അന്തിമസമാധാനം ലക്ഷ്യമിടുന്ന ഇസ്‌ലാം അതിന്റെ വാക്കിലും പ്രവൃത്തിയിലും ശാന്തിയുടെ വഴികള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. കേവലമായ ലക്ഷ്യപ്രഖ്യാപനമോ അവ്യക്തമായ പൊങ്ങച്ചം പറച്ചിലോ അല്ല ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സമാധാനം. നന്മകളെ ജീവിപ്പിക്കുകയും അതുവഴി സാമൂഹികമാറ്റം കൊണ്ടുവരികയും ചെയ്യുകയാണ് ഇസ്‌ലാമിന്റെ രീതി. ചിന്തകള്‍ വഴി തിരിയുന്നതും സമാധാനത്തിന്റെ പേരില്‍ അവകാശലംഘനങ്ങളും കരിനിയമങ്ങളും കളംനിറഞ്ഞാടുന്നതും നിരപരാധികള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നതും സന്മനസ്സുള്ളവര്‍ പോലും കാണാതെ പോവുന്ന വര്‍ത്തമാനകാലം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഇത് ഇങ്ങനെത്തന്നെയാണോ വേണ്ടത്? ഇത് എവിടെ ചെന്നുനില്‍ക്കും ? സമാധാനം ഉണ്ടാവണമെങ്കില്‍ അതിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷവും ഉണ്ടാവണം. നീതിക്കും അവകാശങ്ങള്‍ക്കും വിലയുള്ള, വിവേചനമില്ലാത്ത ഭരണം വേണം. സമാധാനത്തിന്റെ അടിത്തറയെക്കുറിച്ചുള്ള അന്വേഷണം രണ്ടുകാര്യങ്ങളിലാണ് എത്തിനില്‍ക്കുക; സമൂഹക്രമവും ധാര്‍മികഗുണങ്ങളും. ഇവരണ്ടും ദുര്‍ബലമായാല്‍ സമാധാനം അകന്നുപോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കലങ്ങിമറിഞ്ഞ ലോകത്ത് പല കാരണങ്ങളാല്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന ബിന്ദുവായി മാറിയിരിക്കുന്നു മുസ്‌ലിം സ്വത്വം. ലോകത്തു മുഴുവന്‍ സമാധാനം തകര്‍ക്കുന്ന ശക്തികളായി അവര്‍ വിലയിരുത്തപ്പെടുന്നു. ബാഹ്യശക്തികള്‍ വിജയകരമായി മുസ്‌ലിംകളെ തമ്മിലടിപ്പിക്കുകയും രക്തച്ചൊരിച്ചിലുണ്ടാക്കുകയും ഭരണകൂടങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു. കൃത്രിമ സംഭവങ്ങളിലൂടെ ലോകമനസ്സാക്ഷിയെ മാറ്റിമറിക്കുന്ന കാര്യത്തില്‍ ഈ ശക്തികള്‍ വിജയിക്കുകയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളും വര്‍ഗീയവത്കരിക്കുന്നതിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഓരോ മുസ്‌ലിമും താന്‍ മുസ്‌ലിമാണെന്നു തിരിച്ചറിയാന്‍ നിര്‍ബന്ധിതരായി.ചിലര്‍ പൊതുരംഗത്ത് നിഷ്‌ക്രിയരായി മാറിയിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തെ പൂര്‍ണമായി വിസ്മരിച്ച് മതാചാരങ്ങളുടെ പുതിയ പതിപ്പുകള്‍ തേടിപ്പോകുന്നു വലിയൊരു വിഭാഗം. അതിനു കൊഴുപ്പേകാന്‍ പലതരം ദല്ലാളുമാര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അസംതൃപ്തരായ അല്‍പം ചിലര്‍ സംശയിക്കേണ്ട പശ്ചാത്തലമുള്ള സംഘങ്ങളില്‍ ചെന്നുചേരുകയും ചെയ്യുന്നു.
ദൈവത്തെ നിരസിച്ച് മതത്തില്‍ നിന്നകന്നു ജീവിച്ചവര്‍ പോലും ഇതില്‍നിന്നൊഴിവല്ല. ഈ തിരിച്ചറിവിനോട് വ്യത്യസ്തങ്ങളായ രീതിയിലാണ് മുസ്‌ലിംകള്‍ പ്രതികരിക്കുന്നത്. ചിലര്‍ ഭയരോഗത്തിന് അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റുചിലര്‍ ശത്രുവിനോടൊപ്പം നിന്ന് സുരക്ഷിതരാവാന്‍ ശ്രമിക്കുന്നു.
മുസ്‌ലിമായി ജീവിക്കുന്നത് എങ്ങനെ? ഇസ്‌ലാമില്‍ തുടരുന്നത് ഏതു രൂപത്തില്‍? അതിന്റെ ഉന്നതമായ രൂപം എന്ത്? ഈ കാര്യങ്ങള്‍ ഗൗരവമായി വിലയിരുത്തേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ സമാധാനത്തിന്റെ മൂലകങ്ങളായ സാമൂഹക്രമത്തിനും ധാര്‍മികഗുണങ്ങള്‍ക്കും ഇസ്‌ലാം നല്‍കിയ പ്രായോഗിക രൂപം അറിയുകയും ഇസ്‌ലാമിനെത്തന്നെ തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. ധാര്‍മികതക്ക് പ്രാവര്‍ത്തികമായ മുഖം നല്‍കിയ മതമാണ് ഇസ്‌ലാം. അവിടെ ധാര്‍മികത വാക്കുകളിലോ ഭാവഹാവാദികളിലോ ഒതുങ്ങുന്നില്ല. അതു സന്യാസമോ ജീവിതവിരക്തിയോ അല്ല. ജീവിതത്തില്‍ ദൈവവിചാരവും സത്യസന്ധതയും വിശുദ്ധിയും നിലനിര്‍ത്തുന്നതാണ് ധാര്‍മികത.
എല്ലാ നല്ല ഗുണങ്ങളുടെയും മാതാവായി സത്യസന്ധതയെ മനസ്സിലാക്കാം. സത്യം എത്ര കടുത്തതാണെങ്കിലും അതു പിന്‍പറ്റാനുള്ള പരിശീലനം മതത്തിന്റെ ഒന്നാംപാഠമായി സ്വീകരിക്കാന്‍ തയ്യാറാവണം. സത്യം അനേഷിച്ചറിഞ്ഞാല്‍ മാത്രം പോരാ അതോടൊപ്പം നിലകൊള്ളുകകൂടി വേണമെന്ന് മഹാന്മാര്‍ പറഞ്ഞത് എത്ര സത്യം! പുതിയലോകത്തെ മതസാമൂഹികരാഷ്ട്രീയമാധ്യമ പ്രവര്‍ത്തകര്‍ അതുള്‍ക്കൊണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.
ഖൈബര്‍യുദ്ധ വിജയത്തിനുശേഷം അവിടത്തെ താമസക്കാരായ ജൂതന്മാരില്‍നിന്നു നികുതിപിരിക്കാന്‍ പ്രവാചകന്‍ മുഹമ്മദ് ഒരു അനുചരനെ ചുമതലയേല്‍പ്പിച്ചു. ഖൈബറിലെത്തിയ അദ്ദേഹത്തെ ആ നാട്ടുകാര്‍ പാരിതോഷികങ്ങള്‍ നല്‍കി വശത്താക്കാന്‍ ശ്രമം നടത്തി. റോമില്‍നിന്നു വരുന്ന നികുതിപ്പിരിവുകാര്‍ക്ക് കൈകൂലി കൊടുക്കുന്ന ശീലമുണ്ടായിരുന്നു അവര്‍ക്ക്. അതില്ലെങ്കില്‍ അവര്‍ അമിതമായ നികുതി അടിച്ചേല്‍പ്പിക്കും. തന്നെയും അതുപോലെ കണ്ട ജൂതന്മാരോട് പ്രവാചകന്റെ പ്രതിനിധി കുപിതനായി. ‘നിങ്ങളെന്താണ് എന്നെക്കുറിച്ചു വിചാരിച്ചത്? എന്റെ ജീവനേക്കാളും ഞാന്‍ സ്‌നേഹിക്കുന്ന ഒരു വ്യക്തിക്കു വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്. നിങ്ങളെയാണെങ്കില്‍ എനിക്കു പട്ടികളെക്കാളും പന്നികളെക്കാളും വെറുപ്പുമാണ്. എന്നാല്‍പോലും അര്‍ഹമായതില്‍ കൂടുതല്‍ ഒരു പൈസ പോലും നിങ്ങളില്‍നിന്നു ഞാന്‍ കവര്‍ന്നെടുക്കില്ല. അങ്ങനെയൊരു ഭയം ഞങ്ങളില്‍ ഒരാളെക്കുറിച്ചും നിങ്ങള്‍ക്കു വേണ്ട. ഈ സംസാരംകേട്ട് വയോധികനായ ഒരു ജൂതന്‍ പറഞ്ഞു: ‘ഇതുപോലുള്ള ആളുകള്‍ ജീവിച്ചിരിക്കുന്നതു കൊണ്ടാണ് ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നത്’.
ഈ വാക്കുകള്‍ ഖുര്‍ആനില്‍ കാണാം: വസ്തുതകള്‍ അവരുടെ താല്‍പര്യങ്ങളെ പിന്‍പറ്റുകയായിരുന്നുവെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവ മുഴുവനും ധ്വംസിക്കപ്പെടുമായിരുന്നു. (23:71) ജൂതന്റെ വാക്കുകള്‍ ഖുര്‍ആനില്‍ വന്നുവെന്നല്ല പറയുന്നത്. സാര്‍വലൗകികമായ സത്യമാണ് അയാള്‍ പറഞ്ഞത്. അത് ഖുര്‍ആനിലും പ്രതിഫലിക്കുന്നുവെന്നേയുള്ളൂ. താല്‍ക്കാലികമായ ഇച്ഛകള്‍ക്ക് അടിപ്പെടാതിരിക്കല്‍, സാമ്പത്തിക വിശുദ്ധി, ലൈംഗിക വിശുദ്ധി, മനസ്സിന്റെ ശുദ്ധി, വാക്കുപാലിക്കല്‍, കരാറുകള്‍ മാനിക്കല്‍, പ്രതിജ്ഞ പുലര്‍ത്തല്‍, ദുര്‍ബലനെ സഹായിക്കല്‍, അപകടങ്ങള്‍ക്കു മുന്നില്‍ ഉറച്ചുനില്‍ക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ധാര്‍മ്മികത വേണം. ഈ ധാര്‍മികതക്ക് രണ്ടുവശങ്ങളുണ്ട്; മൂല്യങ്ങളും നിയമങ്ങളും. ഹൃദയത്തില്‍ കുടികൊള്ളുന്നതും ഒരാളുടെ സ്വഭാവമായി മാറുകയുംചെയ്യുന്ന ഗുണങ്ങളാണ് മൂല്യങ്ങള്‍. അവ വ്യക്തികളെ ശക്തരാക്കും. അവരില്‍ ആത്മവിശ്വാസവും തന്റേടവും വളര്‍ത്തും.
പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കപ്പെടുന്നവയാണ് നിയമങ്ങള്‍. അടിച്ചേല്‍പിക്കുന്ന നിയമങ്ങള്‍ കൊണ്ടുമാത്രം ധാര്‍മികമൂല്യങ്ങള്‍ നിലനില്‍ക്കുമെന്നു കരുതരുത്. അങ്ങനെയാവുമ്പോള്‍ അവസരം കിട്ടിയാല്‍ ദുഃസ്വഭാവങ്ങള്‍ പുറത്തുചാടും. മൂല്യങ്ങളും നിയമങ്ങളും രണ്ടാണെന്നു മനസ്സിലാക്കുക. ഇന്ന് മതകേന്ദ്രങ്ങളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത് നിയമങ്ങളുടെ മേഖലയിലാണെന്നു കാണാം. അവരുടെ പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസവും തര്‍ക്കങ്ങളുമെല്ലാം നിയമങ്ങളുടെ അടിത്തറയില്‍ തന്നെ. മൂല്യങ്ങള്‍ പരിശീലിക്കാനും പരിശീലിപ്പിക്കാനും ആളില്ലാതെയായിമാറി. ആന്തരികമായ സ്വഭാവഗുണങ്ങള്‍ ഇല്ലാത്തതുകാരണം നിയമങ്ങളുടെ അടിത്തറയില്‍ നല്‍കുന്ന പ്രാഥമിക സദാചാരപാഠങ്ങള്‍ പോലും ഫലവത്താവാതെ പോവുകയാണ്. പഠിക്കുന്നവനിലും പഠിപ്പിക്കുന്നവനിലും അതില്ലാത്ത അവസ്ഥ.
ഇസ്‌ലാം ലക്ഷ്യമിടുന്ന സമാധാനത്തിന്റെ വീടു നിര്‍മ്മിക്കാന്‍ ധാര്‍മികതയോടൊപ്പം തന്നെ അതിന് അനുഗുണമായ സാമൂഹികക്രമവും കൂടിയേതീരൂ. നീതിയും സത്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന സാമൂഹികക്രമം. സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത വിവേചനമില്ലാത്ത സമൂഹം. മതം കൈകാര്യം ചെയ്യുമ്പോള്‍ ഈ വശം ശ്രദ്ധിക്കാതെപോവുകയോ അതല്ലെങ്കില്‍ ഉപേക്ഷിക്കുകയോ ആണ് ചെയ്യുന്നത്. ഇസ്‌ലാമിനെ വ്യക്തിഗത സംസ്‌കരണത്തിനു മാത്രം ഉപയോഗിക്കുന്നതു കാരണം അത് ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാകാര്യങ്ങളും വ്യക്തികളിലേക്ക് ഒതുങ്ങി. സക്കാത്ത് പലിശനിരോധനം തുടങ്ങിയ സാമ്പത്തിക ക്രമീകരണങ്ങളും എല്ലാ അര്‍ത്ഥത്തിലുമുള്ള നീതിയും ഇസ്‌ലാം നിര്‍ദ്ദേശിച്ചുവെങ്കിലും അവ വ്യക്തിഗത അനുഷ്ഠാനങ്ങളായി മാറി. സ്വഭാവ സംസ്‌കരണത്തിന്റെ കൊച്ചുകൊച്ചു നിര്‍ദ്ദേശങ്ങളായി പരിഗണിക്കപ്പെടുന്ന പലകാര്യങ്ങളും സമൂഹക്രമത്തെ സാരമായി ബാധിക്കുന്ന തത്വങ്ങളായി കാണാന്‍ സാധിക്കാതെ പോവുന്നത് അതുകൊണ്ടാണ്.
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ആഹാരം കഴിക്കുന്നവന്‍ തന്നില്‍ പെട്ടവനല്ലായെന്ന പ്രവാചകന്റെ വാക്കുകളില്‍ അയല്‍പക്കബന്ധത്തിന്റെ പവിത്രതക്കപ്പുറം മറ്റൊരു സന്ദേശം വായിക്കാന്‍ നമുക്കു കഴിയുന്നില്ല. ഒരുവീട്ടില്‍ പട്ടിണിയും അടുത്തവീട്ടില്‍ സുഭിക്ഷതയുമെന്ന സ്ഥിതിവിശേഷം കടുത്ത അസന്തുലനത്തിന്റെ ലക്ഷണമാണ്. ഈ അസന്തുലലിതാവസ്ഥ ഉള്ളിടത്ത് ഇസ്‌ലാമില്ല എന്നല്ലേ പ്രവാചകന്‍ ഈ പറഞ്ഞതിന്റെ അര്‍ത്ഥം?
ഈ ഖുര്‍ആന്‍ വാക്യമൊന്നു വായിച്ചുനോക്കൂ:
സത്യവിശ്വാസികളേ! നിങ്ങള്‍ക്കു നാം ഉപജീവനമായി നല്‍കിയതില്‍ നിന്ന് മേന്മയുള്ളത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവിനു നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങള്‍ വഴിപ്പെടുന്നത് അവനുമാത്രമാണ് എന്നുണ്ടെങ്കില്‍. (2:172)
അല്ലാഹുവിന്റെ ഔദാര്യപ്രകടനം മാത്രമായി കാണുന്ന ഈ വചനത്തില്‍ വിപ്ലവകരമായ ഒരു നിര്‍ദ്ദേശം അടങ്ങിയിട്ടില്ലേ? ഇല്ലെങ്കില്‍ എന്തിനാണ് ഈ വചനത്തിന്റെ അവസാനഭാഗം ഇത്ര ഗൗരവസ്വഭാവം കാണിക്കുന്നത്. വെറുമൊരു ഔദാര്യം വെച്ചുനീട്ടുകയല്ല ഇവിടെ. വിശ്വാസത്തെയും ആരാധനയേയും തന്നെ ചോദ്യം ചെയ്യുന്ന രൂപത്തില്‍ അവസാനിക്കുന്ന ഈ സംസാരം ചില സമ്പ്രദായങ്ങളെ ചോദ്യംചെയ്യുന്നുണ്ട്.
മേന്മയേറിയ എന്തും ഉപരിവര്‍ഗ്ഗത്തിനു മാത്രമായി നീക്കിവെച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ആ ശീലത്തെ തച്ചുടക്കാനുള്ള പ്രേരണയായി ഈ വചനത്തെ കാണുമ്പോള്‍ അതിന്റെ വാക്കുകള്‍ക്ക് അര്‍ത്ഥസമ്പൂര്‍ണ്ണത ലഭിക്കുന്നു. തനിക്കു ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ ഒരാള്‍ വിശ്വസിയാവുകയില്ല എന്നു പ്രവാചകന്‍ പറയുമ്പോള്‍ അവിടെയൊരു ഉപഭോഗ പുത്തന്‍രീതിതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. ഇസ്‌ലാം വിഭാവനചെയ്യുന്ന സാമൂഹികക്രമത്തിന്റെ സ്വഭാവം ഇത്തരം വചനങ്ങളില്‍ മിന്നിമറയുന്നു. ആചാര്യന്മാര്‍ ഇസ്‌ലാമിനെ വ്യക്തികളിലേക്ക് ഒതുക്കിയതു കാരണം അതിനു പ്രവര്‍ത്തനക്ഷമത ഉണ്ടാവുന്നില്ല.
ഇസ്‌ലാം വെറുമൊരു പുരോഹിതമതമായി മാറുന്നത് ഇവിടെയാണ്. വിഭാഗീയതയും കാര്‍ക്കശ്യവും പുരോഹിതമതത്തിന്റെ സംഭാവനകളാണ്. ചീഞ്ഞളിഞ്ഞ എന്തും വിറ്റഴിക്കാനുള്ള കമ്പോളമായി ഇസ്‌ലാം മാറുന്നതും അതിന്റെ തണലില്‍ത്തന്നെ. സാമൂഹികക്രമം അജണ്ടയിലില്ലാതെ പ്രവര്‍ത്തിക്കുന്ന പുരോഹിതമതം പ്രാഥമികസദാചാരം ഇല്ലാതാക്കുമെന്ന് അതിന്റെ കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരിക്കുന്നു. ദുഷ്ട ശക്തികളോട് ഏറ്റുമുട്ടാതെ സമാധാനം കൈവരില്ല എന്നകാര്യത്തില്‍ തര്‍ക്കം വേണ്ട. പക്ഷേ, പുരോഹിതമതത്തിന്റെ ചുവടുപിടിച്ച് ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍ വിഭാഗീയതക്ക് ആയുധമണിയിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ അഭ്യന്തര വംശശുദ്ധീകരണം നടത്തുന്നു അവര്‍.
സമാധാനത്തിന്റെ വീട് ആത്യന്തികമായി ലഭ്യമാകുന്നത് പരലോകത്തുതന്നെ. ‘അര്‍ത്ഥമില്ലാത്ത ജല്‍പനങ്ങളും കുറ്റപ്പെടുത്തലുകളും അവര്‍ അവിടെ കേള്‍ക്കുകയില്ല. ശാന്തി ശാന്തി എന്നു പറയപ്പെടുന്നതല്ലാതെ. (ഖുര്‍ആന്‍ 56:25,26) ആത്മീയതക്കു വേണ്ടി ഒരു സാങ്കല്‍പിക ലോകം സൃഷ്ടിക്കേണ്ട കാര്യമില്ല. അല്ലാഹുവും മലക്കുകളുമെല്ലാം അടങ്ങുന്ന ഉപരിലോകം ഈ കൊച്ചുഭൂമി അടങ്ങുന്ന ബൃഹത്പ്രഞ്ചത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. മനുഷ്യന് അതു കാണാന്‍ കഴിയുന്നില്ല എന്നേയുള്ളൂ. പക്ഷേ മറ്റൊരു രീതിയില്‍ മനുഷ്യന്‍ അതു കാണാന്‍ തുടങ്ങിയിരിക്കുന്നു.
കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് നാസ നടത്തിയ ഗവേഷണങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഈ ഭൂമിയെപ്പോലെയുള്ള, എന്നാല്‍ അതിലും അനേകമിരട്ടി വലുപ്പമുള്ള, നിവരവധി ഗ്രഹങ്ങള്‍ നമ്മുടെ ഈ ഗാലക്‌സിയില്‍ തന്നെയുണ്ട്. അവ മഞ്ഞില്‍മൂടി കിടക്കുകയാണ്.
അല്ലാഹു എല്ലാം തയ്യാര്‍ ചെയ്ത് സൂക്ഷിച്ചുവെച്ചിരിക്കുന്നു; നമുക്കുവേണ്ടി. ആദ്യം ഒരു ഗ്രഹം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മറ്റൊന്ന്. പിന്നീടത് പരശ്ശതമുണ്ട് എന്ന് അവര്‍ മനസ്സിലാക്കി. ഇപ്പോള്‍ നാസ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഴുതിയ ഒരു ശാസ്ത്രലേഖനത്തില്‍ കാണുന്നത് ഭൂമിയിലെ മണല്‍ത്തരികളുടെയത്ര എണ്ണം മനുഷ്യാവാസയോഗ്യമായ ഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുവെന്നാണ്. പക്ഷേ നമുക്ക് അവിടെയെത്താന്‍ കഴിയില്ല. അവയില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രഹം ഇവിടെനിന്ന് പന്ത്രണ്ട് പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. അതായത് മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും വേഗതയേറിയ വാഹനം ഉപയോഗിച്ചാലും അവിടെയെത്താന്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ യാത്ര ചെയ്യണം. അവിടെയെത്താന്‍ കൊതി തോന്നുന്നു. ഈ ശരീരമാണ് അതിനു തടസ്സം. മരണത്തോടെ ആ പരിമിതികള്‍ അവസാനിക്കുന്നു. മാന്യമായി ഇവിടെ ജീവിച്ചാല്‍ മാന്യമായി അവിടെയെത്താം. ഇല്ലെങ്കില്‍ തീര്‍ത്താല്‍ തീരാത്ത നഷ്ടത്തിലേക്ക്. ഈ ഭൂമിയില്‍ സമാധാനത്തിന്റെ വീടിനു ശ്രമിച്ചാല്‍ അന്തിമ സമാധാനം അല്ലാഹു നല്‍കും.
കടപ്പാട്
Add Comment