വിശ്വാസം-ലേഖനങ്ങള്‍

മഹാന്മാരുടെ ലക്ഷണങ്ങള്‍

‘നിങ്ങള്‍ സംസാരിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക’യെന്ന് സാധാരണയായി അറബികള്‍ പറയാറുണ്ട്. ഓരോ മനുഷ്യന്റെയും ബൗദ്ധിക നിലവാരത്തെയും, മൂല്യത്തെയും, കാര്യങ്ങളിലുള്ള അഭിപ്രായത്തെയും അടയാളപ്പെടുത്തുന്നത് അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന വാക്കുകള്‍ തന്നെയാണ്. മനുഷ്യജീവിതത്തിന്റെ സുപ്രധാനമായ കാര്യങ്ങളറിയാനുള്ള ത്വരയോട് കൂടിയാണ് ചരിത്രത്തിലെ മനുഷ്യന്‍ ജീവിച്ചത്.

ഇത്തരം ആഗ്രഹങ്ങളില്‍ എല്ലാകാലത്തും മുന്നില്‍ നിന്നത് ‘വലിയവനാ’കാനുള്ള മാര്‍ഗമറിയുകയെന്നതാണ്. മനുഷ്യനെ സമൂഹത്തില്‍ വലിയവനും, ആദരിക്കപ്പെടുന്നവനുമാക്കുന്ന ഘടകങ്ങള്‍ തേടിയാണ് ഓരോ മനുഷ്യനും ജീവിച്ചത്. ഭൗതികമായ സമ്പത്തും, തല്‍ഫലമായുള്ള സ്വാധീനവുമാണ് അതിലേക്കുള്ള വഴിയെന്ന് സാധാരണയായി വിലയിരുത്തപ്പെടുന്നു. യാദൃശ്ചികമായ, കണ്ണടച്ചുള്ള ഒരു വിലയിരുത്തലല്ല ഇത് എന്നതാണ് വസ്തുത. മറിച്ച്, സമ്പത്തിനും സ്വാധീനത്തിനുമിടയില്‍ അഭേദ്യമായ ബന്ധവും പരസ്പര അനിവാര്യതകളുമുണ്ട്. കൂടുതല്‍ സ്വാധീനം കൂടുതല്‍ സമ്പത്ത് കൊണ്ട് വരുന്നു, കൂടുതല്‍ സമ്പത്ത് കൂടുതല്‍ സ്വാധീനം കൊണ്ട് വരുന്നു എന്നതാണ് പ്രസ്തുത അനിവാര്യതകള്‍. അവ രണ്ടുമാണ് ‘വലിയ’ മനുഷ്യനെ രൂപപ്പെടുത്തുന്നത്. ഇഹലോകത്തെ മഹത്വവും, താല്‍ക്കാലികമായ സ്ഥാനവുമാണ് ഇതെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ‘വലിയവന്‍’ സ്വന്തം താല്‍പര്യങ്ങളുടെ അച്ചുതണ്ടില്‍ നിന്ന് സമൂഹത്തിന്റെ നേട്ടത്തിനും താല്‍പര്യത്തിനുമായി പുറത്ത് കടക്കുന്നവനാണ്. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചുമലിലേറ്റുകയും അവ ഏറ്റെടുത്ത് നിര്‍വഹിക്കുകയും ചെയ്യുന്നവനാണ്. ഈയര്‍ത്ഥത്തില്‍ ഒരു വ്യക്തി ഏറ്റെടുക്കുന്ന പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും പെരുപ്പവും, ഇടുക്കവുമനുസരിച്ച് ‘വലിയവ’നും ‘ചെറിയവ’നുമായി വിലയിരുത്തപ്പെടുന്നു. ഈ വിലയിരുത്തല്‍ ആരെയെങ്കിലും അപമാനിക്കുന്നതിനോ, ആരെയെങ്കിലും മഹത്വവല്‍ക്കരിക്കാനോ ഉള്ളതല്ല. മറിച്ച് ഭൗതികമായ സമ്പാദ്യവും, നേട്ടവും എത്ര തന്നെ ഭീമമാണെങ്കില്‍ പോലും അവ താല്‍ക്കാലികവും നിസ്സാരവുമാണെന്നും, പരലോകത്ത് മഹത്വം ലഭിക്കുന്ന സമ്പാദ്യങ്ങളാണ് മനുഷ്യനെ മഹാനാക്കുന്നതെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ വളരെ ലളിതമായ വ്യക്തമാക്കുന്നു. ഔന്നത്യത്തിന്റെ ഏറ്റവും മൂര്‍ത്തമായ സ്ഥാനത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ് : മലക്കുകള്‍ പറഞ്ഞതോര്‍ക്കുക ‘മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചനത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യസാമീപ്യം സിദ്ധിച്ചവനുമായിരിക്കും (ആലുഇംറാന്‍ 45)

തന്റെ ചെറിയ ചെറിയ സ്വപ്‌നങ്ങളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും പുറത്ത് കടക്കുന്നതോടെ ഒരു വ്യക്തി മഹാനാകുമോ ? ഓരോരുത്തരുടെയും താല്‍പര്യങ്ങളും സ്വപ്‌നങ്ങളുമാണ് അവരെ നിര്‍ണയിക്കുന്നതെങ്കില്‍ മഹാന്മാരെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു ? അവര്‍ എങ്ങനെയായിരുന്നു കാര്യങ്ങളെ വീക്ഷിച്ചിരുന്നത് ?

വളരെ സുപ്രധാനമായ, വിശാലമായ ഉത്തരം നല്‍കപ്പെടേണ്ട ചോദ്യങ്ങളാണ് ഇവ. പക്ഷെ, വളരെ ചുരുങ്ങിയ ചില പോയന്റുകളില്‍ നമുക്ക് അവയുടെ ഉത്തരങ്ങളെ സംഗ്രഹിക്കാവുന്നതാണ്. 

ജീവിതത്തിന്റെ രൂപത്തിനേക്കാള്‍ ഉപരിയായി സത്തക്കും ആത്മാവിനും പ്രാമുഖ്യം നല്‍കുന്നവരായിരുന്നു മഹത്തുക്കള്‍. ജീവിതത്തില്‍ കരഗതമാക്കേണ്ട നേട്ടങ്ങള്‍ മുന്നില്‍വെച്ച് പ്രവര്‍ത്തിക്കുന്നവരായിരുന്നു അവര്‍. എത്രവര്‍ഷം ജീവിച്ചുവെന്നല്ല അവരെക്കുറിച്ച് വിലയിരുത്തേണ്ടത്, എന്തെല്ലാം അവര്‍ നേടുകയും സമര്‍പിക്കുകയും ചെയ്തുവെന്നാണ്. എന്നാല്‍ എങ്ങനെയാണ് വിശാലവും, സുഖകരവുമായി ജീവിക്കുക എന്നതാണ് ‘ചെറിയവ’രുടെ മുഖ്യ പ്രശ്‌നം. സന്തോഷവും ആനന്ദവും നേടിയെടുക്കാന്‍ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചാണ് ‘കുഞ്ഞുമനസ്സുകള്‍’ എപ്പോഴും ചിന്തിക്കുക. 

ജീവിതസുഖങ്ങള്‍ പരിഗണിക്കുന്നതോടൊപ്പം തന്നെ നാളെ വരാനിരിക്കുന്ന പരലോകത്തിന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നവരായിരുന്നു മഹത്തുക്കള്‍. എല്ലാ ആധുനിക മാര്‍ഗങ്ങളും ഉടമപ്പെടുത്താന്‍ ശ്രമിക്കുന്നതോടൊപ്പം അവയുടെ ആത്യന്തികമായ ലക്ഷ്യത്തെ അവര്‍ മുറുകെപിടിക്കുകയും ചെയ്യുന്നു. 

സമൂഹങ്ങളുടെ പതനത്തിന്റെ കാരണങ്ങള്‍ വിലയിരുത്തുകയും അവ നിലവിലുള്ള തലമുറയില്‍ നിന്ന് അകറ്റുകയും ചെയ്യുന്നതിനായി പരിശ്രമിക്കുന്ന സാമൂഹിക ജീവികള്‍ കൂടിയായിരുന്ന മഹാന്മാരായ വ്യക്തികള്‍. വ്യക്തിപരമായി ചിന്തിക്കുന്നതിന് പകരം സാമൂഹികമായി ചിന്തിക്കുകയും അപ്രകാരം തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു അവര്‍. ന്യൂനതകളെ വിമര്‍ശിച്ചും, പോരായ്മകള്‍ പരിഹരിച്ചും, പുതിയ ക്രിയാത്മക പ്രവണതകള്‍ സമൂഹത്തില്‍ നട്ടുവളര്‍ത്തിയും തങ്ങളോടൊപ്പം സമൂഹത്തെ ഉയര്‍ത്താന്‍ കഠിനധ്വാനം നടത്തുക കൂടി ചെയ്തിരുന്നു അവര്‍. 

മഹാന്മാരുടെ ഏതാനും ചില ഗുണങ്ങളാണ് മേല്‍വിവരിച്ചത്. അവരുടെ മാര്‍ഗത്തില്‍ സഞ്ചരിക്കുകയും അവരുടെ ഗുണങ്ങള്‍ എടുത്തണിയുകയും ചെയ്യുന്നതിലൂടെയാണ് മഹത്തായ സമൂഹത്തെ രൂപപ്പെടുത്താന്‍ നമുക്ക് സാധിക്കുക. 

Topics