Uncategorized

നിഷ്പക്ഷതയിലുണ്ടൊരു പക്ഷം

നിഷ്പക്ഷത നമ്മുടെ അടിസ്ഥാനസ്വഭാവങ്ങളില്‍ ഒന്നായി വളര്‍ന്നുവരേണ്ട ഒരു മൂല്യമാണ്. സന്തുലിതത്വവും, ബഹുസ്വരതയുടെ സ്വീകാര്യതയും, പ്രായോഗികതയും  കണക്കിലെടുത്ത് എല്ലാ വശങ്ങളെയും പരിഗണിക്കാതെ ഏതെങ്കിലും ഒരു വശത്തേക്കു ചായുന്നതു ഒഴിവാക്കാനുുള്ള നമ്മുടെ ആഗ്രഹത്തില്‍ നിന്നാണ് നിഷ്പക്ഷത ഊര്‍ജം സംരഭിക്കുന്നത്. ഒരു പക്ഷത്തേക്കും ചായാതെ സത്യത്തിന്റയും ന്യായത്തിന്റെയും നിഷ്പക്ഷതീരത്ത് നിലകൊണ്ട നമ്മുടെ പൂര്‍വികരില്‍ നമുക്ക് വലിയ മാതൃകയുണ്ട്.

‘എനിക്കറിയില്ല’ എന്ന് നിസ്സങ്കോചമായ മറുപടി പറഞ്ഞ് അവര്‍ പലപ്പോഴും അവരുടെ നിഷ്പക്ഷത തെളിയിച്ചു.
    യഥാര്‍ത്ഥത്തില്‍ കുറച്ചു കൂടി കടന്നു പറഞ്ഞ ചില പൂര്‍വ സൂരികളുമുണ്ട്. ‘എനിക്ക് അറിയില്ല എന്നു പറയല്‍ വിജ്ഞാനത്തിന്റെ പാതിയാണ്’, ‘എനിക്കറിയില്ല എന്ന് പറയാന്‍ മടിക്കുന്നതാരാണോ അവന്‍ തന്റെ വിജ്ഞാനത്തെ നാശത്തിലാക്കിയിരിക്കുന്നു.’ എന്നൊക്കെയായിരുന്നു അവരുടെ നിലപാട്.
തങ്ങളുടെ നിഷ്പക്ഷത പ്രകടപ്പിക്കാന്‍ അവരില്‍ ചിലര്‍  ‘അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍’ എന്ന് പറയുമായിരുന്നു,. എല്ലാം അറിയുന്ന അല്ലാഹുവിന് മാത്രമേ യഥാര്‍ത്ഥത്തില്‍ വിജ്ഞാനമുള്ളൂ എന്ന് പറയുകയായിരുന്നു  അതിലൂടെ അവര്‍. 
ഇസ്‌ലാമിലെ ദൈവശാസ്ത്രത്തിലും നിയമസംഹിതകളിലും വ്യുല്‍പ്പത്തി നേടിയ പണ്ഡിതന്‍മാര്‍ അവരുടെ നിഷ്പക്ഷതക്ക് വേണ്ടി മറ്റൊരു സാങ്കേതിക പദം ഉപയോഗിച്ചിരുന്നു.’ തവക്കുഫ്’ (Non Commitment) ചില കാര്യങ്ങളില്‍ ജാഗ്രത പാലിച്ച് അന്തിമ അഭിപ്രായം പറയാതിരിക്കുന്നതിനാണ് തവക്കുഫ് എന്നു പറയുന്നത്. എല്ലാ കോണുകളില്‍ നിന്നുമുള്ള തെളിവുകള്‍ ശക്തമായിരിക്കുകയും അവ ശരിയാവാനുള്ള സാധ്യത തുല്യമായ രീതിയില്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് അവര്‍ ഇത്തരം നിലപാട് സ്വീകരിച്ചിരുന്നത്. തവക്കുഫ് നടത്തുമ്പോള്‍ ആ നിലപാടില്‍ ഒരു അന്തിമ പ്രതിവധിയോ അന്തിമ ഉത്തരമോ ഉണ്ടാവുകയില്ല.
    പള്ളിയിലെ മിമ്പറില്‍ നിന്ന് പ്രസംഗിക്കുന്ന ഉമര്‍ (റ) തുറന്നു പറയുന്നുണ്ട്; സൂറതു അബസയില്‍  ‘വ ഫാകിഹതന്‍ വ അബ്ബാ’ (അബസ 31) എന്ന സൂക്തത്തിലെ അബ്ബ് (വൈക്കോല്‍) ന്റെ അര്‍ത്ഥം എന്താണെന്ന് തനിക്ക് അറിയില്ലെന്ന്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന അബൂബകര്‍ (റ) വും തനിക്ക് അറിയില്ലാത്ത കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ചുരുക്കത്തില്‍ എല്ലാ കാലത്തെയും എല്ലാ പണ്ഡിതന്‍മാരും ‘തവക്കുഫ്’ എന്ന നിലപാട് സ്വീകരിച്ചിരുന്നു. പല ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കാതിരിക്കുകയോ അറിയില്ലെന്നോ പറയുകയോ ചെയ്തിരുന്നു.
    ഒരിക്കല്‍ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു. ഭൂമിയില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്?
നബി (സ) പറഞ്ഞു. ‘ജിബ്‌രീലിനോടു ചോദിക്കുന്നതുവരെ എനിക്ക് അറിയില്ല.” ജിബ്‌രീല്‍ വന്ന് നബിക്ക് അറിയിച്ചുകൊടുത്തു. അല്ലാഹുവിന് ഭൂമിയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം അല്ലാഹുവിന്റെ ഭവനങ്ങളാണ്. പള്ളികളാണ്. അല്ലാഹു ഏറ്റവും വെറുക്കുന്ന സ്ഥലം ചന്തകളാണ്’ . അപ്പോഴാണ് നബി അയാള്‍ക്ക് ഉത്തരം നല്‍കുന്നത്.
നമ്മുടെ മാതൃകാ പുരുഷന്‍മാരുടെ ഈ സ്വഭാവത്തിനു വിരുദ്ധമായി ഇക്കാലഘട്ടത്തിലെ പലരും എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയും ഒച്ചയിടുന്നതും കാണാം. അവര്‍ക്ക് അറിയാവുന്നതോ അല്ലാത്തതോ ആയ വിഷയമാണെങ്കിലും ശരി. തങ്ങളുടെ അറിവില്ലായ്മയില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ക്ക് ഒരു വിലയുമില്ലെന്ന കാര്യം അവര്‍ക്കറിയില്ലെന്നോ. ചിലപ്പോള്‍ അവര്‍ മലക്കംമറിഞ്ഞ് എതിര്‍പക്ഷത്തുചേരും. ചുരുക്കത്തില്‍ അവരുടെ സംസാരം കേള്‍ക്കുമ്പോഴേ അറിയാം അവര്‍ക്ക് സംസാരിക്കാനും അഭിപ്രായം പറയാനും ആ വിഷയത്തില്‍ പ്രത്യേക അറിവോ ധാരണയോ ഒന്നും വേണ്ടായെന്ന്.

ഇക്കാലഘട്ടത്തിലെ മാധ്യമങ്ങള്‍ പൊതുജനത്തെ ശക്തമായി അത്തരം ഒരു നയനിലപാടിലേക്ക്  തെളിച്ചുകൊണ്ടിരിക്കുന്നു. സമകാലീനലോകത്ത്  ജനങ്ങള്‍ ഒരാളുടെ മൗനത്തെയും തനിക്ക് അഭിപ്രായമില്ല എന്ന തുറന്നു പറച്ചിലിനെയും കഴിവുകുറവായും നിന്ദ്യതയായും മനസ്സിലാക്കുന്നു. മതപരമായ കാര്യങ്ങളിലും ദൈവശാസ്ത്രത്തിലും രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എന്നു വേണ്ട എല്ലാ കാര്യങ്ങളിലും, ഒരു അഭിപ്രായമുണ്ടായേ തീരൂ എന്ന തരത്തില്‍ നമ്മുടെ മേല്‍ സാമൂഹികസമ്മര്‍ദ്ദങ്ങള്‍ ഇന്ന് ഏറിക്കൊണ്ടിരിക്കുന്നു. അത്തരം കാര്യങ്ങളില്‍ അവശ്യം വേണ്ട വിവരമുണ്ടോ ഇല്ലയോ എന്നത് ഇന്നത്തെക്കാലത്ത് വിഷയമല്ലാതായിരിക്കുന്നു. ഇത്തരമൊരു പരിതസ്ഥിതിയില്‍ ഒരുവന്‍ എന്ത് അഭിപ്രായമാണ് സ്വീകരിക്കുന്നത് എന്നതിന് പ്രസക്തിയില്ല. എല്ലാവരും എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ടല്ല നടക്കുന്നത്. അതുകൊണ്ടുതന്നെ മറ്റൊരുവന്റെ കുറവുകള്‍ അവന് പറയാന്‍ കഴിഞ്ഞുകൊള്ളണമെന്നി്ല്ല. സമൂഹത്തില്‍ ഉണ്ടാകുന്ന എല്ലാ വിഷയങ്ങളും അതിന്റെ ജനപ്രീതി അനുസരിച്ച് ധ്രുവീകരിക്കപ്പെടുന്നുണ്ട്. സമൂഹത്തില്‍ ഓരോരുത്തരും തിരിച്ചറിയപ്പെടുന്നത് ഒരു പക്ഷത്തിന്റെയോ മറുപക്ഷത്തിന്റെയോ പേരിലാണ്. ഒന്നുകില്‍ നിങ്ങള്‍ അവരോടൊപ്പം അല്ലെങ്കില്‍ ഞങ്ങളോടൊപ്പം. ഈ രണ്ടു പക്ഷമേ സമൂഹത്തിലുള്ളൂ. ജനങ്ങള്‍ അവരവരുടെ പക്ഷത്തിന് വേണ്ടി ഒരുപാട് പണവും ഊര്‍ജ്ജവും വിഭവങ്ങളും സമയവും ചിലവഴിക്കുന്നു. ഇങ്ങനെ പക്ഷം പിടിക്കുന്നവരില്‍ അധികപേര്‍ക്കും തങ്ങളുടെ പക്ഷത്തിനെക്കുറിച്ചു പോലും ഉപരിപ്ലവമായ വിവരമേയുള്ളൂവെന്നതാണ് ഏറെ സങ്കടകരം. എന്നിട്ടവര്‍ എതിര്‍പക്ഷത്തെ നിരാകരിക്കുന്നു.
പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും മറ്റുള്ളവ വിസ്മൃതിയിലാണ്ടുപോകുകയും ചെയ്യും. നിങ്ങള്‍ അധികം ശ്രദ്ധിക്കാതിരുന്ന ഒരു പ്രശ്‌നം ജനങ്ങള്‍ കൂടുതല്‍ സംസാരിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങുന്നുവെന്നു കരുതുക. ആ പ്രശ്‌നത്തെക്കുറിച്ചാണ് എവിടെയും സംസാരം. ലോകത്ത് ആകെ പ്രധാനപ്പെട്ട ഒരു വിഷയം അതുമാത്രമേ ഉള്ളൂ എന്ന രീതിയിലാണ് പിന്നീട് ചര്‍ച്ച. ഈ വിഷയത്തിന്റെ പേരില്‍ നിനക്ക് ഇഷ്ടക്കാരുണ്ടാകുന്നു. ശത്രുക്കളുണ്ടാകുന്നു. അങ്ങനെയിരിക്കെ  പിന്നീട് അതിനെകുറിച്ച് ഒന്നും കേല്‍ക്കുന്നില്ല. അങ്ങനെയൊന്ന് ചര്‍ച്ചയിലേ ഇല്ലാതിരുന്നപോലെ. പുതിയ എന്തെങ്കിലും വിവാദങ്ങളുടെ പിന്നിലായിരിക്കും ആളുകള്‍. ഈ ചര്‍ച്ചകളും വാദമുഖങ്ങളും പക്ഷംപിടിക്കലും കൊണ്ട് ഇവര്‍ക്ക് എന്തുനേട്ടമാണുണ്ടായത്?
ഇത്തരം വിവാദങ്ങളും ചര്‍ച്ചകളും മത വിഷയങ്ങളിലാകുമ്പോല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്നു. അവരവരുടെ വാദങ്ങളെ പിന്തുണക്കാന്‍ അവര്‍ വിശുദ്ധ പ്രമാണങ്ങളെ കൂട്ടു പിടിക്കുന്നു. അതുവഴി തങ്ങളുടെ നിലപാട് ശരിയാണെന്ന് അവര്‍ അവരെത്തന്നെ സ്വയം ബോധ്യപ്പെടുത്തുന്നു. സംശയാതീതമായ അല്ലാഹുവിന്റെ ന്യായാസനത്തില്‍ അവരുടെ വ്യാഖ്യാനങ്ങള്‍ തെറ്റാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
പാശ്ചാത്യലോകത്തെ ഒരു വലതുപക്ഷരാഷ്ട്രത്തലവന്‍ ഒരിക്കല്‍ പറയുന്നതു കേട്ടു. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ , അല്ലെങ്കില്‍ ഞങ്ങളുടെ ശത്രുപക്ഷത്ത് . അതൊക്കെ സഹിക്കാമെന്നുവെക്കാം. ചില മുസ്‌ലിം തീവ്രവാദികളുടെ വാദം അതിനേക്കാള്‍ ഭീകരമാണ്. അവര്‍ പറയുന്നു. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ അല്ലാഹുവിന്നെതിരാണ്. നമ്മള്‍ പരസ്പരം ആദരിക്കുകയും നാം പവിത്രമായി കാണുന്ന മൂല്യങ്ങളെ പരിഗണിക്കുകയും ചെയ്യുന്നതെപ്പോഴാണ് ? നാമുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ നാം എന്തുകൊണ്ട് ആദരിക്കുന്നില്ല?  നമ്മുടെ പ്രതിയോഗിയെനേരിടാന്‍തക്ക ശക്തമായ ഒരു പോയിന്റ് നമുക്കുണ്ടെങ്കില്‍ പോലും അത് സത്യവും അസത്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ഒരു അന്തരീക്ഷത്തിലേക്ക്  കൊണ്ടെത്തിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം.നമ്മുടെ സാത്വികരായ പൂര്‍വികരുടെ ജാഗ്രത്തായ നിഷ്പക്ഷത നമ്മോടു ആവശ്യപ്പെടുന്നതതാണ്.

Topics