വിശ്വാസം-ലേഖനങ്ങള്‍

ആരാണ് ത്വാഗൂത്ത് ?

എല്ലാ പ്രവാചകന്മാരും തൗഹീദിനെ ഊന്നിപ്പറയുമ്പോള്‍ വളരെ കൃത്യമായി ഊന്നിപ്പറഞ്ഞ കാര്യമാണ് ത്വാഗൂത്തിനെ വെടിയുകയെന്നത്. കലിമത്തുശ്ശഹാദത്തിലെ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘എന്നതില്‍ ത്വാഗൂത്തിനെ വെടിയുക എന്ന ആശയം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഖുര്‍ആന്റെ അധ്യാപനത്തോടൊപ്പം പൗരാണികരും ആധുനികരുമായ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ മുന്നില്‍വെച്ച് ചില വിശദാംശങ്ങള്‍ സമര്‍പ്പിക്കുകയാണിവിടെ.

ഇമാം ഇബ്‌നു ജരീര്‍ അത്ത്വബരി തന്റെ ജാമിഉല്‍ ബയാനില്‍ കുറിക്കുന്നു: ത്വാഗൂത്ത് എന്നാല്‍ ഉമര്‍(റ), മുജാഹിദ്, ശഅബി, ളഹ്ഹാക്, ഖത്താദഃ, സുദ്ദി തുടങ്ങി പണ്ഡിതരുടെ വീക്ഷണത്തില്‍ പിശാച് എന്നാണ് അര്‍ഥം. അബുല്‍ആലിയ, മുഹമ്മദ് തുടങ്ങിയവരുടെ വീക്ഷണത്തില്‍ ആഭിചാരകന്‍ എന്നാണ് അതിന്റെ വിവക്ഷ. എന്നാല്‍ അല്ലാഹുവിനെതിരെ അതിക്രമനയം കൈക്കൊള്ളുകയും അങ്ങനെ അവനെ വിട്ട് ഇബാദത്ത് ചെയ്യപ്പെടുന്ന സകലതിനെയും ത്വാഗൂത്ത് എന്ന് പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുക. ഇബാദത്ത് ചെയ്യപ്പെടുന്നത് ആ ത്വാഗൂത്തിന്റെ നിര്‍ബന്ധം കൊണ്ടോ, സ്വാഭീഷ്ടമനുസരിച്ചോ ആകട്ടെ ഇബാദത്ത് ചെയ്യപ്പെടുന്ന വസ്തു മനുഷ്യനോ , പിശാചോ, വിഗ്രഹമോ, ബിംബമോ മറ്റെന്തെങ്കിലുമോ ആകട്ടെ എല്ലാം ത്വാഗൂത്തുകള്‍ തന്നെ.

ഇബ്‌നു അബ്ബാസ് : ത്വാഗൂത്ത് എന്നാല്‍ വിഗ്രഹങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുകയും ജനങ്ങളെ ദുര്‍മാര്‍ഗത്തിലകപ്പെടുത്താന്‍ ഈ വിഗ്രഹങ്ങളെ സംബന്ധിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ത്വാഗൂത്തുകള്‍.

ഇബ്‌നു കഥീര്‍: കിതാബില്‍നിന്നും സുന്നത്തില്‍നിന്നും വ്യതിചലിച്ച് ഇതരമനുഷ്യനിര്‍മിതവ്യവസ്ഥകളില്‍നിന്ന് വിധി തേടിപ്പോകുന്ന എല്ലാവരെയും ഇത് കുറ്റപ്പെടുത്തുന്നു. അതാണ് ത്വാഗൂത്ത്.

സയ്യിദ് റശീദ് രിദാ: ഏതൊന്നില്‍ വിശ്വസിക്കലും അതിന് ഇബാദത്ത് ചെയ്യലും കടുത്ത വഴികേടിനും സത്യമാര്‍ഗത്തിലെ വ്യതിചലനത്തിനും കാരണമാകുമോ അതാണ് ത്വാഗൂത്ത്. ഇബാദത്ത് ചെയ്യപ്പെടുന്നത് ഏതെങ്കിലും സൃഷ്ടിയോ അനുകരിക്കപ്പെടുന്ന നേതാവോ , തനിക്ക് പ്രിയപ്പെട്ട ദേഹേഛയോ ആയിക്കൊള്ളട്ടെ..

ഖുര്‍ആന്‍ പറയുന്നു:
‘നിനക്ക് ഇറക്കിത്തന്നതിലും നിനക്ക് മുമ്പ് ഇറക്കിക്കിട്ടിയതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് തീര്‍പ്പുതേടിപ്പോകാനാണ് അവരുദ്ദേശിക്കുന്നത്. പിശാച് അവരെ നേര്‍വഴിയില്‍നിന്ന് തെറ്റിച്ച് സത്യത്തില്‍നിന്ന് ഏറെ ദൂരെയാക്കാനാണ് ആഗ്രഹിക്കുന്നത്.'(അന്നിസാഅ് 60).
‘അല്ലാഹു വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന്‍ അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ വ്യാജ ദൈവങ്ങളാണ് അവര്‍ അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്'(അല്‍ബഖറ 257)

മേല്‍സൂക്തങ്ങളിലെ പരാമര്‍ശങ്ങള്‍ മുന്നില്‍വെച്ചുകൊണ്ട് വിഗ്രഹങ്ങള്‍, ശൈത്വാന്‍ എന്നിങ്ങനെ ചില പണ്ഡിതന്‍മാര്‍ ത്വാഗൂത്തിന് നല്‍കിയ നിര്‍വചനങ്ങള്‍ കൂടുതല്‍ സൂക്ഷ്മമല്ല എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. മനുഷ്യനെ വഴിതെറ്റിക്കാന്‍ കഴിയുന്ന സ്വാധീനശക്തിയാണെന്ന് പറയുമ്പോള്‍ നിര്‍ജീവമായ വിഗ്രഹം അതില്‍ പെടില്ലെന്നാണ് ബോധ്യമാകുന്നത്. മാത്രമല്ല, ത്വാഗൂത്തുകള്‍ നരകത്തിലേക്കാണ് ചെന്നെത്തുകയെന്നും പ്രവാചകവചനങ്ങളില്‍ കാണാനാകുന്നുണ്ട്. പല വിഗ്രഹങ്ങളും പൂര്‍വകാലത്ത് ജീവിച്ചിരുന്ന നല്ലവരായ ആളുകളാണെന്നും അവരുടെ മരണാനന്തരം ആളുകള്‍ ആദരസൂചകമായി വിഗ്രഹവത്കരിച്ചതാണെന്നും ചരിത്രം പരിശോധിച്ചാല്‍ അറിയാവുന്ന കാര്യമാണ്. അതിനാല്‍ വിഗ്രഹങ്ങളെ ചുറ്റിപ്പറ്റി അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ദുര്‍മാര്‍ഗത്തിലകപ്പെടുത്താന്‍ മത്സരിക്കുന്ന മനുഷ്യരാണ് ത്വാഗൂത്തുകളെന്ന ഇബ്‌നു അബ്ബാസിന്റെ നിരീക്ഷണം ഇതോടുചേര്‍ത്തുവായിക്കേണ്ടതാണ്.
ശൈത്വാന്‍ ത്വാഗൂത്താണെന്ന നിരീക്ഷണത്തിലും പിശകുണ്ടെന്ന് പറയാം. കാരണം, എല്ലാ തിന്‍മകളുടെയും പ്രേരകംമാത്രമാണ് ശൈത്വാന്‍ . അത് ത്വാഗൂത്തിന് വിധേയപ്പെടണമെന്ന് മനുഷ്യരെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. പിശാച്(ശൈത്വാന്‍) അവരെ നേര്‍വഴിയില്‍നിന്ന് തെറ്റിച്ച് സത്യത്തില്‍നിന്ന് ഏറെ ദൂരെയാക്കാനാണ് ആഗ്രഹിക്കുന്നത് എന്ന അന്നിസാഅ് അധ്യായത്തിലെ 60-ാംസൂക്തം ആ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നുണ്ടല്ലോ. ജ്യോത്സ്യന്‍, മാരണക്കാരന്‍ എന്നിവരെ ത്വാഗൂത്തിന്റെ ഗണത്തില്‍പെടുത്തിയത് അവര്‍ മനുഷ്യരെ വഴിതെറ്റിക്കുന്നു എന്നതുകൊണ്ടാണെന്ന് ചിലര്‍ പറയുന്നു. ആ അര്‍ഥത്തില്‍ മനുഷ്യരെ വഴിപിഴപ്പിക്കുന്ന എല്ലാവരെയും ആ ഗണത്തില്‍പെടുത്തണം. അല്ലാതെ ആ രണ്ടുകൂട്ടരില്‍ മാത്രം പരിമിതപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ‘അവര്‍ ത്വാഗൂത്തിലേക്ക് വിധി തേടിപ്പോകാനാഗ്രഹിക്കുന്നു’ എന്ന് അല്ലാഹു പറയുമ്പോള്‍ അവന്റെ വിധികര്‍തൃത്വാധികാരത്തെ മാനിക്കാതെ നിയമമുണ്ടാക്കുന്നവര്‍ ത്വാഗൂത്താണെന്ന് വ്യക്തമാകുന്നുണ്ട്. ചുരുക്കത്തില്‍ ഇസ്‌ലാമികദര്‍ശനംകൊണ്ട് ഈ ലോകത്ത് നടപ്പിലാകേണ്ട നീതി, ധര്‍മം, സദാചാരം, സമാധാനം, നിര്‍ഭയത്വം തുടങ്ങിയ മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് നിലനില്‍ക്കുന്ന വ്യക്തികളും വ്യവസ്ഥകളും ഭരണകൂടങ്ങളും സംവിധാനങ്ങളുമാണ് ത്വാഗൂത്ത് എന്ന് മനസ്സിലാക്കാനാകും. അതേസമയം വിധികര്‍തൃത്വാധികാരം ആര്‍ക്ക് എന്ന വിഷയത്തില്‍ ഊന്നിനിന്നുകൊണ്ടുമാത്രമല്ല ത്വാഗൂത്ത് വിവക്ഷിക്കപ്പെടേണ്ടത്. മറിച്ച് ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ത്വാഗൂത്തിനെ നിര്‍ണയിക്കേണ്ടതും നിലപാടുകള്‍ സ്വീകരിക്കേണ്ടതും.
ഇബ്‌നുതൈമിയ്യയുടെ അഭിപ്രായത്തില്‍ അക്രമത്തിലധിഷ്ഠിതമായ ഭരണകൂടത്തില്‍ ജനാധിപത്യപ്രക്രിയയിലൂടെ ഒരാള്‍ക്ക് ഒരു പ്രദേശത്തിന്റെ അധികാരം നല്‍കപ്പെട്ടാല്‍ അവിടെ പരമാവധി നീതി നടപ്പാക്കാനും അക്രമത്തിനറുതിവരുത്താനും അതേറ്റെടുക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. യൂസുഫ് നബിയുടെ ജനക്ഷേമവകുപ്പ് കൈകാര്യവും, നജ്ജാശിരാജാവിന്റെ ഭരണക്രമവും(അവിടെ ശരീഅത്ത് ഉണ്ടായിരുന്നില്ലെങ്കിലും ശരീഅത്തിന്റെ ലക്ഷ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിഞ്ഞു) അദ്ദേഹം അതിന് തെളിവായുദ്ധരിക്കുന്നുണ്ട്.

ചുരുക്കത്തില്‍ ത്വാഗൂത്ത് എന്നത് ഇസ്‌ലാമികരാഷ്ട്രീയത്തിന്റെ പൊതുലക്ഷ്യങ്ങളായ നീതി, ധര്‍മം, സുരക്ഷിതത്വം , ക്ഷേമം തുടങ്ങിയ സാക്ഷാത്കരിക്കുന്നതിന് തടസ്സംനില്‍ക്കുന്ന സംവിധാനങ്ങളും അധികാരകേന്ദ്രങ്ങളുമാണ്. ക്രമാനുഗതികമായി ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധ്യതയുള്ള സംവിധാനങ്ങളെ പക്ഷേ പൂര്‍ണാര്‍ഥത്തില്‍ ത്വാഗൂത്ത് എന്ന് വിധിയെഴുതി അവയോടേറ്റുമുട്ടുന്നതിനുപകരം സംവാദാത്മകമായും സഹകരിച്ചും മുന്നോട്ടുപോകുകയാണ് വേണ്ടത്.

Topics