നിഗമനം ലഭിക്കുന്നതിന് കര്‍മശാസ്ത്രപണ്ഡിതന്‍ കഴിവിന്റെ പരമാവധി വിനിയോഗിക്കുക’യെന്നാണ് ഇമാം ശൌകാനി ഇതിന് നല്‍കുന്ന നിര്‍വചനം.
ഈ നിര്‍വചനങ്ങളില്‍ സര്‍ഖശിയുടേതാണ് ഏറെക്കുറെ ഭദ്രവും സമഗ്രവും. ഇമാം ശൌകാനി അതിന്റെ തുടക്കത്തില്‍ ‘കര്‍മശാസ്ത്രപണ്ഡിതന്‍’ എന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്നു. തോന്നിയവര്‍ക്കൊക്കെ ഇജ്തിഹാദ് ചെയ്യുവാന്‍ പറ്റുകയില്ലെന്നാണ് അതിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത്.
റഫറന്‍സ്:
1.അല്‍ വജീസു ഫീ ഉസ്വൂലില്‍ ഫിഖ്ഹ്-ഡോ. അബ്ദുല്‍ കരീ സൈദാന്‍.
2.ഇല്‍മു ഉസ്വൂലില്‍ ഫിഖ്ഹ്-മുഹമ്മദ് അബൂ സഹ്റ.
3.ഇര്‍ശാദുല്‍ ഫുഹൂല്‍ ഇലാ തഹ്ഖീഖില്‍ ഹഖി മിന്‍ ഇല്‍മില്‍ ഉസ്വൂല്‍-ശൌകാനി
4.ഇല്‍മു ഉസ്വൂലില്‍ ഫിഖ്ഹ്-അബ്ദുല്‍ വഹാബ് ഖല്ലാഫ്.
5.മബാഹിഥുല്‍ ഹുക്മിശ്ശറഈ-ഡോ.വഹബൂ സുഹൈലി.
6.അല്‍ ബഹ്റുല്‍ മുഹീത്വ് ഫീ ഉസ്വൂലില്‍ ഫിഖ്ഹ്-സര്‍കശീ.
Add Comment