ചോ: പ്രത്യേകിച്ചൊരു കാരണവുംകൂടാതെ നിരന്തരം വര്‍ത്തമാനം പറയുകയും വായ്ത്താരിയുമായി നടക്കുകയും ചെയ്യുന്നത് ശപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടാന്‍ ഇടവരുത്തുമെന്ന് പറയുന്നത് ശരിയാണോ ?
——————–
ഉത്തരം: അച്ചടക്കവും ആത്മനിയന്ത്രണവും ഇസ്‌ലാമില്‍ വിശ്വാസത്തിന്റെ അടിസ്ഥാനഭാഗങ്ങളാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നത് കാണുക: ‘എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ശാരീരികേച്ഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ, ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.'(അന്നാസിആത് 40,41)
ഓരോ മനുഷ്യനും താന്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനഅധ്യാപനമാണ്. ഇമാം ശാഫി പറഞ്ഞത്, നാവിന്റെയും കൈയ്യിന്റെയും ഹൃദയത്തിന്റെയും പ്രവൃത്തികളെല്ലാംതന്നെ കര്‍മങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നേ്രത. ‘അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ അവനൊരു വാക്കും ഉച്ചരിക്കുന്നില്ല.'(ഖാഫ് 18)
അതിനാല്‍ നാം നമ്മുടെ കര്‍മങ്ങള്‍ക്ക് ഉത്തരവാദികളാണ്. വാക്കുകള്‍ നമ്മെ രക്ഷിക്കുകയും മറിച്ചായാല്‍ നമ്മെ നരകശിക്ഷയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുംചയും. നബി തിരുമേനി (സ)പറയുന്നു: ‘ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന്‍ നല്ലുതപറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.’ ഒരിക്കല്‍ മുആദിനോട് നബി ഇപ്രകാരം ഉപദേശിച്ചു:’നീ നിന്റെ നാവിനെ നിയന്ത്രിക്കുക!’ അപ്പോള്‍ മുആദ് ചോദിച്ചു:’നമ്മുടെ വര്‍ത്തമാനങ്ങളെ സംബന്ധിച്ച് അല്ലാഹു ചോദിക്കുമോ?’അപ്പോള്‍ നബി തിരുമേനി പ്രത്യുത്തരം ചെയ്തു:’തങ്ങളുടെ മോശം വര്‍ത്തമാനത്തിന്റെ പേരില്‍ നരകാഗ്നിയില്‍ പതിച്ചവരാണ് ജനങ്ങളിലേറെയും’
അതിനാല്‍ നാം നമ്മുടെ നാവിനെ എല്ലാവിധ തിന്‍മകളില്‍നിന്നും മുക്തമാക്കി നിര്‍ത്തേണ്ടതുണ്ട്. ശാപവാക്കുകളുതിര്‍ക്കല്‍, ചീത്തപറയല്‍, ഏഷണി, പരദൂഷണം , കുത്തുവാക്കുകള്‍, അധര്‍മപ്രചാരണം, വ്യാജാരോപണം തുടങ്ങിയവ നാവിന്റെ തിന്‍മകളില്‍പെടുന്നു.
നാവിനെ നിയന്ത്രിക്കാന്‍ ഇമാം ഗസ്സാലി ചില എളുപ്പവഴികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്:
1. കാര്യങ്ങള്‍ നന്നായി ഭവിക്കാനും ദോഷങ്ങള്‍ തടയാനും നല്ല ഉപദേശങ്ങള്‍ നല്‍കാനും വേണ്ടി സംസാരിക്കുക.
2. സംസാരം കൊണ്ട് പ്രയോജനമില്ലെന്ന് ഉറപ്പായാല്‍ നിശബ്ദത പാലിക്കുക.
അല്ലാഹു നാവിനെ എല്ലാ വിധതിന്‍മകളില്‍നിന്നും തടഞ്ഞുനിര്‍ത്താന്‍ തൗഫീഖ് ചെയ്യട്ടെ.
Add Comment