വിശ്വാസം-ലേഖനങ്ങള്‍

ഇസ്്‌ലാമിക സമൂഹത്തിന് നല്ല നാളെകള്‍ ഉണ്ടാകും

ഇസ്‌ലാം സ്വീകരിച്ച ആദ്യ സ്വഹാബാക്കളില്‍ ഒരാളാണ് ഖബ്ബാബ്‌നു അറത്. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ മുസ്‌ലിംകള്‍ മക്കാ മുശ്‌രിക്കുകളില്‍ നിന്ന് കടുത്ത പീഡനങ്ങള്‍ക്കിരയായിക്കൊണ്ടിരുന്ന  കാലത്താണ് അദ്ദേഹം ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിനും ഏല്‍ക്കേണ്ടി വന്നു മുശ്‌രിക്കുകളുടെ ക്രൂരമായ മര്‍ദനങ്ങളില്‍നിന്ന് അദ്ദേഹത്തിനും മോചനമുണ്ടായില്ല.

സഹിക്കവയ്യാതെ വന്നപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ വന്നു പരാതി പറഞ്ഞു. അദ്ദേഹം പറയുകയാണ്:’ കഅ്ബയുടെ അരികില്‍ തന്റെ മേല്‍വസ്ത്രത്തില്‍ ഇരുന്നു തണല്‍ കായുകയായിരുന്ന നബിയുടെ അടുക്കല്‍ വന്ന്് ഞങ്ങള്‍ പരാതി പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ ! അങ്ങ് അല്ലാഹുവോടു സഹായം ചോദിക്കുന്നില്ലേ, ഞങ്ങള്‍ക്കുവേണ്ടി അങ്ങ് അല്ലാഹുവോടു പ്രാര്‍ത്ഥിക്കുന്നില്ലേ?’നബി (സ) പറഞ്ഞു. നിങ്ങള്‍ക്കു മുമ്പ് ഒരു സമൂഹമുണ്ടായിരുന്നു. അവരെ ഭൂമിയില്‍ കുഴിയുണ്ടാക്കി അതില്‍നിര്‍ത്തി തല മുതല്‍ കീഴ്‌പ്പോട്ട് രണ്ടായി മുറിക്കുകയും  ഇരുമ്പിന്റെ ചീര്‍പ്പുകള്‍ കൊണ്ടു അവരുടെ ശരീരത്തില്‍ നിന്ന് മാംസക്കഷണങ്ങളും എല്ലുകളും ശത്രൂക്കള്‍ വേര്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും അവരെ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല. അല്ലാഹുവാണ! ഈ ദൗത്യം വിജയിക്കുക തന്നെ ചെയ്യും. അല്ലാഹുവിനെയും, തന്റെ ആട്ടിന്‍കുട്ടികളെ പിടിക്കാനിടയുള്ള ചെന്നായയെയും മാത്രം ഭയന്നു കൊണ്ട് ഒരു യാത്രക്കാരന് സന്‍ആ മുതല്‍ ഹദര്‍ മൗതുവരെ നിര്‍ഭയം യാത്ര ചെയ്യാവുന്ന ഒരു കാലം വരും. എന്നാല്‍ നിങ്ങള്‍ ധൃതികൂട്ടുകയാണ്. (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ് ലിം)

്ഇതിലൂടെ, ശ്രോതാക്കളുടെ മനസ്സില്‍ ത്യാഗത്തിന്റെ ചിത്രങ്ങള്‍ കോറിയിട്ടു നല്‍കുന്ന ചരിത്രത്തിന്റെ ഏടുകളാണ് തിരുമേനി (സ) സ്വഹാബാക്കളെ ഓര്‍മ്മിപ്പിക്കുന്നത്. ശേഷം ശോഭനമായ ഒരു ഭാവിയുടെ ചിത്രവും തിരുമേനി സ്വഹാബാക്കള്‍ക്കു മുമ്പില്‍ വരച്ചുകാണിക്കുന്നുണ്ട്. തങ്ങളുടെ ഭാവിദിനങ്ങള്‍ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും നാളുകളാണെന്ന ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്ന വാക്കുകളായിരുന്നു തിരുമേനിയുടേത്. അത്തരം ഒരു നല്ല നാളെയില്‍ ഏകനായ ഒരു യാത്രക്കാരന് വഴിയില്‍ ഒന്നിനെയും പേടിക്കേണ്ടതില്ല. അന്ന് തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുമോയെന്ന് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. തങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം അപഹരിക്കപ്പെടുമോ എന്നും അവര്‍ ഭയക്കേണ്ടതില്ല. അല്ലാഹുവിലുള്ള വിശ്വാസവും അവനോടുള്ള ഭയവും അതിന്റെ ഏറ്റവും ഉച്ചസ്ഥായിലായിരിക്കുന്ന ഒരു സാമൂഹികക്രമത്തിന്റെ കാലമാണത്. അതിനാല്‍ അല്ലാഹുവിനെ മാത്രമേ അന്ന് പേടിക്കേണ്ടതായുള്ളൂ.

ആ സമൂഹത്തിലെ സുരക്ഷിതത്വവും സമാധാനവും നിഷ്ഠൂരവാഴ്ചയിലൂടെ സ്ഥാപിക്കപ്പെടുന്നതല്ല. ജനങ്ങളുടെ അഭിമാനവും സ്വാതന്ത്ര്യവും അടിച്ചമര്‍ത്തിയുമല്ല സമാധാനവും സുരക്ഷിതത്വവും അവിടെ കൈവരുന്നത്.

പ്രവാചകന്‍ (സ) അറിയിച്ച ആ സന്തോഷവാര്‍ത്തയുടെ ആഴം മനസ്സിലാകണമെങ്കില്‍, അറേബ്യയിലെ പരിചിതമല്ലാത്ത വിദൂരഗ്രാമത്തിലൂടെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഏകനായ ഒരു സഞ്ചാരിയെ നാം ഭാവനയില്‍ കാണണം. ആടുകളെ തെളിച്ചു കൊണ്ടു പോകുന്ന ഒരു ആട്ടിടയന് ചെന്നായയെ കാണുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ എന്തായിരിക്കുമെന്നും ചിന്തിക്കണം. സമാധാനത്തിന്റയും സുരക്ഷിതത്വത്തിന്റെയും ആ നാട്ടില്‍ പ്രസ്തുത യാത്രക്കാരന് ഭയക്കേണ്ടി വരുന്നത് അത്തരം ചെന്നായകളെ മാത്രമാണ്.

മറ്റൊരു ഉദാഹരണം കാണുക, ഖന്‍ദഖ് യുദ്ധവേളയില്‍ മുസ്‌ലിം സമൂഹവുമായി സന്ധിയിലുണ്ടായിരുന്ന പല ഗോത്രങ്ങളും മദീനക്ക് ഉപരോധമേര്‍പ്പെടുത്തി. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് മദീനയെ രക്ഷപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്ക് കിടങ്ങ് കുഴിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. കിടങ്ങുകുഴിക്കുന്നതിനിടയില്‍ ഒരു വലിയ പാറ അവര്‍ക്ക് പ്രതിബന്ധമായി വന്നു. അവരുടെ ആയുധങ്ങള്‍ ആ പാറയെ പിളര്‍ത്താന്‍ മതിയാകുമായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും പാറ പിളര്‍ത്താന്‍ കഴിയാതിരുന്ന സ്വഹാബിമാര്‍ പിന്തിരിഞ്ഞപ്പോള്‍ തിരുമേനി വന്ന് പാറയിന്‍മേല്‍ തന്റെ മണ്‍വെട്ടികൊണ്ട് ആഞ്ഞു വെട്ടി. പാറയുടെ മൂന്നില്‍ ഒരൂ ഭാഗം പൊട്ടിപ്പിളര്‍ന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു. അല്ലാഹുവിനാണ് സര്‍വ സ്തുതിയും! ശാമിന്റെ താക്കോലുകള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് അവിടുന്ന് രണ്ടാമതും ആഞ്ഞു വെട്ടി. പാറയുടെ ഒരു ഭാഗം കൂടി പൊട്ടിത്തകര്‍ന്നു. തിരുമേനി പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍! പേര്‍ഷ്യയുടെ താക്കോലുകള്‍ എനിക്കുനല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ! ഞാന്‍ കിസ്രയുടെ സിംഹാസനം കാണുന്നു. മൂന്നാമത്തെ ശ്രമത്തില്‍ പാറയുടെ മൂന്നാമത്തെ ഭാഗവും തകര്‍ന്നു തരിപ്പണമായി. തിരുമേനി പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍! യെമനിന്റെ താക്കോലുകള്‍ എന്റെ കൈവശം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ! സന്‍ആയുടെ കവാടം ഞാന്‍ കാണുന്നു. (മുസ്‌നദ് അഹ്മദ്)

മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ വഹ്‌യുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രവാചകനാണ്. അതിനാല്‍ അല്ലാഹു അദ്ദേഹത്തെ സ്വഹാബാക്കള്‍ക്ക് കാണാന്‍ കഴിയാത്ത പലതും കാണിച്ചുകൊടുത്തു. എന്നാല്‍ സ്വനേത്രങ്ങളുടെ പരിമിതികള്‍ക്കപ്പുറം കടക്കാന്‍  പ്രവാചകാനുചരന്‍മാര്‍ക്ക് തങ്ങളുടെ വിശ്വാസം കൊണ്ടു സാധിച്ചിരുന്നു. പ്രവാചകന്‍ അവരോടു പ്രവചിച്ച സംഭവങ്ങള്‍ അവര്‍ തങ്ങളുടെ  ഭാവനയില്‍ കാണുകയായിരുന്നു. തങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ അങ്ങേയറ്റം ദുര്‍ബലമായിരുന്നിട്ടും, പ്രത്യാശയുടെ കിനാക്കള്‍ കാണുന്നതില്‍ അവര്‍ ആരെക്കാളും മുന്നിലായിരുന്നു.

 ഉപരോധസമയത്ത്, മദീനയിലെ കപടവിശ്വാസികള്‍ തങ്ങളുടെ കരാറുകള്‍ ലംഘിക്കാന്‍ ഉദ്ധ്യുക്തരായി. ‘അല്ലാഹുവും അവന്റെ ദൂതനും നിങ്ങളോട് വാഗ്ദത്തം ചെയ്തത് കേവലം വഞ്ചനമാത്രമായിരുന്നുവെന്ന് കപടവിശ്വാസികളും ദീനം പിടിച്ച മനസ്സുള്ളവരൊക്കെയും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭവും ഓര്‍ക്കുക.’  (സൂറ അല്‍ അഹ്‌സാബ് 12)

എന്നാല്‍ വിശ്വാസികള്‍ അതിനെ ഹൃദയത്തില്‍ സ്വീകരിച്ചു. ‘എന്നാല്‍, സത്യവിശ്വാസികള്‍  സേനയെ കണ്ടപ്പോള്‍ വിളിച്ചു പറഞ്ഞു. ഇത് അല്ലാഹുവും റസൂലും നമ്മോട് വാഗ്ദത്തം ചെയ്തതുതന്നെയാകുന്നു. അല്ലാഹു റസൂലും പറഞ്ഞത് തികഞ്ഞ സത്യം തന്നെ. അതവരുടെ വിശ്വാസത്തെയും സമര്‍പ്പണത്തെയും കൂടുതല്‍ വളര്‍ത്തുകയേ ചെയ്തുള്ളൂ’ (അല്‍ അഹ്‌സാബ് 22).

പ്രതീക്ഷകള്‍കെടാതെ ജ്വലിപ്പിച്ചു നിര്‍ത്താനുള്ള കഴിവുനേടണമെങ്കില്‍ ഭാവനാ സാന്ദ്രമായ ഒരു മനസ്സുണ്ടാകണം.  ഒരു മോചനത്തിന്റെ നല്ലനാളെ സ്വപ്‌നം കാണുന്നതുകൊണ്ടാണ് തടവു പുള്ളികള്‍ തടവറയ്ക്കകത്തും ശാന്തരായി ജീവിക്കുന്നത്. മോചനത്തിന്റെ പ്രതീക്ഷയാണ് അവരുടെ ദുരിതത്തിന്റെയും പാരതന്ത്ര്യത്തിന്റെയും ജീവിതസാഹചര്യത്തിലും അവര്‍ക്ക് പ്രകാശം നല്‍കുന്നത്. അല്ലാഹുവില്‍ വിശ്വസിക്കുകയും തങ്ങളുടെ എല്ലാ പ്രതീക്ഷകളെല്ലാം അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ തങ്ങളുടെ നിലവിലെ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കുമപ്പുറത്ത് പ്രത്യാശയുടെ നല്ല നാളുകളെ സ്വപനം കാണാന്‍ കഴിയൂ.

എന്നാല്‍ നമ്മുടെ സ്‌കൂള്‍- വിദ്യാഭ്യാസ സംവിധാനങ്ങള്‍ വളര്‍ന്നു വരുന്ന തലമുറകളെ നാളെയെ കുറിച്ച് സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്നവയല്ല. കുഞ്ഞുങ്ങളുടെ ഭാവനക്കും പ്രത്യാശകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഇത്തരം സ്ഥാപനങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളോ മാതാപിതാക്കളോ നാളെയെക്കുറിച്ച് ഭാവനയില്ലാത്തവരാണ്.

ഐന്‍സ്‌റ്റൈന്‍ പറഞ്ഞു. ‘വിജ്ഞാനത്തേക്കാള്‍ പ്രധാനമാണ് ഭാവന. നാം നേടുന്ന വിജ്ഞാനം യഥാര്‍ത്ഥത്തില്‍ പരിമിതമാണ്. എന്നാല്‍ ലോകത്തെ കുറിച്ചുള്ള ഭാവനാശേഷിയാണ് നമ്മുടെ വിജ്ഞാനത്തെ വികസിപ്പിക്കുന്നത്. എവിടെ ഭാവനയുണ്ടോ അവിടെ അറിയാനും മനസ്സിലാക്കാനുമുള്ള ത്വരയുമുണ്ട്.’

ഐന്‍സ്‌റ്റൈന്റെ വാക്കുകള്‍ പല നിലക്കും ശരിയാണ്. നമ്മുടെ നിലവിലെ അറിവ് അതെത്ര വലുതായാലും ശരി, നമ്മുടെ ഭാവന ലഭ്യമായ അറിവുമായി ബന്ധപ്പെടുകയും ഏകോപിക്കുകയും ചെയ്യുന്നില്ലെങ്കില്‍ മുന്നോട്ടുള്ള വഴി നമുക്കുകണ്ടെത്താന്‍ കഴിയില്ല. നമ്മുടെ ജീവിതത്തിലെ പഴയ അനുഭവങ്ങളെ പുതിയ ഉള്‍ക്കാഴ്ചയിലൂടെ നവീനപരിഹാരങ്ങളുടെ സഹായത്താല്‍ പ്രയോഗവത്കരിക്കുന്നത് നമ്മുടെ ഭാവനകളാണ്. യഥാര്‍ത്ഥത്തില്‍, നമ്മുടെ മനസ്സിലെ അറിവിനെ പ്രായോഗിക യാഥാര്‍ഥ്യത്തിലേക്കു പരിവര്‍ത്തിപ്പിക്കുന്ന  ഉപകരണമാണ്  ഭാവന്.

ബ്രിട്ടീഷ് എഴുത്തുകാരനായ ഹെര്‍ബര്‍ട്ട് ജോര്‍ജ് വെല്‍സ് തന്റെ ഭാവനയിലൂടെ ഇന്നത്തെ യൂറോപ്യന്‍ യൂണിയന്റെ വികാസത്തെക്കുറിച്ച് വളരെ കൃത്യമായി പ്രവചിച്ചിരുന്നു. യൂറോപിന്റെ ഏറ്റവും ഇരുണ്ട ഒരു കാലഘട്ടമായ 1930 കളിലാണ് അദ്ദേഹം അതിനെകുറിച്ച് എഴുതിയത്. ടാറു പൂശിയ റോഡുകളെ കുറിച്ചും യന്ത്രവല്‍കൃതമായ വീഥികളെകുറിച്ചും, ടാങ്കിനെകുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചു വിശിഷ്യാ ഇ-മെയിലിനെക്കുറിച്ചെല്ലാം അദ്ദേഹം അന്ന് പ്രവചിച്ചിരുന്നു. ഇന്നവ നമ്മുടെ മുമ്പിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്.

ഇന്നു നമുക്ക് ലഭ്യമായ അനുഗൃഹീതമായ പല കണ്ടു പിടുത്തങ്ങളും സാങ്കേതികവിദ്യകളും മുമ്പ് ഭാവനാലോലരായ പല എഴുത്തുകാരുടെയും സാങ്കല്‍പിക സൃഷ്ടികള്‍ മാത്രമായിരുന്നു. അത്തരം കണ്ടു പിടുത്തങ്ങളും യന്ത്രങ്ങളുമെല്ലാം കഥകളിലും നോവലുകളിലുമാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വായനക്കാരെ ഭാവനാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അതിലൂടെ അവര്‍ക്ക് കഴിഞ്ഞു. ഇന്ന് നമ്മുടെ ജീവിതത്തിലെ പല നിത്യോപയോഗ നൂതന സൗകര്യങ്ങളും സംവിധാനങ്ങളും പലരുടെയും മനോമുകുരത്തില്‍ വിരിഞ്ഞ ഭാവനാ സങ്കല്‍പങ്ങളായിരുന്നുവെന്ന് നാം ഓര്‍ക്കണം. കമ്പ്യൂട്ടറും കാറുകളും ഇന്റര്‍നെറ്റും ടെലിവിഷനുമെല്ലാം ആദ്യമായി രൂപപ്പെട്ടത് വെറും മനസ്സിലെ സങ്കല്‍പങ്ങളും ഭാവനകളുമായിട്ടാണ്.

പക്ഷികളെയും,  പറക്കുമ്പോള്‍ അവയുടെ ചിറകുകള്‍ പറക്കാനുപയോഗിക്കുന്ന കാറ്റിന്റെ ശക്തിയെയും നിരീക്ഷിച്ചുകൊണ്ടാണ് ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ശാസ്ത്രകുതുകിയായ അബ്ബാസ് ബിന്‍ ഫിര്‍നാസ് തന്റെ കൈകളില്‍ തൂവല്‍ ചിറകുകള്‍ക്കു സമാനമായ ഗ്ലൈഡറുകള്‍ പിടിപ്പിച്ച് പറന്നത്. ചരിത്രത്തില്‍ ഒരു മനുഷ്യന്റെ പറക്കല്‍ ആദ്യമായി രേഖപ്പെടുത്തപ്പെടുകയായിരുന്നു അതിലൂടെ. ഒരു കുന്നിന്റെ മുകളില്‍ നിന്ന് പറന്ന അദ്ദേഹം കുറച്ചുദൂരം പറന്ന് മടങ്ങിവന്ന് ലാന്റു ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് 1010 ല്‍ എലിമര്‍ മാല്‍മെസ്‌ബെറി 200 മീറ്റര്‍ ദൂരം പറന്നത്. ആദ്യപറക്കല്‍പരീക്ഷണവേളയില്‍ ലാന്റിങ് സമയത്ത് രണ്ടു പേര്‍ക്കും ചില പരിക്കുകള്‍ പറ്റുകയുണ്ടായി. എങ്കില്‍പോലും ഈ രണ്ടു പേരുടെയും പറക്കലുകളാണ് പിന്നീട് റൈറ്റ് സഹോദരന്‍മാരെ വിമാനം കണ്ടു പിടിക്കുന്നതിലേക്ക് നയിച്ചത്.

അതുകൊണ്ടാണ് തോമസ് ആല്‍വാ എഡിസണ്‍ ഒരിക്കല്‍ പറഞ്ഞത്, ‘നിങ്ങള്‍ക്ക് എന്തെങ്കിലും പുതുതായി കണ്ടു പിടിക്കണമെങ്കില്‍ ഒരു കുന്നോളം ഭാവന വേണം’. എഡിസണ്‍ ഇലക്ട്രിക് വിളക്ക് കണ്ടു പിടിക്കുക മാത്രമല്ല ചെയ്തത്, അത്  ക്രിയാത്മകതയിലേക്കും വിജയത്തിലേക്കും നയിക്കുന്നതെങ്ങനെയെന്നു കൂടി അദ്ദേഹം കാണിച്ചുതന്നു. കലാകാരന്‍മാരുടെയും ശാസ്ത്രജ്ഞന്‍മാരുടെയും അക്ഷയഖനിയാണ് ഭാവന. ലോകത്തിനു എന്നെന്നും പ്രകാശമേകുന്ന കണ്ടു പിടുത്തങ്ങള്‍ അവര്‍ പ്രദാനം ചെയ്യുന്നത് തങ്ങളുടെ ഭാവനയെന്ന അസംസ്‌കൃത പദാര്‍ത്ഥത്തില്‍നിന്നാണ്.

അതിനാല്‍ ശാസ്ത്രവും കലയും വിരുദ്ധ ദിശകളിലുള്ള രണ്ട് ദ്വന്ദ്വങ്ങളല്ല. യൂറോപിലെ നവോത്ഥാന നായകന്‍മാരിലൊരാളായിരുന്ന ജര്‍മന്‍ വാനനിരീക്ഷകന്‍ ജോഹന്നാസ് കെപ്ലര്‍ (1571-1630) അദ്ദഹത്തിന്റെ ജീവിത കാലത്ത് ഒരു സാങ്കല്‍പിക കഥയെഴുതുകയുണ്ടായി. ചന്ദ്രനിലേക്ക് ഒരു യാത്ര പോകുന്നതായിരുന്നു ആ സാങ്കല്‍പിക നോവല്‍. മറ്റൊരു ഗ്രഹത്തില്‍ വാനനിരീക്ഷണം നടത്താന്‍ അനുകൂലമായ ഒരു സാഹചര്യമുണ്ടെന്ന് വിവരിക്കുകയായിരുന്നു അദ്ദേഹം ആ നോവലിലൂടെ. ചന്ദ്രനില്‍ നിന്ന് ഭൂമിയെ നോക്കുമ്പോള്‍ ഭൂമി എങ്ങനെയിരിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം തന്റെ ആ നോവലില്‍ വിശദീകരിച്ചു. കേവല ഭാവനകള്‍ കൊണ്ടുമാത്രം രചിച്ച ഒരു നോവലായിരുന്നു അതെങ്കിലും ചാന്ദ്രനിരീക്ഷണത്തെ കുറിച്ചുള്ള ഗൗരവമുള്ള ശാസ്ത്രീയ പഠനമായിട്ടാണ് അദ്ദേഹത്തിന്റെ കൃതി പിന്നീട് അറിയപ്പെട്ടത്. ഗുരുത്വാകര്‍ഷണ ബലത്തെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നതും ആ നോവലിലൂടെയായിരുന്നു.  പ്രവാചകന്റെ പ്രവചനങ്ങളും ശുഭവാര്‍ത്തകളും ഇപ്രകാരം നല്ല നാളെയുടെ സ്വപ്‌നങ്ങളായിരുന്നു. ഏറ്റവും പ്രതികൂല സാഹചര്യത്തിലും ഉന്നതിയുടെ ഉത്തുംഗതകള്‍ സ്വപ്‌നം കാണുന്ന ഭാവനാശീലമാണ് ഇന്നത്തെ മുസ്‌ലിം ലോകത്തിന്നാവശ്യം.Share

Topics