ചോ: വിശ്വാസിയല്ലാത്ത ഒരു സഹോദരന്‍ മരിച്ചവാര്‍ത്തകേട്ടാല്‍ ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി….’എന്ന് ചൊല്ലാന്‍ പാടുണ്ടോ ? ആത്മഹത്യ ചെയ്ത സുഹൃത്തിനുവേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ പ്രശ്‌നമുണ്ടോ ?
——————-
ഉത്തരം: ആരുടെ മരണവാര്‍ത്തയോ അപകടവാര്‍ത്തയോ കേട്ടാലും ‘ഇന്നാലില്ലാഹി വഇന്നാ ഇലൈഹി…’ പറയാം. അതിന്റെ ആശയം ഞങ്ങള്‍ അല്ലാഹുവിനുള്ളതാണ്.. ഞങ്ങളുടെ മടക്കം അവനിലേക്കാണ് എന്നൊക്കെയാണ്. എല്ലാ മനുഷ്യരും അവര്‍ വിശ്വാസിയോ അവിശ്വാസിയോ ആയിക്കൊള്ളട്ടെ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതുകൊണ്ട് മനുഷ്യരെന്ന നിലയില്‍ നമ്മുടെ തിരിച്ചുപോക്ക് അവനിലേക്കാണെന്നതാണ് വാസ്തവം.
വിശ്വാസിയായ ഒരു മുസ്‌ലിം എന്തെങ്കിലും കാരണവശാല്‍ ആത്മഹത്യ ചെയ്താല്‍ ആ മയ്യിത്തിന്റെ മേല്‍ നമസ്‌കരിക്കുന്നതിന് വിലക്കുകളൊന്നുമില്ല. അതേസമയം അവിശ്വാസി സമൂഹത്തില്‍പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കരുത്. കാരണം , അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല, അവിശ്വാസത്തിന്റെ മാര്‍ഗം സ്വീകരിച്ചതില്‍ അവര്‍ മാത്രമാണ് ഉത്തരവാദികള്‍.
ആത്മഹത്യയെ ഇസ്‌ലാം ഏറ്റവും ഗുരുതരമായ പാപമായെണ്ണിയിരിക്കുന്നു. എന്നിരുന്നാലും ഇസ്‌ലാമിനെ തള്ളിപ്പറയുകയോ ശിര്‍ക്ക് പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം കാലം അത് ഒരു വ്യക്തിയെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കുന്നില്ല. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ത്താലോ ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളെ തള്ളിപ്പറഞ്ഞാലോ മാത്രമാണ് അവന്‍ പുറത്തുപോകുക.
നബി ആത്മഹത്യ ചെയ്തയാളുടെ മയ്യിത്തിനുമേല്‍ നമസ്‌കരിക്കാന്‍ വിസമ്മതിച്ച സംഭവം ചരിത്രത്തിലുണ്ട്. അദ്ദേഹം അതിനുവിസമ്മതിച്ചെങ്കിലും അനുയായികളോട് നമസ്‌കരിക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി എന്നത് പ്രത്യേകം ശ്രദ്ധിക്കുക.അദ്ദേഹം ആ നമസ്‌കാരത്തിന് വിസമ്മതിച്ചത് ദൈവദൂതന് ആ ചെയ്തിയോട് അങ്ങേയറ്റം വെറുപ്പുണ്ടെന്ന് മനസ്സിലാക്കി ആളുകള്‍ പിന്‍മാറാന്‍ വേണ്ടിയാണ്. എന്നാല്‍ അനുയായികളോട് നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടത്, ആ പാപകൃത്യം ചെയ്തുവെങ്കിലും പരേതന്‍ മുസ്‌ലിമാണെന്ന് ബോധ്യപ്പെടുത്താനാണ്.
അല്ലാഹു നമ്മെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ തൗഫീഖ് ചെയ്യുമാറാകട്ടെ… ആമീന്‍.
Add Comment