വിശ്വാസം-ലേഖനങ്ങള്‍

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം

ദൈവവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തെ മുന്‍നിര്‍ത്തി പണ്ഡിതന്‍മാര്‍ വ്യത്യസ്ത രീതിയില്‍ അഭിപ്രായപ്രകടനം നടത്താറുണ്ട്. ദൈവിക കല്‍പനകല്‍ അനുസരിച്ചുകൊണ്ടുവേണം ഭൂമിയില്‍ ജീവിക്കാന്‍ എന്ന് മനുഷ്യനെ ഉപദേശിക്കുന്ന മനീഷികളുണ്ട്. ദൈവത്തിന്റെ വിലക്കുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തില്‍ അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്നും മനുഷ്യനെ പേടിപ്പിക്കുന്നവരുണ്ട്. ഇഹലോകത്ത് ദൈവത്തെ ഭയപ്പെട്ട് ജീവിച്ചാല്‍ പരലോകത്ത് വിജയമുണ്ടാകും എന്ന് പറഞ്ഞ് മനുഷ്യനെ ഉത്‌ബോധിപ്പിക്കുന്നവരുമുണ്ട്.

ദൈവവുമായുള്ള മനുഷ്യന്റെ പാരസ്പര്യത്തിന്റെ സ്വഭാവം ബോധ്യപ്പെടുത്താന്‍ അനുസരണം, സൂക്ഷ്മത, ഭയം എന്നിങ്ങനെയുള്ള വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ അബദ്ധങ്ങളോ വൈരുധ്യങ്ങളോ ഇല്ലെങ്കിലും ദൈവത്തിന്റ സത്തയെയും മനുഷ്യന്റെ സ്വത്വത്തെയും ചേര്‍ത്തു നിര്‍ത്തുന്നതില്‍ ഈ പ്രയോഗങ്ങള്‍ വേണ്ടത്ര പൊരുത്തപ്പെടുന്നില്ല. ദൈവം ആരാണ്? എന്താണ്? താനും ദൈവവുമായുള്ള ബന്ധം എങ്ങനെയായിരിക്കണം? തുടങ്ങി തിരിച്ചറിവില്‍ നിന്ന് വികസിച്ചുവരേണ്ട വിശ്വാസബന്ധിതമായ സദ്‌വികാരങ്ങളായിരിക്കണം അനുസരണവും സൂക്ഷ്മതയും ഭക്തിയും ഭയപ്പാടുമെല്ലാം. അപ്പോഴേ അത്തരം വികാരങ്ങള്‍ മൂല്യങ്ങളിലേക്ക് വികസിച്ച് ജീവിതത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയുള്ളൂ.

പ്രപഞ്ചത്തിലേക്കും പ്രകൃതിയിലേക്കും എന്തിന് സ്വന്തം ജീവിതത്തിലേക്കുതന്നെയും നോക്കിയാല്‍ ദൈവത്തിന്റെ അപാരമായ കാരുണ്യത്തിന്റെയും അനന്തമായ ദയയുടെയും അവര്‍ണനീയമായ സ്‌നേഹത്തിന്റെയും ദൃഷ്ടാന്തങ്ങള്‍ മനുഷ്യന് കണ്ടെത്താനാകും. ആ കണ്ടെത്തല്‍ ദൈവത്തെ പ്രണയിക്കാനാണ് മനുഷ്യനെ പ്രേരിപ്പിക്കുകയെന്ന് സൂഫികള്‍ പറയുന്നു. പ്രാപഞ്ചികദൃഷ്ടാന്തങ്ങള്‍ മനുഷ്യന്റെ ചിന്തയെ ഉണര്‍ത്തിയും ഉദ്ദീപിപ്പിച്ചും ദൈവികമോക്ഷം നേടാന്‍ അവനെ സജ്ജമാക്കുമെന്നും അവര്‍ അടിവരയിടുന്നു.

ദൈവത്തെ പ്രണയിക്കുകയും ദൈവത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോഴാണ് നിഷ്‌ക്രിയത്വവും ആലസ്യവും വെടിഞ്ഞ് കര്‍മനിരതനാകാന്‍ മനുഷ്യന് കഴിയുകയെന്നാണ് സൂഫികളുടെ മതം. ജീവിതത്തെ സല്‍ക്കര്‍മങ്ങള്‍ കൊണ്ട് സമ്പന്നമാക്കാന്‍ യത്‌നിക്കുമ്പോള്‍ മനുഷ്യന് പലതും സഹിക്കുകയും ത്യജിക്കുകയും ചെയ്യേണ്ടിവരും. ആ സഹനവും ത്യാഗവുമാണ് അവന്റെ ആത്മാവിനെ സ്ഫുടം ചെയ്ത് പാകപ്പെടുത്തുന്നത്.
ശിക്ഷിക്കുന്ന ദൈവത്തെയോര്‍ത്തുള്ള അന്ധവും യാന്ത്രികവുമായ ഭയപ്പാടും വിധേയത്വവുമല്ല മറിച്ച്, ദയാനിധിയും കരുണാവാരിധിയുമായ ദൈവത്തോട് തോന്നുന്ന നിര്‍വ്യാജമായ പ്രണയവും നന്ദിയുമാണ് ഓരോ മനുഷ്യനിലെയും ചിന്തകളെ നേര്‍വഴിയിലേക്ക് നയിക്കുന്നത്; ആത്മീയഭാവങ്ങളെ ഉദാത്തീകരിക്കുന്നത്. ആന്തരികചോദനകളെ സംസ്‌കരിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്നത്.

മനുഷ്യന്റെ ബാഹ്യമായ മോടിയിലേക്കും പ്രൗഢിയിലേക്കുമല്ല ഹൃദയങ്ങളുടെ ഉള്ളറകളിലേക്കാണ് ദൈവം നോക്കുന്നത്. കര്‍മങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന പ്രദര്‍ശന പരതയിലല്ല കര്‍മങ്ങള്‍ക്ക് പ്രചോദനമായി വര്‍ത്തിക്കുന്ന മനസ്ഥിതിയെയും ഉദ്ദേശ്യശുദ്ധിയെയുമാണ് ദൈവം ‘നിരീക്ഷിക്കുന്നത്’. നല്ല മനസ്സും ഉദ്ദേശ്യശുദ്ധിയുമുണ്ടെങ്കില്‍ അബദ്ധങ്ങള്‍ പോലും ദൈവം തേച്ചുമാച്ചുകളയും . സങ്കീര്‍ത്തനങ്ങളില്‍ ഉദ്ധരിച്ചുകാണുന്ന മോശെ പ്രവാചകനും ഇടയനും തമ്മില്‍ നടന്ന ഒരു സംഭവം ഇവിടെ അനുസ്മരിക്കുന്നത് നന്നാവും. ഒരിക്കല്‍ ഒരിടയന്‍ ആടുകളെ മേയ്ക്കുന്നതിനിടയില്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിക്കാന്‍ തുടങ്ങി:

‘ദൈവമേ, നീ എവിടെയെന്ന് പറഞ്ഞുതരൂ. നിന്റെ ചെരുപ്പ് ഞാന്‍ തുന്നിത്തരാം. നിന്റെ തലയില്‍ ഞാന്‍ നോക്കിത്തരാം. നിനക്ക് ഞാന്‍ പാലുതരാം. നിന്റെ കുഞ്ഞിക്കൈകളില്‍ ഞാന്‍ ചുംബിക്കാം. കാലുകള്‍ തിരുമ്മിത്തരാം. നീ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് നിന്റെ മുറി ഞാന്‍ അടിച്ചുവാരിത്തരാം. എന്റെ ആടുകളെ നിനക്ക് വേണ്ടി ഞാന്‍ ബലിയറുക്കാം.’
ഇടയന്റെ പ്രാര്‍ഥന ഇങ്ങനെ നീണ്ടുപോകുന്നത് കണ്ടപ്പോള്‍ മോശെ പ്രവാചകന്ന് അതിയായ കോപം വന്നു. ‘നിര്‍ത്തൂ , നിന്റെ പ്രാര്‍ഥന. എന്ത് വിഡ്ഢിത്തമാണ് നീ വിളിച്ചുപറയുന്നത് ദൈവത്തിന് നിന്റെ സേവനമൊന്നും ആവശ്യമില്ല. അവന്‍ വലിയവനും മഹാനുമാണ്’ എന്ന് പറഞ്ഞ് മോശെ ഇടയനെ ശാസിച്ചു. അതോടെ അവന്‍ മൗനിയും ദുഃഖിതനുമായി. പ്രാര്‍ഥന നിലച്ചു.

അപ്പോള്‍ തന്നെ മോശെ പ്രവാചകന് ദൈവികവെളിപാട് ലഭിച്ചു:’നീ എന്റെ ദാസനെ എന്നില്‍നിന്ന് വേര്‍പെടുത്തിക്കളഞ്ഞു. മനുഷ്യരെ എന്നോടു ചേര്‍ത്തുനിര്‍ത്താനാണ് ഞാന്‍ നിന്നെ പ്രവാചകനായി അയച്ചത്. നാക്കും വാക്കുമല്ല എനിക്ക് പ്രധാനം. ഹൃദയങ്ങളുടെ ഉള്ളിലേക്കാണ് എന്റെ നോട്ടം.’
അന്ന് മോശെക്ക് ലഭിച്ച വെളിപാട് നാം ഓരോരുത്തരുടെയും അകക്കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്. ദൈവം നോക്കുന്നത് നമ്മുടെ പുറംമോടിയിലേക്കല്ല. അവനോട് നാം കാട്ടുന്ന പ്രണയത്തിലേക്കും ഒപ്പം നമ്മുടെ ഹൃദയങ്ങളിലേക്കുമാണ്.

Topics