വിശ്വാസം-ലേഖനങ്ങള്‍

ക്ഷമ സ്വര്‍ഗത്തിന്റെ താക്കോല്‍

ജീവിതം നിമിഷങ്ങളുടെ ആകത്തുകയാണ്. ഹൃദയം സന്തോഷത്താല്‍ തുടികൊട്ടുന്നതും ദുഃഖത്താല്‍ സങ്കടക്കടലില്‍ ഊളിയിടുന്നതും അതിന്റെ രണ്ടുധ്രുവങ്ങളിലാണ്. അവക്കിടയിലാണ് യഥാര്‍ഥജീവിതം. ഉയര്‍ച്ച-താഴ്ച്ചകളും  വിരസതയും മനംമടുപ്പും കയ്പും മധുരവും എല്ലാം അതിലുണ്ടാകും അപ്പോഴെല്ലാം വിശ്വാസി അല്ലാഹുവുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള പരിശ്രമത്തിലായിരിക്കും.

ഏതു സാഹചര്യത്തിലകപ്പെട്ടാലും അല്ലാഹുവുമായി തകര്‍ക്കപ്പെടാത്ത ബന്ധം  ഉണ്ടാക്കിയെടുക്കാന്‍ വിശ്വാസിക്കു കഴിയണം. സന്തോഷം വന്നുനിറയുമ്പോള്‍  അവന്‍ നാഥനെ മറന്നുകൂടാ. അതെപോലെത്തന്നെ, ദുഃഖമോ നഷ്ടമോ അവനെ പിടികൂടുമ്പോള്‍ നിരാശനായി ദൈവത്തില്‍നിന്ന് പിന്തിരിയാനും പാടില്ല.സന്തോഷവും ദുഃഖവും അല്ലാഹുവില്‍നിന്നാണെന്ന ബോധ്യം ഉണ്ടാകണം. ഒരുവേള പല നഷ്ടങ്ങളും വലിയൊരു അനുഗ്രഹത്തിന്റെ തുടക്കമാകാം.

അല്ലാഹു യുക്തിജ്ഞനും നീതിമാനുമാണ്.  നാം ഏത് അവസ്ഥയിലകപ്പെട്ടാലും, പ്രതിസന്ധിനേരിടുമ്പോഴും  നമുക്ക് ഉത്തമമായതെന്തെന്നത് അവന്‍ അറിയുന്നുവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. പലപ്പോഴും നമ്മെ കാത്തിരിക്കുന്ന വിഷമങ്ങളില്‍നിന്നും ഭീതിയില്‍നിന്നും  നാം ഒളിച്ചോടാന്‍ ഇഷ്ടപ്പെടുന്നു.  എന്നാല്‍ നാം വെറുക്കുന്ന സംഗതി ഒരു പക്ഷേ നന്‍മയായിരിക്കാം.  കൊതിക്കുന്ന സംഗതി ഒരുപക്ഷേ നമ്മെ സര്‍വനാശത്തിലേക്ക്  തള്ളിവിടുന്നതായിരിക്കാം.’എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല. ‘(അല്‍ബഖറ : 216)

പരലോകജീവിതം കൂടുതല്‍ വിജയകരമാക്കാന്‍ ഉതകുംവിധം ഇഹലോകത്തെ ജീവിതം  രൂപകല്‍പനചെയ്തിരിക്കുന്നത് അല്ലാഹുവാണ്. പരലോകജീവിതത്തിലേക്കുകൂടി അനുഗുണമാകുംവിധം നമ്മെ പരിവര്‍ത്തിപ്പിക്കാനും അതിലൂടെ ഉത്കൃഷ്ടരാവാനും  ലക്ഷ്യമിട്ടാണ് അവന്‍ നമുക്ക് പരീക്ഷണങ്ങള്‍ തീര്‍ത്തിരിക്കുന്നത്. അതിനര്‍ഥം പ്രലോഭനങ്ങളുടെയും കഠിനയാതനകളുടെയും  ചുഴിയിലേക്ക് നമ്മെ നിസ്സഹായരായി അവന്‍ ഉപേക്ഷിച്ചുവെന്നല്ല. എല്ലാ സാഹചര്യത്തിലും പ്രയോഗിക്കാവുന്ന തികഞ്ഞ പ്രതിരോധമാര്‍ഗങ്ങളാണ് അവന്‍ നമുക്ക് നല്‍കിയിരിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ട മൂന്നെണ്ണമാണ് ക്ഷമ, കൃതജ്ഞതാശീലം, വിശ്വസ്തത എന്നിവ. പതിനാലാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇസ്‌ലാമികപണ്ഡിതനായ ഇബ്‌നുല്‍ഖയ്യിം പറഞ്ഞത് ഇഹലോകജീവിതത്തിലെ സന്തോഷത്തിനും പരലോകത്തുള്ള മോക്ഷത്തിനും ക്ഷമ അത്യന്താപേക്ഷിതമാണെന്നത്രേ. 

‘എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.'(അല്‍മുഅ്മിനൂന്‍ 111)

‘പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധവേളയിലും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍'(അല്‍ബഖറ 177).

സ്വബ്ര്‍ എന്ന അറബിവാക്കിന്റെ അര്‍ഥം  പിടിച്ചുനിര്‍ത്തുക, വിട്ടുനില്‍ക്കുക  എന്നൊക്കെയാണ്.  നിരാശയില്‍ആപതിക്കാതെ തടുത്തുനിര്‍ത്തുക, പരാതിപറയുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക, വിഷമസന്ധിയില്‍ ആത്മനിയന്ത്രണം പാലിക്കുക എന്നിങ്ങനെയാണ് അതിനെ ഇബ്‌നുല്‍ഖയ്യിം തന്റെ പുസ്തകത്തില്‍  നിര്‍വചിച്ചിരിക്കുന്നത്. മുഹമ്മദ് നബിയുടെ പിതൃവ്യപുത്രനായ അലിയ്യുബ്‌നു അബീത്വാലിബ്(റ) ക്ഷമയെ വിശദീകരിച്ചത് ദൈവസഹായംതേടുകയെന്നാണ്.

ജീവിതത്തിലെ പ്രതിസന്ധികളോട് പ്രതികരിക്കുന്നത് അല്ലാഹുവിലേക്ക് അടുത്തുകൊണ്ടായിരിക്കണം. അവന്റെ മഹത്ത്വവും സാന്നിധ്യവും തിരിച്ചറിയുന്നതോടൊപ്പം മറ്റാരും നമ്മുടെ സഹായത്തിനുണ്ടാവുകയില്ലെന്ന് മനസ്സിലാക്കണം. യഥാര്‍ഥത്തില്‍ അല്ലാഹുതന്നെ പറഞ്ഞത് നാം അവനെമാത്രം വിളിക്കണമെന്നാണല്ലോ.’അല്ലാഹുവിന് അത്യുല്‍കൃഷ്ടമായ അനേകം നാമങ്ങളുണ്ട്. ആ നാമങ്ങളില്‍ തന്നെ നിങ്ങളവനെ വിളിച്ചു പ്രാര്‍ഥിക്കുക. അവന്റെ നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നവരെ അവഗണിക്കുക’.(അല്‍അഅ്‌റാഫ് 180)

അല്ലാഹുവിനെ അവന്റെ ഉത്കൃഷ്ടനാമങ്ങളാല്‍ വിളിക്കുവാന്‍  നബി(സ)തിരുമേനി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. തന്റെ പ്രാര്‍ഥനയില്‍ അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നതായി കാണാം:’അല്ലാഹുവേ, നീ സ്വയം നാമകരണംചെയ്ത,  വേദഗ്രന്ഥത്തില്‍ വെളിപ്പെടുത്തിയ, സൃഷ്ടിജാലങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുത്ത, നിന്നില്‍വിലയിച്ച വിജ്ഞാനത്തിലടക്കംചെയ്ത എല്ലാ നാമങ്ങളിലും നിന്നോട് ഞാന്‍ ചോദിക്കുന്നു.'(അഹ്മദ്)

അ്‌ങ്ങേയറ്റം മനഃപ്രയാസത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ അല്ലാഹുവിന്റെ ഉത്കൃഷ്ടനാമങ്ങള്‍ സ്മരിക്കുന്നത് മനസ്സിന് ആശ്വാസം പകര്‍ന്നുനല്‍കും. കടുത്ത ദുഃഖത്തില്‍ തകര്‍ന്നുപോകാതിരിക്കാനും പ്രതിസന്ധിയില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കാനും  അല്ലാഹുവോട് പരാതിപറയാനും  ഇടവരുത്താതെ അവനുമുമ്പില്‍ സാഷ്ടാംഗം നമിച്ച് അവനോട് സഹായമര്‍ഥിക്കുകയാണ് ചെയ്യേണ്ടത്.

മനുഷ്യന്‍ സ്വതവേ ദുര്‍ബലനാണ്. അതിനാല്‍ അവന്റെ കണ്ണുകള്‍ നിറയാറുണ്ട്. കടുത്ത മനോവേദനയാല്‍ ഹൃദയം നുറുങ്ങുമാറ് തകര്‍ന്നുപോകാറുണ്ട്.  പ്രവാചകന്‍മാരില്‍ ചിലര്‍ അല്ലാഹുവുമായി അവരുടെ ബന്ധം ദൃഢമായിരിക്കെത്തന്നെ  ഭയവും ആശങ്കയും ഉള്ളവരായിരുന്നിട്ടുണ്ട്. എന്നിട്ടും അവര്‍ പരാതിപ്പെട്ടപ്പോള്‍ അല്ലാഹു തങ്ങള്‍ക്ക് വിധിച്ചതിനെ സന്തോഷപൂര്‍വം സ്വീകരിച്ചുകൊണ്ടുതന്നെയാണ് അവര്‍ അവനോട് ആവലാതി ബോധിപ്പിച്ചിരുന്നതെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

തന്റെ മക്കളായ യൂസുഫ്(അ), ബിന്‍യാമീന്‍ എന്നിവരെ വിട്ടുപിരിഞ്ഞ അവസ്ഥയില്‍ യഅ്കൂബ് പ്രവാചകന്‍ അല്ലാഹുവില്‍ സഹായംതേടിയ കാര്യം ഖുര്‍ആന്‍ നമ്മോട് പറയുന്നുണ്ട്. വന്നുപെട്ട ദുരന്തത്തില്‍ ലോകത്തോട് കയര്‍ത്തിട്ട് കാര്യമില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. മാത്രമല്ല, ക്ഷമ കൈക്കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.’അദ്ദേഹം പറഞ്ഞു: ”എന്റെ വേദനയെയും ദുരിതത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവില്‍നിന്ന് ഞാനറിയുന്നു'(യൂസുഫ്  86).

അല്ലാഹുവിന്റെ കാരുണ്യത്തിനായി യഅ്ഖൂബ് നബി  കേഴുന്നതും ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട്. ദരിദ്രനും രോഗിയുമായ  അദ്ദേഹം പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുമ്പോഴും ഉപജീവനത്തിനായി കഷ്ടപ്പെടുമ്പോഴും സഹനവും ക്ഷമയും അവലംബിച്ച് അല്ലാഹുവിലേക്ക് തിരിഞ്ഞു.’ പിതാവ് (യഅ്ഖൂബ്) പറഞ്ഞു: ”അല്ല, നിങ്ങളുടെ മനസ്സ് നിങ്ങളെ ഒരു കാര്യത്തിന് പ്രേരിപ്പിച്ചു. അതു നിങ്ങള്‍ക്ക് ചേതോഹരമായി തോന്നി. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുത്തെത്തിച്ചേക്കാം. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ.അദ്ദേഹം അവരില്‍നിന്ന് പിന്തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: ”ഹാ, യൂസുഫിന്റെ കാര്യമെത്ര കഷ്ടം!” ദുഃഖം കൊണ്ട് അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്തുവിളറി. അദ്ദേഹം അതീവ ദുഃഖിതനായി.”(യൂസുഫ് 83-84)

നമ്മുടെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളെ സ്വീകരിക്കുന്നതിനെയാണ് ക്ഷമയെന്നുപറയുക. ദുഃഖവും വിഷമതകളും വേട്ടയാടുമ്പോള്‍ പോലും അല്ലാഹുവിന്റെ തീരുമാനത്തില്‍ സംതൃപ്തനാകാന്‍ കഴിയുന്നതിലൂടെ മനഃശാന്തി ലഭിക്കുന്നു. അതിനര്‍ഥം നിസംഗരായി ,അലസരായി നാം കഴിഞ്ഞുകൂടണമെന്നല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് ജോലിയോ കളിയോ കുടുംബജീവിതമോ വൈയക്തികപരിശ്രമങ്ങളോ ആയിക്കൊള്ളട്ടെ, അല്ലാഹുവിന്റെ തൃപ്തി നേടുംവിധം അധ്വാനിക്കണമെന്നാണ്. നാം ആഗ്രഹിച്ചവിധമോ ആസൂത്രണംചെയ്തപോലെയോ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ അതില്‍ ആശങ്കപ്പെടാനോ നിരാശപ്പെടാനോ മുതിരാതെ അല്ലാഹുവിന്റെ തൃപ്തിക്കായി പരിശ്രമിക്കുക. ക്ഷമാലുവാകുകയെന്നത് ആയാസമുള്ള കാര്യമല്ല. സ്വയമേവ നമ്മുടെ സ്വഭാവപ്രകൃതത്തില്‍ വന്നുചേരുന്നതുമല്ല പ്രസ്തുത ഗുണം. മുഹമ്മദ് നബി(സ)ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ആര്‍ ക്ഷമയവലംബിക്കാന്‍ പരിശ്രമിക്കുന്നുവോ അവനെ അല്ലാഹു ആ മാര്‍ഗത്തില്‍ സഹായിക്കുന്നതാണ്.’

അല്ലാഹു നമുക്കുചെയ്തുതന്ന അസംഖ്യം അനുഗ്രഹങ്ങളെ നാം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ക്ഷമ പരിശീലിക്കാന്‍ എളുപ്പമാണ്. നാം ശ്വസിക്കുന്ന വായു, ലഭിക്കുന്ന സൂര്യപ്രകാശം, കുളിര്‍മയേകുന്ന കാറ്റ്, ഭൂമിയെ ഉര്‍വരമാക്കുന്ന മഴ, മാര്‍ഗദര്‍ശകമായ ഖുര്‍ആന്‍  ഇതെല്ലാം തന്നെ എത്രമാത്രം അനുഗ്രഹങ്ങളാണെന്ന് ഓര്‍ക്കുക!.

അല്ലാഹുവിനെ സ്മരിക്കുകയും അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുകയെന്നത് ക്ഷമ പരിശീലിക്കുന്നതിന്റെ താക്കോലാണ്. ക്ഷമ സ്വര്‍ഗത്തിന്റെയും. ഭൂമിയിലെ  മനുഷ്യരെന്ന ദുര്‍ബലരായ വര്‍ഗത്തിന് വാഗ്ദാനംചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ സ്വര്‍ഗം.

Topics