വിശ്വാസം-ലേഖനങ്ങള്‍

ഭൂമിപരിപാലനം: ഇസ് ലാം പറയുന്നതെന്ത് ?

ഇസ്‌ലാമിന്റെ മുഖ്യ സവിശേഷതകളിലൊന്ന് അത് ഇഹപര ലോകങ്ങളെയും ഒരുപോലെ പരിഗണിക്കുന്നുവെന്നതാണ്. സ്വര്‍ഗ്ഗത്തില്‍ ഉയര്‍ന്ന പദവി നേടാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതു പോലെ തന്നെ ഇഹലോകത്ത് ഒരു നാഗരികത കെട്ടിപ്പടുക്കുവാനും ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. മനുഷ്യ നിര്‍മ്മിതങ്ങളായ പ്രത്യയശാസ്ത്രങ്ങൡലൊന്നും തന്നെ ഇതിനു തുല്യമായ ഒരു ജീവിതസന്തുലനം കാണാന്‍ സാധ്യമല്ല. ഭൂമിയെ പരിപാലിക്കുക എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങളിലൊന്നാണ്. ഭൂമിയില്‍ മനുഷ്യ നിലനില്‍പ്പിന്റെ അടിസ്ഥാനം ഈ ഭൂപരിപാലനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറുയുന്നു.

‘നിങ്ങളെ അവന്‍ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു.'(ഹൂദ് -61)
ഊഷര ഭൂമിയുടെ പുനരുജ്ജീവനം ഭൂപരിപാലനത്തിന്റെ ഭാഗമാണ്. മൃതഭൂമി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് കൃഷിക്കോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാനാകാത്ത വിധം തരിശായ ഭൂമിയെയാണ്. ഭൂമി തരിശായി ഉപേക്ഷിക്കപ്പെട്ടുക്കിടക്കുന്നതിന് പല കാരണങ്ങളുണ്ടാകാം- ജല ദൗര്‍ലഭ്യത, ഫലഭൂയിഷ്ഠതയുടെ അഭാവം, മരുഭൂമിയായിരിക്കുക എന്നിവ. ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഒഴിവാക്കിയതു കൊണ്ട് മരുഭൂമിയായിത്തീര്‍ന്ന ഭൂമി. ഈ പ്രതിഭാസത്തിന് മരുഭൂവല്‍ക്കരണമെന്നാണ് പറയപ്പെടുന്നത്.

മൃതഭൂമിയുടെ പുനരുജ്ജീവനം
ആഗോളാടിസ്ഥാനത്തില്‍ വര്‍ദ്ധിച്ചു വരുന്ന മരുഭൂവല്‍ക്കരണത്തിന് ഒരു നല്ല പരിഹാരമാണ് ഭൂമി വീണ്ടെടുക്കല്‍. ഭൂമിയുടെ 30% കരയും മരുഭൂവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണിന്ന്. ഈ പ്രശ്‌നം ഭീതിജനകാം വിധം വര്‍ധിച്ചു വന്നു കൊണ്ടിരിക്കുന്നു. കോടി ഹെക്ടര്‍ ഭൂമിയാണ് വര്‍ഷാവര്‍ഷം ഇതു വഴി നഷ്ടമാവുന്നത്. ഇതു വഴി നിരവധി മനുഷ്യര്‍ പുതിയ വാസസ്ഥലം തേടി തങ്ങളുടെ നാടും സ്ഥലവും വിട്ടു പോകാന്‍ നിര്‍ബന്ധിതരാകുന്നു. മരുഭൂവല്‍ക്കരണം മൂലം 1988 ല്‍ മാത്രം 10 മില്യണ്‍ ജനങ്ങള്‍ അഭയാര്‍ത്ഥികളായി. പ്രതിവര്‍ഷം 42  ബില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക നഷ്ടമാണ് ഇതുണ്ടാക്കുന്നത്. അതിനുമുപരി സാമൂഹ്യ, ആരോഗ്യ, രാഷ്ട്രീയ, സൈനിക പ്രശ്‌നങ്ങളും നിരവധി ജനങ്ങളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്നത്.
അറബ് – ഇസ്‌ലാമിക രാജ്യങ്ങളും ഈ പ്രശ്‌നത്തില്‍ നിന്ന് മുക്തരല്ല. മരുഭൂവല്‍ക്കരണത്തിന്റെ വിനാശകരമായ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് ഈ രാജ്യങ്ങള്‍. സുഡാന്‍, സോമാലിയ, മൗറിത്താനിയ, നൈജര്‍ എന്നിവ ഉദാഹരണം. ജല ലഭ്യത താരതമേന്യ കൂടുതലുണ്ടങ്കിലും ഈജിപ്തും മരുഭൂവല്‍ക്കരണത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മണിക്കൂറിലും ആയിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ഈജിപ്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. മേല്‍ സൂചിപ്പിച്ച കണക്കുകള്‍ പ്രശ്‌നത്തിന്റെ വ്യാപ്തിയും ഗൗരവവും കൂടുതല്‍ ബോധ്യപ്പെടുത്തുമ്പോള്‍ തന്നെ, പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്‌ലാം ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്തിട്ടുണ്ട്. ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളുടെയും പരിഹാരം ഇസ്‌ലാമിലൂടെ അവതരിപ്പിച്ച അല്ലാഹു ഈ പ്രശ്‌നത്തിന് ഇസ്‌ലാമിലൂടെ പരിഹാരം നിര്‍ദേശിക്കാതിരുന്നിട്ടില്ല.
ഭൂമിയുടെ പുനരുജ്ജീവനംതരിശ് ഭൂമിയെ ഉപയോഗ്യയോഗമാക്കാന്‍ രണ്ട് വഴികളാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത് ഒന്നാമത്തേത് എല്ലായ്‌പ്പോഴും ചെയ്യുന്നത് പോലെ അതു മനുഷ്യരെ അവര്‍ക്ക് ലഭിക്കാനിരിക്കുന്ന അനശ്വരമായ പ്രതിഫലത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. ഈയൊരു സമീപനം ഇസ്‌ലാമില്‍ മാത്രമേ കാണാനാകൂ. അനസ്ബ്‌നു മാലിക്ക് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. ‘ഒരു മുസ്‌ലിം നട്ടുപിടിപ്പിച്ച ചെടിയില്‍ പക്ഷികളോ മൃഗങ്ങളോ മനുഷ്യരോ തന്നെയോ തിന്നുന്ന പക്ഷം അത് നട്ടുപിടിപ്പിച്ച മുസ്‌ലിമിന് പ്രതിഫലം നല്‍കപ്പെടും’ (ബുഖാരി). മറ്റൊരു ഹദീസില്‍ കാണാം ആരാണോ തരിശുഭൂമിയെ കൃഷിയോഗ്യമാക്കുന്നത് അവന് പുണ്യമുണ്ട്. അതില്‍ നിന്ന് പക്ഷികളോ, മൃഗങ്ങളോ തിന്നുന്ന പഴങ്ങള്‍ക്ക് അവന് പ്രതിഫലമുണ്ട്.
ഊഷര ഭൂമിയെ സജീവമാക്കുക എന്നത് പ്രവാചകന്റെയും അനുചരന്മാരുടെയും ചര്യയാണ്. തരിശ് ഭൂമിയെ ഏറ്റെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനായി പ്രവാചകന്‍(സ) പറഞ്ഞു. ആരാണോ തരിശുഭൂമിയെ സജീവമാക്കുന്നത് ആ ഭൂമി അവനുള്ളതാണ് (മറ്റാരുടെയും ഉടമസ്ഥതയിലല്ലെങ്കില്‍).

Topics