വിശ്വാസം-ലേഖനങ്ങള്‍

ഹൃദയ നൈര്‍മല്യം കാത്തുസൂക്ഷിക്കുക

നിര്‍മല ഹൃദയമുള്ളവരെ ജനങ്ങള്‍ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുന്നു. ഹൃദയ നൈര്‍മല്യത്തെക്കുറിച്ച് എഴുത്തുകാര്‍ ഏടുകള്‍ എഴുതി അതിന്റെ മഹത്വം വിശദീകരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ഉന്നതസ്ഥാനീയര്‍ ഹൃദയനൈര്‍മല്യമുള്ളവരാണെന്ന് പറയപ്പെട്ടിരിക്കുന്നു. 

ഇസ്‌ലാം നിര്‍മലമായ ഹൃദയത്തെ പ്രശംസിക്കുകയും കഠിനമായ ഹൃദയത്തെ ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് ഇപ്രകാരമാണ് :’പിന്നീട് അതിന് ശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കഠിനമായി. അവ കല്ലുകളെപ്പോലെയോ അതിനേക്കാള്‍ കഠിനമോ ആണ്’. (അല്‍ബഖറ 64).

എല്ലാ നിര്‍മലമായ ഹൃദയങ്ങളും പ്രശംസനീയമാണ്. അല്ലാഹുവിനോട് ഏറ്റവും അടുത്ത ഹൃദയങ്ങളാണ് അവ. ഉല്‍ബോധനം ഏറ്റവും വേഗത്തില്‍ സ്വീകരിക്കുന്നവയാണ് അവ. ദൈവത്തെ സ്മരിച്ച് കരയുകയും ദരിദ്രരുടെയും ദുര്‍ബലരുടെയും അവകാശത്തെക്കുറിച്ച് ബോധവാനാകുകയും ചെയ്യുന്നവയാണ് അവ. ജനങ്ങളോടുള്ള ഇടപാടുകളില്‍ അവ ദയ കാണിക്കുകയും ഉന്നതമൂല്യങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുന്നു. തിരുമേനിയെ പ്രശംസിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് :’അല്ലാഹുവിങ്കല്‍ നിന്നുള്ള കരുണയാല്‍ താങ്കള്‍ അവരോട് നിര്‍മലമായി വര്‍ത്തിച്ചു. താങ്കള്‍ പരുഷ സ്വഭാവിയും ഹൃദയകാഠിന്യമുള്ളവനുമായിരുന്നുവെങ്കില്‍ അവര്‍ താങ്കളില്‍നിന്ന് പിരിഞ്ഞുപോവുമായിരുന്നു’. (ആലുഇംറാന്‍ 159)

അല്ലാഹുവിന്റെ സാമീപ്യം നേടുന്ന ആശയങ്ങളിലേക്ക് അല്ലാഹു വിശ്വാസികളുടെ ശ്രദ്ധ ക്ഷണിച്ചു. നിര്‍മലമായ ഹൃദയങ്ങളിലാണ് ഭയഭക്തിയും ദൈവഭയവുമുള്ളതെന്ന് വിശുദ്ധ വചനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വിശ്വാസത്തിന്റെ വക്താക്കള്‍ക്കും, മുസ്‌ലിംകള്‍ക്കും ഹൃദയകാഠിന്യം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. വിശ്വാസികളുടെ ഹൃദയം ലോലമാവേണ്ടതുണ്ടെന്നും അത്തരം ഹൃദയങ്ങളിലാണ് ഉല്‍ബോധനം സ്വാധീനം ചെലുത്തുകയുള്ളുവെന്നും ഖുര്‍ആന്‍ പറയുന്നു. 

കുറ്റവാളികളുടെയും അക്രമികളുടെയും യോഗ്യതയാണ് ഹൃദയകാഠിന്യം എന്നത്. ലോലഹൃദയം അക്രമത്തിനും, ഉപദ്രവത്തിനും കുറ്റകൃത്യത്തിനും പര്യാപ്തമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

കഠിനഹൃദയരായ പലരെയും നമുക്ക് ചുറ്റും കാണാവുന്നതാണ്. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ, പ്രത്യേക പാര്‍ട്ടികള്‍ക്ക് വേണ്ടിയോ ജീവിക്കുന്നവരാണ് അവര്‍. വിധവകളുടെ ആര്‍ത്തനാദവും, മുറിവേറ്റവരുടെ അട്ടഹാസവും, മര്‍ദിതരുടെ കരയലും നാനാഭാഗത്ത് നിന്നും ഉയരുമ്പോള്‍ ശാന്തമായി സംതൃപ്തിയോടെ കിടന്നുറങ്ങുന്നവരാണ് അവര്‍. തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന അക്രമങ്ങളോട് അവരുടെ മനസ്സാക്ഷി രാജിയായിരിക്കുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് പോറലേല്‍ക്കുകയോ, തങ്ങള്‍ക്ക് ഉപദ്രവം ഏല്‍ക്കേണ്ടിവരുകയോ ചെയ്യാത്ത കാലത്തോളം അവര്‍ക്ക് അവ പ്രശ്‌നമേയല്ല. തങ്ങളുടെ ഭൗതിക താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ജീവിതത്തെ അളക്കുന്നവരാണ് അവര്‍. പ്രസ്തുത നേട്ടങ്ങളില്‍ നിന്ന് തങ്ങളെ തടയുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും അവര്‍ പുറംതിരിഞ്ഞ് നില്‍ക്കും. 

തീര്‍ത്തും ഗുരുതരമായ പ്രശ്‌നമാണ് ഇത്. നമ്മുടെ സമൂഹങ്ങള്‍ അതിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഉള്‍വലിഞ്ഞ് കൊണ്ടിരിക്കുന്നു. ഈ നിസ്സംഗതയും സ്വാര്‍ത്ഥതയും അടയാളപ്പെടുത്തുന്നത് പ്രസ്തുത യാഥാര്‍ത്ഥ്യത്തെയാണ്. അത്യന്തം ദുഷിച്ച ഈ സമീപനത്തിന് ഊര്‍ജ്ജം നല്‍കിയതും മുറിവേറ്റവരുടെ രോദനങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്ന് അവരെ അശ്രദ്ധരാക്കിയതും സമൂഹത്തിന്റെ പതനത്തെയാണ്  സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ലോലഹൃദയമുള്ളവര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാനോ, വിജയം കൈവരിക്കാനോ സാധിക്കാതെ വരുന്നു. 

നാം മൂല്യങ്ങളെ അവയുടെ സ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കേണ്ടിയിരിക്കുന്നു. സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും നാം കാണേണ്ടതുണ്ട്. നന്മയുടെയും സംസ്‌കരണത്തിന്റെയും ധര്‍മത്തിന്റെയും സ്ഥാനം നാം ഉയര്‍ത്തേണ്ടതുണ്ട്. തിന്മയെയും കുറ്റകൃത്യത്തെയും നിന്ദിക്കാന്‍ നാം ഒന്നിച്ചിറങ്ങേണ്ടതുണ്ട്. അല്ലാത്ത പക്ഷം തീര്‍ത്തും ഭീകരമായ അപകടാവസ്ഥയാണ് നാം അഭിമുഖീകരിക്കാനിരിക്കുന്നത്!

Topics