വിശ്വാസം-ലേഖനങ്ങള്‍

സത്യത്തെ സാക്ഷ്യപ്പെടുത്തലും വിനയമാണ്

ഈ ചോദ്യത്തിന് താങ്കള്‍ ഇപ്പോള്‍ ഉത്തരം പറയേണ്ടതില്ല. അതിന് ധൃതിവെക്കേണ്ടതില്ല. താങ്കളുടെ മനസ്സില്‍ ഉള്ളതെന്താണ് എന്ന് താങ്കള്‍ക്കറിയില്ല എന്ന് തല്‍ക്കാലം വിചാരിക്കുക. ആദ്യം വിനയം എന്നതിന്റെ അര്‍ത്ഥം നമുക്ക് പരിശോധിക്കാം. വിനയത്തെക്കുറിക്കുന്ന ഒട്ടേറെ ആശയങ്ങളുണ്ട്. നമ്മിലധികപേര്‍ക്കും അതറിയാവുന്നതാണ്. ആര് പറഞ്ഞു എന്ന് പരിഗണിക്കാതെ സത്യം സ്വീകരിക്കുക എന്നത് വിനയത്തിന്റെ ഒരു മുഖമാണ്. തങ്ങള്‍ പറയുന്ന സത്യം മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല എന്നത് പലരെയും അലട്ടുന്ന അസ്വസ്ഥതയാണ്. അല്‍പം മുതിര്‍ന്നവര്‍, അല്ലെങ്കില്‍ പ്രായം ചെന്നവര്‍ പറയുന്നതേ സത്യമാവൂ. പ്രായം കുറഞ്ഞവരോ, സ്ഥാനമാനങ്ങളില്ലാത്തവരോ പറയുന്നത് സത്യമല്ല, അഥവാ സത്യമാണെങ്കിലും തള്ളപ്പെടേണ്ടതാണ് എന്നതാണ് പൊതുവായ കാഴ്ചപ്പാട്.

ദരിദ്രനെന്നോ സമ്പനെന്നോ, ശക്തനെന്നോ ദുര്‍ബലനെന്നോ, മാന്യനെന്നോ മോശക്കാരനെന്നോ ഭേദമില്ലാതെ സത്യം ആരുപറഞ്ഞാലും അംഗീകരിക്കുകയെന്നത് ഈ സാഹചര്യത്തില്‍ മഹത്തായ ഗുണം തന്നെയാണ്. വിനയത്തിന്റെ മറ്റൊരു മുഖമുണ്ട്. നമുക്കെല്ലാവര്‍ക്കും അറിയുന്നതാണ് അത്. ജനങ്ങളോട് കരുണയോടും, നൈര്‍മല്യത്തോടും കൂടി പെരുമാറുക എന്നതാണ് അത്. ജോലിക്കാരോടും അല്ലാത്തവരോടും, ധനികനോടും ദരിദ്രനോടും എന്നുവേണ്ട എല്ലാവരോടും അനുവര്‍ത്തിക്കേണ്ട സ്വഭാവമാണിത്. അങ്ങേയറ്റത്തെ കരുണയോടും, വാല്‍സല്യത്തോടും, നിര്‍മലതയോടും കൂടിയാണ് എല്ലാ മനുഷ്യരോടും ഇടപെടേണ്ടത്. 

വിനയത്തിന് മേല്‍ പറഞ്ഞ രണ്ട് നിര്‍വചനങ്ങളും എവിടെ നിന്നാണ് ലഭിച്ചത്? ഒരു വസ്തു വ്യതിരിക്തമാകുന്നത് അതിന്റെ വിപരീതം കൊണ്ടാണ് എന്നത് മനോഹരമായ അറബി പഴഞ്ചൊല്ലുകളില്‍ ഒന്നാണ്. നമുക്ക് വിനയത്തിന്റെ വിപരീതങ്ങള്‍ അറിയാം. അഹങ്കാരം, ധാര്‍ഷ്ട്യം എന്നൊക്കെ നാമതിനെ വിളിക്കുന്നു. ‘സത്യം മറച്ചുവെക്കലും, ജനങ്ങള്‍ക്ക് മേല്‍ ധാര്‍ഷ്ട്യം കാണിക്കലുമാണ് അഹങ്കാരമെ’ന്ന് തിരുമേനി(സ) വ്യക്തമാക്കിയിരിക്കുന്നു. എന്താണ് ഈ പ്രയോഗത്തിന്റെ അര്‍ത്ഥം?

സത്യം സ്വീകരിക്കാതിരിക്കുക എന്നതാണ് സത്യം മറച്ചുവെക്കുക എന്നതിന്റെ അര്‍ഥം. അപ്പോള്‍ അതിന്റെ നേര്‍വിപരീതമായ സത്യം സ്വീകരിക്കുകയെന്നത് വിനയമാണ് എന്ന് ചുരുക്കം. ജനങ്ങള്‍ക്ക് മുന്നില്‍ അധികാരത്തോടെ നില്‍ക്കുകയും, അവരെ തന്റെ വരുതിക്ക് നിര്‍ത്തുകയും ചെയ്യുക എന്നതാണ് അഹഅകാരത്തിന്റെ രണ്ടാമത്തെ മുഖമായി  തിരുമേനി(സ) പഠിപ്പിച്ചത്. 

താങ്കള്‍ വിനയാന്വിതനാണോ?

നമുക്ക് വിനയത്തിന്റെ മഹത്വം കൂടി പരിശോധിക്കാം. ‘അല്ലാഹുവിന് വേണ്ടി വിനയം കാണിച്ചവനെ അല്ലാഹു ഉയര്‍ത്തുക തന്നെ ചെയ്യുമെ’ന്ന് തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. ഇഹലോകത്ത്, സ്ഥാനമാനങ്ങളുള്ളതോടൊപ്പം വിനയം കാണിക്കുന്നവരെ നമുക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതിന് വിപരീതം പ്രവര്‍ത്തിക്കുന്ന, ജനങ്ങള്‍ക്ക് മേല്‍ അഹങ്കരിക്കുന്നവരെ നാം വെറുക്കുകയാണ് ചെയ്യുക. 

തിരുമേനി(സ) പറയുന്നു:’ആരും ആര്‍ക്ക് മേലും ദുരഭിമാനം കൊള്ളാത്ത, ആരും ആരെയും ആക്രമിക്കാത്ത വിധത്തില്‍ പരസ്പരം വിനയാന്വിതരായിരിക്കണമെന്ന് അല്ലാഹു ബോധനം നല്‍കിയിരിക്കുന്നു’. ഹൃദയത്തില്‍ അണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് കൂടി തിരുദൂതര്‍(സ) പഠിപ്പിക്കുകയുണ്ടായി. 

നമുക്ക് നമ്മുടെ ഹൃദയം തുറന്നുപരിശോധിക്കാം. അതിനുള്ളില്‍ അഹങ്കാരത്തിന്റെ വല്ല കണികയും ഒളിച്ചിരിപ്പുണ്ടോ? നാം അഹങ്കാരത്തെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പ്രവാചകാനുചരന്മാര്‍ അദ്ദേഹത്തിന്റെ ചര്യകള്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. തിരുമേനി(സ) ആരോടെങ്കിലും സലാം ചൊല്ലിയാല്‍ ആദ്യം കൈവലിക്കാറുണ്ടായിരുന്നില്ല. അദ്ദേഹത്തിന് വലിയ തിരക്കുകള്‍ ഉണ്ടെങ്കില്‍ പോലും ഇപ്രകാരം തന്നെയായിരുന്നു ചെയ്തിരുന്നത്. ശരീരം മുഴുവന്‍ അഭിവാദ്യം ചെയ്യുന്ന വ്യക്തിയിലേക്ക് തിരിച്ച് അദ്ദേഹത്തിന് പൂര്‍ണ പരിഗണന നല്‍കിയിരുന്നു അല്ലാഹുവിന്റെ ദൂതര്‍(സ). അദ്ദേഹം കടന്നുവന്നാല്‍ സദസ്സിന്റെ ഏറ്റവും ഒടുവിലായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. അദ്ദേഹം എപ്പോഴും പുഞ്ചിരിച്ചുകൊണ്ടായിരുന്നു മറ്റുള്ളവരെ കണ്ടുമുട്ടിയിരുന്നത്. 

തന്നെ കാണാനായി വന്ന്, പേടിച്ചുവിറച്ചുനിന്ന ആളോട് തിരുമേനി(സ)  പറഞ്ഞു:’താങ്കള്‍ ശാന്തമാകൂ, ഞാന്‍ രാജാവല്ല. മക്കയില്‍ ഉണക്ക ഇറച്ചി കഴിച്ച് ജീവിച്ച ഒരു സ്ത്രീയുടെ മകനാണ് ഞാന്‍’. നമ്മുടെ മുമ്പില്‍ ആശങ്കയോടെ വന്നുനിന്നവരെ ആശ്വസിപ്പിക്കാനോ, സമാധാനിപ്പിക്കാനോ നമുക്ക് ഒരിക്കലെങ്കിലും സാധിച്ചിട്ടുണ്ടോ? എന്നല്ല തങ്ങളുടെ കാരുണ്യം തേടി മറ്റുള്ളവര്‍ മുന്നില്‍ വന്നുനില്‍ക്കണമെന്നാണ് നമ്മില്‍ പലരും ആഗ്രഹിക്കുന്നത് തന്നെ. 

ഇനി നമുക്ക് ഒരിക്കല്‍ കൂടി ചോദിക്കാം. താങ്കള്‍ വിനയാന്വിതനാണോ?

Topics