വിശ്വാസം-ലേഖനങ്ങള്‍

പ്രവാചകന്‍മാരുടെ ജീവിതവുമായി മുഅ്ജിസത്തുകള്‍ക്കുള്ള ബന്ധം

ഖുര്‍ആനിലും ഇതര വേദഗ്രന്ഥങ്ങളിലും വിവരിക്കപ്പെട്ട പ്രവാചകന്‍മാരുടെ ചരിത്രങ്ങളില്‍ അടയാളങ്ങളും തെളിവുകളു(മുഅ്ജിസത്ത്) മായി ബന്ധപ്പെട്ട ആത്മീയാനുഭവങ്ങളെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വിവരണങ്ങളുണ്ട്. ആകാശാരോഹണം(മിഅ്‌റാജ്), ദൈവവുമായുള്ള സംഭാഷണം(മുനാജാത്ത്), മലക്കുകളുമായുള്ള കൂടിക്കാഴ്ച, സത്യമായി പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍(റുഅ്‌യാ) പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്നത്, നൂഹ് നബിയുടെ പ്രളയം, ഇബ്‌റാഹീം നബിയുടെ അഗ്നിപ്രവേശം, മൂസാനബിയുടെ വടി, ഈസാനബിയുടെ ഊത്ത് തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. അവയ്‌ക്കൊപ്പം അവയുടെ പരിണിത ഫലങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ എല്ലാ കാലത്തും പ്രവാചകന്‍മാരുടെ ജീവിതചരിത്രവുമായി ബന്ധപ്പെട്ടുനിന്നിരുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. അതിനാല്‍ അവരുടെ ജീവിതത്തിന്റെ അവിഭാജ്യഭാഗമായിത്തീര്‍ന്നിരിക്കുന്നു അവ.

പ്രവാചകന്‍മാരുടെ ജീവിതം നാനാതരം സംഭവങ്ങളാല്‍ ബഹുലങ്ങളാണ്. എന്നാല്‍ ആ സംഭവങ്ങള്‍ക്കെല്ലാം ഒരേ ലക്ഷ്യമാണുള്ളത്. മനുഷ്യരെ ദുസ്സ്വഭാവങ്ങളുടെ മാലിന്യങ്ങളില്‍നിന്ന് ശുദ്ധീകരിച്ച് സല്‍സ്വഭാവങ്ങളുടെ സുഗന്ധം പൂശി അലങ്കരിക്കുക, അതുവഴി ദൈവികാനുഗ്രഹങ്ങള്‍ക്ക് മനുഷ്യനെ അര്‍ഹനാക്കുക എന്നതാണത്. പരിപാവനമായ ഈ കര്‍ത്തവ്യത്തിന്റെ നിര്‍വഹണത്തില്‍ പ്രവാചകന്‍മാര്‍ക്ക് ചിലപ്പോള്‍ ഭൗതികോപാധികളെയും ഉപയോഗപ്പെടുത്തേണ്ടിവരാറുണ്ട്. ഏങ്കിലും തങ്ങളുടെ ആത്മീയശക്തികൊണ്ട് അധികകൂറും അവരീ ലക്ഷ്യത്തില്‍ വിജയപ്രാപ്തി കൈവരിക്കുകയാണ് പതിവ്. ഭൗതികോപാധികളുടെ ഉപയോഗത്തില്‍തന്നെ അവരുടെ ശാരീരികഹസ്തങ്ങളെക്കാള്‍ ആത്മീയഹസ്തങ്ങളെയാണ് പ്രയോജനപ്പെടുത്താറുള്ളത്. അതുകൊണ്ടാണ് പ്രവാചകന്‍മാരുടെ ജീവചരിത്രത്തില്‍ തെളിവുകള്‍ക്കും അടയാളങ്ങള്‍ക്കും ഖുര്‍ആന്‍ വലിയ പ്രാധാന്യം നല്‍കുന്നത്.

Topics